ദുബായ്: ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ശക്തമായി ലേലം വിളിച്ചത്.വിന്‍ഡീസ് ടി20 ടീമിന്‍റെ നായകനായ 30കാരനായ പവല്‍ 2022ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു. മറ്റ് ടീമുകളൊന്നും പവലിനായി രംഗത്തുവന്നില്ല. അതേസമയം ലേലത്തില്‍ കോടികള്‍ മുടക്കി സ്വന്തമാക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോക്കായി ആദ്യ ലേലത്തില്‍ ആരും രംഗത്തുവരാതിരുന്നത് അത്ഭുതപ്പെടുത്തി. രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള റൂസോക്കായി ടീമുകള്‍ ശക്തമാി രംഗത്തുവരുമെന്നാണ് പ്രതീക്ഷിച്ചത്. തനിക്കു വേണ്ടി ടീമുകള്‍ കോടികള്‍ വാരിയെറിയുമെന്ന് റൂസോയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു ടീമും റൂസോയില്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നത് താരത്തിന് തിരിച്ചടിയായി.ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തെത്തി. ഒടുവില്‍ 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ സ്വന്തമാക്കി. ബ്രൂക്കിനായി കഴിഞ്ഞ സീസൻണില്‍ ടീമുകള്‍ ശക്തമായി രംഗത്തു വന്നെങ്കിലും സീസണില്‍ ഒരു സെഞ്ചുറി മാത്രം നേടിയ താരം നിരാശപ്പെടുത്തിയിരുന്നു.