കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്നും തെളിവെടുപ്പ് തുടരും

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തുമായിരിക്കും തെളിവെടുപ്പ് നടത്തുക. കഴിഞ്ഞ ദിവസം ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്. നാലര മണിക്കൂർ തെളിവെടുപ്പ് നടന്നു. ശാസ്ത്രീയമായ എല്ലാ തെളിവുകളും ഇവിടെ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പുറമെ ഫോറൻസിക് സംഘവും ഒപ്പം ഉണ്ടായിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷമായിരുന്നു കിഴക്കനെല കടയിലും കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്ന് പ്രതികളായ പത്മകുമാറും അനിത കുമാരിയും നടന്ന സംഭവങ്ങൾ എല്ലാം വിവരിച്ചു.അതേസമയം നാട്ടുകാർ കൂവി വിളിച്ച് പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഏഴു ദിവസത്തേക്കാണ് പ്രതികളായ പത്മകുമാർ, അനിത കുമാരി, അനുപമ എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയത്. ഇതിനോടൊപ്പം പ്രതികളെ ചോദ്യം ചെയ്യലും തുടരുന്നുണ്ട്.