◾പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കടന്നപ്പള്ളി രാമചന്ദ്രനു തുറമുഖവും കെ.ബി ഗണേഷ്‌കുമാറിനു സിനിമയും ഇല്ല. കടന്നപ്പള്ളിക്കു രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പുകളാണ് നല്‍കിയത്. ഗണേഷ്‌കുമാറിന് ഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും നല്‍കി. തുറമുഖ വകുപ്പ് സഹകരണ മന്ത്രി വി.എന്‍ വാസവനു നല്‍കി. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സിനിമ വകുപ്പുകൂടി ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. മന്ത്രിമാര്‍ക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
◾മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലും പരസ്പരം അഭിവാദ്യം ചെയ്യാതേയും മിണ്ടാതേയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. വേദിയില്‍ ഇരുവരും തൊട്ടടുത്ത് ഇരുന്നിട്ടും പരസ്പരം നോക്കുകപോലും ചെയ്തില്ല. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം രാജ്ഭവനില്‍ ഒരുക്കിയ ചായസത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. മന്ത്രിമാരായ കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം മന്ത്രി എ.കെ ശശീന്ദ്രനും മാത്രമാണ് ചായ സത്കാരത്തില്‍ പങ്കെടുത്തത്.
◾ഖത്തറില്‍ വധശിക്ഷ ഇളവുചെയ്തു നല്‍കിയ മുന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് അപ്പീല്‍ കോടതി നല്‍കിയത് മൂന്നു മുതല്‍ 25 വരെ വര്‍ഷം തടവുശിക്ഷ. മലയാളി നാവികന് മൂന്നു വര്‍ഷം തടവുശിക്ഷയാണ് നല്‍കിയതെന്നാണ് സൂചന. വിധിക്കെതിരെ ഖത്തര്‍ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. തടവുകാരെ കൈമാറുന്നതിന് ഖത്തറുമായി കരാറില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
◾മംഗളൂരു മുതല്‍ ഗോവ വരെ പുതിയ വന്ദേഭാരത് എക്‌സ്പ്രസ്. ഇന്നു പരീക്ഷണ യാത്ര. നാളെയാണ് ഉദ്ഘാടന യാത്ര.
◾കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് നടത്തുന്ന 'ഗവര്‍ണറും തൊപ്പിയും' എന്ന നാടകത്തിന്റെ പേരില്‍ നിന്ന് ഗവര്‍ണര്‍ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയുടെ ഉത്തരവ്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് സബ് കലക്ടര്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
◾പുതുവര്‍ഷാഘോഷത്തിനു ഫോര്‍ട്ടുകൊച്ചിയിലെ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതു നിരോധിച്ചു. സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് നിരോധനമെന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒ വ്യക്തമാക്കി. കാര്‍ണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്തു പാപ്പാഞ്ഞിയെ കത്തിക്കുന്നതടക്കമുള്ള പുതുവല്‍സരാഘോഷത്തിന്റെ തിരക്കു നിയന്ത്രിക്കാന്‍ ആയിരത്തോളം പോലീസുകാരെയാണു വിന്യസിപ്പിക്കുന്നത്.
◾തൃശൂര്‍ പൂരം പ്രതിസന്ധി മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചു. പൂരം പ്രദര്‍ശന നഗരിയുടെ തറവാടക അഞ്ചിരട്ടി വര്‍ധിപ്പിച്ച് തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം രൂപ ഈടാക്കിയാല്‍ മതിയെന്നാണു നിര്‍ദേശം. രണ്ടു കോടി ഇരുപത് ലക്ഷം രൂപ തറവാടക വേണമെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു ബോധ്യമായതോടെയാണ് മുഖ്യമന്ത്രി ദേവസ്വങ്ങളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് പ്രശ്നം പരിഹരിച്ചത്. ഇക്കൊല്ലത്തെ പൂരത്തിനുശേഷം തറവാടക വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച തുടരാനും നിര്‍ദേശമുണ്ട്.
