◾വനം ടൂറിസത്തില്‍ കാട്ടുകൊള്ള. സംസ്ഥാന വനം വകുപ്പിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇക്കോ ടൂറിസം സെന്ററുകളിലാണു വന്‍ തട്ടിപ്പ് കണ്ടെത്തിയത്. മിക്ക കേന്ദ്രങ്ങളിലും പ്രവേശന പാസ്, പാര്‍ക്കിംഗ് ഫീസ്, ബോട്ടിംഗ് ഫീസ് തുടങ്ങിയവയ്ക്കുള്ള തുക സര്‍ക്കാരിനു നല്‍കാതെ ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടുകളിലേക്കാണ് വാങ്ങുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. വിനോദസഞ്ചാരികളില്‍നിന്ന് പിരിച്ചെടുക്കുന്ന തുകയില്‍ മാത്രമല്ല, വനപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡിഎഫ്ഒമാര്‍ക്ക് അനുവദിച്ച നിര്‍മ്മാണ പദ്ധതികളിലും വന്‍ വെട്ടിപ്പു കണ്ടെത്തി. 'ഓപ്പറേഷന്‍ ജംഗിള്‍ സഫാരി' എന്ന പേരിലാണ് വിജിലന്‍സ് വ്യാപക മിന്നല്‍ പരിശോധനകള്‍ നടത്തിയത്.
◾ഖത്തറില്‍ തടവിലായ ഇന്ത്യയുടെ മുന്‍ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി. മലയാളി ഉള്‍പ്പടെ എട്ടു പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ചാണ് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറില്‍ വധശിക്ഷക്കു വിധിച്ചത്.
◾ഇന്ത്യയില്‍ ഫോണ്‍ ചോര്‍ത്തല്‍ തുടരുന്നുണ്ടെന്നും ഒക്ടോബറില്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് പെഗാസസ് ഇരകള്‍ക്കു നല്‍കിയ മുന്നറിയിപ്പ് തിരുത്താന്‍ ആപ്പിള്‍ കമ്പനിയില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ്. ഇന്ത്യയില്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തകരുടേതടക്കം ഫോണുകളില്‍ പെഗാസസ് ചോര്‍ത്തല്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ അവസാനമാണ് പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അടക്കം പ്രമുഖര്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശമെത്തിയത്. സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍.
◾കെ.ബി. ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നു സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായി ചുമതലയേല്‍ക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ആയിരത്തോളം പേര്‍ പങ്കെടുക്കും. പ്രതിപക്ഷം ബഹിഷ്‌കരിക്കും.
◾തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ- സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നിനു പ്രാബല്യത്തിലാകും. രാവിലെ പത്തരയ്ക്ക് കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജനന മരണ, വിവാഹ രജിസ്ട്രേഷന്‍, വ്യാപാര ലൈസന്‍സ് തുടങ്ങിയവയെല്ലാം ഓണ്‍ലൈനായി നല്‍കും.
◾സര്‍വകലാശാലകളില്‍ സ്ഥിരം വിസി നിയമനത്തിനുള്ള നടപടികള്‍ ഉടനേ തുടങ്ങുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരിങ്കൊടി പ്രതിഷേധവുമായി എത്തിയാല്‍ താന്‍ ഇനിയും കാറിന് പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നാല് എസ്എഫ്ഐ പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
◾പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പൂജാരികളോ ട്രസ്റ്റികളോ ഉദ്ഘാടനം ചെയ്യേണ്ട ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണ്. രാജ്യത്ത് മതേതര ചിന്തകള്‍ പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുരളീധരന്‍ കല്‍പറ്റയില്‍ പറഞ്ഞു.
◾ബാബറി പള്ളി പൊളിച്ചിടത്ത് അമ്പലം പണിത് ഉദ്ഘാടനത്തിന് ബിജെപി ക്ഷണിക്കുമ്പോള്‍ നിരസിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നവര്‍ ഉണരുമ്പോള്‍ ബിജെപിയാകുകയാണ്. ക്ഷണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിരസിച്ചു. ബിനോയ് വിശ്വം പറഞ്ഞു.
