*പ്രഭാത വാർത്തകൾ*2023 ഡിസംബർ 28 വ്യാഴം

◾നിയുക്ത ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പുകൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് ബി. സാംസ്‌കാരിക മന്ത്രി സജി ചെറിയനു കീഴിലാണ് സിനിമാ വകുപ്പ്. തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫംഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ അറിയിച്ചു. ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി നാളെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും.

◾സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോശ് വിശ്വം തുടരണമെന്നു സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മറ്റു പേരുകള്‍ ആരും നിര്‍ദ്ദേശിച്ചില്ല. ഇന്നു നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിക്കും. പത്തനംതിട്ടാ ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെ നീക്കം ചെയ്തതു മൂലം ആക്ടിംഗ് സെക്രട്ടറിയായിരുന്ന മുല്ലക്കര രത്നാകരന്‍ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സികെ ശശിധരനാണ് പകരം ചുമതല.

◾എല്‍ഡിഎഫിലുള്ള ജെഡിഎസ് കേരള ഘടകം എച്ച് ഡി ദേവഗൗഡയുമായും സികെ നാണുവുമായും സഹകരിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്നാല്‍ പാര്‍ട്ടി ചിഹ്നവും കൊടിയും എന്തായിരിക്കണമെന്നു തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

◾എംഫില്‍ അംഗീകൃത ബിരുദമല്ലെന്നു യുജിസി. സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്നും യുജിസി സര്‍ക്കുലറിലൂടെ അറിയിച്ചു. എംഫില്‍ കോഴ്‌സുകളിലേക്കു പ്രവേശനത്തിനായി സര്‍വകലാശാലകള്‍ അപേക്ഷ ക്ഷണിച്ചിരിക്കേയാണ് യുജിസി സര്‍ക്കുലര്‍.

◾കൊച്ചിയില്‍ 13 വയസുള്ള മകള്‍ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ സനുമോഹന് ജീവപര്യന്തം തടവുശിക്ഷ. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകല്‍, ലഹരി നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം അഞ്ചു വകുപ്പുകളില്‍ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. 2021 മാര്‍ച്ച് 21 നാണ് മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛന്‍ പുഴയിലെറിഞ്ഞു കൊന്നത്.

◾സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കുടുക്കി ഭയപ്പെടുത്താനാണു പോലീസിന്റെ ശ്രമമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരൊക്കെയാണ് തന്നെ സഹായിക്കുന്നതെന്നാണു പൊലീസ് ചോദിച്ചതെന്നു സ്വപ്ന പറഞ്ഞു. എം വി ഗോവിന്ദനെ ഒരു പരിചയവുമില്ല. ഗോവിന്ദനെതിരെ നേരിട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങളാണ് ഫേസ്ബുക്കില്‍ പറഞ്ഞത്. സ്വപ്ന പറഞ്ഞു.

◾തിരുവനന്തപുരത്ത് ഡിജിപിയുടെ വസതിയില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത ജനം ടിവി, ജന്മഭൂമി എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തിരുവനന്തപുരം മ്യൂസിയം പൊലിസ് നോട്ടീസ് നല്‍കി.

◾ശബരിമലയിലെ വരുമാനം കഴിഞ്ഞ തവണത്തെക്കാള്‍ 18 കോടിയിലേറെ രൂപ കൂടുതലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ഈ സീസണിലെ 39 ദിവസത്തെ കണക്കില്‍ കുത്തക ലേല തുക കൂടി കൂട്ടിയപ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ വരുമാനം കൂടുതലാണ്. നാണയങ്ങള്‍ കൂടി എണ്ണുമ്പോള്‍ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വിവരിച്ചു.

◾തിരുവനന്തപുരം തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹവുമായി ഫോര്‍ട്ട് പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍. ഷഹാനയുടെ സഹോദരി നിലത്ത് കിടന്ന് പ്രതിഷേധിച്ചു. കേസ് വിശദമായി അന്വേഷിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതോടെയാണു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഷഹാനയെ ആശുപത്രിയില്‍ പോലും ഭര്‍തൃമാതാവ് മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

◾മണ്ഡല പൂജ കഴിഞ്ഞ് ശബരിമല നടയടച്ചു. ഇനി മകരവിളക്ക് മഹോത്സവത്തിനായി 30 ന് വൈകീട്ട് വീണ്ടും നട തുറക്കും.

