*പ്രഭാത വാർത്തകൾ*2023 ഡിസംബർ 25 തിങ്കൾ

◾ലോകമെങ്ങും ഇന്നു ക്രിസ്മസ് ആഘോഷം. എല്ലാവര്‍ക്കും മീഡിയ 16 ന്യൂസിന്റെ ക്രിസ്മസ് ആശംസകള്‍. .

◾ഗുസ്തി ഫെഡറേഷന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കി. ദേശീയ ഗുസ്തി ഫെഡറേഷന് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനോട് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. കായിക താരങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.  

◾മുഖ്യമന്ത്രി നയിച്ച നവകേരള സദസിനു ലഭിച്ചത് 6.21 ലക്ഷം പരാതികള്‍. മലപ്പുറം ജില്ലയില്‍നിന്നാണ് കൂടുതല്‍ പരാതി ലഭിച്ചത്. 80,885 പരാതികള്‍ മലപ്പുറത്തുനിന്ന് ലഭിച്ചപ്പോള്‍ പാലക്കാടുനിന്ന് 64,204 പരാതികള്‍ ലഭിച്ചു. കാസര്‍കോടുനിന്നാണ് ഏറ്റവും കുറവു പരാതികള്‍ ലഭിച്ചത്. 14,232 പരാതികള്‍.

◾ലോക്സഭ തെരഞ്ഞെടുപ്പിന് രാമക്ഷേത്രം മുഖ്യ പ്രചാരണ വിഷയമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയില്‍ വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും 30 ന് ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയും നടത്തും. 50 ശതമാനം വോട്ട് വിഹിതമെങ്കിലും ഇക്കുറി നേടണമെന്നാണ് ബിജെപി ഭാരവാഹികള്‍ക്കുള്ള മോദിയുടെ നിര്‍ദ്ദേശം. ജനുവരി 22 ന് രാമക്ഷേത്രം തുറക്കുന്നതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണം സജീവമാക്കും.

◾നവകേരള സദസിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന് കൊലയാളി മനസാണ്. പിണറായി ക്രൂരതയുടെ പര്യായമാണ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോകുമെന്നും സുധാകരന്‍ അറിയിച്ചു.

◾ലൈഫ് പദ്ധതിക്കായി ഹഡ്കോ 430 കോടി രൂപകൂടി വായ്പ അനുവദിച്ചു. ഇതോടെ ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള പണം അനുവദിച്ചു തുടങ്ങി. സാങ്കേതിക തടസങ്ങള്‍മൂലം ഹഡ്കോ വായ്പ തടസപ്പെട്ടിരുന്നു.

◾കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസി.സി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ എം.പി. പോലീസിന്റേയും സി.പി.എമ്മിന്റേയും ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയായ ഗണ്‍മാന്‍ ജോലിയില്‍ തുടരുന്നതു ശരിയല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

◾കണ്ണൂര്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന സി രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയില്‍നിന്ന് അംഗത്വം സ്വീകരിച്ചു. നേതൃത്വവുമായുള്ള പിണക്കംമൂലം കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചിരുന്നു. സംവിധായകന്‍ മേജര്‍ രവിയും ബിജെപിയില്‍ ചേര്‍ന്നു.

◾കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡായി. ശനിയാഴ്ച്ച പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു. ഡിസംബര്‍ മാസം 11 നു നേടിയ 9.03 കോടി വരുമാനമാണ് ഇപ്പോള്‍ മറികടന്നത്. കെഎസ്ആര്‍ടിസി മാനേജ്മെന്റിനേയും ജീവനക്കാരേയും സിഎംഡി ബിജു പ്രഭാകര്‍ അഭിനന്ദിച്ചു.

◾ശബരിമലയില്‍ വീണ്ടും തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. നീലിമല വരെ നീണ്ട വരി. പമ്പയില്‍നിന്നും മണിക്കൂറുകള്‍ ഇടവിട്ടാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. നിലക്കലും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. 14 മണിക്കൂറിലധികം സമയം തീര്‍ത്ഥാടകര്‍ കാത്തു നില്‍ക്കേണ്ടി വരുന്നു. എരുമേലിയില്‍ തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു സമരം നടത്തി.

