നവകേരളസദസ്സിനോടനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിന് വൻ ജനപങ്കാളിത്തം. നവകേരള സദസിന്റെ പ്രചാരണാർത്ഥം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.രണ്ടാം ഘട്ട മെഡിക്കൽ ക്യാമ്പ് പാങ്ങപ്പാറ ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ എസ്. എസ് വിനോദ് ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട് കടവ്,പള്ളിത്തുറ, എന്നീ വാർഡുകളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 1561 പേർ പങ്കെടുത്തു.മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, സർക്കാർ കണ്ണാശുപത്രി, പുലയനാർകോട്ട നെഞ്ച് രോഗാശുപത്രി, പുലയനാർകോട്ട ഡയബറ്റിക് സെന്റർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പുത്തൻതോപ്പ് ആരോഗ്യ കേനന്ദ്രം തുടങ്ങിയ സർക്കാർ ആശുപത്രികളുടെയും കിംസ്, അനന്തപുരി, ടി.എസ്.സി , സി.എസ്.ഐ മിഷൻ, ജി.ജി. ഹോസ്പിറ്റൽ, ദിവ്യപ്രഭ, ചൈതന്യ, വാസൻ ഐ കെയർ, പ്രാൺ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായിരുന്നു.
*കഴക്കൂട്ടത്ത് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം*
കഴക്കൂട്ടം മണ്ഡലത്തിൽ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്‍ബോൾ ടൂർണമെന്റിന് തുടക്കമായി.കുളത്തൂർ സ്‌കൂൾ ഗ്രൗണ്ടിൽ ഡിസംബർ 12 വരെയാണ് മത്സരം. 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിലാണ് നടക്കുന്നത്. 10,000, 5000, 3000 എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ കിക്ക് ഓഫ് ചെയ്ത് ടൂർണമെന്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
ഇന്ന് (ഡിസംബർ 11) വൈകിട്ട് നാലിന് മണ്ഡലത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറും. കഴക്കൂട്ടം സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന തിരുവാതിര മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സിനിമാ അവാർഡ് നേടിയ തന്മയ സോൾ ഉദ്ഘാടനം ചെയ്യും.