◾സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി വര്‍ഗീസിന് എങ്ങനെ കോടികളുടെ സ്വത്തുണ്ടായെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നു മറിയക്കുട്ടി. താന്‍ ഭിക്ഷാടന സമരം നടത്താന്‍ കാരണം സിപിഎമ്മാണെന്നും ഡീന്‍ കുര്യാക്കോസ് എംപി തന്നെ സഹായിച്ചെങ്കില്‍ അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.
◾പന്തളം എന്‍ എസ് എസ് കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ സെനറ്റിലേക്കു നോമിനേറ്റു ചെയ്തയാള്‍ അടക്കം രണ്ട് എബിവിപി പ്രവര്‍ത്തകര്‍ റിമാന്‍ഡിലായി. ഒന്നാം പ്രതി വിഷ്ണു, ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദന്‍ എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്.
◾തിന്നര്‍ നിറച്ച ടാങ്കര്‍ ലോറി കോഴിക്കോട് കൊടുവള്ളിയില്‍ മറിഞ്ഞു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് പഴയ ആര്‍ടിഒ ഓഫീസിന് സമീപം മറിഞ്ഞത്. തിന്നര്‍ റോഡില്‍ പടര്‍ന്നു.
◾ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കാന്‍ ഉത്സവ കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും ആനകളെ ഇന്‍ഷ്വര്‍ ചെയ്യണമെന്നു മൃഗസംരക്ഷണ വകുപ്പ്. ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ - വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാകണം. ഉച്ചയ്ക്ക് 11 മണിക്കും 3.30 നും ഇടയില്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം ആറുമണിക്കൂറിലേറെ തുടര്‍ച്ചയായി എഴുന്നള്ളിക്കരുത്. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാമെന്നുമാണു വ്യവസ്ഥ.
◾കുവൈറ്റില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകയായിരുന്ന അമ്പിളി ദിലി (53) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ മുന്‍ ചെയര്‍പേഴ്സണായിരുന്നു. ആലപ്പുഴ സ്വദേശയായിരുന്നെങ്കിലും എറണാകുളത്തായിരുന്നു താമസം. ഭര്‍ത്താവ് ദിലി കുവൈറ്റ് അല്‍മീര്‍ ടെക്നിക്കല്‍ കമ്പനിയില്‍ പ്രൊജക്ട് മാനേജരാണ്.
◾വയനാട്ടില്‍ പിടിയിലായ മാവോയിസ്റ്റ് ഉണ്ണിമായയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് 11 കേസുകളില്‍ പ്രതിയാക്കി തെളിവെടുപ്പ് നടത്തി. മുത്തപ്പന്‍പുഴ, കൂരോട്ടുപാറ, മേലെ മരുതിലാവ്, വള്ള്യാട്, മട്ടിക്കുന്ന്, പേരാമ്പ്ര എസ്റ്റേറ്റ്, സീതപ്പാറ, പിറുക്കന്‍തോട് എന്നീ സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.
◾തിരുവനന്തപുരത്ത് പള്ളിത്തുറ കടപ്പുറത്ത് കരമടിവലയില്‍ കുടുങ്ങിയ ഏഴു മീറ്റര്‍ നീളമുള്ള തിമിംഗല സ്രാവിനെ പള്ളിതുറയിലെ മത്സ്യത്തൊഴിലാളികള്‍ വലമുറിച്ച് കടലിലേക്ക് തിരിച്ചു വിട്ടു. വംശനാശം സംഭവിക്കുന്ന ഇനത്തില്‍പ്പെട്ട തിമിംഗില സ്രാവാണ് വലയില്‍ കുടുങ്ങിയത്.
◾കോഴിക്കോട് 51.9 കിലോ കഞ്ചാവ് പിടികൂടി. ബെഗളൂരുവില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന കഞ്ചാവുമായി കാസര്‍കോട് സ്വദേശികളായ അബുബക്കര്‍ സിദ്ദിഖ് (39), മുഹമ്മദ് ഫൈസല്‍ (36) എന്നിവരെ അറസ്റ്റു ചെയ്തു.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി രാജേഷിനെയാണ് 23 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്.
