കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ യുവതിയുടെ മരണം ഗാര്‍ഹിക പീഡനം കാരണമെന്ന് ബന്ധുക്കള്‍. യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിന്‍റെ വീട്ടില്‍ വെച്ച് ഷബ്ന എന്ന യുവതി ജീവനൊടുക്കിയത്. ഷബ്നയുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ഷബ്നയ്ക്ക് 10 വയസ്സുള്ള മകളുണ്ട്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകള്‍ പറഞ്ഞു. 'ഇറങ്ങിപൊയ്ക്കോ, ഇവിടെ നിനക്ക് ഒരു അവകാശവുമില്ല' എന്ന് പറഞ്ഞ് ഷബ്നയെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് ഷബ്നയുടെ ഉമ്മ പറഞ്ഞു. മകള്‍ ഇക്കാര്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ 'സമാധാനിക്ക്, ഞങ്ങളെല്ലാമുണ്ട്' എന്ന് താന്‍ പറഞ്ഞതാണെന്ന് ഉമ്മ വിശദീകരിച്ചു. ആരും അവിടെ മകള്‍ക്ക് സഹായത്തിനില്ലായിരുന്നു. ഇവിടെ വന്ന് അവര്‍ നാണം കെടുത്തുമോ എന്ന് പേടി കാരണമായിരിക്കും അവള്‍ ജീവനൊടുക്കിയത്. ടിവിയിലൊക്കെ ജീവനൊടുക്കിയ വാര്‍ത്ത കാണുമ്പോള്‍ ഇതെന്തിനാ മരിച്ചതെന്നാണ് അവള്‍ പറയാറ്. അവള്‍ക്കതൊക്കെ പേടിയായിരുന്നു. പെട്ടെന്നവളുടെ മനസ്സ് മാറിയെന്ന് ഉമ്മ പറഞ്ഞു..
ഷബ്നയുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞു. അസുഖമായിട്ട് കിടക്കുമ്പോള്‍ പോലും അവള്‍ക്കൊരു സ്വൈര്യവും അവര്‍ കൊടുത്തില്ല. ഇവിടെന്താ ലോഡ്ജ് റൂമാണോ ഇറങ്ങിവരാന്‍ പറയുമായിരുന്നു. തളരരുത്, താനുണ്ടെന്ന് മനസ്സിന് ശക്തി കൊടുക്കാറുണ്ടായിരുന്നു. സ്വര്‍ണത്തെ കുറിച്ച് ചോദിച്ചാല്‍ ബന്ധം മുറിയുമെന്ന് ഭര്‍ത്താവ് പറഞ്ഞു. സ്വര്‍ണം വിറ്റിട്ടാണെങ്കിലും വീട് നിര്‍മിക്കണമെന്നാണ് ഷബ്ന ആവശ്യപ്പെട്ടിരുന്നതെന്നും ഉമ്മ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)