◾നാലു പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് അപകടത്തില്‍ പ്രിന്‍സിപ്പല്‍ അടക്കം ആറു പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കൊച്ചി സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു. സംഗീത പരിപാടിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍, മൂന്നു വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണു നോട്ടീസ് നല്‍കുക. പരിപാടി പൊലീസിനെ അറിയിച്ചിരുന്നോ എന്ന് ആരാഞ്ഞുകൊണ്ട് ഡപ്യൂട്ടി രജിസ്ട്രാര്‍ക്കും നോട്ടീസ് നല്‍കും.

◾തൃശൂരില്‍ നൃത്തച്ചുവടുകളുമായി സാന്താക്ലോസുമാര്‍. ക്രിസ്മസിനോടനുബന്ധിച്ച് തൃശൂര്‍ പൗരാവലിയും തൃശൂര്‍ അതിരൂപതയും സംഘടിപ്പിച്ച ബോണ്‍ നതാലെ കരോള്‍ ഘോഷയാത്രയില്‍ പതിനയ്യായിരത്തോളം സാന്താക്ലോസുമാരാണു പങ്കെടുത്തത്.

◾ക്രിസ്മസ് അടക്കമുള്ള ക്രിസ്ത്യന്‍ ആഘോഷങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്നു പ്രസംഗിച്ച സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസിക്കെതിരെ മന്ത്രി വി. അബ്ദുറഹ്‌മാന്‍. മതസൗഹാര്‍ദ്ദത്തിനെതിരേ പ്രസംഗിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്നും ന്യൂനപക്ഷ മന്ത്രികൂടിയായ വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

◾നാടക കലാകാരന്‍ ആലപ്പി ബെന്നി എന്ന ബെന്നി ഫെര്‍ണാണ്ടസ് അന്തരിച്ചു. 72 വയസായിരുന്നു. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായിരുന്നു.

◾നവകേരള സദസിനു സുരക്ഷ ഒരുക്കിയതിനു പതിനായിരത്തിലേറെ പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതനുസരിച്ചാണ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയ പോലീസിന് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നത്.

◾തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിതെന്നും മന്ത്രി പറഞ്ഞു.

◾നാവികസേനക്കു കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നിര്‍മ്മിച്ച സോളാര്‍ വൈദ്യുത നിലയം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ 5.2 എക്കര്‍ സ്ഥലത്താണ് രണ്ടു മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുത നിലയം സ്ഥാപിച്ചത്. 5418 സോളാര്‍ പാനലുകളും, രണ്ട് 11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളുമുള്ള പ്ലാന്റിന് 15.2 കോടി രൂപയാണു മുടക്കിയത്.

◾ചോറ്റാനിക്കരയില്‍ ഭര്‍ത്തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് എരുവേലി സ്വദേശി ഷൈജുവിനെ ചോറ്റാനിക്കര പോലീസ് അറസ്റ്റു ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഇതേ ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു.

◾തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു. ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്.

◾പെരുമ്പാവൂരിനടത്ത് കീഴില്ലം പരുത്തുവയലിപ്പടിയില്‍ അയ്യപ്പഭക്തരുടെ കാര്‍ അപകടത്തില്‍ പെട്ടു. ഡ്രൈവര്‍ കര്‍ണാടക കൂര്‍ഗ് ജില്ല സ്വദേശി ചന്ദ്രു മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു.

◾പത്തനംതിട്ട പുത്തന്‍പീടികയില്‍ ആംബുലന്‍സ് കാറില്‍ ഇടിച്ച് കാറിലുണ്ടായിരുന്ന നാലു കന്യാസ്ത്രീകള്‍ക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനു തൊട്ട് മുമ്പ് മറ്റൊരു കാറിലും ആംബുലന്‍സ് ഇടിച്ചിരുന്നു.

◾തൃശൂര്‍ അരിയങ്ങാടിയിലെ കടയില്‍നിന്നു പട്ടാപ്പകല്‍ രണ്ടു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. കുമളി സ്വദേശി അലന്‍ തോമസ്, ഈരാറ്റുപേട്ട സ്വദേശികളായ അശ്വിന്‍, അമല്‍ ജോര്‍ജ് എന്നിവരാണ് പിടിയിലായത്. അരിയങ്ങാടിയിലെ പ്രിന്റിംഗ് സ്ഥാപനത്തിലെ ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തി ചായ കുടിക്കാന്‍ പോയപ്പോഴാണ് അകത്തുകയറി മോഷ്ടിച്ചത്.

◾ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139 -ാം സ്ഥാപകദിനമായ ഇന്ന് സംസ്ഥാനത്തു വിപുലമായ പരിപാടികള്‍. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും യോഗങ്ങളും റാലികളും അടക്കമുള്ള വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ എ ഐ സി സി ആസ്ഥാനത്ത് രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തും. നാഗ് പൂരില്‍ മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്.

