◾കരിങ്കൊടി പ്രതിഷേധം നടത്തിയതിനു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ കോടതി ഉത്തരവനുസരിച്ചു പോലീസ് കേസെടുത്തു. തിരുവനന്തപുരം കല്ലിയൂര്‍ കാര്‍ത്തികയില്‍ അനില്‍കുമാര്‍, എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവര്‍ക്കെതിരേയാണു ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ കെഎസ്യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.
◾ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയതിനു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ അടക്കമുള്ള നേതാക്കളും പ്രതികളാണ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയും കേസുണ്ട്. പൊലീസിനെ ആക്രമിച്ചു, ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചു, സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
◾കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി. കേരളത്തിന്റെ ചുമതല താരിഖ് അന്‍വറില്‍നിന്നു മാറ്റി ദീപദാസ് മുന്‍ഷിക്കു നല്‍കി. കെ സി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയായി തുടരും. രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല. യുപിയുടെ ചുമതലയുണ്ടായിരുന്ന പ്രിയങ്കഗാന്ധി ജനറല്‍ സെക്രട്ടറിയായി തുടരുമെങ്കിലും പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടില്ല. സച്ചിന്‍ പൈലറ്റിനെ ഛത്തീസഗ്ഡിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും മുകുള്‍ വാസ്നിക്കിനെ ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.
◾കോണ്‍ഗ്രസ് മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മുഖ്യമന്ത്രി നവകേരള സദസ് ബസില്‍ കടന്നു പോകുന്ന വഴിയില്‍ തന്റെ വീടായ പുതുപ്പള്ളി ഹൗസിനു സമീപം കസേരയിലിരുന്നാണു പ്രതിഷേധിച്ചത്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും ആവശ്യപ്പെട്ടെങ്കിലും ചാണ്ടി ഉമ്മന്‍ വഴങ്ങിയില്ല. പോലീസ് അതിക്രമത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട ചാണ്ടി ഉമ്മന്‍ ആശുപത്രിയില്‍ ചികില്‍സ തേടിയശേഷമാണ് ഒറ്റയാള്‍ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ പോലീസുകാര്‍ നിരന്നുനിന്ന് ചാണ്ടി ഉമ്മന്റെ സമരം മറയ്ക്കാന്‍ ശ്രമിച്ചു.
◾ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ തൃശൂരിലെ ഒല്ലൂരില്‍നിന്നു പിടികൂടി. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനു കഴിഞ്ഞ ദിവസം പിഴ ഈടാക്കിയതിന്റെ വൈരാഗ്യത്തോടെയാണ് പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തതെന്നു പോലീസ് പറഞ്ഞു.
◾അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിനകത്തു കരിങ്കൊടി പ്രതിഷേധവുമായി ആര്‍വൈഎഫ് സംസ്ഥാന ഭാരവാഹികള്‍. നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾നവകേരള സദസിന്റെ സമാപന സമ്മേളനം നടന്ന വട്ടിയൂര്‍ക്കാവിലെ വേദിയിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത് റൂട്ടു മാറ്റി. കെപിസിസി ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാരുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടത്തുനിന്ന് അമ്പലമുക്കു വഴിയാണ് വട്ടിയൂര്‍ക്കാവിലേക്കു പോയത്.
◾കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ പണം ലഭിച്ചേ തീരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 36 ദിവസം നീണ്ട നവകേരളസദസിന്റെ വട്ടിയൂര്‍ക്കാവില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിനു ജനം ഒഴുകിയെത്തിയത് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വികസനം തടയാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ ജനം തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
◾ഡിജിപി ഓഫീസ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം. കെപിസിസിയുടെ ആഹ്വാനമനുസരിച്ചാണ് വൈകുന്നേരം പന്തംകൊളുത്തി പ്രകടനം നടത്തിയത്.
◾കോണ്‍ഗ്രസിന്റെ സമര വേദിയിലേക്ക് ഒരു പ്രകോപനവുമില്ലാതെ മനപൂര്‍വമാണു പോലീസ് കണ്ണീര്‍വാതക ഗ്രനേഡ് എറിയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തതെന്ന് രമേശ് ചെന്നിത്തല. വേദിയില്‍ പ്രസംഗിക്കാന്‍ ഊഴം കാത്ത് ഇരുന്നിരുന്ന കെ. മുരളീധരന്‍ എംപിയും താനും താഴെ വീണു. കണ്ണു കാണാനാവാത്ത അവസ്ഥയായെന്നും ചെന്നിത്തല.
◾നേമത്തും ശ്രീകാര്യത്തും നവകേരള സദസ് വേദിയിലേക്കു ബിജെപി, യുവമോര്‍ച്ച മാര്‍ച്ച്. കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞു. നേമത്ത് ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.
