മലപ്പുറം: മൊബൈൽ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും. മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടുകാരുടെ കണ്ണ് തെറ്റിയപ്പോൾ റോഡിലേക്ക് ഇറങ്ങിയ കുഞ്ഞിനെ ബൈക്കിടിക്കുകയായിരുന്നു. പരതക്കാട് കുണ്ടിൽപീടിക അമ്പലപ്പുറവൻ അബ്ദുൽ നാസറിന്റെ ഏക മകൾ ഇസാ എസ്വിൻ ആണ് മരിച്ചത്. വീട്ടിൽ നിന്ന് കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്. വീട്ടിൽ നിന്ന് കുട്ടി മൊബൈൽ ഫോണുമെടുത്ത് വീട്ടുകാരറിയാതെ റോഡിലേക്ക് ഓടുന്നതിനിടെ ബൈക്കിടിച്ചാണ് അന്ത്യം. കുട്ടിയെ കാണാതെ വീട്ടുകാർ തിരയുന്നതിനിടെയാണ് വീട്ടുകാർ അപകടവിവരം അറിയുന്നത്. ബൈക്കിടിച്ച് തെറിച്ച് വീണ ഇസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. കൊണ്ടോട്ടി ഭാഗത്തുനിന്ന് എടവണ്ണപ്പാറ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കാണ് അപകടത്തിനിടയാക്കിയത്.