പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ പിടിച്ചിട്ടതുമായി ബന്ധപ്പെട്ട് പൊലീസും ദേവസ്വം ബോര്‍ഡ് അംഗവും തമ്മിൽ വാക്പോര്. പെരനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അംഗം അജികുമാറും തമ്മിലാണ് പെരുനാടിനടുത്ത് കൂനങ്കരയിൽ വച്ച് തര്‍ക്കിച്ചത്. കാര്യമായ തിരിക്ക് ഇല്ലാതിരുന്നിട്ടും പൊലീസ് വഴിയില്‍ വാഹനങ്ങള്‍ തടയുന്നുവെന്ന് അജികുമാര്‍ വിമര്‍ശിച്ചു. തര്‍ക്കത്തിനിടെ നിരവധി വാഹനങ്ങള്‍ കടന്നുപോയി. ഇന്ന് രാവിലെ 7.30നായിരുന്നു തര്‍ക്കം. വ്യാപാര സ്ഥാപന നടത്തിപ്പുകാരില്‍ നിന്നും പണം വാങ്ങിയാണ് പൊലീസ് വാഹനങ്ങള്‍ തടഞ്ഞിടുന്നതെന്ന് ബോര്‍ഡ് അംഗം ആക്ഷേപിച്ചു. എന്നാൽ സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ തിരക്ക് കുറയ്‌ക്കുന്നതിനാണ് വാഹന നിയന്ത്രണമെന്ന് പൊലീസ് പറയുന്നു.