പ്രളയക്കെടുതിയിൽ തെക്കൻ തമിഴ്നാട് : കേരളത്തിലൂടെയുളള 3 ട്രെയിനുകൾ അടക്കം 23 ട്രെയിനുകൾ പൂർണമായി റദ്ദാക്കി
December 19, 2023
ചെന്നൈ : പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ തെക്കൻ തമിഴ്നാട്.കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച തിരുനെൽവേലി, തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ഇന്ന് മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ.എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 23 ട്രെയിനുകൾ ഇന്ന് പൂർണമായി റദ്ദാക്കി . കേരളത്തിലൂടെയുള്ള 3 ട്രെയിനുകളും റദ്ദാക്കിയവയിലുണ്ട്. 5 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. 190 മൊബൈൽ മെഡിക്കൽ യുണിറ്റുകൾ സജ്ജമാണ്. ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിക്കാൻ ശ്രമവും തുടരുകയാണ്. ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല. യാത്രക്കാർ കുടുങ്ങിയിട്ട് ഒന്നര ദിവസം പിന്നിട്ടു. തിരുനെൽവേലി, തൂത്തുക്കൂടി ജില്ലകളിൽ ഇന്ന് പൊതു അവധിയും തെങ്കാശി , കന്യാകുമാരി ജില്ലകളിൽ സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ അടിയന്തര യോഗം വിളിച്ച് ഗവർണർ ആർ.എൻ.രവി. കേന്ദ്ര ഏജൻസികളുടെയും സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥറുടെയും യോഗം രാവിലെ രാജ്ഭവനിൽ ചേരും. കാശി തമിഴ് സംഗമത്തിനായി വാരാണസിയിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കിയതായും ഗവർണർ അറിയിച്ചു. ഇന്ത്യ മുന്നണി യോഗത്തിനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദില്ലിയിലേക്ക് പോയതിന് പിന്നാലെയാണ് ഗവർണറുടെ അസാധാരണ നടപടി. കേന്ദ്രസഹായം തേടി രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രിയെ സ്റ്റാലിൻ കാണുന്നുണ്ട്. ദില്ലിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ സ്റ്റാലിൻ സ്ഥിതി വിലയിരുത്തുന്ന ദൃശ്യങ്ങളും തമിഴ്നാട് സർക്കാർ പുറത്തുവിട്ടു.