ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പൊലീസ് സ്വീകരിച്ച നടപടികൾ സന്നിധാനത്തിന്‍റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഉച്ചയക്ക് 2 മണിയ്ക്കാണ് ഹൈക്കോടതി വിഷയം പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സഹിതം കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്പിയോടും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം
ശബരിമല തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡിജിപി എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീർത്ഥാടകർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ് തീർത്ഥാടകർ ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യോഗം.