വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ഒരാളെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്സ്, പട്രോളിംഗ് ടീം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടീം.ലൈവ് ട്രാപ്പ് ക്യാമറ ഉള്‍പ്പടെ 25 ക്യാമറകള്‍, കൂടുകള്‍, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. വനം വകുപ്പ് പ്രദേശത്ത് സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
90 ഏക്കറിന് സമീപം കടുവയെ കണ്ടെന്ന് പുല്ലരിയാൻ പോയ കർഷകൻ അറിയിച്ചതോടെ മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ തിരച്ചിൽ. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്.