മിഷോങ് ചുഴലിക്കാറ്റ് കര തൊട്ടു; ആന്ധാപ്രദേശില്‍ ശക്തമായ മഴ

മിഷോങ് ചുഴലിക്കാറ്റ് കര തൊട്ടതോടെ ആന്ധാപ്രദേശില്‍ ശക്തമായ മഴ. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ 8 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്

തിരുപ്പതി, നെല്ലൂര്‍, പ്രകാശം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കോനസീമ, കാകിനാഡ എന്നീ ജില്ലകളിലാണ് കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മുഴുവന്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. തിരമാലകള്‍ ആറടി വരെ ഉയരത്തില്‍ വീശുമെന്നും മുന്നറയിപ്പുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര വഴിയുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. നാളെ ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും. വിവിധയിടങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് 29 എന്‍ഡിആര്‍എഫ് യൂണിറ്റുകളെയാണ് വിന്യസിച്ചിരിക്കുന്നത്.അതേസമയം ചെന്നൈയില്‍ ഇന്ന് മഴയ്ക്ക് നേരിയ ആശ്വാസമുണ്ട്. കഴിഞ്ഞ എട്ട് മണിക്കൂറായി മഴ പെയ്യുന്നില്ല. എന്നാല്‍ നഗരത്തില്‍ മിക്കയിടത്തും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. മഴയ്ക്ക് ശമനമുണ്ടായതോടെ ചെന്നൈ മെട്രോ സര്‍വീസും വ്യോമ ഗതാഗതവും പുനഃസ്ഥാപിച്ചിരിക്കുകയാണ്.