◾മുസ്ലീംലീഗ് ജമ്മു കാഷ്മീരി (മസ്രത് ആലം)നെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് നടപടി. ജമ്മു കാഷ്മീരിനെ പാക്കിസ്ഥാനിലേക്കു ലയിപ്പിക്കലാണ് സംഘടനയുടെ അജണ്ടയെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കേന്ദ്രം പറയുന്നു.

◾പാര്‍ലമെന്റ് അതിക്രമകേസിലെ പ്രതി നീലം ആസാദ് അന്യായമായി തടങ്കില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. പോലീസ് റിമാന്‍ഡിനായി കോടതിയെ സമീച്ചപ്പോള്‍ സ്വന്തം അഭിഭാഷകനെ അനുവദിച്ചില്ലെന്നും അറസ്റ്റുചെയ്ത് 29 മണിക്കൂറിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

◾ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് നിയമവിരുദ്ധമായി രാജ്യത്തുനിന്നു പലായനം ചെയ്യുന്നതെന്ന് വി ശിവദാസന്‍ എംപി. 2020-21 ല്‍ 30,662 പേരാണ് അമേരിക്കയിലേക്ക് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ പോയത്. 2021-22 ല്‍ 63,927 പേരും 2022-23 ല്‍ 96,917 പേരുമാണ് അമേരിക്കയിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ കണക്കിലാണ് ഈ വിവരങ്ങള്‍ ഉള്ളതെന്നും ശിവദാസന്‍ എംപി പറഞ്ഞു.

◾ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭാര്യയെ രക്ഷിക്കാന്‍ യുദ്ധം ചെയ്ത രാമന്റെ പേരില്‍ അയോധ്യയില്‍ നിര്‍മിച്ച രാമക്ഷേത്രത്തില്‍ എങ്ങനെ പൂജ ചെയ്യാനാകുമെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്‌മണ്യംസ്വാമി. എക്സ് പ്ളാറ്റ്ഫോമിലൂടെയാണ് ഈ ചോദ്യം ഉന്നയിച്ചത്.

◾ഗുസ്തി ഫെഡഫേഷനു താത്കാലിക ഭരണസമിതി. ഭൂപീന്ദര്‍ സിംഗ് ബജ്വയാണ് താത്കാലിക സമിതിയുടെ അധ്യക്ഷന്‍. എം.എം. സോമയ, മഞ്ജുഷ കന്‍വര്‍ എന്നിവരാണ് അംഗങ്ങള്‍. ഒളിമ്പിക് അസോസിയേഷനാണ് നിയമനം നടത്തിയത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കളിയുടെ ഒമ്പതാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാക്കോസ് നേടിയ ഒരു ഗോളിനാണ് കരുത്തരായ മോഹന്‍ബഗാനെ ബ്ലാസ്റ്റേഴ്സ് തോല്‍പിച്ച്. ഇതോടെ 12 കളികളില്‍ നിന്ന് 26 പോയിന്റ് നേടിയ ബാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 9 കളികളില്‍ നിന്നായി 23 പോയിന്റുള്ള ഗോവയാണ് രണ്ടാം സ്ഥാനത്ത്.

◾ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്സില്‍ 256 ന് 5 എന്ന നിലയിലാണ്. 140 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ഡീന്‍ എല്‍ഗാറിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ലീഡുയര്‍ത്തിയത്. നേരത്തെ 101 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെ മികവില്‍ ഇന്ത്യ ഒന്നാമിന്നിംഗ്‌സില്‍ 245 റണ്‍സെടുത്തിരുന്നു.

◾ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളിലേക്ക് 200 കോടി ഡോളര്‍ (16,700 കോടി രൂപ) നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് യു.എ.ഇ. മിഡില്‍ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നത്. നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഐ2യു2ന് (ഇന്ത്യ, ഇസ്രായേല്‍, യു.എ.ഇ, യു.എസ്.എ ) കീഴിലാണ് നിക്ഷേപം നടത്തുന്നത്. അവശ്യ ചരക്കുകളുടെ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യയും യു.എ.ഇയും പരിഹരിച്ചതിന് പിന്നാലെയാണ് ഈ നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഫുഡ് പാര്‍ക്കുകളില്‍ ഭക്ഷണം പ്രോസസ്സ് ചെയ്യുകയും അവ നിക്ഷേപക രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. കയറ്റുമതിക്കുള്ള ഈ ചരക്കുകള്‍ക്ക് മേല്‍ അവശ്യ ചരക്കുകളുടെ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. പദ്ധതി പ്രകാരമുള്ള ആദ്യ ഫുഡ് പാര്‍ക്ക് ഗുജറാത്തിലെ കണ്ട്‌ലയ്ക്ക് സമീപം സ്ഥാപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൃഷിക്കും മറ്റുമായി നിക്ഷേപകര്‍ പ്രദേശവാസികളുമായി കരാറില്‍ ഏര്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്കായി യു.എ.ഇ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. അനുമതികള്‍ ലഭിച്ച ശേഷം നിക്ഷേപം ഘട്ടങ്ങളായി നടത്തും.