◾ശബരിമലയില്‍ നാളെ ഗതാഗത നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര നടക്കുന്നതിനാലാണ് നിയന്ത്രണം. ഉച്ചപൂജയ്ക്കുശേഷം വൈകുന്നേരം അഞ്ചിനേ നട തുറക്കൂ. രാവിലെ 11 വരെ നിലയ്ക്കലില്‍ എത്തുന്ന വാഹനങ്ങള്‍ മാത്രമേ പമ്പയിലേക്കു കടത്തിവിടൂ. സാധാരണ ഉച്ചയ്ക്കുശേഷം മൂന്നിനു നട തുറക്കാറുണ്ട്.

◾കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ എസ്എഫ്ഐ നേതാവിന്റെ മര്‍ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.

◾നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. മന്നം സമാധിയില്‍ ഗണേഷ് കുമാറും സുകുമാരന്‍ നായരും ഒന്നിച്ച് പ്രാര്‍ഥന നടത്തി. ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതില്‍ സന്തോഷമെന്നു സുകുമാരന്‍ നായര്‍ പറഞ്ഞു.

◾തിരുവനന്തപുരത്ത് തമിഴ്നാട് സ്വദേശിയായ ഷോര്‍ട്ട് ഫിലിം ഡയറക്ടറെ തട്ടികൊണ്ടുപോയ അഞ്ചംഗ സംഘം പിടിയില്‍. ബാലരാമപുരത്തുനിന്ന് ആനയറ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ തമിഴ്നാട് സ്വദേശി വാഹനത്തിനത്തില്‍നിന്ന് ഇറങ്ങിയോടി. ഇതോടെ ജനം ഓടിക്കൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ചു പ്രതികളെ പേട്ട പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പണം വാങ്ങിയിട്ടും ഷോര്‍ട്ട് ഫിലിം ചെയ്യാതിരുന്നതിനാണു തട്ടിക്കൊണ്ടുപോയതെന്നാണു വിവരം.

◾തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിമാര്‍ പങ്കെടുത്ത യോഗം തീരുമാനാമാകാതെ പിരിഞ്ഞു. പൂരം പ്രദര്‍ശന നഗരിയുടെ തറവാടക ഭീമമായി വര്‍ധിപ്പിച്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം കോടതിയുടെ നിര്‍ദേശമനുസരിച്ചാണെന്നും കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നും മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും പറഞ്ഞു. കേസ് നാലിനു പരിഗണിക്കുമ്പോള്‍ വ്യക്തത തേടാനാണു തീരുമാനം.

◾ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളത്തെ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും ആരും എത്തിയില്ല. കേന്ദ്ര പഞ്ചായത്ത് രാജ് ഡപ്യൂട്ടി സെക്രട്ടറി വിജയ് കുമാറിന്റേയും അഡൈ്വസര്‍ ഡോ പി പി ബാലന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന. വിവിധ പദ്ധതികള്‍ എങ്ങനെ വിജയകരമായി നടപ്പാക്കിയെന്നു കേന്ദ്ര സംഘം പഠിച്ചു റിപ്പോര്‍ട്ടു നല്‍കും.

◾ചാലക്കുടി എസ്ഐയുടെ കാല്‍ തല്ലിയൊടിക്കുമെന്ന് ഭീഷണി പ്രസംഗം നടത്തിയ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസ്സന്‍ മുബാറക്കിനെതിരെ കേസെടുത്തു. കേസെടുക്കാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുത്തത്.

◾കോടതി ഉത്തരവനുസരിച്ച് 82,000 രൂപ പിഴയടച്ചു പുറത്തിറക്കിയ റോബിന്‍ ബസിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ എംവിഡി ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചെന്ന് നടത്തിപ്പുകാരന്‍ ഗിരീഷ്. ഡ്രൈവറുടെ സ്വര്‍ണവും പണവും അടങ്ങുന്ന ബാഗ് അടക്കം പലരുടേയും ബാഗുകള്‍ ബസില്‍നിന്ന് എടുക്കാന്‍ അനുവദിക്കാതെയാണ് ബസ് ഒരു മാസംമുമ്പ് പിടിച്ചെടുത്തുകൊണ്ടുപോയതെന്ന് ഗിരീഷ് ആരോപിച്ചു. ഇക്കാര്യത്തില്‍ നടപടി വേണ്ടിവരുമെന്നും ഗിരീഷ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കു സര്‍വീസ് തുടങ്ങുമെന്നും ഗിരീഷ് അറിയിച്ചു.