◾മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 69 കാരന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ പുതുശേരി ചെമ്മന്തിട്ട കരിയാട്ടില്‍ രാജനെ (69)യാണ് കുന്നംകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
◾കേന്ദ്ര സേനകളുടെ തലപ്പത്ത് അഴിച്ചുപണി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടര്‍ ജനറലായി സ്പെഷല്‍ ഡയറക്ടര്‍ ജനറലായിരുന്ന നീന സിങിനെ നിയമിച്ചു. സിഐഎസ്എഫിന് ഇതാദ്യമായാണ് ഒരു വനിതാ മേധാവിയാകുന്നത്. സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് മേധാവി അനീഷ് ദയാലിനെ നിയമിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുല്‍ രാസ്ഗോത്ര ഐപിഎസിനെ നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയര്‍ സര്‍വീസ് സിവില്‍ ഡിഫന്‍സ് ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു.
◾വാഹനങ്ങളുടെ പുക പരിശോധന നടത്തുന്നതിനൊപ്പം പരിശോധനയുടെ വീഡിയോ ചിത്രീകരിച്ച് പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നു നിര്‍ദ്ദേശം. പുക പരിശോധനാ കേന്ദ്രങ്ങള്‍ ഇങ്ങനെ അപ് ലോഡ് ചെയ്തശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്നാണ് ഉത്തരവ്.
◾സ്വാതന്ത്രത്തിനു മുന്‍പുള്ള രാജഭരണ കാലത്തേക്ക് ഇന്ത്യയെ കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നുെതന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ 139 ാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗ്പൂരില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണ്. സര്‍വകലാശാലകളെ സംഘിവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാല് എയര്‍ ഇന്ത്യ ജീവനക്കാരേയും ഒരു യാത്രക്കാരനേയും ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തു. യുകെയിലെ ബര്‍മിംഗ്ഹാമിലേക്കു പോകാനിരുന്ന ദില്‍ജോത് സിംഗ് തെറ്റായ രീതിയില്‍ ചെക്ക് ഇന്‍ ചെയ്തതു ശ്രദ്ധയില്‍ പെട്ടതോടെ തടഞ്ഞുവച്ച് ചോദ്യം ചെയ്തതോടെയാണ് സിഐഎസ്എഫ് ഇവരെ പിടികൂടിയത്.
◾തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് കോളിക്കപ്പുടി ശ്രീനിവാസ റാവുവിനെതിരെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ആന്ധ്രാപ്രദേശ് പോലീസില്‍ പരാതി നല്‍കി. സംവിധായകന്റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ശ്രീനിവാസ റാവു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രാം ഗോപാല്‍ വര്‍മ്മ പരാതി നല്‍കിയത്.
◾കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ കേയ്ക്കില്‍ മദ്യം ഒഴിച്ചു കത്തിച്ച ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനെതിരെ മുംബൈ പൊലീസില്‍ പരാതി. വീഡിയോ വൈറലായതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണു പരാതി നല്‍കിയത്. കേയ്ക്ക് കത്തിച്ചുകൊണ്ട് 'ജയ് മാതാ ദി' എന്ന് വിളിച്ചു പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
◾മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു റായുഡുവിന്റെ രാഷ്ട്രീയ ഇന്നിംഗ്സ്.
◾ദക്ഷിണ കൊറിയന്‍ നടന്‍ ലീ സണ്‍-ക്യുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 28 വയസുള്ള യുവതി അറസ്റ്റിലായി. യുവതിയും കൂട്ടാളിയായ 29 വയസുകാരിയും ബ്ലാക്മെയില്‍ ചെയ്തതുകൊണ്ടാണ് ലീ സണ്‍-ക്യു ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
◾ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണക്കേടിന്റെ ഇന്നിംഗ്സ് തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ തോറ്റമ്പിയത്. ഡീന്‍ എല്‍ഗറിന്റെ 185 റണ്‍സിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്സില്‍ 408 റണ്‍സെടുത്തിരുന്നു. 163 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 131 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. 76 റണ്‍സെടുത്ത കോലിക്കും 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ രണ്ടക്കം തികക്കാന്‍ അവസരം കൊടുത്തത്. ഇതോടെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന്റെ ലീഡ് നേടി.
