◾സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിനു താത്കാലിക ചുമതല നല്‍കി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞു. ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിനാണു പകരം ചുമതല. പുതിയ മേജര്‍ ആര്‍ച്ച്ബിഷപിനെ അടുത്ത മാസം നടക്കുന്ന സിനഡ് തെരഞ്ഞെടുക്കും. 12 വര്‍ഷത്തെ സേവനത്തിനുശേഷമാണ് മേജര്‍ ആര്‍ച്ച്ബിഷപ് സ്ഥാനത്തുനിന്ന് മാര്‍ ആലഞ്ചേരി വിരമിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് മാര്‍പാപ്പയ്ക്കു രാജിക്കത്തു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വീണ്ടും രാജിക്കത്തു നല്‍കി. ഇപ്പോഴാണ് രാജി മാര്‍പാപ്പ അംഗീകരിച്ചതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
◾തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് റിമാന്‍ഡില്‍. സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്ന് ഷഹന ഒപി ടിക്കറ്റില്‍ ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു. റുവൈസ് ആവശ്യപ്പെട്ട ഒന്നര കിലോ സ്വര്‍ണവും ഏക്കര്‍കണക്കിനു ഭൂമിയും നല്‍കാന്‍ തനിക്കില്ലെന്നായിരുന്നു ആത്മഹത്യ കുറിപ്പ്. ഇതെല്ലാം അവന്റെ സഹോദരിക്കു വേണ്ടിയാണോ? താന്‍ വഞ്ചിക്കപ്പെട്ടു. സ്ത്രീധനമോഹം മൂലം തന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ടെന്ന് റിമാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾കളമശ്ശേരിയില്‍ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. ഭര്‍ത്താവ് എകെ ജോണ്‍ ശനിയാഴ്ചയാണ് മരിച്ചത്.
◾ദുബായിലെ ബാങ്കുകളില്‍നിന്ന് 300 കോടി രൂപയുടെ വായ്പ തട്ടിയ സംഭവത്തില്‍ വ്യവസായി അബ്ദുള്‍ റഹമാന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍. കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്‍ റഹ്‌മാന്‍ 2017, 18 കാലത്താണ് വായ്പകള്‍ നേടി ബാങ്കിനെ കബളിപ്പിച്ചത്. സിനിമാ നിര്‍മാതാവുകൂടിയായ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
◾സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വം എംപിക്കു നല്‍കിയേക്കും. ആരോഗ്യപ്രശ്നങ്ങള്‍മൂലം മൂന്നു മാസത്തെ അവധിക്ക് അപേക്ഷിച്ച കാനം രാജേന്ദ്രന്‍ ബിനോയ് വിശ്വത്തിനു ചുമതല നല്‍കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. അടുത്തയാഴ്ച ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് തീരുമാനമെടുത്തേക്കും.
◾നാട് ഒരു നിലയ്ക്കും മുന്നോട്ട് പോകാന്‍ പാടില്ലെന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവ കേരള സദസില്‍ പ്രസംഗിക്കവേയാണ് വി.ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ചത്. നവകേരള സദസ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
◾അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
◾സ്ത്രീധന നിരോധന നിയമം കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീധനത്തിന് എതിരായ മനോനില കുടുംബങ്ങളിലും സമൂഹത്തിലും വളരേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
◾പാപ്പരാണെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വാദം തലശ്ശേരി കോടതി തള്ളി. 1995 ലെ ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ 1998 ല്‍ നല്‍കിയ അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജിയാണു കോടതി തള്ളിയത്. അപകീര്‍ത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കാനും ഉത്തരവിട്ടു. വധശ്രമക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 1997 ല്‍ കെ. സുധാകരന്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിനെതിരേ 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത്.
◾ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി. സാബു ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് സാബു ജേക്കബ് പറഞ്ഞു.
◾കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ജില്ലാ സ്‌കൂള്‍ കലോല്‍സവം നടക്കുന്നതിനാലാണ് അവധി നല്‍കിയത്.