◾തൃശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയത് തൃശൂര്‍ പൂരത്തെ ബാധിക്കുമെന്നും തൃശൂര്‍ പൂരം തൃശൂരിന്റെ വികാരമാണെന്നും തൃശൂര്‍ അതിരൂപത. പൂരം സുഗമമായി നടത്തുന്നതിന് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

◾എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കേ, ചിറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാനത്തര്‍ക്കം. കുര്‍ബാന തടയാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

◾കേരള ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ. ജാഫര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു താമസം.

◾പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

◾കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ നൈജീരിയന്‍ സ്വദേശി കെന്ന മോസസ് അറസ്റ്റിലായി. കല്‍പ്പറ്റ സൈബര്‍ ക്രൈം പൊലീസാണ് പ്രതിയെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.

◾സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്ഐക്ക് സസ്പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ ഡിഐജി സസ്പെന്‍ഡു ചെയ്തത്.

◾നിക്ഷേപത്തിന്റെ പേരില്‍ 27 കോടിയോളം രൂപയുടെ തട്ടിയെടുത്തെന്ന സൗദി അറേബ്യന്‍ പൗരന്‍ അല്‍ റൗദ ജില്ലയിലെ ഇബ്രാഹീം മുഹമ്മദ് അല്‍ ഉതൈബിയുടെ ആരോപണം തെറ്റാണെന്നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇപി ഷമീല്‍. 2013 മുതല്‍ തന്റെ സ്ഥാപനത്തില്‍ പി ആര്‍ ഒ ആയിരുന്ന സൗദി പൗരന്‍, 2016 ല്‍ ഒഹരി വാങ്ങാമെന്നു പറഞ്ഞു പങ്കാളിത്തം നേടി പണം തരാതെ കബളിപ്പിച്ചെന്നാണു ഷമീലിന്റെ ആരോപണം. സൗദി പൗരന്‍ കേസ് കൊടുത്തതോടെ തനിക്ക് സൗദി അറേബ്യയിലേക്കു കടക്കാനാകാത്ത സ്ഥിതിയായി. തനിക്കെതിരേ എക്‌സ് പാര്‍ട്ടി വിധി സമ്പാദിച്ചത് അങ്ങനെയാണെന്നും ഷമീല്‍ ആരോപിച്ചു.

◾വിദേശത്ത് ജോലി നല്‍കാമെന്നു വാഗ്ദാനംചെയ്ത് മധ്യവയസ്‌കനില്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ ചേര്‍പ്പുങ്കല്‍ കെഴുവംകുളം സ്വദേശി സണ്ണി തോമസ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

◾കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ് പിടികൂടിയത്.

◾കേരള - കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ബോധവത്കരണ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിക്കുന്നുണ്ട്.

◾പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് ക്രിസ്മസ് വിരുന്ന്. മതമേലധ്യക്ഷരേയും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരേയും ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. മണിപ്പൂരിലെ വംശീയഹത്യക്കിടയിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ പിന്തുണ നേടാനാണു ശ്രമം.

◾കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകാഷ്മീരിലേക്ക്. ഇന്നു പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും. ഈ പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ഈ ജയത്തോടെ 11 കളികളില്‍ നിന്ന് 23 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. പത്ത് കളികളില്‍ നിന്ന് 19 പോയന്റുള്ള മുംബൈ നാലാംസ്ഥാനത്താണ്.

◾ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് വിദേശ നാണയ ശേഖരം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡിസംബര്‍ രണ്ടാം വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 911 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 61,597 കോടി ഡോളറിലെത്തി. വിദേശ നാണയങ്ങളുടെ ആസ്തിയില്‍ 835 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ട്. ആഗോളവിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരെ യൂറോ, പൗണ്ട്, ജാപ്പനീസ് എന്നിവ മികച്ച മൂല്യ വര്‍ദ്ധനവ് നേടിയതോടെയാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുതിച്ചുയര്‍ന്നത്. ഡിസംബര്‍ രണ്ടാം വാരം വിദേശ നാണയ ശേഖരത്തില്‍ 282 കോടി ഡോളറിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം ഇക്കാലയളവില്‍ 44.6 കോടി ഡോളര്‍ ഉയര്‍ന്ന് 4,758 കോടി ഡോളറില്‍ എത്തി. അതേസമയം, സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യം 13.5 കോടി ഡോളര്‍ വര്‍ദ്ധിച്ച്, 1832 കോടി ഡോളറായി. 2021 ഒക്ടോബര്‍ മാസമാണ് രാജ്യത്തെ വിദേശ നാണയ ശേഖരം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നത്. അന്ന് 64,500 കോടി ഡോളറായിരുന്നു മൂല്യം.