◾സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. സിപിഎം നേതാവ് ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജിനെ വീണ്ടും ഡയറ്കടറാക്കാന്‍ യോഗ്യതകള്‍ കുറച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
◾കേരളത്തിലെ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ഹസന്‍പര്‍ത്തി, ഉപ്പല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലമാണു നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പെടെ റദ്ദാക്കിയത്. ഇന്നും ജനുവരി ആറിനുമുള്ള എറണാകുളം - ഹസ്റത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ് (12645), ജനുവരി രണ്ടിനും ഒമ്പതിനുമുള്ള നിസാമുദ്ദീന്‍ - എറണാകുളം എക്സ്പ്രസ് (12646), ജനുവരി ഒന്നിനും എട്ടിനുമുള്ള ബറൗണി- എറണാകുളം എക്സ്പ്രസ് (12521), ജനുവരി അഞ്ചിലെയും പന്ത്രണ്ടിലെയും എറണാകുളം -ബറൗണി എക്സ്പ്രസ് (12522), ജനുവരി 4, 5, 7, 11, 12 തീയതികളിലെ ഗൊരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസ് (12511) 2, 3, 7, 9, 10 തീയതികളിലെ കൊച്ചുവേളി -ഗോരഖ്പുര്‍ എക്സ്പ്രസ് (12512), ജനുവരി മൂന്നിലെ കോര്‍ബ- കൊച്ചുവേളി എക്സ്പ്രസ് (22647), ഒന്നിലെ കൊച്ചുവേളി- കോര്‍ബ എക്സ്പ്രസ് (22648), ജനുവരി രണ്ട്, ഒമ്പത് തീയതികളിലെ ബിലാസ്പൂര്‍- തിരുനെല്‍വേലി എക്സപ്രസ് (22619), നാളത്തേയും ജനുവരി ഏഴിലെയും തിരുനെല്‍വേലി - ബിലാസ്പൂര്‍ എക്സ്പ്രസ് (22620) എന്നിവയാണു റദ്ദാക്കിയത്.
◾വാത രോഗങ്ങള്‍ക്കു ചികിത്സയുമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
◾കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് കരകയറ്റുമെന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ.ബി. ഗണേഷ് കുമാര്‍. ഏതു വകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പറഞ്ഞു.
◾സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ ദേവികുളം മുന്‍ തഹസീല്‍ദാര്‍ രാമന്‍കുട്ടിക്കു നാലു വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴ ഒടുക്കാനും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചു. 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരില്‍ പട്ടയം നല്‍കി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
◾വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുവരാന്തയില്‍ പെരുമ്പാമ്പിനെ ചാക്കിലാക്കി ഉപേക്ഷിച്ചവര്‍ക്കെതിരേ കേസ്. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ആറാം വാര്‍ഡ് മെമ്പര്‍ ബിന്ദു ടി. ചാക്കോയുടെ വീട്ടിലാണ് പാമ്പിനെ ഉപേക്ഷിച്ചത്. രാത്രി പെരുമ്പാമ്പിനെ പിടിച്ചു കൊണ്ടുപോകാന്‍ വനംവകുപ്പ് ജീവനക്കാരെ വിളിക്കണമെന്നു ചിലര്‍ മെമ്പറോട് ആവശ്യപ്പെട്ടിരുന്നു. വനംവകുപ്പുകാര്‍ എത്താന്‍ വൈകിയതോടെ പെരുമ്പാമ്പിനെ ചാക്കിലാക്കി മെമ്പറുടെ വീട്ടുവരാന്തയില്‍ തള്ളുകയായിരുന്നു. പിന്നീട് വനംവകുപ്പ് ജീവനക്കാര്‍ മെമ്പറുടെ വീട്ടിലെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.
◾ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിനായി തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക് സജ്ജമാകുന്നു. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണു ഫെസ്റ്റിവല്‍. 25 ഏക്കര്‍ സ്ഥലത്തെ രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
◾അയോധ്യയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെതിരായ നിലപാടെടുക്കാന്‍ കഴിയാത്തതു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
◾തൃശൂര്‍ എടമുട്ടം ബീവറേജ് മദ്യശാലയില്‍ 65,000 രൂപയുടെ മദ്യകുപ്പികള്‍ മുഖം മൂടി ധരിച്ചെത്തിയ യുവാക്കള്‍ മോഷ്ടിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഷട്ടര്‍ പൊളിച്ച് മോഷ്ടിച്ചത്.
◾ഉമ്മന്‍ ചാണ്ടിയെ ഒറ്റുകൊടുത്തതിനുള്ള പ്രതിഫലമായാണ് ഗണേഷ്‌കുമാറിന് എല്‍ഡിഎഫ് മന്ത്രിസ്ഥാനം നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ്. അഭിനവ യൂദാസാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി. എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
◾ചെങ്ങന്നൂരില്‍ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന് അവശ നിലയിലായ ആന ചെരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെട്ടിക്കാട് ചന്ദ്രശേഖരന്‍ എന്ന ആനയാണ് ചരിഞ്ഞത്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തിന് എഴുന്നള്ളിക്കാനാണ് ആനയെ എത്തിച്ചത്.
