സ്കൂളിൽ നിന്നും വഴക്കിട്ട് പോയ കാണാതായ കുട്ടിയെ കണ്ടെത്തി; ആദർശിനെ കണ്ടെത്തിയത് കോഴിക്കടയിൽ നിന്ന്
December 28, 2023
തിരുവനന്തപുരം: പൊഴിയൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം. പൊഴിയൂരിൽ നിന്നും ഈ മാസം 20നാണ് കുളത്തൂർ ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ ആദർശ് സഞ്ചുവിനെ കാണാതായത്. ആദർശിനെ കുളച്ചലുള്ള കോഴിക്കടയിൽ നിന്നാണ് കണ്ടെത്തിയത്. കാണാതായി ആഴ്ച്ചകൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. പൊലീസ് അന്വേഷണം ഊർജ്ജിതമല്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ഇന്ന് കുട്ടിയെ കണ്ടെത്തിയത്. നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദർശ്. കഴിഞ്ഞ ഇരുപതിന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ ആദർശ് സ്കൂളിലെത്തി. പിന്നെ ഉച്ചയ്ക്ക് ശേഷം ആദർശിനെ ആരും കണ്ടിട്ടില്ല. ഉച്ചയോടെ സ്കൂൾ കോബൗണ്ടിൽ വച്ച് സഹപാഠികളുമായി ആദർശ് വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന് ശേഷം മൊബൈൽ തല്ലിപൊട്ടിച്ച് അതിലുണ്ടായ സിം കാർഡ് ഉപേക്ഷിച്ച് ആദർശ് സ്കൂളിൽ നിന്ന് പോയെന്നാണ് സഹപാഠികൾ പൊലീസിന് നൽകിയ മൊഴി നൽകിയത്. പക്ഷേ ആദർശ് എങ്ങോട്ട് പോയെന്ന് ഒരു വിവരവുമില്ലായിരുന്നു. സംഭവ ദിവസം ഉച്ചക്കടയിലൂടെ ആദർശ് നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. പിന്നീടുള്ള ഒരു ദൃശ്യവും കിട്ടിയില്ല. പൊഴിയൂർ പൊലീസ് കേസെടുത്തെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാണാതായി ഒരാഴ്ച പിന്നിടുമ്പോഴാണ് ഇന്ന് കുട്ടിയെ കണ്ടെത്തുന്നത്.