പ്രഭാത വാർത്തകൾ*2023 ഡിസംബർ 5 ചൊവ്വ

◾മിഷോംഗ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമുള്ള പേമാരിയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി. മിഷോംഗ് ചുഴലിക്കാറ്റ് ഇന്നു രാവിലെ തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ കരതൊടും. 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ചുഴലിക്കാറ്റ്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാറുകള്‍ ഒലിച്ചുപോയി. ചെന്നൈയിലെ കാണത്തൂരില്‍ രണ്ടു പേര്‍ മരിച്ചു. റണ്‍വേയില്‍ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. തമിഴ്നാട്ടിലെ വന്ദേ ഭാരത് ട്രെയിനും കൊല്ലം- ചെന്നൈ ട്രെയിനും റദ്ദാക്കി. കേരളത്തിനു വലിയ ഭീഷണിയില്ലെങ്കിലും നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യത.

◾കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെയുള്ള പദ്ധതിയുടെ പുതുക്കിയ അടങ്കലിനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റര്‍ നീളത്തില്‍ പിങ്ക് ലൈന്‍ സ്ഥാപിക്കാനാണ് ഇത്രയും തുക.

◾കേരളത്തിന്റെ വായ്പാ പരിധി വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്കു സേവന ഉല്‍പാദനത്തിന്റെ ഒരു ശതമാനം കൂടി അധികമായി വായ്പയെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. 23,852 കോടി രൂപയുടെ വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റു സ്രോതസുകളിലൂടെ വായ്പ എടുക്കാവുന്നതാണെന്നും നിര്‍മല സീതാരാമന്‍ എന്‍.കെ. പ്രേമചന്ദ്രനു മറുപടി നല്‍കി.

◾ലോകായുക്തക്കോ ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവു പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി. ബന്ധപ്പെട്ട അതോറിറ്റിക്ക് ശുപാര്‍ശകള്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനേ അധികാരമുള്ളൂ. ജസ്റ്റീസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. റീസര്‍വേ രേഖകളിലെ തെറ്റുകള്‍ തിരുത്താന്‍ വര്‍ക്കല അഡീഷണല്‍ തഹസീല്‍ദാറിനോട് ഉപലോകായുക്ത നിര്‍ദേശിച്ചതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

◾കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. 2025 നുള്ളില്‍ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

◾ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കാറില്‍ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നതെന്നാണ് തട്ടിക്കൊണ്ടുപോകപ്പെട്ട കുഞ്ഞിന്റെ സഹോദരന്‍ ജോനാഥന്റെ മൊഴി. ഒരു പുരുഷനും രണ്ടു സ്ത്രീകളും മാത്രമാണു പ്രതികളെന്നാണ് പോലീസിന്റെ നിലപാട്.

◾ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെയല്ല മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാഹുല്‍ മത്സരിക്കുന്നതിലെ യുക്തിയില്ലായ്മ സാമാന്യ മര്യാദയുള്ള എല്ലാവര്‍ക്കും അറിയാം. വയനാട്ടില്‍ മല്‍സരിക്കരുതെന്നു കോണ്‍ഗ്രസിനോട് അപേക്ഷിക്കാനൊന്നും സിപിഎം ഒരുക്കമല്ല. ഗോവിന്ദന്‍ പറഞ്ഞു.

◾സിപിഎം അടക്കമുള്ള കക്ഷികള്‍ ശക്തമായി പ്രതിഷേധിച്ചതോടെ ചിന്നക്കനാലിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമാക്കിയുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. വനംമന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

◾വടക്കാഞ്ചേരിയില്‍ നവകേരള സദസിനിടെ സ്റ്റേജിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യമ്പാടം സ്വദേശി റഫീഖാണ് പിടിയിലായത്. മുഖ്യമന്തി പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് സംഭവം.

◾മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് ബൈക്കു യാത്രക്കാരനു പരിക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു പൈലറ്റ് പോയ വാഹനമിടിച്ചാണ് ചെറുതുരുത്തി അത്തിക്ക പറമ്പ് സ്വദേശി അബ്ദുല്‍ റഷീദിനു പരിക്കേറ്റത്. ചേലക്കരയിലെ നവ കേരള സദസ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടെയായിരുന്നു അപകടം. 

