കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്തു. മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായാൽ ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ ഉണ്ടാകും. ശേഷമായിരിക്കും തെളിവെടുപ്പ് ഉണ്ടാകുക.പ്രതികൾ കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പണത്തിനു വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞത്. മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും രാത്രി താമസിപ്പിച്ച സ്ഥലത്തും ഉപേക്ഷിച്ച ആശ്രമം മൈതാനത്തുമാകും ഇന്ന് തെളിവെടുപ്പ് നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.അതേസമയം, കേസിൽ ആദ്യ മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു പറയുന്നത്. പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികൾ ആവർത്തിക്കുന്നത്.