നൂറാം വയസ്സിൽ പതിനെട്ടുപടി ചവിട്ടിക്കയറി, കീർത്തനം ചൊല്ലി; സംതൃപ്തിയോടെ മലയിറങ്ങി പാറുക്കുട്ടിയമ്മ

പത്തനംതിട്ട: നൂറാം വയസ്സിൽ പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്തിയതിന്റെ സംതൃപ്തിയിലാണ് വയനാട് സ്വദേശി പാറുക്കുട്ടിയമ്മ. കൊച്ചുമകൻ കൊച്ചുമകന്റെ മക്കൾ എന്നിവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ അയ്യപ്പ ദർശനം നടത്തിയത്. പമ്പയിൽ നിന്ന് ഡോളിയിലാണ് 100 വയസ്സുകാരി പാറുക്കുട്ടിയമ്മ സന്നിധാനത്ത് എത്തിയത്. പാറുക്കുട്ടിയമ്മയുടെ മകൾ ഭാനുമതിയുടെ മകൻ ഗിരീഷ് കുമാർ, ഗിരീഷ് കുമാറിന്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമായിരുന്നു ദർശനം.

പതിനെട്ടാം പടിക്ക് സമീപം വരെ ഡോളിയിൽ പാറുക്കുട്ടി അമ്മയെ എത്തിച്ചു. ദേവസ്വം ബോർഡ് പ്രതിനിധികൾ പൊന്നാട അണിയിച്ച് പാറുക്കുട്ടിയമ്മയെ സ്വീകരിച്ചു. നടന്ന് പതിനെട്ടാം പടിക്ക് അടുത്തെത്തി. പൊലീസുകാരുടെ സഹായത്തോടെ പതിനെട്ടാംപടി ചവിട്ടിക്കയറി. പാറുക്കുട്ടി അമ്മയ്ക്ക് സുഖമായി പതിനെട്ടാംപടി ചവിട്ടാനായി മറ്റ് ഭക്തർ ക്ഷമയോടെ മാറിനിന്നു. ശ്രീകോവിലിന് മുന്നിൽ ഏറെനേരം നിന്ന് പാറുക്കുട്ടിയമ്മ പ്രാർത്ഥിച്ചു. അയ്യപ്പ കീർത്തനവും ചൊല്ലിയാണ് പാറുക്കുട്ടിയമ്മ മടങ്ങിയത്.

കൊച്ചു മകനോടും കൊച്ചു മകന്റെ മക്കളോടുമൊപ്പം അയ്യപ്പ ദർശനം നടത്താനായതിൽ സംതൃപ്തിയുണ്ടെന്ന് പാറുക്കുട്ടി അമ്മ പറഞ്ഞു. ഗുരുവായൂർ, ചോറ്റാനിക്കര തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പാറുക്കുട്ടിയമ്മ ശബരിമലയിൽ എത്തിയത്.ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്തണമെന്ന ആഗ്രഹം സഫലമായതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് പാറുക്കുട്ടിയമ്മ മല ഇറങ്ങിയത്.