◾നിമിഷ പ്രിയയുടെ മോചനത്തിനു യമനില്‍ സൗകര്യം ഒരുക്കാന്‍ തയ്യാറായവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവനെന്ന് അമ്മ ഹര്‍ജിയില്‍ പറഞ്ഞു. യമനില്‍ സൗകര്യം ഒരുക്കാന്‍ തയ്യാറായവരുടെ പട്ടിക നിമിഷപ്രിയയുടെ അമ്മ കോടതിക്കു കൈമാറിയിരുന്നു. യമന്‍ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് അമ്മയുടെ ഹര്‍ജി.

◾കേരളത്തിലെ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ഉള്‍പ്പെടെ ഒമ്പതു സഹകരണ ബാങ്കുകള്‍ക്കെതിരെ ഇഡി പിഴ ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ കെ മുരളീധരന്റെ ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയത്.

◾നാലു പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഹൈക്കോടതിയെ സമീപിച്ചു.

◾പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്തു നടത്തുന്ന നവകേരള സദസ് അശ്ലീല സദസെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മഹാരാജാവ് എഴുന്നള്ളാന്‍ സ്‌കൂള്‍ മതിലുകളും കെട്ടിടങ്ങളും പൊളിച്ചടക്കുകയാണ്. തന്റെ മണ്ഡലത്തിലെ സ്‌കൂള്‍ മതില്‍ പൊളിച്ചതും രാജാവിന് സ്വതന്ത്രമായി കടന്നു വരാനാണെന്നും സതീശന്‍ പറഞ്ഞു.

◾ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്നയും മക്കളും ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് നവകേരള സദസില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ഹനീഫയുടെ കുടുംബാംഗങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നും അവകാശങ്ങള്‍ തടഞ്ഞെന്നും ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഷഫ്‌ന പരാതി നല്‍കിയിരുന്നു.

◾കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണം. ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന്‍ ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്. വധഭീഷണിയുണ്ടെന്നു പോലീസില്‍ പരാതി നല്‍കിയതിനു പിറകേ, ഓട്ടോറിക്ഷയിലെത്തിയവര്‍ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾നവകേരള സദസില്‍ പങ്കെടുത്ത പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസില്‍നിന്നു സസ്പെന്‍ഡു ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണു സസ്പെന്‍ഡു ചെയ്തത്.

◾കരുവന്നൂര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ ബാങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന പെരിങ്ങണ്ടൂര്‍ ബാങ്കിന്റെ ഹര്‍ജി കോടതി തള്ളി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ബാങ്കിനെതിരെ മാധ്യമങ്ങളിലൂടെ വ്യാജ വിവരം പ്രചരിപ്പിച്ചെന്ന ആരോപണവും ഉന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

◾കണ്ണൂരില്‍ ട്രെയിനിനുനേരെ വീണ്ടും കല്ലേറ്. പൂനെ -എറണാകുളം സൂപ്പര്‍ ഫാസ്റ്റിന് നേരെ രാത്രി ഒമ്പതോടെ ധര്‍മടത്തിനും തലശ്ശേരിക്കും ഇടയിലാണു കല്ലേറുണ്ടായത്.

◾കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തില്‍ അമ്മയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂര്‍ സ്വദേശിയായ യുവാവുമാണു കസ്റ്റഡിയിലായത്.

◾പൊതു ജനങ്ങള്‍ക്കു സൈബര്‍ സുരക്ഷാ അവബോധം നല്‍കാന്‍ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ മുഖേന സൈബര്‍ വോളണ്ടിയറാകാന്‍ അപേക്ഷിക്കാം. ഓരോ ജില്ലയിലും 300 സൈബര്‍ വോളണ്ടിയരെയാണ് നിയോഗിക്കുന്നത്.

◾ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുണ്‍കുമാര്‍ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര തയ്യില്‍പടിയിലാണ് അപകടമുണ്ടായത്.

◾ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റിനു മുന്നില്‍ മെഴുതിരി തെളിച്ചുള്ള സമരവുമായി കോണ്‍ഗ്രസ്. വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ളാറ്റിന് മുന്നിലാണു മെഴുകുതിരി കത്തിച്ച് കൂട്ട പ്രാര്‍ത്ഥന നടത്തിയത്.

◾സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് ഏഴു വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയില്‍ ലാലുവിനെയാണ് നാദാപുരം അതിവേഗ കോടതി ശിക്ഷിച്ചത്.

◾രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സിറ്റിംഗ് സീറ്റുകളില്‍ തോറ്റതിനു കാരണം കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു ജയിക്കാമെന്ന തന്‍പ്രമാണിത്തമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഒപ്പം കൂട്ടേണ്ടവരെ കൂട്ടിയില്ല. പിണറായി പറഞ്ഞു.

