ചിന്നസ്വാമിയില്‍ 'പെരിയ'വിജയത്തിന് ഇന്ത്യ; ഓസീസിനെതിരായ അഞ്ചാം ടി20 ഇന്ന്
December 03, 2023
ബെംഗളൂരു: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 ഇന്ന്. ഓസീസിനെതിരായ പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാനാണ് നീലപ്പട ഇന്നിറങ്ങുന്നത്. അതേസമയം ആശ്വാസവിജയത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ഓസീസ് ഇറങ്ങുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ അവസാന ഹോം മത്സരമാണിത്.ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്വന്തമാക്കിയ വിജയം മൂന്നാം മത്സരത്തില്‍ ഇന്ത്യ കൈവിട്ടിരുന്നു. എന്നാല്‍ നാലാം ടി20യില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് നീലപ്പട പരമ്പര പിടിച്ചെടുത്തത്. പരമ്പര നേട്ടത്തിന്റെ മാര്‍ജിന്‍ 4-1 ആക്കി ഉയര്‍ത്തി മുന്നോട്ടുപോകാനാണ് ടീം ഇന്ത്യ ചിന്നസ്വാമിയില്‍ ഇറങ്ങുന്നത്. ഈ മാസം പത്തിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ടി20 പരമ്പരയാണ് അടുത്ത ലക്ഷ്യം.പരമ്പര സ്വന്തമായതോടെ ഓസീസിനെതിരെ വലിയ സമ്മര്‍ദ്ദങ്ങളില്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുക. അതുകൊണ്ട് തന്നെ അഞ്ചാം ടി20 ഇന്ത്യയ്ക്ക് പരീക്ഷണങ്ങള്‍ക്കുള്ള അവസരമായിരിക്കും. ഇതുവരെ അവസരം ലഭിക്കാതിരുന്ന വാഷിങ്ടണ്‍ സുന്ദര്‍ രവി ബിഷ്‌ണോയിക്കോ അക്‌സര്‍ പട്ടേലിനോ പകരക്കാരനായി എത്തിയേക്കാം. മുന്‍ നിരക്കാര്‍ക്ക് പകരക്കാരനായി ശിവം ദുബെ ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതേസമയം ഓസീസിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. ഈ പരമ്പരയില്‍ മാത്രം 19 താരങ്ങളെയാണ് ഓസ്‌ട്രേലിയ പരീക്ഷിച്ചത്. സ്പിന്നര്‍ തന്‍വീര്‍ സംഘയ്ക്ക് പകരം നഥാന്‍ എല്ലിസോ കെയ്ന്‍ റിച്ചാര്‍ഡ്‌സണോ ഓസീസ് പ്ലേയിങ് ഇലവനില്‍ എത്തിയേക്കും.