◾മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. കണ്ണൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 മുതല്‍ നിരവധി തവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
◾കൊല്ലം മൂന്നാംകുറ്റിയില്‍ മകന്‍ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചു കൊന്നു. മങ്ങാട് താവിട്ടുമുക്കില്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. മകന്‍ അഖിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് രവീന്ദ്രന്റെ ഫാന്‍സി കടയില്‍ വച്ചാണ് കൊലപാതകം നടന്നത്.
◾ഡല്‍ഹി മലയാളി സിആര്‍പിഎഫ് ജീവനക്കാരന്‍ ജോലിക്കിടയില്‍ കുഴഞ്ഞു വിണു മരിച്ചു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിനു സമീപം മടത്തില്‍നട ശ്രീശൈലത്തില്‍ റിട്ടയേഡ് ആര്‍മി ഉദ്യോഗസ്ഥന്‍ ശൈലേന്ദ്രന്‍ നായരുടെയും ലതയുടെയും മകന്‍ ശരത് എസ്. നായര്‍ (26) ആണ് മരിച്ചത്.
◾ആസാമിലെ വിഘടനാവാദി സംഘടനയായ ഉള്‍ഫയുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പുവച്ചു. ഉള്‍ഫയും കേന്ദ്രസര്‍ക്കാരും ആസാം സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട ത്രികക്ഷി കരാറാണ് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചത്. ഉള്‍ഫ നേതാവ് അരബിന്ദ രാജ്കോവ ഉള്‍പ്പടെ പതിനാറ് ഉള്‍ഫ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരേഷ് ബറുവയുടെ നേതൃത്വത്തില്‍ ഉള്‍ഫയുടെ ഒരു വിഭാഗം ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു. ഉള്‍ഫ പിരിച്ചു വിടുമെന്നാണു കരാറിലെ മുഖ്യധാരണ.
◾ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2019 ഒക്ടോബര്‍ 29 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള ജിഎസ്ടിക്കു പുറമേ, പലിശയും പിഴയും ഉള്‍പ്പെടെയാണ് ഈ തുക.
◾മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെന്‍ട്രല്‍ മാള്‍ ലേലം ചെയ്യുന്നു. 500 കോടി രൂപയാണ് ലേലത്തിന്റെ കരുതല്‍ തുക. ജനുവരി 20-ന് വസ്തുവകകള്‍ പരിശോധിക്കാം. ലേലം നടക്കുന്ന ദിവസമോ അതിന് മുമ്പോ 50 കോടി രൂപ കെട്ടിവയ്ക്കണം. 1990 കളുടെ അവസാനത്തില്‍ സോബോ സെന്‍ട്രല്‍ മാളിനെ ക്രോസ്‌റോഡ്‌സ് മാള്‍ എന്നും വിളിച്ചിരുന്നു.
◾മാതാവിനൊപ്പം ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന യുവതി അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. രാത്രി എട്ടുമണിയോടെ മംഗളൂരുവിലെ കൈക്കമ്പയ്ക്കു സമീപം പച്ചിന്‍നട്ക ബി.സി റോഡിലാണ് സംഭവം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഭാസ്‌കര്‍ ആചാര്യയുടെ മകള്‍ ചൈത്ര എന്ന 22 കാരിയാണ് മരിച്ചത്. മാര്‍ച്ച് മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ മരണം.
◾അപ്പാര്‍ട്ട്മെന്റിലെ നീന്തല്‍ കുളത്തില്‍ ഒമ്പതു വയസുകാരി മുങ്ങിമരിച്ചു. ബെംഗളൂരുവിലെ വര്‍ത്തൂര്‍ - ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്റിലെ സ്വിമ്മിങ് പൂളിലാണ് മാനസ എന്ന കുട്ടി മരിച്ചത്.