◾ലൈംഗിക കണ്ടന്റുകള്‍ തെളിവായി കോടതിയിലെത്തുമ്പോള്‍ എങ്ങനെ സൂക്ഷിക്കണമെന്നു മാര്‍ഗ നിര്‍ദേശങ്ങളുമായി കേരളാ ഹൈക്കോടതി. ഇത്തരം തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കണം. ആവശ്യമെങ്കില്‍ ലോക്കറിലാക്കി സൂക്ഷിക്കാം. അവ തിരിച്ചെടുക്കാനോ പരിശോധിക്കാനോ പ്രത്യേക കോടതി ഉത്തരവ് വേണം. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിറകേയാണ് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.
◾മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങി രക്ഷാദൗത്യത്തിലൂടെ രക്ഷിച്ച ബാബു ബന്ധുവീട്ടില്‍ അതിക്രമിച്ചു കയറി അക്രമം കാണിച്ചതിന് അറസ്റ്റിലായി.
◾കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പില്‍ നിജോ തോമസ് (33), ഇരുപത്താറാം മൈല്‍ പുല്‍പ്പാറ വീട്ടില്‍ പി.പി. ബിനു (44) എന്നിവരാണ് മരിച്ചത്.
◾വളപട്ടണത്ത് പോലീസിനെതിരേ വെടിയുതിര്‍ത്തു മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍. റോഷനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ റോഷന്റെ അച്ഛന്‍ ഡോ. ബാബു തോമസ് വെടിയുതിര്‍ത്തിരുന്നു. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍കൊണ്ട് ആക്രമിച്ച കേസില്‍ റോഷനെ പിടികൂടാന്‍ വീട്ടിലെത്തിയപ്പോഴാണ് പോലീസിനെ ആക്രമിച്ചത്.
◾കോഴിക്കോട് പേരാമ്പ്രയില്‍ എംഡിഎം എയുമായി യുവതിയും യുവാവും പിടിയില്‍. ചേരാപുരം സ്വദേശി വി.സി അജ്മല്‍, ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
◾പറമ്പിക്കുളം പൊലീസ് സ്റ്റേഷനില്‍ കാട്ടാന എത്തി. ഒറ്റയാന്‍ മണിക്കൂറുകളോളമാണ് സ്റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചത്. ഇതോടെ പോലീസുകാര്‍ക്കു പുറത്തിറങ്ങാനായില്ല.
◾മലപ്പുറത്ത് സ്‌കൂള്‍ ബസ് ഓടയിലേക്കു മറിഞ്ഞ് 25 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്.
◾തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവ് എ രേവന്ത് റെഡ്ഡി ആറു തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവുകളില്‍ ഒപ്പുവച്ചു. സത്യപ്രതിജ്ഞാ വേദിയില്‍തന്നെയാണ് ഉത്തരവില്‍ ഒപ്പുവച്ചത്. ഭിന്നശേഷിക്കാരിയായ രജിനി എന്ന യുവതിക്കു ജോലി നല്‍കാനുള്ള ഉത്തരവിലും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്റെ പേര് ബിആര്‍ അംബേദ്കര്‍ പ്രജാഭവന്‍ എന്നു മാറ്റി. വസതിക്കു മുന്നിലെ ഇരുമ്പ് കവാടങ്ങള്‍ മുറിച്ച് നീക്കി. ബാരിക്കേഡുകള്‍ മാറ്റിച്ചു.
◾മൂന്നു കേന്ദ്ര മന്ത്രിമാര്‍ രാജിവച്ചതോടെ അവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ നാലു കേന്ദ്രമന്ത്രിമാര്‍ക്കായി വീതിച്ചു നല്‍കി. അര്‍ജ്ജുന്‍ മുണ്ടക്ക് കൃഷിമന്ത്രാലയത്തിന്റെ ചുമതല നല്‍കി. സഹമന്ത്രിമാരായ ശോഭ കരന്തലെജയ്ക്ക് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെയും രാജീവ് ചന്ദ്രശേഖറിന് ജല്‍ ശക്തി മന്ത്രാലയത്തിന്റെയും ചുമതല നല്‍കി. മറ്റൊരു സഹമന്ത്രി ഭാരതി പര്‍വീന് ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയാണ് അധികമായി നല്‍കിയത്.
