പൊലീസ് വാഹനം തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കൻ്റോണ്മെൻ്റ് എസ്ഐയ്ക്ക് പരുക്ക്: തലസ്ഥാനത്ത് തെരുവുയുദ്ധം

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തെരുവുയുദ്ധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. ആക്രമണത്തിൽ കൻ്റോണ്മെൻ്റ് എസ്ഐ ദിൽജിത്തിന് പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. പതിവിനു വിരുദ്ധമായി പൊലീസ് പലപ്പോഴും സംയമനം പാലിച്ചു. സംസ്ഥാന സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാനത്താകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. പൊലീസിനെ പ്രവർത്തകർ പട്ടിക കൊണ്ട് അടിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പൊലീസിനു നേർക്ക് കല്ലെറിഞ്ഞു. പൊലീസ് കല്ല് തിരിച്ചെറിഞ്ഞു. ഇതിനു പിന്നാലെ പൊലീസ് ലാത്തി വീശി. എന്നാൽ ലാത്തി പിടിച്ചുവാങ്ങി ചിലർ പൊലീസിനെ തിരിച്ചടിച്ചു. ചിതറിയോടുന്നതിനിടെ ചില പ്രവർത്തകർ പൊലീസ് വാഹനത്തിൻ്റെ ചില്ല് അടിച്ചുപൊട്ടിച്ചു. ഇതിനിടെ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. പിന്നാലെ, വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. എന്നാൽ ഇരു കൂട്ടരും തമ്മിൽ കയ്യേറ്റമുണ്ടായി. ലാത്തി ചാർജിനിടെ ചില പ്രവർത്തകർ കടകളിൽ കയറി ഒളിച്ചു. ചിലർ കെട്ടിടങ്ങൾക്ക് മുകളിലേക്ക് ഓടിക്കയറി. ഇവരെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും വനിതാ പ്രവർത്തകർ തടഞ്ഞു. ഇവരിൽ പലരെയും രാഹുൽ മാങ്കൂട്ടത്തിലും വിഡി സതീശനും ചേർന്ന് മോചിപ്പിച്ചു. വനിതാ പ്രവർത്തകരെയടക്കം ഇവർ മോചിപ്പിച്ചു. മുറിയ്ക്കുള്ളിൽ പൊലീസ് പ്രവർത്തകരെ പൂട്ടിയിട്ടു എന്ന് പ്രവർത്തകർ പരാതിപ്പെട്ടു.

വനിതാ പ്രവർത്തകരെ പുരുഷ പൊലീസുകാർ കയ്യേറ്റം ചെയ്തെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ കാര്യം ആവശ്യപ്പെട്ടു. ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ ഡിസിസി ഓഫീസിലേക്ക് പ്രകടനവുമായി പോയി. വിഡി സതീശനും ഇവർക്കൊപ്പമുണ്ട്. പൊലീസ് സംയമനം പാലിച്ചു എന്നതിനോട് സതീശൻ വിയോജിച്ചു. പെൺകുട്ടികളെയാണ് ആക്രമിച്ചത്. അതിനെതിരെ വീണ്ടും സമരങ്ങളുണ്ടാവുമെന്നും സതീശൻ  പ്രതികരിച്ചു.