◾യു.എസ് ഡോളറിന് പകരം രൂപ നല്‍കി യു.എ.ഇയില്‍ നിന്ന് ആദ്യമായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്ത് ഇന്ത്യ. രൂപയെ അന്തര്‍ദേശീയവത്കരിക്കുന്നതിന്റെ ഭാഗമായാണിത്. രൂപയുടെ മൂല്യം ശക്തിപ്പെടുത്തുക, ഡോളറിന്റെ അപ്രമാദിത്തം തടയുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിനുണ്ട്. ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് രൂപയില്‍ പണമടയ്ക്കാനും കയറ്റുമതിക്കാര്‍ക്ക് പ്രാദേശിക കറന്‍സിയില്‍ പേയ്മെന്റുകള്‍ സ്വീകരിക്കാനും 2022 ജൂലൈ 11ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. പിന്നാലെ 2023 ജൂലൈയില്‍ ഇന്ത്യ യു.എ.ഇയുമായി കരാര്‍ ഒപ്പുവച്ചു. ഇതിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ രൂപയില്‍ 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ പണം നല്‍കുന്നത്. നേരത്തേ ചില റഷ്യന്‍ എണ്ണക്കമ്പനികളുമായും ഇന്ത്യ രൂപയില്‍ ഇടപാട് നടത്തിയിരുന്നു. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, രൂപയുടെ മൂല്യം ശക്തിപ്പെടുത്തുന്നതിനായി തന്നെ സൗദി അറേബ്യയുമായും സമാനമായ കരാറിലെത്തിയിരുന്നു. ഉഭയകക്ഷി വ്യാപാരം രൂപയിലും റിയാലിലും നടത്താന്‍ സാധ്യമാവുന്ന കരാറിലും ഇരു രാജ്യങ്ങള്‍ ഒപ്പുവച്ചു. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി സമാനമായ വ്യാപാര കരാറുകളിലേര്‍പ്പെടാനുള്ള ഇന്ത്യയുടെ ശ്രമം തുടരുകയാണ്. കൂടുതല്‍ രാജ്യങ്ങളില്‍ രൂപയിലുള്ള വ്യാപാരം സ്വീകാര്യമാവുന്നതോടെ ഇന്ത്യന്‍ രൂപയ്ക്ക് അന്താരാഷ്ട്ര കറന്‍സികള്‍ക്കിടയില്‍ പ്രാമുഖ്യം വര്‍ധിക്കും.
◾മലയാള സിനിമലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന 'മലൈക്കോട്ടൈ വാലിബന്‍'. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എല്‍. ജെ. പി ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. 'റാക്ക്' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. നാടന്‍ പാട്ടിന്റെ താളത്തിലുള്ള ഗാനം രചിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ പി. എസ് റഫീഖ് ആണ്. പ്രശാന്ത് പിള്ളയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിഭന്‍ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്.
◾ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഉടല്‍'. റിലീസ് ചെയ്ത അന്ന് മുതല്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടിയിരുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിന് വേണ്ടി കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വര്‍ഷമാവുമ്പോള്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 2022 മെയ് 20 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ സ്പെഷ്യല്‍ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. 2024 ജനുവരി 5ന് സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു ചിത്രം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഉടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് വേണ്ടി വില്യം ഫ്രാന്‍സിസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
◾രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സ്. വര്‍ഷാവസാനത്തിന്റെ ഭാഗമായി ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പൂനെ ആസ്ഥാനമായുള്ള ഇവി നിര്‍മാതാക്കള്‍. ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് 2023 ഡിസംബര്‍ 31-ന് മുമ്പ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ 22,000 ക്യാഷ് ഡിസ്‌കൗണ്ടാണ് ടോര്‍ക്ക് മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നത്. ക്രാറ്റോസ് ആര്‍ അല്ലെങ്കില്‍ ക്രാറ്റോസ് അര്‍ബന്‍ എന്നീ ഏത് വേരിയന്റുകള്‍ വാങ്ങുമ്പോളും മുകളില്‍ സൂചിപ്പിച്ച ഓഫര്‍ ഉപയോഗപ്പെടുത്താനാവും. ടോര്‍ക്ക് ക്രാറ്റോസ് ആര്‍ മോഡലിന് ഇന്ത്യയില്‍ 1.87 ലക്ഷം രൂപയാണ് നിലവിലെ എക്‌സ്‌ഷോറൂം വില. കൂടുതല്‍ താങ്ങാനാവുന്ന ക്രാറ്റോസ് അര്‍ബന് 1.67 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ ഓഫര്‍ സാധുവായിരിക്കുമെന്ന് ടോര്‍ക്ക് വെബ്സൈറ്റ് പറയുന്നു. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഇ-ബൈക്ക് വരുന്നത്.
◾തീപിടിച്ച ജീവിതവും കൈയിലെടുത്ത് ഒരാള്‍ക്ക് എത്ര ദൂരം സഞ്ചരിക്കാനാവും? അത്തരമൊരു ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന വിശ്വനാഥന്‍ എന്ന മനുഷ്യന്റെ ഒറ്റയാള്‍പ്പോരാട്ടത്തിന്റെ കഥയാണ് ഇതാ ഇവിടെവരെ. ഓരോ പുറപ്പെട്ടുപോക്കും അവസാനിക്കുന്നത് തിരിച്ചുവരരുത് എന്നാഗ്രഹിച്ച ഇടത്തുതന്നെയാകുന്ന അസന്ദിഗ്ധാവസ്ഥ എത്രമാത്രം വ്യാകുലപ്പെടുത്തുന്നതാണെന്ന് ഈ രചനയിലൂടെ പത്മരാജന്‍ വരച്ചിടുന്നു. 'ഇതാ ഇവിടെ വരെ'. പി പത്മരാജന്‍. ഡിസി ബുക്സ്. വില 114 രൂപ.