◾ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ചമഞ്ഞ് റസ്റ്റോറന്റില്‍ പരിശോധന നടത്തി കൈക്കൂലിയായി പതിനായിരം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സ്വദേശിയായ എസ്. തിരുമുരുകന്‍ (44) ആണ് അറസ്റ്റിലായത്.

◾ഓണ്‍ലൈന്‍ പണമിടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി ഉപയോഗിക്കാത്ത യുപിഐ ഐഡികള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഗൂഗിള്‍ പേ അടക്കമുള്ള ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങളോടു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡീ ആക്ടിവേഷന്‍ പ്രക്രിയ ഡിസംബര്‍ 31 ന് പ്രാബല്യത്തില്‍ വരുത്തണമെന്നാണു നിര്‍ദേശം.

◾മിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിനെയും കോണ്‍ഗ്രസിനെയും പിന്തള്ളിയ സോറം പീപ്പിള്‍സ് മൂവ്മെന്റിനു (ഇസെഡ് പി എം) വമ്പന്‍ ഭൂരിപക്ഷം. മുഖ്യമന്ത്രി സോറം താങ്ഗ 2101 വോട്ടിനു തോറ്റു. ഇന്ദിരാഗാന്ധിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ലാല്‍ഡുഹോമ എന്ന മുന്‍ ഐ പി എസ് ഉദ്യാഗസ്ഥന്‍ നാലു വര്‍ഷം മുമ്പു രൂപീകരിച്ച പാര്‍ട്ടിയാണ് ഇസഡ് പി എം.  

◾മണിപ്പൂരിലെ തെങ്‌നൗപാല്‍ ജില്ലയില്‍ നടന്ന അക്രമത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ലെയ്തു ഗ്രാമത്തിലാണ് സായുധരായ കുക്കി, മെയ്തെയ് സംഘങ്ങള്‍ തമ്മില്‍ വെടിവയ്പുണ്ടായത്.

◾ഇന്ത്യ മുന്നണി നേതൃയോഗം ഇന്ന്. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. തനിക്ക് യോഗത്തെ കുറിച്ച് അറിയില്ലെന്നു മമത പറഞ്ഞു.

◾പ്രധാനമന്ത്രി നരേന്ദ്രമോദി ദുശ്ശകുനമല്ല, ഐശ്വര്യമാണെന്നു രാജ്യത്തെ സാധാരണ ജനങ്ങള്‍ വിധിച്ചതാണു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ ഉജ്വല വിജയമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോടിക്കണക്കിനു ദരിദ്ര ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തിന് കാരണം. മുരളീധരന്‍ പറഞ്ഞു.

◾വളര്‍ത്തുപൂച്ചയുടെ കടിയേറ്റു പേവിഷബാധ മൂലം അധ്യാപകനും മകനും മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 58 കാരനായ ഇംതിയാസുദ്ദീനും 24 കാരനായ മകന്‍ അസീം അക്തറുമാണ് മരിച്ചത്.

◾ഗാസയിലെ ഇരുപതിടങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേലി സൈന്യം. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബോംബാക്രമണം വ്യാപിപ്പിച്ചു. ഖാന്‍ യൂനിസില്‍ നിന്നുള്ള റോഡും യുദ്ധമേഖലയെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ റഫായിലും ബോംബാക്രമണമുണ്ടായി. സൈന്യത്തില്‍ ചേരണമെന്ന് പലസ്തീനികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഹമാസ് നേതൃത്വം.

◾ഇന്തോനേഷ്യയിലെ മറാപിയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ 11 പര്‍വതാരോഹകര്‍ മരിച്ചു.

◾മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ സജിദ് മിര്‍ പാക്കിസ്ഥാനിലെ ദേര ഗാസി ഖാന്‍ സെന്‍ട്രല്‍ ജയിലില്‍ വിഷം കഴിച്ചെന്നു റിപ്പോര്‍ട്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

◾ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം. ക്ലെയ്റ്റണ്‍ സില്‍വയുടെയും നന്ദകുമാറിന്റെയും ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ തകര്‍ത്തത്.