◾ബിജെപി ജയിച്ച മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ആരാണെന്നു തീരുമാനമായില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ആരെ മുഖ്യമന്ത്രിയാക്കണമെന്നു തീരുമാനിക്കാന്‍ ദേശീയ നേതൃയോഗം ഇന്നും തുടരും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദങ്ങളുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
◾ഖത്തറില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങള്‍ അപ്പീല്‍ നല്‍കി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ജയിലില്‍ എല്ലാവരെയും നേരില്‍ കണ്ടു സംസാരിച്ചു. കേസില്‍ രണ്ടു തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
◾ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെലുങ്ക് നടന്‍ ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍. രണ്ടു വര്‍ഷം മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നു ജഗദീഷ്. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ സഹായിയായ കേശവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് ജഗദീഷ്.
◾റഷ്യയിലെ ബ്രയാന്‍സ്‌കിലെ ഒരു സ്‌കൂളില്‍ പതിനാലുകാരി സഹപാഠിയെ വെടിവച്ചു കൊന്നു. വെടിവയ്പില്‍ അഞ്ച് പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വെടിവച്ചശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.
◾ഐ.എസ്.എലില്‍ ജംഷേദ്പുര്‍ - ചെന്നൈയിന്‍ മത്സരത്തിന് ആവേശ സമനില. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ചെന്നൈ ജയിച്ചെന്നുറപ്പിച്ച മത്സരം 90-ാം മിനിറ്റിലെ ഗോളിലൂടെ ജംഷേദ്പുരിന്റെ ഡാനിയേല്‍ ചിമ ചുക്വു സമനിലയിലാക്കുകയായിരുന്നു.
◾ഗൗതം ഗംഭീര്‍ തന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചെന്ന് സഹതാരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഗംഭീറിന് ഇത്ര തരംതാഴാനാവുമെന്നത് ഞെട്ടിക്കുന്നുവെന്നും വളര്‍ത്തുദോഷമാണെന്നും വീഡിയോക്ക് കമന്റ് ചെയ്ത് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി രംഗത്തു വന്നു.
◾മില്ലറ്റെുകള്‍ (ചെറുധാന്യങ്ങള്‍) ഇന്ത്യന്‍ വിപണി കീഴടക്കുകയാണ്. അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷ പ്രചാരണങ്ങളുടെ ചുവടുപിടിച്ച് റാഗി, ജോവര്‍ തുടങ്ങി വിവിധയിനം മില്ലറ്റുകളുടെ വില ഒരു വര്‍ഷത്തിനിടെ 40 ശതമാനം മുതല്‍ 100 ശതമാനം വരെ ഉയര്‍ന്നു. ഈ മേഖലയിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. മില്ലെറ്റ് വളരുന്ന പ്രദേശങ്ങളിലെ അസ്ഥിരമായ കാലാവസ്ഥ മില്ലറ്റെ് വ്യവസായ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ ജോവര്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ വരള്‍ച്ചയും ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ അധിക മഴയും മില്ലെറ്റ് വിളകളുടെ ഉത്പാദനത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ എല്ലാ ജില്ലകളിലും ഗോതമ്പ് പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങളെ അപേക്ഷിച്ച് മില്ലെറ്റുകളുടെ ഉല്‍പാദനം താരതമ്യേന കുറവാണ്. എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള ജോവറും റാഗിയും ഗോതമ്പിനെ അപേക്ഷിച്ച് യഥാക്രമം 150 ശതമാനവും 45 ശതമാനവും കൂടുതല്‍ വിലയുള്ളവയാണ്. ഇന്ത്യയുടെ മില്ലെറ്റ് കയറ്റുമതി 2022-23 കാലയളവില്‍ 610 കോടി രൂപയായിരുന്നു (7.54 കോടി യു.എസ് ഡോളര്‍).
◾മോഹന്‍ലാല്‍ നായകനാകുന്ന 'നേര്' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
◾കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മിച്ച് ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന 'പുള്ളി 'എന്ന ചിത്രം തീയറ്ററുകളിലെക്ക്. ദേവ് മോഹന്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ബിജിബാല്‍ ആണ്.