◾ചായയ്ക്കും കാപ്പിയ്ക്കും പകരം ലെമണ്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് ശരീരത്തിന് ആവശ്യമാണ്. പാല്‍ച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് അത്ര നല്ലതല്ല. ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് ലെമണ്‍ ടീ. എന്നാല്‍ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്ലക്സിനും കാരണമാകും. അസിഡിറ്റി ഉള്ള ആളാണെങ്കില്‍ അതിരാവിലെ ലെമണ്‍ ടീ കുടിക്കരുത്. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടേയും പോഷകങ്ങളുടേയും ഗുണം ഇതിലുമുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. പ്രമേഹ രോഗികളും ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇത് സഹായിക്കും. തൊണ്ടവേദനയുള്ളപ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാ നീരും ഒരു നുള്ള് തേനും ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും. നാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും ലെമണ്‍ ടീ ഗുണകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിക്കുന്നതിനാല്‍ ലെമണ്‍ ടീ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പതിവായി വെറുംവയറ്റില്‍ ലമണ്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും. കൂടാതെ നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ലെമണ്‍ ടീ നല്ലൊരു പരിഹാരമാണ്. വയറ് നിറയെ ഭക്ഷണം കഴിക്കുകയും അമിതമായി മാംസാഹാരം കഴിക്കുകയോ ചെയ്താല്‍ ശേഷം ലെമണ്‍ ടീ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. അസിഡിറ്റി പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും ലെമണ്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വലിയ ഗുണം ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു മുത്ത്‌കൊരുത്തൊരു മാല. അമ്മയോട് ചോദിച്ചപ്പോള്‍ സ്വയം ജോലിചെയ്ത് വാങ്ങിക്കോളൂ എന്നായി. അമ്മയെ ജോലികളില്‍ സഹായിച്ചാല്‍ പണം നല്‍കാമെന്ന് അമ്മ പറഞ്ഞു. അവള്‍ അങ്ങനെ അമ്മയെ സഹായിച്ച് കിട്ടിയ പണം കൊണ്ട് കടയില്‍ നിന്നും പ്ലാസ്റ്റിക്ക് കൊണ്ടുള്ള മുത്തുമാല സ്വന്തമാക്കി. ആ മാലയും കൊണ്ടായി പിന്നീടുള്ള അവളുടെ നടത്തം. എപ്പോഴും ഒരു നിധിപോലെ അവളാമാല കൊണ്ടുനടന്നു. അച്ഛന്‍ ചോദിച്ചിട്ടും അവള്‍ ആ മാല കൊടുത്തില്ല. ഒരു ദിവസം മാലയും കയ്യില്‍ വെച്ച് ഉറങ്ങുമ്പോള്‍ മാല കയ്യില്‍ നിന്നും താഴെ വീണു. അച്ഛന്‍ ആ മാലയെടുത്ത് മാറ്റി പകരം യഥാര്‍ത്ഥ മുത്തുകള്‍ കൊരുത്ത മാല അവളുടെ കുഞ്ഞിക്കൈയ്യില്‍ വെച്ചുകൊടുത്തു.. അമൂല്യമായവ ആസ്വദിക്കണമെങ്കില്‍ സാധാരണമായവയോട് വിടപറയേണ്ടിവരും. എളുപ്പത്തില്‍ എത്തിച്ചേരാവുന്നയിടത്ത് താമസം തുടങ്ങിയാല്‍ അസാധാരണവും അനന്യവുമായവയെ അടുത്തറിയാതെപോകും. വില കുറഞ്ഞവ വേഗത്തില്‍ സമ്പാദിക്കാനാവും..പക്ഷേ, ഉത്കൃഷ്ടമായവ നേടാന്‍ കുറച്ചധികം വിയര്‍പ്പൊഴുക്കേണ്ടിവരും.. അസാധാരണമായവയെ സ്വന്തമാക്കാന്‍ തളരാത്ത, മടുക്കാത്ത പരിശ്രമമാണ് ആവശ്യം .. ഇനിയും മുന്നേറാനുണ്ടെന്ന തിരിച്ചറിവാണ് പ്രധാനം - ശുഭദിനം.