◾അടിയന്തരാവസ്ഥ കാലത്തെ 'അനുരാഗം' എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. പ്രണയത്തിന് പ്രാധാന്യം നല്‍കിയുള്ള ഒരു ഫീല്‍ഡ് ഗുഡ് സിനിമയാകും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒപ്പം മനോഹരമായ ഗാനങ്ങളാല്‍ മുഖരിതവുമായിരിക്കും ചിത്രം. ആലപ്പി അഷ്റഫ് ആണ് സംവിധാനം. സിനിമ ഡിസംബര്‍ 29 തിയറ്ററുകളില്‍ എത്തും. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി നിര്‍മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്. കായല്‍ത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്. ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവന്‍ റഹ്‌മാന്‍, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയന്‍, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരന്‍, മുന്ന, നിമിഷ, റിയ കാപ്പില്‍, എ.കബീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നജീം അര്‍ഷാദ്, ശ്വേതാമോഹന്‍, യേശു?ദാസ് എന്നിവരുടെ ഗാനങ്ങളും ചിത്രത്തിലുണ്ട്.

◾നയന്‍താര നായികയായി വേഷമിട്ട ഒരു ചിത്രമാണ് 'അന്നപൂരണി'. നയന്‍താര ഷെഫായിട്ടാണ് അന്നപൂരണിയില്‍ വേഷമിട്ടിരുന്നത്. മികച്ച് പ്രകടനമായിരുന്നു അന്നപൂരണിയില്‍ നയന്‍താരയുടേത്. സംവിധായകന്‍ നിലേഷ് കൃഷ്ണയുടെ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തുക. സ്ട്രീമിംഗ് ഡിസംബര്‍ 29ന് തുടങ്ങും. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യ ഡി പിയാണ്. തിരക്കഥയും നിലേഷ് കൃഷ്ണയാണ്. ജതിന്‍ സേതിയാണ് നിര്‍മാണം, ജയ് നായകനായി എത്തിയ ചിത്രത്തിലെ കഥാപാത്രങ്ങളായി കെ എസ് രവികുമാര്‍, സുരേഷ് ചക്രവര്‍ത്തി ആരതി ദേശയി, രേണുക, കാര്‍ത്തിക് കുമാര്‍, ചന്ദ്രശേഖര്‍, റെഡിന്‍ തുടങ്ങിയവരും വേഷമിട്ടു. സംഗീതം എസ് തമനായിരുന്നു.

◾ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2.5 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റഴിച്ച ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായി ഒല ഇലക്ട്രിക്. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 21 വരെയുള്ള കണക്കുപ്രകാരം 2,52,647 സ്‌കൂട്ടറാണ് കമ്പനി വിറ്റത്. 1,62,399 സ്‌കൂട്ടറുകള്‍ വിറ്റ ടി.വി.എസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള എഥര്‍ എനര്‍ജിക്ക് 1,01,940 യൂണിറ്റ് വില്‍ക്കാനായി. ഇന്ത്യയില്‍ വിറ്റഴിച്ച മൊത്തം 8,28,537 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ 31 ശതമാനം ഒല ഇലക്ട്രിക്കിന്റെ അക്കൗണ്ടിലാണ്. വാഹന്‍ ഡാറ്റ പ്രകാരം ഡിസംബര്‍ 21 വരെയുള്ള കണക്കനുസരിച്ച്, 2023-ല്‍ റീട്ടെയില്‍ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ ഒല 131 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 2022 ലെ 1,09,395 വാഹനങ്ങളെന്ന നേട്ടത്തില്‍ നിന്ന് 2023-ല്‍ ഒല 2,52,702 ഇ-സ്‌കൂട്ടര്‍ വില്‍പ്പന നടത്തി. 2023ല്‍ ഓരോ മാസവും ഏകദേശം 20,000 വാഹനങ്ങള്‍ കമ്പനിക്ക് വില്‍ക്കാന്‍ സാധിക്കുന്നുണ്ട്. നവംബറില്‍ 29,898 യൂണിറ്റുകള്‍ വില്‍ക്കാനായതാണ് റെക്കോര്‍ഡ്. 'ഒല എസ്1'ന്റെ അഞ്ച് വകഭേദങ്ങളാണ് കമ്പനി നിലവില്‍ വില്‍പ്പന നടത്തുന്നത്. രാജ്യത്ത് നിലവില്‍ 935 എക്സ്പീരിയന്‍സ് സെന്ററുകളും 392 സര്‍വിസ് സെന്ററുകളും കമ്പനിക്കുണ്ട്.