◾ജനുവരി 31ഓടെ എല്ലാ യു.പി.ഐ ഇപാടുകാര്‍ക്കും ടാപ് ആന്‍ഡ് പേ സംവിധാനം ലഭിച്ചു തുടങ്ങിയേക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തി പണം നല്‍കുന്നയാളുടെ യു.പി.ഐ ഐഡി അഥവാ വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ് ശേഖരിച്ച് ഇടപാട് നടത്തുന്ന സംവിധാനമാണിത്. ക്യാമറ വഴി ക്യു.ആര്‍ കോഡ് ഉപയോഗിക്കാതെ തന്നെ പേയ്‌മെന്റ് സാധ്യമാകും. എന്‍.എഫ്.സി എനേബിള്‍ഡ് ആയ മൊബൈലുകളിലും ഉപകരണങ്ങളിലും ഈ സേവനം ഉപയോഗിക്കാം. യു.പി.ഐ ലൈറ്റ് അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്ക് നിലവില്‍ 500 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ ടാപ് ഫീച്ചര്‍ വഴി ചെയ്യാം. 500 രൂപയ്ക്ക് മുകളില്‍ ഉള്ളവയ്ക്ക് യു.പി.ഐ പിന്‍ ആവശ്യമാണ്. യു.പി.ഐ ടാപ് ആന്‍ഡ് പേ സേവനം വിപുലമാക്കണമെങ്കില്‍ കച്ചവടക്കാരും മറ്റും എന്‍.എഫ്.സിക്കായി സര്‍ട്ടിഫൈഡ് ചെയ്തിട്ടുള്ള യു.പി.ഐ സ്മാര്‍ട്ട് ക്യു.ആര്‍ അല്ലെങ്കില്‍ ടാഗ്‌സ് ഉപയോഗിക്കേണ്ടതുണ്ട്. അതാണ് ഇത് നടപ്പാക്കാന്‍ കാലതാമസം വരുന്നത്. ഓരോ മാസവും യു.പി.ഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും കാര്യമായ വര്‍ധനയുണ്ടാകുന്നുണ്ട്. നവംബറില്‍ യു.പി.ഐ വഴി 17.4 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഒക്ടോബറിലേതിനേക്കാള്‍ 1.4 ശതമാനം വര്‍ധിച്ചു. ഇടപാടുകളുടെ എണ്ണം 1124 കോടിയുമായി. ഒക്ടോബറിലെ 1141 കോടിയേക്കാള്‍ എണ്ണത്തില്‍ ചെറിയ കുറവുണ്ട്.
◾ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം അടുത്തതായി രജനികാന്തിന്റെ ചിത്രം'വേട്ടയ്യന്‍' ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്പോട്ടില്‍ നിന്ന് രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുകയാണ്. പൊലീസ് എന്‍കൌണ്ടര്‍ സംബന്ധിച്ച ഈ ബിഗ് ബജറ്റ് എന്റര്‍ടെയ്‌നര്‍ സംവിധാനം ചെയ്യുന്നത് 'ജയ് ഭീം'സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേലാണ്. അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന വേട്ടയ്യനില്‍ പൊലീസ് വേഷത്തില്‍ ആണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്‍ ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ മഞ്ജുവാര്യര്‍, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
◾ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് 'സാലര്‍'. 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍. ക്രിസ്മസ് ചിത്രങ്ങളില്‍ റെക്കോര്‍ഡ് ബ്രേക്ക് ചെയ്ത് മുന്നേറുകയാണ് സലാര്‍ ഇപ്പോള്‍. ദേവയായി പ്രഭാസും, വരദ രാജ മന്നാര്‍ ആയി പൃഥ്വിരാജും എത്തിയ ചിത്രം രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇരുവരും എങ്ങനെ ശത്രുക്കളായി മാറുന്നു എന്നതിലേക്കാണ് എത്തിക്കുന്നതാണ് 'സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍' എന്ന ആദ്യ ഭാഗം. ഓപ്പണിംഗ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നും മാത്രം ചിത്രം നേടിയത് 95 കോടി രൂപയാണ്, ആഗോളതലത്തില്‍ 178 കോടിയും. 1000 കോടി ക്ലബ്ബില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ 'പഠാന്‍', 'ജവാന്‍' എന്നിവയെ മറികടന്ന് ആയിരുന്നു സലാറിന്റെ നേട്ടം. ശ്രുതി ഹാസന്‍ ആണ് സലാറില്‍ നായിക. ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. വമ്പന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
◾ആഗോള വാഹന വ്യവസായത്തില്‍ ഒന്നാമതെത്താന്‍ പുത്തന്‍ പദ്ധതികളുമായി ചൈന. ലോകത്തെ സമ്പൂര്‍ണ വൈദ്യുത വാഹന വില്‍പ്പനയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ മറികടക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ചൈന തുടക്കമിട്ടിരിക്കുന്നത്. ടെസ്ലയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ബിവൈഡി വാഹന നിര്‍മ്മാതാക്കളെയാണ് ചൈന രംഗത്തിറക്കിയിട്ടുളളത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സെപ്റ്റംബര്‍ പാദത്തില്‍ 4.31 ലക്ഷം വൈദ്യുത വാഹനങ്ങളാണ് ബിവൈഡി വിറ്റഴിച്ചിരിക്കുന്നത്. അതേസമയം, ടെസ്ല വിറ്റഴിച്ചത് 4.35 ലക്ഷം വൈദ്യുത വാഹനങ്ങളാണ്. എണ്ണത്തില്‍ 3,456 കാറുകള്‍ മാത്രമാണ് അധികമുള്ളത്. ബിവൈഡിയുടെ അറ്റോ, ഇ6 എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. ടെക് റിസര്‍ച്ച് ഫോം കൗണ്ടര്‍ പോയിന്റിന്റെ കണക്കുകള്‍ പ്രകാരം, ആഗോള വൈദ്യുത വാഹന വില്‍പ്പനയിലെ വിപണി വിഹിതം 2022-ലും 2023-ലും ടെസ്ലയ്ക്ക് 17 ശതമാനമാണ്. എന്നാല്‍, ബിവൈഡിക്ക് 2022-ല്‍ 13 ശതമാനവും, 2023-ല്‍ 17 ശതമാനവുമാണ് വിപണി വിഹിതം. 2023-ല്‍ രണ്ട് കമ്പനികള്‍ക്കും ഒപ്പത്തിനൊപ്പം എത്താന്‍ കഴിഞ്ഞിട്ടുണ്ട്.
◾പുലര്‍ച്ചെ രണ്ടുമണിയാകാന്‍ ഇരുപതു മിനിറ്റുള്ളപ്പോള്‍ സെന്റ് കില്‍ ഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവര്‍ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാര്‍ത്ത പറഞ്ഞു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച്, ഇന്നും പുതുമ മാറാത്ത ക്രൈം നോവല്‍. 'നിഗൂഢമായ ഒരു കുതിരവണ്ടി'. ഫെര്‍ഗുസ് ഹ്യൂം. വിവര്‍ത്തനം - അജിതന്‍. എന്‍ബിഎസ്. വില 351 രൂപ.
◾മഞ്ഞുകാലത്ത് കാലാവസ്ഥയുടെ സ്വാധീനത്താലുണ്ടാകുന്ന തലവേദന പലര്‍ക്കുമുണ്ടാകാറുണ്ട്. മഞ്ഞുകാലത്ത് അന്തരീക്ഷ താപനില താഴുകയും വായു വല്ലാതെ വരണ്ടിരിക്കുകയും ചെയ്യും. ഇത് സ്‌കിന്‍, മുടി എല്ലാം ഡ്രൈ ആകുന്നതിലേക്ക് നയിക്കാറുണ്ട്. ഇതുപോലെ നാം ഏറെ നേരം തുടരുന്ന അന്തരീക്ഷം വല്ലാതെ ഡ്രൈ ആയാല്‍- പ്രത്യേകിച്ച് ഹീറ്ററുപയോഗിക്കുമ്പോള്‍, അങ്ങനെയുണ്ടാകുന്ന 'ഡീഹൈഡ്രേഷന്‍' അഥവാ നിര്‍ജലീകരണം ആണ് തലവേദനയിലേക്ക് നയിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് അകത്താണെങ്കില്‍ ഹ്യുമിഡിഫയര്‍ ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. ചിലര്‍ക്ക് അന്തരീക്ഷ താപനിലയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുന്നതും തലവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് പുറത്തെ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് അകത്തെ ചൂടുള്ള അന്തരീക്ഷത്തിലേക്ക് കടക്കുന്നതും, തിരിച്ചുമെല്ലാം. മഞ്ഞുകാലത്ത് പൊതുവെ സൂര്യപ്രകാശം കുറവായിരിക്കും. നമുക്ക് സൂര്യപ്രകാശം ലഭിക്കുന്നതിന്റെ തോതും കുറവായിരിക്കും. ഇത് സെറട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതിലേക്ക് നയിക്കുന്നു. ഇതും തലവേദനയ്ക്ക് കാരണമാകാം. പ്രധാനമായും സൂര്യപ്രകാശം കുറവാകുന്നത് മൂലം വൈറ്റമിന്‍ ഡി കാര്യമായി കിട്ടാതിരിക്കുന്നതാണ് ഇതില്‍ ഘടകമാകുന്നത്. മഞ്ഞുകാലത്ത് അന്തരീക്ഷം തണുപ്പായതിനാല്‍ തന്നെ നാം കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ കാര്യമായ വ്യത്യാസം വരുന്നു. ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കുകയും പിറകെ തലവേദന പിടിപെടുകയും ചെയ്യാം. ഈ പ്രശ്നമൊഴിവാക്കാന്‍ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ ഉറപ്പുണ്ടാകണം.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കമ്പനിയുടെ മുതലാളി ചെയ്യുന്ന പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ, തന്റെ നിലനില്‍പ്പോര്‍ത്ത് തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അയാള്‍ മുതിര്‍ന്നില്ല. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു. ജോലി ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴലുമായി കൂടുതല്‍ ചങ്ങാത്തമായി. കാലങ്ങള്‍ കടന്നുപോയി. അയാള്‍ ഒരു പുല്ലാങ്കുഴല്‍ വിദഗ്ദനായി മാറി. ഒരു ദിവസം ചെറിയൊരു സദസ്സില്‍ കൂട്ടുകാര്‍ക്കൊത്ത് അയാള്‍ പുല്ലാങ്കുഴല്‍ വായിക്കുകയായിരുന്നു. അപ്പോഴാണ് പഴയ മുതലാളി കടന്നുവന്നത്. മുതലാളിയെ കണ്ടിട്ടും അയാള്‍ തന്റെ പുല്ലാങ്കുഴല്‍ വാദനം തുടര്‍ന്നു. ഇത് കണ്ട് ദേഷ്യംവന്ന മുതലാളി അയാളോട് ചോദിച്ചു: തനിക്കെന്താണ് എന്നോട് ഒരു ബഹുമാനവും ഇല്ലാത്തത്.. ഒരിക്കല്‍ നീയെന്റെ സെക്രട്ടറിയായിരുന്നു. അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: അന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയായിരുന്നു. അന്ന് എന്റെ നിലനില്‍പ്പോര്‍ത്താണ് ഞാന്‍ താങ്കളെ സഹിച്ചത്. ഇന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയല്ല. എനിക്ക് താങ്കളില്‍ നിന്നും ഒന്നും നേടാനുമില്ല.. അയാള്‍ തന്റെ പുല്ലാങ്കുഴല്‍ വാദനം തുടര്‍ന്നു... അടിമത്തം അവസാനിപ്പിച്ചാല്‍ ആത്മാഭിമാനവും അന്തസ്സും തനിയെ ഉണരും. അനുഭാവം അന്ധമായ അടിമത്തത്തിന് കാരണാകുന്നതാണ് അഹങ്കാരികളായ അധികാരികളും ആത്മവിശ്വാസമില്ലാത്ത അണികളും ഉണ്ടാകാന്‍ കാരണം. സത്യത്തില്‍ എല്ലാവരും അധികാരത്തെയാണ് ആരാധിക്കുന്നത്. അധികാരികളെ അല്ല. എന്ന് അധികാരമില്ലാതാകുന്നോ അന്ന് അവസാനിക്കും അപദാനങ്ങളും സ്തുതിവചനങ്ങളും. അരികുപറ്റി അധികബഹുമാനം കാണിക്കുന്നവരെ അകറ്റിനിര്‍ത്തുക... ഇന്ന് അവശ്യനേരങ്ങളില്‍ താങ്ങാകുക.... - ശുഭദിനം.