നഗരമധ്യത്തിലെ വാടക വീട്ടിൽ വ്യാജവാറ്റ് കേന്ദ്രം ; ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് വ്യാജവാറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ ക്രിമിനൽ കേസുകളിലെ പ്രതിയെ 25 ലിറ്റർ ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് - ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് നഗരമധ്യത്തിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജവാറ്റിലേർപ്പെട്ടിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി വിതുര കളിയിക്കൽ കിഴക്കുംകര റോഡരികത്തു വീട്ടിൽ ശിവജി(53)യെ ആണ് നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മഞ്ച ഗവ.ബോയിസ് ഹൈസ്കൂളിന് സമീപമുള്ള വാടക വീട്ടിലാണ് ഇയാൾ വ്യാജവാറ്റിലേർപ്പെട്ടിരുന്നത്. ഇയാളിൽ നിന്ന് ചാരായവും 250 ലിറ്റർ കോടയും 30,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. 1500 മുതൽ 2000 രൂപയ്ക്കു വരെയാണ് ഒരു ലിറ്റർ ചാരായം വില്പന നടത്തിയിരുന്നത് 'നെടുമങ്ങാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജോർജ്ജ് ജോസഫിന്‍റെ നേതൃത്ത്വത്തിൽ നടന്ന റെയിഡിൽ പ്രിവൻ്റീവ് ആഫീസർമാരായ വി.അനിൽകുമാർ, സജിത്ത് സിഇഒമാരായ സുബി, ശ്രീകുമാർ, രജിത എന്നിവർ പങ്കെടുത്തു.ക്രിസ്തുമസ് ന്യൂ ഇയർ സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിശോധനയിൽ നിരവധി പേരാണ് ഇതിനോടകം പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്താന്‍ ശ്രമിച്ച യുവാക്കൾ പിടിയിലായിരുന്നു. മലപ്പുറം ഏറനാട് പാണ്ടിക്കാട് ആമപാറക്കൽ വീട്ടിൽ ശരത് ലാൽ (30) ആണ് എക്സൈസിന്റെ പിടിയിലായത്.