ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. മിന്‍ദനവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.രാത്രി 10.37ഓടെയാണ് വലിയ ഭൂചലനം ഫിലിപ്പീന്‍സിനെ വിറപ്പിക്കുന്നത്. 39 മൈല്‍ ആഴത്തിലാണ് (63 കിലോമീറ്റര്‍) ഭൂചലനം സംഭവിച്ചതെന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ പറഞ്ഞു. കടലില്‍ ചില വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ സുനാമിയെക്കുറിച്ച് വലിയ ആശങ്ക വേണ്ടെന്ന് യുഎസ് സുനാമി വാണിംഗ് സിസ്റ്റം അറിയിച്ചു.കഴിഞ്ഞ മാസം നവംബറില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം തെക്കന്‍ മിന്‍ദനാവോയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരിക്കിലും മേഖലയില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ഇടയിക്കിടെ ഭൂചലനങ്ങള്‍ ഈ പ്രദേശത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.