◾2023 -ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചലച്ചിത്ര ഗ്രന്ഥം സെല്ലുലോയ്ഡില്‍നിന്നും ഡിജിറ്റലിലേക്കു സഞ്ചരിച്ച സിനിമയുടെ ദൃശ്യഭാവനാ തലങ്ങളെ അതിസൂക്ഷ്മമായി ആലേഖനം ചെയ്യുന്ന കൃതി. സിനിമയെന്ന മാധ്യമം ഉല്പാദിപ്പിക്കുന്ന രസക്കൂട്ടുകള്‍ ജനസമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിണാമങ്ങള്‍ അതിനിഷ്‌കളങ്കമല്ലായെന്നും കമ്പോള വ്യവഹാരങ്ങളുടെ തന്ത്രങ്ങള്‍ അവയില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന ആഴമേറിയ പഠനങ്ങള്‍. സിനിമയിലെ സ്ത്രീപക്ഷവും അരിക് ജീവിതങ്ങളും വാര്‍ദ്ധക്യത്തിന്റെ അവസ്ഥാന്തരങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഈ ഗ്രന്ഥം മലയാള സിനിമയുടെ ഭാവുകത്വ പരിണാമങ്ങളെ വിവിധ തലങ്ങളില്‍നിന്ന് വിലയിരുത്തുന്നു. ചലച്ചിത്ര പഠനമേഖലയിലെ ദിശാ വ്യതിയാനത്തെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ കൃതി. 'സിനിമയുടെ ഭാവനാ ദേശങ്ങള്‍'. സി എസ്സ് വെങ്കിടേശ്വരന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 285 രൂപ.