◾ഗള്‍ഫ് മേഖലയും ആഫ്രിക്കയും ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക മേഖലയില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇസ്രായേലില്‍. 100 കോടി ഡോളറിനുമേല്‍ (8,300 കോടി രൂപ) ആസ്തിയുള്ള 26 പേരാണ് ഇസ്രായേലിലുള്ളത്. 17 പേരുമായി യു.എ.ഇയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള സൗദി അറേബ്യയില്‍ 6 പേരുണ്ട്. യു.ബി.എസ് ബില്യണയര്‍ അംബീഷ്യസ് റിപ്പോര്‍ട്ട്-2023ലേതാണ് ഈ കണക്കുകള്‍. ദക്ഷിണാഫ്രിക്കയാണ് 5 പേരുമായി നാലാംസ്ഥാനത്ത്. ഈജിപ്റ്റ് (4), നൈജീരിയ (3), ലെബനന്‍ (2) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ആകെ 63 ശതകോടീശ്വരന്മാരാണ് എം.ഇ.എ മേഖലയിലുള്ളതെന്നും ഈ വര്‍ഷം 9 പേര്‍ പുതുതായി ഇടംപിടിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം മറ്റ് രാജ്യങ്ങളില്‍ നിന്ന് 5 ശതകോടീശ്വരന്മാര്‍ യു.എ.ഇയിലേക്ക് ചുവടുമാറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. റിയല്‍ എസ്റ്റേറ്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, റീറ്റെയ്ല്‍ മേഖലകളുടെ മികച്ച വളര്‍ച്ചയുടെ കരുത്തില്‍ നിരവധി അതിസമ്പന്ന വ്യക്തികളുടെ ആസ്തി വര്‍ധിച്ചു. ഇതുവഴി രണ്ടുപേര്‍ പുതുതായി ശതകോടീശ്വരപ്പട്ടികയിലും ഇടംപിടിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യു.കെയില്‍ നിന്ന് മാത്രം 1,500 ഡോളര്‍ ലക്ഷാധിപതികളാണ് യു.എ.ഇയിലേക്ക് താമസം മാറ്റിയത്.

◾ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്ലര്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല. മറിച്ച് ജനുവരി റിലീസ് ആയി എത്തും. 2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

◾പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് പാര്‍ട്ട് 1&2 എന്ന രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമ ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫ് സിനിമകള്‍ക്ക് ശേഷം നിരവധി ആരാധകരാണ് യാഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്. 'യാഷ് 19' എന്ന ടാഗ് ലൈന്‍ കൊടുത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ലയേഴ്സ് ഡയസ്', 'മൂത്തോന്‍' എന്നീ സിനിമകളുടെ സംവിധായികയും ദേശീയ പുരസ്‌കാര ജേതാവായ ഗീതു മോഹന്‍ദാസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. യാഷ് തന്നെയാണ് തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ അപ്ഡേറ്റ് പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനൊപ്പം പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍സും സഹകരിച്ചുള്ള പോസ്റ്റില്‍ ചിത്രത്തിന്റെ ഔദ്യോഗിക പേര് 2023 ഡിസംബര്‍ 8 ന് രാവിലെ 9:55 ന് പ്രഖ്യാപിക്കുമെന്നാണ് യാഷ് പറഞ്ഞിരിക്കുന്നത്. കെജിഎഫ് സിനിമകള്‍ക്ക് ശേഷം മറ്റ് സിനിമകള്‍ ഒന്നും തന്നെ യാഷിന്റെതായി പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ യാഷ് 19 ന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിരവധി നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാല്‍ പ്രീ- റിലീസ് ഹൈപ്പ് നല്ലപോലെ യാഷ് 19 നുണ്ട്.

