ടോണിയുടെ 'ടൺ'; രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം എകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 211 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ ഉയർത്തിയ ലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് 42.3 ഓവർ മതിയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിം​ഗ് തിരഞ്ഞെടുത്തു. ആദ്യ പന്തിൽ ബൗണ്ടറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദ്‌ രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. പിന്നാലെ വന്ന തിലക് വർമ്മ അമിത സമ്മർദ്ദത്തിലായിരുന്നു. 30 പന്തിൽ 10 റൺസ് മാത്രമാണ് തിലക് നേടിയത്. സായി സുദർശന്റെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ചുറികൾ മാത്രമാണ് ഇന്ത്യൻ ഇന്നിം​ഗ്സ് ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. സുദർശൻ 62ഉം രാഹുൽ 56ഉം റൺസ് നേടി പുറത്തായി.മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. വെറും 12 റൺസെടുത്ത് സഞ്ജു പുറത്തായി. അരങ്ങേറ്റ ഏകദിനത്തിൽ റിങ്കു സിംഗിന് 17 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. അർഷ്ദീപ് സിം​ഗ് 18 റൺസെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രെ ബർഗർ 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ബിയറൻ ഹെൻറിക്ക്സ്, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിം​ഗിൽ ദക്ഷിണാഫ്രിക്ക അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. ടോണി സോർസിയും റീസ ഹെൻറിക്സും ആ​ദ്യ വിക്കറ്റിൽ 130 റൺസെടുത്തു. അർഷ്ദീപിനെ പുൾ ചെയ്യുന്നതിനിടെ ഹെൻറിക്സിന്റെ ടൈമിം​ഗ് തെറ്റി. ഡീപ് ബാക്ക്‌വേര്‍ഡ്‌ സ്ക്വയർ ലെ​ഗിൽ മുകേഷ് കുമാറിന് ക്യാച്ച്.കെ എൽ രാഹുൽ ബൗളർമാരെ മാറി മാറി പരിക്ഷിച്ചപ്പോൾ വാൻഡർ ഡസ്സൻ വീണു. 36 റൺസെടുത്ത വാൻഡർ ഡസ്സന്റെ വിക്കറ്റ് റിങ്കു സിംഗിനാണ്. 119 റൺസെടുത്ത ടോണി സോർസിയും രണ്ട് റൺസെടുത്ത എയ്ഡാൻ മാക്രവും പുറത്താകാതെ നിന്നു. ജയത്തോടെ പരമ്പര 1-1ന് സമനിലയാക്കാനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു.