*ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം ജനകീയാസൂത്രണ പദ്ധതിയിലൂടെ മെൻസ്ട്രുവൽ കപ്പുകളുടെ സൗജന്യ വിതരണം നടന്നു*

ആറ്റിങ്ങൽ: സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും ആർത്തവ കാലയളവിൽ ഉപയോഗിച്ചു വരുന്ന സാനിട്ടറി നാപ്കിന്റെ പകരക്കാരനാവുകയാണ് മെൻസ്ട്രുവൽ കപ്പുകൾ. ഗവ.കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മെൻസ്ട്രുവൽ കപ്പുകൾ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ആവിഷ്കരിച്ച പ്രത്യേക പദ്ധതിയിലൂടെ 5 ലക്ഷം രൂപ ചിലവിട്ടാണ് നഗരപരിധിയിലെ പൊതു വിദ്യാലയങ്ങളിലെ പെൺകുട്ടികൾക്കും, വനിതകൾക്കും ആദ്യഘട്ടത്തിൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങളായ ഗ്രേഡ് സിലിക്കണൊ റബ്ബറോ വെച്ചാണ് ആർത്തവ കപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ഒരു മെൻസ്ട്രുവൽ കപ്പ് 5 മുതൽ 10 വർഷം വരെ കഴുകി ഉപയോഗിക്കാം. കൂടാതെ തുടർച്ചയായി 12 മണിക്കൂർ ഉപയോഗിക്കാനും സാധിക്കും. ഇതിലൂടെ ശേഖരിക്കുന്ന ആർത്തവ രക്തം അന്തരീക്ഷവായുവുമായി നേരിട്ട് സമ്പർക്കം ഉണ്ടാവാത്തതിനാൽ ദുർഗന്ധവും ഈർപ്പം നിലനിൽക്കുന്നതു മൂലം കൊണ്ടുണ്ടാവുന്ന ത്വക്ക് സംബന്ധ അലർജിരോഗങ്ങളും ഒഴിവാക്കാം. ഒരു സ്ത്രീയുടെ ജീവിത കാലയളവിൽ 11000 സാനിട്ടറി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നതാണ് ഏകദേശ കണക്ക്. എന്നാൽ ആർത്തവ കപ്പുകളുടെ ഉപയോഗം വർദ്ധിക്കുന്നതോടെ ഭാവിയിൽ ശുചീകരണ മേഖല നേരിടുന്ന സാനിട്ടറി നാപ്കിൻ കൊണ്ടുള്ള മാലിന്യനിർമ്മാർജ്ജന പ്രതിസന്ധിക്കും പരിഹാരമാവും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.ഷീജ സ്വാഗതം പറഞ്ഞു. പ്രോജക്റ്റ് അസോസിയേറ്റ് പ്രൊഫസർ വിദ്യാവിനോദ് പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു. കൗൺസിലർ സതി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അനിത തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ സെലീന പരിപാടിക്ക് നന്ദിയും പറഞ്ഞു.