◾കേരളത്തിലെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി കൊച്ചിയില്‍ 14മുതല്‍ 17വരെ മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 2019-2020 മോഡല്‍ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് പങ്കെടുക്കാം. സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ക്ക് മോട്ടോര്‍സൈക്കിളിന്റെ സ്ഥിതി കണക്കിലെടുത്ത് സൗജന്യ അധിക വാറന്റി ലഭ്യമാക്കും. എക്സ്ചേഞ്ച്, ബൈബാക്ക് താല്‍പര്യം ഉളള ഉപഭോക്താക്കള്‍ക്ക് അതിനുള്ള അവസരം ക്യാമ്പില്‍ ഒരുക്കും. താല്‍പ്പര്യമുള്ള ഉടമകള്‍ക്ക് നവീകരണ പ്രക്രിയ സുഗമമാക്കാന്‍ ഈ ക്യാമ്പ് ലക്ഷ്യമിടുന്നു. കൊച്ചി ക്യാമ്പിനെ തുടര്‍ന്ന് ബെംഗളൂരു, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ക്യാമ്പുകള്‍ ഉണ്ടാകും. ഈ ക്യാമ്പ് ഉപഭോക്തൃ അടിത്തറയിലേക്ക് എത്തിച്ചേരുന്നതിനും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ജാവ യെസ്ഡിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും കമ്പനി പറയുന്നു.
◾ഒറ്റപ്പെട്ടുപോയ കുട്ടികളുടെ കഥയാണ് ഹരിഹരന്‍ ഈ പുസ്തകത്തിലൂടെ നമ്മോടു പറയുന്നത്. താനും തന്റെ ആശ്രമവും ചേര്‍ന്ന് കണ്ടെത്തി സംരക്ഷിച്ച മുപ്പതിനായിരത്തോളം കുട്ടികളുടെ ജീവിതാനുഭവങ്ങളില്‍ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ തിരിഞ്ഞെടുത്ത പത്തു കുട്ടികളുടെ അനുഭവങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളെ സ്നേഹിക്കുന്ന, ഒരു നാടിന്റെ ഭാവി അവിടത്തെ കുട്ടികളിലാണ് എന്നു തിരിച്ചറിയുന്ന ഓരോ പൗരരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. 'ഒറ്റപ്പെട്ടവര്‍. എസ്. ഹരിഹരന്‍. കറന്റ് ബുക്സ് തൃശൂര്‍. വില 256 രൂപ.
◾തണുപ്പുകാലം അടുക്കുമ്പോള്‍ രോഗപ്രതിരോധ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് സീസണല്‍ രോഗങ്ങള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള ഭക്ഷണക്രമം ശീലമാക്കുക. പതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പലതരം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സിട്രസ് പഴങ്ങള്‍, ബ്രൊക്കോളി, കുരുമുളക് എന്നിവ പോലുള്ള വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധ സംവിധാനത്തിന് ശക്തമാക്കുന്നു. തണുത്ത കാലാവസ്ഥ ഉണ്ടായിരുന്നിട്ടും ജലാംശം നിലനിര്‍ത്തുന്നത് നിര്‍ണായകമാണ്. മതിയായ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഹെര്‍ബല്‍ ടീകളും ചെറുചൂടുള്ള വെള്ളവും നാരങ്ങാവെള്ളവും കുടിക്കുക. നല്ല ഉറക്കം ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായകമാണ്. രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ഒരു ബെഡ്‌ടൈം ദിനചര്യ ശീലമാക്കുക. രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ വ്യായാമം പ്രധാന പങ്കാണ് വഹിക്കുന്നു. യോഗ, നടത്തം, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കുക. വ്യായാമം