വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചറുമായി വാട്സാപ്പ്

വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍ പ്രയോജനപ്പെടുത്താനായി പരിഷ്കരവുമായി വാട്സാപ്പ്. വ്യൂ വണ്‍സ് ഫീച്ചര്‍ ലൈവ് ആക്കിയാല്‍ സ്വീകര്‍ത്താവിന് ഒരിക്കല്‍ മാത്രമേ വോയ്‌സ് മെസേജ് കേള്‍ക്കാന്‍ കഴിയുകയുള്ളു.. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചര്‍ നടപ്പാക്കുന്നത്.ഒരിക്കല്‍ കേട്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ആകുന്ന തരത്തിലാണ് ഫീച്ചറിന്റെ ക്രമീകരണം. ഇതിലൂടെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് തടയാനും ഇതുവഴി സാധിക്കും. സ്വീകര്‍ത്താവ് വോയ്‌സ് മെസേജ് ഓപ്പൺ ചെയ്തില്ലെങ്കിൽ 14 ദിവസം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി മെസേജ് ഡിലീറ്റ് ആകും. മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് വോയ്‌സ് മെസേജിനായി റെക്കോര്‍ഡ് ചെയ്ത ശേഷം തൊട്ടരികില്‍ വട്ടത്തിനുള്ളില്‍ ഒന്ന് തെളിഞ്ഞുവരുന്ന തരത്തിലുള്ള ഐക്കണ്‍ ടാപ്പ് ചെയ്ത് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന തരത്തിലാണ് വ്യൂ വണ്‍സ് ഫീച്ചര്‍.അതേസമയം വീഡിയോ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് പുതിയ ഫീച്ചര്‍. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും. ഫോട്ടോ വീഡിയോ ലൈബ്രറിക്ക് പകരം ഡോക്യുമെന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് വേണം ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍.