കോൺഗ്രസ്‌ മാർച്ചിനെതിരായ പൊലീസ് നടപടി; കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ സമരം

തിരുവനന്തപുരം: കോൺഗ്രസ്‌ മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഒറ്റയാൾ പ്രതിഷേധം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്.

കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മൻ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇതുവഴി നവകേരള ബസ് കടന്ന് പോകാനിരിക്കെയാണ് ചാണ്ടി ഉമ്മന്‍റെ പ്രതിഷേധം.

കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് കെഎസ്‍യു പ്രവർത്തകർക്ക് നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷമാണ് ഉണ്ടായത്. നേതാക്കൾ പ്രസംഗിക്കുമ്പോഴായിരുന്നു പൊലീസ് ജലപീരങ്കിയും കണ്ണീർവാതക പ്രയോഗവും നടത്തിയത്. പ്രസംഗവേദിക്ക് സമീപം കണ്ണീർവാതക ഷെൽ പൊട്ടി. പ്രതിപക്ഷനേതാവ് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംഘ‌ർഷം തുടങ്ങുന്നത്. വി ഡി സതീശൻ പ്രസംഗം ഇടക്ക് വച്ച് അവസാനിപ്പിച്ചു. കണ്ണീർവാതക പ്രയോഗത്തിലൂടെ ദേഹാസ്വാസ്ഥ്യമുണ്ടായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.