'സ്റ്റാറുകൾ തൂക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, അല്ലെങ്കിൽ ജീവനും സ്വത്തിനും അപകടം'; മുന്നറിയിപ്പ്
December 23, 2023
ആലപ്പുഴ: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വീടുകളിലും മറ്റും വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിക്കുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍. നക്ഷത്ര വിളക്കുകള്‍ക്കും ദീപാലങ്കാരങ്ങള്‍ക്കും വേണ്ടിയുള്ള താല്‍ക്കാലിക വയറിങ് നിലവിലുള്ള നിയമപ്രകാരം സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സ് ഉള്ള വ്യക്തികളെ കൊണ്ട് ചെയ്ക്കണം. വൈദ്യുത സംബന്ധമായ ഏത് പ്രവര്‍ത്തിയും സര്‍ക്കാര്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴി മാത്രം ചെയ്യുകയും ബന്ധപ്പെട്ട കെഎസ്ഇബി ലിമിറ്റഡ് സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുമതി നേടുകയും ചെയ്യണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.വൈദ്യുത ലൈനുകള്‍, ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്‍ എന്നിവയുടെ സമീപത്ത് വൈദ്യുത ദീപാലങ്കാരങ്ങളും കമാനങ്ങളും സ്ഥാപിക്കരുത്. എല്ലാ വൈദ്യുതാലങ്കാര സര്‍ക്യൂട്ടിലും 30 മില്ലി ആമ്പിയറിന്റെ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പു വരുത്തേണ്ടതാണ്. നക്ഷത്ര ദീപാലങ്കാരങ്ങളുടെ വയറുകള്‍ കുട്ടികളുടെ കയ്യെത്താത്ത ദൂരത്ത് സ്ഥാപിക്കണം. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടിയോജിപ്പിച്ചത്, കാലഹരണപ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകള്‍ ദീപാലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കരുത്.' വിലക്കുറവ് നോക്കി വഴിയോരങ്ങളില്‍ നിന്നും, ഓണ്‍ലൈന്‍ വഴിയും വാങ്ങുന്ന ഗുണനിലവാരം ഇല്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നത് മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ മുന്നറിയിപ്പ് നല്‍കി. പ്ലാസ്റ്റിക് വയറുകള്‍ വൈദ്യുതി എടുക്കുന്നതിനും അലങ്കാരത്തിനു ഉപയോഗിക്കരുത്. ഇത് തീപിടുത്തം ഉണ്ടാക്കുന്നതിന് കാരണമാകും. സിംഗിള്‍ ഫേസ് വൈദ്യുതി എടുക്കുന്നതിന് 3 കോര്‍ ഉള്ള ഡബിള്‍ ഇന്‍സുലേറ്റഡ് കേബിള്‍ വയര്‍ മാത്രമേ ഉപയോഗിക്കാവൂ. ജോയിന്റ്കള്‍ പൂര്‍ണമായും ഇന്‍സുലേറ്റ് ചെയ്തിരിക്കണം, ഗ്രില്ലുകള്‍, ഇരുമ്പ് കൊണ്ടുള്ള വസ്തുക്കള്‍, ലോഹനിര്‍മ്മിത ഷീറ്റുകള്‍ എന്നിവയിലൂടെ ദീപാലങ്കാരങ്ങള്‍ വലിക്കാതിരിക്കുക. വീടുകളിലെ എര്‍ത്തിങ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഒരാള്‍ മാത്രമുള്ളപ്പോള്‍ വൈദ്യുതി ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക.' ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ജീവന്‍ സുരക്ഷയ്ക്കും വൈദ്യുത ഉപകരണങ്ങള്‍ തകരാര്‍ ആകുന്നതും കുറയ്ക്കുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.