മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ടാം ഓവറിലെ നാലാം പന്തിൽ റീസ ഹെൻറിക്സിനെ ക്ലീൻ ബൗൾഡാക്കി അർഷ്ദീപ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തിൽ വാൻഡർ ഡസൻ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ടോണി ഡി സോർസിയും ക്യാപ്റ്റൻ അയ്ഡാൻ മാക്രവും പൊരുതാൻ ശ്രമിച്ചെങ്കിലും അധിക സമയം നീണ്ടില്ല.
28 റൺസെടുത്ത സോർസിയെ അർഷ്ദീപ് പുറത്താക്കി. പിന്നാലെ വന്ന ഹെൻറിച്ച് ക്ലാസനെയും അർഷ്ദീപ് പുറത്താക്കി. 12 റൺസെടുത്ത എയ്ഡാൻ മാക്രത്തെ പുറത്താക്കി ആവേശ് ഖാൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. മില്ലറും മുൾഡറും മഹാരാജും ആവേശ് ഖാന് കീഴടങ്ങി. വാലറ്റത്ത് 33 റൺസെടുത്ത ആൻഡിലെ ഫെലുക്യാവോയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാരെ വെല്ലുവിളിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞതേയില്ല. അഞ്ച് റൺസെടുത്ത് റുതുരാജ് ഗെയ്ക്ക്‌വാദ് പുറത്തായതൊഴികെ യാതൊരു പരിക്കും ഇന്ത്യയ്ക്ക് ഏറ്റതുമില്ല. ആദ്യ മത്സരം കളിക്കുന്ന സായി സുദർശൻ പുറത്താകാതെ 55 റൺസും ശ്രേയസ് അയ്യർ 52 റൺസുമെടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.