ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിൽ ഇന്നലെയാണ് ചാത്തന്നൂർ സ്വദേശിയായ പത്മകുമാറും കുടുംബവും പിടിയിലായത്. ഇവര്‍ നൽകിയ മൊഴിയിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയിൽ വ്യക്തത വരുത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ ഭാര്യക്കും മകൾക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കുണ്ടോ എന്നതിലും ഇന്ന് സ്ഥിരീകരണമുണ്ടാകും. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും. പത്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.
വ്യാജകഥകളോ ?
കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാര്‍ ആദ്യം പറഞ്ഞത് മുഴുവൻ നുണയാണെന്ന് പൊലീസ് സംശയിക്കുന്നത്. ഇയാൾക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും പദ്മകുമാര്‍ പറഞ്ഞ കാര്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. പ്രതി ലക്ഷ്യമിട്ടത് ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും ഇപ്പോൾ പുറത്തുവരുന്ന വിവരം. കുട്ടികളെ രണ്ട് പേരെയും തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും വിവരമുണ്ട്.