◾കവാസാക്കി മോട്ടോര്‍ ഇന്ത്യ പുതിയ കാവസാക്കി എലിമിനേറ്റര്‍ 450 ലോഞ്ചിന് മുന്നോടിയായി അവതരിപ്പിച്ചു. ഈ ടീസര്‍ എലിമിനേറ്ററിന്റെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നല്‍കുന്നു. 2023 ഇന്ത്യ ബൈക്ക് വീക്കില്‍ ഈ പുതിയ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കാവസാക്കിയുടെ ഇന്ത്യയിലെ ചരിത്രത്തില്‍ എലിമിനേറ്ററിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ബജാജ്-കവാസാക്കി പങ്കാളിത്തത്തിലൂടെ 1985-ല്‍ അവതരിപ്പിച്ച എലിമിനേറ്ററിന് 125 സിസി മുതല്‍ 900 സിസി വരെയുള്ള വിവിധ എഞ്ചിന്‍ കോണ്‍ഫിഗറേഷനുകള്‍ ഉണ്ടായിരുന്നു. കവാസാക്കി എലിമിനേറ്റര്‍ 450ന്റെ കരുത്തുറ്റ 451 സിസി പാരലല്‍-ട്വിന്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, 9000 ആര്‍പിഎമ്മില്‍ 44.7 ബിഎച്ച്പിയും 6000 ആര്‍പിഎമ്മില്‍ 42.6 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 6-സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 18 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് പിന്‍ വീലുകളാണ് മോട്ടോര്‍സൈക്കിളിന്റെ സവിശേഷത, 41 എംഎം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും പിന്തുണയ്ക്കുന്നു. 310 എംഎം ഫ്രണ്ട്, 240 എംഎം പിന്‍ ഡിസ്‌ക് ബ്രേക്ക് സെറ്റപ്പ്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയില്‍ സുരക്ഷയ്ക്ക് മുന്‍ഗണനയുണ്ട്. ക്രൂയിസറിന്റെ കര്‍ബ് ഭാരം 176 കിലോയാണ്. യുകെയില്‍ ഈ മോഡല്‍ 'എലിമിനേറ്റര്‍ 500' എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ വിപണിയുടെ നാമകരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതീക്ഷിക്കപ്പെടുന്ന എക്‌സ്‌ഷോറൂം വില ഏകദേശം 5.5 ലക്ഷം രൂപയാണ്.

◾മഹാഭാരതംപോലെയുള്ള ഒരു ഇതിഹാസത്തെ തൊലിപ്പുറമേ വായിക്കരുത്! പഴഞ്ചൊല്ലുകള്‍ക്കും പഴമൊഴികള്‍ക്കുംപോലും ഈയൊരു പ്രത്യേകതയുണ്ട്. കാര്‍മ്മേഘാവൃതമായ ആകാശത്തെ നോക്കി 'കണ്ണെഴുതി പൊട്ടുംതൊട്ടു നില്‍ക്കുന്നതു കണ്ടില്ലേ' എന്നു പറയുന്ന ഒരു വീട്ടുമുത്തശ്ശിയുടെ വാക്കില്‍പ്പോലും ആന്തരികമായ അര്‍ത്ഥത്തിന്റെ അടരുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിന്റെ നിഗമനങ്ങളോടു വിയോജിക്കുകയും കലഹിക്കുകയും ആകാം. പക്ഷേ, അതനുവദിക്കുന്ന ഒരു ഇടം ഈ കൃതി പ്രദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രധാനം. അതതു കാലത്തിന്റെ ദര്‍ശനങ്ങളും നിലപാടുകളും ഓരോ കാലത്തിന്റെയും അധീശവിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും അതതു കാലത്തെ രചനകളില്‍ എങ്ങനെ പ്രതിഫലിതമാകുന്നു എന്നതാണ് പ്രധാനം. ചരിത്രങ്ങളുടെ പാഠപരതയും പാഠങ്ങളുടെ ചരിത്രപരതയും എങ്ങനെ പുതുപാരായണക്രമങ്ങള്‍ ആവശ്യപ്പെടുന്നു എന്നതാണ് എം.എം. സചീന്ദ്രന്റെ മുഖ്യമായ പരിഗണനാവിഷയം. 'മഹാഭാരത കഥകളിലൂടെ ഒരു യാത്ര'. എം.എം. സചീന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 1,235 രൂപ.