◾മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. 2024 ജനുവരി 25നാണ് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍ കൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിന്റേതായി പുറത്തെത്തിയ പുതിയ രണ്ട് പോസ്റ്ററുകളും ശ്രദ്ധ നേടുകയാണ്. ഒന്നില്‍ പൊടി പാറുന്ന പോരാട്ടത്തിന് ഒരുങ്ങി നില്‍ക്കുന്ന മോഹന്‍ലാല്‍ ആണെങ്കില്‍ അടുത്ത പോസ്റ്റര്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടാണ്. ഹരീഷ് പേരടി, മനോജ് മോസസ്, ഹരി പ്രശാന്ത്, ഡാനിഷ് സെയ്ത് എന്നിവരോടൊപ്പം ഒരു യുവനടിയെയും പോസ്റ്ററില്‍ കാണാം. ഈ നടി ആരാണ് എന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ബെല്ലി ഡാന്‍സര്‍ ആയ ദീപാലി വസിഷ്ഠ ആണ് ഈ താരം. ഗ്ലോബല്‍ ബെല്ലി ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്.

◾കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് 'ക്യാപ്റ്റന്‍ മില്ലര്‍' 2024ലെ പൊങ്കലിന് റിലീസിന് ഒരുങ്ങുകയാണ്. മികവുറ്റ കലാകാരന്മാര്‍ അഭിനയ മേഖലയിലും സാങ്കേതിക മേഖലയിലും പ്രവര്‍ത്തിക്കുന്ന ക്യാപ്റ്റന്‍ മില്ലറുടെ എല്ലാ പ്രൊമോഷണല്‍ മെറ്റീരിയലുകളും, ഫസ്റ്റ് ലുക്ക് മുതല്‍ ടീസര്‍ മുതല്‍ ആദ്യ സിംഗിള്‍ വരെ പ്രേക്ഷകരില്‍ നിന്ന് ഗംഭീര പ്രതികരണം നേടി. ജി വി പ്രകാശ് കമ്പോസ് ചെയ്ത 'ഉന്‍ ഒളിയിലെ 'ഗാനം ആലപിച്ചിരിക്കുന്നത് സീന്‍ റോള്‍ഡന്‍ ആണ്. കബേര്‍ വാസുകി ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മൂന്നു മില്യണ്‍ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ് ക്യാപ്റ്റന്‍ മില്ലെറിലെ രണ്ടാം ഗാനം. ധനുഷിന്റെയും പ്രിയങ്ക മോഹന്റെയും സ്‌ക്രീനിലെ കെമിസ്ട്രി ഈ ഗാനത്തിന് കൂടുതല്‍ മനോഹാരിത സമ്മാനിക്കുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഫോര്‍ച്യുണ്‍ ഫിലിംസ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസ് സ്വന്തമാക്കിയത്. ധനുഷ്, ശിവ രാജ്കുമാര്‍, സന്ദീപ് കിഷന്‍, പ്രിയങ്ക മോഹന്‍, ജോണ്‍ കൊക്കന്‍, നിവേദിത സതീഷ്, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക് തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

◾2024 ജനുവരി 16-ന് പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ നിരത്തില്‍ എത്തും. ഈ നവീകരിച്ച എസ്യുവി, അതിന്റെ 2024 മോഡല്‍ വര്‍ഷത്തേക്ക്, ഗണ്യമായ സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ക്കും ഫീച്ചറുകള്‍ അപ്‌ഗ്രേഡുകള്‍ക്കും വിധേയമാകും. വെര്‍ണയില്‍ നിന്ന് കടമെടുത്ത 160 ബിഎച്ച്പി, 1.5 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം ഇതെത്തും. നിലവിലുള്ള ഗിയര്‍ബോക്‌സ് കോമ്പിനേഷനുകള്‍ക്കൊപ്പം 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം എത്തും. 2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സാങ്കേതികവിദ്യ അവതരിപ്പിക്കും. വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ ഈ സമഗ്ര സ്യൂട്ടില്‍ ഉള്‍പ്പെടും. ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോടെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിലനിര്‍ത്തിക്കൊണ്ടുതന്നെ പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360-ഡിഗ്രി ക്യാമറ, അപ്‌ഡേറ്റ് ചെയ്ത സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവയും എസ്യുവിക്ക് ലഭിക്കും. പുതുക്കിയ മോഡലിന് അടിസ്ഥാന വേരിയന്റിന് 11 ലക്ഷം രൂപ മുതല്‍ പൂര്‍ണ്ണമായി ലോഡുചെയ്ത, എഡിഎഎസ്- സജ്ജീകരിച്ച വേരിയന്റിന് 21 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.