പതിവായി ചെയ്യുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നിവ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്. വൈറ്റമിന്‍ ഡി, സിങ്ക്, പ്രോബയോട്ടിക്സ് എന്നിവ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന സപ്ലിമെന്റുകള്‍ കഴിക്കുക. നല്ല ശുചിത്വ ശീലങ്ങള്‍ ശീലമാക്കുന്നത് രോഗങ്ങള്‍ പടരുന്നത് തടയുന്നതില്‍ നിര്‍ണായകമാണ്. കൈകള്‍ പതിവായി കഴുകുക, മുഖത്ത് തൊടുന്നത് ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടിക്കൊണ്ട് ശ്വസന ശുചിത്വം പാലിക്കുക. ഈ ശീലങ്ങള്‍ വൈറസുകള്‍ പിടിപെടുന്നതിനും പടരുന്നതിനുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷം അയാള്‍ ആ തീരുമാനമെടുത്തു. തന്റെ രണ്ട് ഫാക്ടറികളും അടച്ചുപൂട്ടുക. എന്നിട്ട് ഈശ്വരാന്വേഷകനാകുക. അയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകളെത്തി. ഒരിക്കല്‍ പ്രഭാഷണത്തിനിടയില്‍ താന്‍ എല്ലാം ഉപേക്ഷിക്കാനുണ്ടായ കാരണം അയാള്‍ പറഞ്ഞു. അയാളുടെ ഫാക്ടറിക്കടുത്ത് ഒരു നായ അപകടത്തില്‍ പെട്ട് രണ്ടുകാലും പരിക്കേറ്റ് കിടക്കുകയാണ്. അതിനെ അയാള്‍ ആശുപത്രിയിലാക്കി ചികിത്സനല്‍കി. പിറ്റേന്ന് മുതല്‍ അയാള്‍ മറ്റൊരു കാഴ്ചകണ്ടു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന നായയ്ക്ക് മറ്റൊരു നായ ഭക്ഷണമെത്തിക്കുന്നു. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. ദൈവം എല്ലാവരേയും സംരക്ഷിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അതുകൊണ്ട് ഞാനും ഫാക്ടറി നിര്‍ത്തി. ഇന്നുവരെ എനിക്ക് യാതൊരു കുറവും വന്നിട്ടില്ല. അപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ എഴുന്നേറ്റ് നിന്ന് അയാളെ കളിയാക്കി ഇങ്ങനെ പറഞ്ഞു: നിങ്ങളിപ്പോള്‍ കാലൊടിഞ്ഞ നായയാണ്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. പണ്ടു നിങ്ങള്‍ ഭക്ഷണം കൊടുത്ത നായയായിരുന്നു. ഇത് കേട്ട് അയാളുടെ തല താഴ്ന്നു.... അധ്വാനമാണ് ആരാധന, കര്‍മമണ്ഡലമാണ് ദേവാലയം. അനുദിന ഭാഷണമാണ് പ്രാര്‍ത്ഥന. ആയിരിക്കുന്ന സ്ഥലത്ത് ഈശ്വരനെ കണ്ടെത്തുന്നതാണ് മറ്റെവിടെയെങ്കിലുമുള്ള ഈശ്വരനെ തേടുന്നതിലും എളുപ്പം. ദിനചര്യകളിലൊന്നും ദൈവത്തെകണ്ടെത്താത്തയാള്‍ ദൈവത്തെകണ്ടെത്താനുള്ള പ്രത്യേക വഴി തേടി സഞ്ചരിക്കുന്നതിലെന്തര്‍ത്ഥം? എല്ലാം ഉപേക്ഷിച്ച് ഈശ്വരനെ കണ്ടെത്തണം എന്നതു തെറ്റിദ്ധരിക്കപ്പെട്ട ആശയമാണ്. ഉപേക്ഷിക്കേണ്ടത് സമ്പാദ്യവും ജോലിയും വസതിയുമല്ല. ദുഷ്ചിന്തകളും ദുശ്ശീലങ്ങളുമാണ്. പ്രതിരോധിക്കേണ്ടത് പ്രലോഭനങ്ങളേയും പരിശീലനങ്ങളേയുമാണ്. പാര്‍പ്പിടങ്ങളും തൊഴിലിടങ്ങളുമാണ് ഏറ്റവും ചൈതന്യമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് സ്ഥിരവാസകേന്ദ്രങ്ങള്‍ പുണ്യസ്ഥലങ്ങളായി മാറുന്നത്. നമുക്ക് ദിനചര്യകളില്‍ ദൈവത്തെ കാണാന്‍ ശീലിക്കാം - ശുഭദിനം.