ഗുരുദേവന്റെ ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണമെന്ന സന്ദേശം ഉള്‍ക്കൊണ്ട് ഗുരുദേവ ഭക്തര്‍ ഉപാസനയിലൂടെ മുന്നേറണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.
ശിവഗിരി തീര്‍ത്ഥാടനകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമി. മനുഷ്യരെല്ലാം ആഗ്രഹിക്കുന്നതു സുഖമാണ്. നിശ്ചിതമായ ഉപാസന ചെയ്യുന്നവര്‍ക്ക് ആത്മപ്രകാശം നേടി സുഖം നേടാനാകുമെന്ന് ഗുരുദേവന്‍ ഉപദേശിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്വം ആദ്ധ്യാത്മികമാണ്. ആത്മീയതയില്‍ അടിയുറച്ച് സാമൂഹികമായും പുരോഗതി നേടണം എന്നതാണ് ഗുരുദര്‍ശനം. ഗുരുദേവനെ പ്രത്യക്ഷ ദൈവമായി കണ്ടുകൊണ്ട് ദിവസവും സാധനയ്ക്കായി കുറേ സമയം ഭക്തര്‍ നീക്കി വയ്ക്കണം. ശിവഗിരി തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ആത്മീയ പുരോഗതി നേടുന്നതയിലൂടെയാണ്. അപ്രകാരമാണ് അറിവിന്റെ തീര്‍ത്ഥാടനം ജീവിത സുഗന്ധിയാകുന്നത്.
ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി ശ്രീമത് ശുഭാംഗാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ച് ശ്രീ അഡ്വ. വി. ജോയ് എം. എല്‍. എ മുഖ്യാതിഥിയായി. ശ്രീ ഇരുക്കൂര്‍ എം. എല്‍. എ സജി ജോസഫ്, അഡ്വ. അടൂര്‍ പ്രകാശ് എം. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ് ട്രഷറര്‍ ശ്രീമത് ശാരദാനന്ദ സ്വാമികൾ,തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി ശ്രീമത് ഋതംഭരാനന്ദ സ്വാമികൾ, ജോ. സെക്രട്ടറി ശ്രീമത് അസംഗാനന്ദഗിരി സ്വാമികൾ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി.
ശ്രീ അഡ്വ. പി എം മധു, ശ്രീ സജീവ് സഹദേവന്‍, ശ്രീജ (മാതൃസഭ), ശ്രീ എസ് സുരേഷ് പ്ലാവഴികം എന്നിവര്‍ പ്രസംഗിച്ചു.