◾താന്‍ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഒപ്പിയെടുക്കുന്ന ഒരു യാത്രികന്റെ അനുഭവലോകമാണ് ഈ പുസ്തകത്തെ മാനുഷികവും ഹൃദയസ്പര്‍ശിയുമാക്കി മാറ്റുന്നത്. ഇതില്‍ മലയാള സാഹിത്യത്തിലെ പ്രശസ്തരായ പലരും ഉണ്ട്; ഒപ്പം അപ്രശസ്തരും സാധാരണക്കാരുമായ കുറെ ഗ്രാമീണരും.
മലയാളിയറിഞ്ഞ സാങ്കേതിക ജ്ഞാനത്തിന്റെ മാറ്റങ്ങളുടെ സൂചനകളും, ഈ മാറ്റങ്ങളോടൊപ്പം സഞ്ചരിച്ച ഗ്രന്ഥകര്‍ത്താവ് നല്‍കുന്നുണ്ട്. യാത്രാനുഭവങ്ങളിലാകട്ടെ പല നാടുകളുടെ വിശേഷങ്ങള്‍ക്കൊപ്പം കലഹങ്ങളുടെയും കലാപങ്ങളുടെയും വിഷാദത്തിന്റെയും തീവ്രാനുഭവങ്ങളുടെ ശോകഛായയും പടര്‍ന്നു കിടക്കുന്നു. 'വരും പോലെ വന്നവര്‍'. വി.ശശികുമാര്‍. സൈന്‍ ബുക്സ്. വില 256 രൂപ.

◾അര്‍ധരാത്രിക്ക് ശേഷം വളരെ വൈകി ഉറങ്ങാന്‍ കിടക്കുന്നതും ഏഴെട്ട് മണിക്കൂറെങ്കിലും ഉറങ്ങാതിരിക്കുന്നതും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഭാരവര്‍ധന, മൂഡ് മാറ്റങ്ങള്‍, ഉയര്‍ന്ന തോതിലെ സമ്മര്‍ദ്ദം എന്നിവയാണ് ശരിക്ക് ഉറങ്ങാത്തവരെ കാത്തിരിക്കുന്നത്. പകല്‍ വ്യക്തമായി ചിന്തിക്കാനും എന്തില്ലെങ്കിലും ശ്രദ്ധ പതിപ്പിക്കാനുമുള്ള കഴിവിനെയും ഉറക്കമില്ലായ്മ ബാധിക്കും. ഓര്‍മ്മക്കുറവിനും ജാഗ്രതക്കുറവിനുമെല്ലാം ഉറക്കമില്ലായ്മ കാരണമാകാം. കുട്ടികളുടെ അക്കാദമിക പ്രകടനത്തെയും ഉറക്കമില്ലായ്മ പ്രതികൂലമായി ബാധിക്കുന്നതാണ്. പ്രമേഹം, ഹൃദ്രോഗം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുമായും ഉറക്കമില്ലായ്മ ബന്ധപ്പെട്ടിരിക്കുന്നു. എന്നും കൃത്യ നേരത്ത് ശരിയായ ദൈര്‍ഘ്യത്തിലുള്ള ഉറക്കം ചയാപചയം മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നതും ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍, ലാപ്‌ടോപ്, ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം മാറ്റി വയ്ക്കുന്നതും ഉറങ്ങുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍ കഫൈന്‍ ഉള്‍പ്പെട്ട ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നതും നല്ല ഉറക്കത്തെ സഹായിക്കും. രാത്രിയില്‍ ചെറു ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് വിശ്രമം നല്‍കുകയും നല്ല ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും. പകല്‍ സമയത്ത് എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും രാത്രിയില്‍ വേഗം ഉറങ്ങാന്‍ സഹായിക്കും.
➖➖➖➖➖➖➖➖