തിരുവനന്തപുരം : ജനുവരി ഒന്നു മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നൽകുന്നത് നിര്‍ത്തിവയ്ക്കാൻ പമ്പുടമകള്‍. ആറു മാസമായി ഇന്ധനം അടിച്ചതിന്‍റെ പണം നൽകാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പുടമകൾ നീങ്ങുന്നത്. പമ്പ് ഒന്നിന് 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ കിട്ടാനുണ്ടെന്നാണ് ഉടമകൾ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നൽകിയ വകയിലും കോടികൾ കുടിശ്ശികയുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.
പൊതുമേഖലാ വാഹനങ്ങൾക്ക് ഇന്ധനം നൽകിയതിന്‍റെ പണം ഏറ്റവുമൊടുവിൽ ജൂണിൽ കിട്ടിയതാണ്. പൊലീസ് വാഹനങ്ങൾ, ഫയര്‍ഫോഴ്സ്, വിവിധ ഡിപ്പാര്‍ട്ട്മെന്‍റ് വാഹനങ്ങൾ എന്നിവയൊന്നും ഇന്ധനം നിറച്ച് പോകുന്നതല്ലാതെ പണം നൽകുന്നില്ല. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ രണ്ടായിരത്തോളം ഡീലര്‍മാരാണ് സംഘടനയിലുള്ളത്.