◾ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് പലര്‍ക്കുമുള്ള ശീലമാണ്. പല കാരണങ്ങള്‍ കൊണ്ടും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൃത്യമായി ചികിത്സ തേടാം. എന്തായാലും കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഉറങ്ങാന്‍ കിടക്കുന്ന രീതികള്‍ പ്രധാനമാണ്. ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂര്‍ക്കംവലി ഒഴിവാക്കാന്‍ നല്ലതാണ്. കാരണം നിര്‍ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം. ചിലര്‍ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ വായ അടച്ചു കിടക്കാന്‍ ശ്രദ്ധിക്കുക. അധിക തലയിണകള്‍ ഉപയോഗിച്ച് തല ഉയര്‍ത്തി കിടക്കുന്നത് ശ്വാസനാളങ്ങള്‍ തുറക്കുന്നതിനും, കൂര്‍ക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും. വ്യായാമം പതിവാക്കുന്നതും കൂര്‍ക്കംവലി കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ഉറക്കത്തിന്റെ ആഴവും തീവ്രതയും കൂട്ടാന്‍ സഹായിക്കും. ഇതിലൂടെ കൂര്‍ക്കംവലി കുറയ്ക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് പള്ളിയിലെ കുര്‍ബാന കഴിഞ്ഞ് അച്ചനിറങ്ങുമ്പോള്‍ അച്ചനെകാത്ത് അവന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അടുത്തുള്ള കടലോരദേശത്താണ് അവന്റെ വീട്. പലപ്പോഴും അച്ചന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ അവന്‍ പള്ളിയില്‍ എത്താറുണ്ട്. അച്ചന്‍ അവനെ ചേര്‍ത്ത് പിടിച്ച് എന്താണ് കാര്യമെന്നന്വേഷിച്ചു. അവന്‍ പറഞ്ഞു: കടലിന്റെ മക്കളാണ് ഏറ്റവും അനുഗ്രഹീതര്‍ എന്ന് അങ്ങ് പറഞ്ഞില്ലേ.. പക്ഷേ, എന്റെ നാട്ടിലും എന്റെ വീട്ടിലുമെല്ലാം എന്നും കഠിനമായ ദാരിദ്യമാണ്. എന്റെ അമ്മ അന്നദാനം നടത്തുന്നയിടങ്ങളില്‍ നിന്ന് കഞ്ഞിവാങ്ങിക്കൊണ്ടുവന്ന് വെയിലത്ത് വെച്ച് ഉണക്കി അരിയാക്കിയാണ് പലപ്പോഴും ഭക്ഷണം കഴിക്കുന്നത്. ഞങ്ങളുടെ ദേശത്തുളള അമ്മമാര്‍ തങ്ങള്‍ക്കാവുന്ന ദിനത്തോളം മീന്‍ കൊട്ടയുമായി പ്രാഞ്ചി പ്രാഞ്ചി നടക്കുന്നു. ഒരു ദിവസം അവരും ആ കൊട്ടയും ഒരുമിച്ച് നിലംപൊത്തുന്നു. പിന്നെ എങ്ങിനെയാണ് കടലോരത്തുള്ളവര്‍ ഏറ്റവും അനുഗ്രഹീതരാണെന്ന് അങ്ങേക്ക് പറയാന്‍ സാധിക്കുന്നത്? ദൈവം എന്താണ് ഞങ്ങള്‍ക്ക് നല്‍കുന്നത്? അച്ചന്‍ അവനെ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: നിനക്കറിയാമോ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ആരാധനാലയങ്ങള്‍ എല്ലാം ഉളളത് കടപ്പുറത്താണ്. അവിടെ തുറയില്‍ ഒരു തുണ്ട് ഭൂമി കുടികിടപ്പു കിട്ടിയവര്‍ പോലും ഒരു തെങ്ങ് പള്ളിക്ക് വേണ്ടി ഉഴിഞ്ഞുവെക്കും.. പഞ്ചാരമണലിലിരുന്ന് അവര്‍ ധ്യാനപ്രസംഗം കേള്‍ക്കും.. നോമ്പുകാലങ്ങളില്‍ അവര്‍ ദോസ്താ വിളിക്കും.. അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല എന്ന യേശു മൊഴിയുടെ നക്ഷത്രം തെളിയുന്നത് അവിടെയാണ്.. പണം കൊണ്ട് ഇനിയും വാങ്ങാനാകാത്ത ധനങ്ങളുണ്ട്. ആ ധനങ്ങളുടെ ധാരാളിത്തമാണ് കടലോരദേശത്ത് കാണാനാകുന്നത്.. യേശുവിന്റെ ആദ്യ കേള്‍വിക്കാരും ശിഷ്യന്മാരുമെല്ലാം കടലോരത്തുളളരാണ്.. ദൈവത്തിന് ഏറെ പ്രിയപ്പെട്ടവരുടെ ഇടം. അവന്റെ കണ്ണുകള്‍ സന്തോഷംകൊണ്ട് തിളങ്ങി... അതെ, ഒരു കാരണവുമില്ലാതെ ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യര്‍ എല്ലാകാലത്തുമുണ്ട്.. യാതൊരുവിധ ഐശ്വര്യങ്ങളുമില്ലാതിരിക്കുമ്പോഴും ബന്ധങ്ങള്‍ക്ക് തീവ്രതനഷ്ടപ്പെടാതിരിക്കാന്‍ ഈ ദൈവസ്നേഹം നമ്മെ സഹായിക്കുന്നുണ്ട്. ക്രിസ്തുമസ്സ് പറഞ്ഞുവെക്കുന്നതും ഇത്തരമൊരു കഥയാണ്.. ദൈവത്തിന്റെയും മനുഷ്യന്റെയും ഇഴയടുപ്പത്തിന്റെ ക.. കാര്യകാരണങ്ങളില്ലാതെ നമുക്കും ഈശ്വരനെ തേടാനാകട്ടെ.. ജീവിതം കൊണ്ട് സ്തുതിക്കാനാകട്ടെ - ശുഭദിനം.