റിസോർട്ടിലെ സാഹസിക വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ വെള്ളത്തിൽ മുങ്ങി അപകടം സംഭവിച്ചാണ് പരാതിക്കാരായ ദമ്പതിമാർക്ക് രണ്ടു മക്കളെയും നഷ്ടമായത്. റിസോർട്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷ ഒരുക്കുന്നതിലും, പരിചയസമ്പന്നരായ ഗൈഡുമാരെ നിയമിക്കുന്നതിലും റിസോർട്ട് മാനേജ്മെന്റിന് വീഴ്ച സംഭവിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ചാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്.ഈ വിഷയത്തിൽ പൂനെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ, റിസോർട്ടിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു എന്നുള്ള കണ്ടെത്തൽ കോടതി പരിഗണിച്ചു.
“ചെറു പ്രായത്തിൽ ദാരുണമായ ദുരന്തത്തിലൂടെ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മുറിവുണക്കാൻ എത്ര തുക നഷ്ടപരിഹാരമായി അനുവദിച്ചാലും കഴിയില്ല. എന്നാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്ക് കനത്ത പിഴ ചുമത്തേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരായ ദമ്പതികൾക്ക് നഷ്ടപരിഹാരമായി ഒരു കോടി 99 ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും 30 ദിവസത്തിനകം നൽകണമെന്ന് റിസോർട്ട് ഉടമകൾക്ക് ഉത്തരവ് നൽകി.മരണപ്പെട്ട കുട്ടികൾക്ക് നീന്തൽ വശമില്ലാതിരുന്നു എന്ന് നിരീക്ഷിച്ച കോടതി, ഇത്തരം ദുരന്തങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ നീന്തൽ പരിശീലനം ഉൾപ്പെടെയുള്ള ദുരന്തനിവാരണ പാഠങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. ‘ഉപഭോക്തൃ സംരക്ഷണ നിയമം 2019’ നിലവിൽ വന്നതിനു ശേഷം ഉപഭോക്തൃ തർക്ക പരിഹാര കേസുകളിൽ അനുവദിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.