ജനവിധിക്ക് കാതോര്‍ത്ത് 4 സംസ്ഥാനങ്ങൾ, വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം പോസ്റ്റൽ വോട്ടുകൾ

ദില്ലി : കോൺഗ്രസും ബിജെപിയും ഒരു പോലെ പ്രതീക്ഷ വെക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള 'സെമി ഫൈനലാണ്'. ഏറെ പ്രതീക്ഷയോടെയാണ് ബിജെപിയും കോൺഗ്രസും സെമി ഫൈനലിന് നോക്കിക്കാണുന്നത്. ജയിക്കുന്ന എംഎൽഎമാരെ 'സംരക്ഷിക്കാനുളള' നീക്കം ഇതിനോടകം കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ഫലസൂചനകളിൽ രാജസ്ഥാനിൽ ബിജെപി മുന്നിലാണ്. മധ്യപ്രദേശിൽ കോൺഗ്രസ് മുന്നിലാണ്. ഛത്തീസ്ഘഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് മുന്നിലാണ്.  

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഭരണത്തുടർച്ച കിട്ടുമെന്ന് കോൺഗ്രസും, തിരികെ വരുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. മധ്യപ്രദേശിൽ വിജയ പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. വിജയിച്ചാൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കമൽനാഥിന്‍റെ വസതിയിൽ രാത്രി വൈകുവോളം മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തി. 130 സീറ്റ് നേടുമെന്ന് ദിഗ് വിജയ് സിംഗ്  പ്രതികരിച്ചു. തെലങ്കാനയിൽ ഫലപ്രഖ്യാപനം വന്നാലുടൻ സർക്കാർ രൂപീകരണത്തിനുള്ള മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അടക്കം 5 നേതാക്കളെ തെലങ്കാനയിലേക്ക് നിരീക്ഷകരായി ഹൈക്കമാൻഡ് നിയോഗിച്ചു. ഇതിനിടെ, തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി.കെ.ശിവകുമാറുമായി രാഹുൽ ഗാന്ധി സൂം മീറ്റിംഗ് വഴി ചർച്ച നടത്തി. 

ഇഞ്ചോടിച്ച് പോരാട്ടം നടന്ന ഛത്തീസ്ഗഡിൽ വിജയപ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും. ഭൂപേഷ് ബാഗേലിന്റെ ചിറകിലേറി ഈക്കുറിയും ഭരണത്തുടർച്ച നേടുമെന്ന് വിശ്വാസമാണ് കോൺഗ്രസിനുളളത്. റായ്പൂരിലെ പി സി സി ആസ്ഥാനത്ത് കൺട്രോൾ റൂം സജ്ജമാക്കി കോൺഗ്രസ്. അതെസമയം അട്ടിമറിവിജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഛത്തീസ്ഗഡിൽ വലിയ ആത്മവിശ്വാസത്തിൽ ബിജെപി. ഭരണം ഉറപ്പെന്നും നാൽപത് സീറ്റിൽ കോൺഗ്രസ് ഒതുങ്ങുമെന്നും രമൺ സിങ്ങ് പ്രതീക്ഷിക്കുന്നു.