ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് വിജയം

യുഎഇയിലെ മലയാളി സമൂഹത്തിന്റെ ഔദ്യോഗിക പൊതു സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ ജനാധ്യപത്യ മുന്നണിക്ക് വിജയം. അസോസിയേഷൻ പ്രസിഡന്റ് ആയി നിസാർ തളങ്കരയും സെക്രട്ടറി ആയി ശ്രീ പ്രകാശും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമായും രണ്ടു പാനലുകളിലേക്കായി വാശിയേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. നിസാർ തളങ്കര, ശ്രീപ്രകാശ് എന്നിവർ നേതൃത്വം നൽകിയ ജനാധിപത്യ മുന്നണി 14 സ്ഥാനങ്ങളിൽ പതിമൂന്നിലും വിജയിച്ചു. രണ്ടായിരത്തി അഞ്ഞൂറിലേറെ അംഗങ്ങൾ ഉള്ള അസ്സോസിയേഷനിൽ ഇത്തവണ 1374 വോട്ടുകൾ ആണ് പോൾ ചെയ്യപ്പെട്ടത്.ഇതിൽ 674 വോട്ടു നേടിയ നിസാർ തളങ്കര പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മാസ് ഷാർജയുടെ 733 വോട്ടു നേടിയ ശ്രീപ്രകാശ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 170 വോട്ടാണ് ശ്രീപ്രകാശിന്റെ ഭൂരിപക്ഷം. വാശിയേറിയ തെരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ മുന്നണിയെ നിഷ്പ്രഭമാക്കിയാണ് ജനാധിപത്യ മുന്നണി വിജയിച്ചുകയറിയത്. നിലവിലെ പ്രസിഡന്റ് വൈ എം റഹീം അടക്കമുള്ളവർ കനത്ത പരാജയം ഏറ്റുവാങ്ങി.ജനാധിപത്യത്തിന്റെ മുന്നണിയുടെ വിജയമാണ് ഇതെന്ന് ജനറൽ സെക്രട്ടറിയായി വിജയിച്ച ശ്രീപ്രകാശ് പറഞ്ഞു. മുൻസ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണന്റെ സഹോദരനാണ് ശ്രീപ്രകാശ്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മൽസരത്തിൽ ഇ പി ജോൺസനെ 43 വോട്ടിന് പരാജയപ്പെടുത്തിയാണ്. നിസാർ തളങ്കരയുടെ വിജയം. ട്രഷറായി ഷാജി ജോണും, വൈസ് പ്രസിഡന്റായി പ്രദീപ് നെന്മാറയും വിജയിച്ചു. ജിബി ബേബിയാണ് ജോയിന്റ് സെക്രട്ടറി. ഏഴ് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളിൽ ആറിലും ജനാധ്യപത്യ മുന്നണി വിജയം നേടി.