◾സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. മൃദുവായതും തിളങ്ങുന്നതുമായ ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഓറഞ്ചിന്റെ തൊലിയില്‍ ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. തൊലിയില്‍ ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഇത് പതിവായി ഫേസ് പായ്ക്കുകളില്‍ ഉപയോഗിക്കുന്നത് തെളിഞ്ഞതും തിളക്കമുള്ളതുമായ ചര്‍മ്മം നല്‍കും. 100% ഓറഞ്ച് ജ്യൂസ് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മികച്ച മാര്‍ഗമാണ്. ഓറഞ്ച് ജ്യൂസ് നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി പോലുള്ള പോഷകങ്ങളും കരോട്ടിനോയിഡുകള്‍ എന്നിവ യുവത്വത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കും. ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞ അവോക്കാഡോ ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, അധിക എണ്ണ നീക്കം ചെയ്യാനും അവോക്കാഡോ കഴിയും. ആല്‍ഫ ഹൈഡ്രോക്‌സില്‍ ആസിഡാല്‍ സമ്പന്നമായതിനാല്‍ സ്‌ട്രോബെറി ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. സ്ട്രോബെറി കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു, വിറ്റാമിന്‍ സിയുടെ സാന്നിധ്യം മൂലം നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന്റെ നിറം കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ (എ, സി), ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങകളില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പുതിയ ചര്‍മ്മകോശങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാനമാണ്, കൂടാതെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും തുറന്ന സുഷിരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ എ, കെ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും തക്കാളിയില്‍ നിറഞ്ഞിരിക്കുന്നു. തക്കാളി അസിഡിറ്റി ഉള്ളതിനാല്‍ സുഷിരങ്ങള്‍ ശക്തമാക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു. ഇത് പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍ ആയും പ്രവര്‍ത്തിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങ് നടക്കുകയാണ്. ആശംസ അര്‍പ്പിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു: താങ്കള്‍ ഞങ്ങളെ തിരുത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ദേഷ്യപ്പെട്ടിട്ടില്ല. അതെങ്ങിനെ സാധിച്ചു? അദ്ദേഹം തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു: സ്‌കൂള്‍ പഠനകാലത്ത് എന്റെ അച്ഛനെ കാണാന്‍ ഞാന്‍ അച്ഛന്റെ ഓഫീസിലെത്തിയതായിരുന്നു. അപ്പോള്‍ എന്റെ അച്ഛന്‍ ബോസിന്റെ മുറിയില്‍ നിന്നും കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. എനിക്ക് ഈ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടത്, എന്റെ റോള്‍മോഡല്‍ എന്റെ അച്ഛനായിരുന്നു.. അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. ഞാന്‍ അന്ന് ബോസിന്റെ മുറിയില്‍ കയറി അയാളെ ചോദ്യം ചെയ്തു.. എന്തിനാണ് എന്റെ അച്ഛനെ കരയിപ്പിച്ചത് എന്ന്. ആ കാഴ്ച അന്ന് മുതല്‍ ഒരു മുറിവായി എന്റെ മനസ്സില്‍ കിടന്നു. അന്ന് ഞാന്‍ തീരുമാനിച്ചതാണ്.. ഞാന്‍ ഒരു സ്ഥാപനത്തിലെ ബോസ്സ് ആവുകയാണെങ്കില്‍ ഒരിക്കലും എന്റെ താഴെയുളളവരെ കരയിക്കില്ല.. അത് ഈ നിമിഷം വരെ എനിക്ക് പാലിക്കാന്‍ സാധിച്ചിരിക്കുന്നു. അദ്ദേഹം പുഞ്ചിരിയോടെ തന്റെ പ്രസംഗം അവസാനിപ്പിച്ചു... എല്ലാവരും ചിലരുടെ പ്രിയപ്പെട്ടവരും മറ്റു ചിലരുടെ വെറുക്കപ്പെട്ടവരുമാണ്. തനിക്ക് അപ്രിയരായവരെ അവഹേളിക്കുമ്പോള്‍ ആക്രമിക്കപ്പെടുന്നത് അത്തരം ശരണാലയങ്ങളാണ്... ഒരാളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ അപരാധം അയാളെ ദൈവമായി കരുതുന്നവരുടെ മുന്നില്‍ വെച്ച് അയാളെ അധിക്ഷേപിക്കുക എന്നതാണ്. അനിഷ്ടപ്രകടനത്തിലായാലും, അധികാരപ്രയോഗത്തിലായാലും പുലര്‍ത്തേണ്ട ചില മിനിമം മര്യാദകളുണ്ട്.. ആരുടേയും ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കരുത്.. വാക്കുകളിലും ചേഷ്ടകളിലും പക്വതയുടെ കടിഞ്ഞാണ്‍ ഉണ്ടാകണം. മറുപടിക്കുള്ള അവസരങ്ങള്‍ നിഷേധിക്കരുത്.. തിരുത്തലാണ് ലക്ഷ്യമെങ്കില്‍ ശിക്ഷ സ്വകാര്യമാകണം.. അവഹേളനമാണ് ലക്ഷ്യമെങ്കില്‍ ശിക്ഷ പരസ്യമാകണം. പക്ഷേ, ശിക്ഷ നടപ്പാക്കും മുമ്പ് നമുക്ക് ഒന്നോര്‍ക്കാം.. രക്ഷിക്കാനാകാത്തവര്‍ക്കൊന്നും ശിക്ഷിക്കാന്‍ അവകാശമില്ല.... - ശുഭദിനം.