◾ഡിജിപി ഓഫീസ് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധവും കാടത്തവുമാണെന്ന് ശശി തരൂര്‍ എംപി. രാഷ്ട്രീയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരനുഭവമാണതെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. സമാധാനപരമായ റാലിക്കിടെ പോലീസ് നടത്തിയ ടിയര്‍ ഗ്യാസ് പ്രയോഗത്തിലും ജലപീരങ്കി പ്രയോഗത്തിലും പരിക്കേറ്റ നൂറില്‍പരം ആളുകളില്‍ ഒരാളാണു താനെന്നും അദ്ദേഹം പറഞ്ഞു.
◾ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് പോലീസിനെക്കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ച സ്ഥിതിയാണിത്. വേദിയിലുണ്ടായിരുന്ന നേതാക്കള്‍ക്കുനേരെ ഗ്രനേഡ് എറിഞ്ഞത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
◾തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കമാണ്. പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾പോലീസിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സുഖമില്ലാത്ത സുധാകരന്‍ കല്ലേറിനും അടിപിടിക്കും വരണോ? കമ്പിവടികളും വാളുകളും കയ്യിലേന്തിയാണു കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയതെന്ന് ജയരാജന്‍ ആരോപിച്ചു.
◾വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ടു ദിവസത്തിനകം മെഡിക്കല്‍ കോളേജ് പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം നല്‍കും. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം പ്രഖ്യാപിച്ചിരിക്കെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.
◾ചാലക്കുടി എസ്ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലി കൈകാലുകള്‍ ഒടിക്കുമെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസന്‍ മുബാറകിന്റെ ഭീഷണി. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ പുല്ലാണ്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ ചാലക്കുടിയില്‍ പ്രകടനം നടത്തി.
◾65 എല്‍എസ്ഡി സ്റ്റാമ്പുകളുമായി രണ്ടു യുവാക്കളെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വലിയകത്തു വീട്ടില്‍ നസറുദീന്‍ (28), എടവിലങ്ങ് കള്ളിക്കാട്ടു വീട്ടില്‍ നിബിന്‍ (28) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.
◾കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ കൂടി നല്‍കി. ഈ മാസം ഇതുവരെ 121 കോടി രൂപ അനുവദിച്ചെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
◾തിരുവനന്തപുരത്തെ കെഎസ്യു പ്രതിഷേധത്തിനിടെ പൊലീസുകാര്‍ക്കു നേരെ എറിഞ്ഞ ചീമുട്ടയും മുളകുപൊടിയും വിറ്റ വ്യാപാരികളെ പിടികൂടാന്‍ പൊലീസ്. കെഎസ്യു പ്രവര്‍ത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്.
◾കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിന് പൊതുയോഗത്തിന് ഉപയോഗിച്ച മൈക്ക് സെറ്റടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് നശിപ്പിക്കുകയും മൈക്ക് ഓപ്പറേറ്ററെ പൊലീസ് തല്ലിച്ചതച്ചെന്നും എസ് വി സൗണ്ട്സ് ഉടമ എസ് രഞ്ജിത്ത് ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് രഞ്ജിത്തിന്റെ ആരോപണം.
◾സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേര്‍ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ഹരികൃഷ്ണന്റെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കി. സഹോദരങ്ങളായ കെ മുരളീകൃഷ്ണന്‍, സൗമിനി ദേവി, ശോഭലത എന്നിവരാണു മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ച് എസ് പിയ്ക്കും പരാതി നല്കിയത്. ഏപ്രില്‍ 29 നാണു ഹരികൃഷ്ണന്‍ മരിച്ചത്.
◾തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റ് അനുവദിച്ചതു സംബന്ധിച്ച കമ്മിഷന്‍ ഉത്തരവ് നടപ്പാക്കാതെ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് കമ്മിഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടത്.
◾നിയമലംഘനം ആരോപിച്ച് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. ഉടമ 82,000 രൂപ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്.
◾തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിലായി. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരില്‍ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്.
◾അട്ടപ്പാടിയിലെ വട്ടലക്കിയില്‍ കിണറില്‍ കാട്ടാന വീണു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് 15 വയസുള്ള കൊമ്പനെ രക്ഷപ്പെടുത്തി.
◾എറണാകുളം-അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് മുതല്‍ സിനഡ് അംഗീകരിച്ച കുര്‍ബാന ചൊല്ലണമെന്ന് ആര്‍ച്ച് ബിഷപ്പ് സിറിള്‍ വാസിലിന്റെ കത്ത്. അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ക്രിസ്മസിന് ഏകീകൃത കുര്‍ബാന ചൊല്ലുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും ഒരു വിഭാഗം വിമതര്‍ പറഞ്ഞു.
◾തൃശൂര്‍ ജില്ലയിലെ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവിച്ച വിവരം മറച്ചുവച്ച് 42 കാരി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
◾ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവനുസരിച്ച് എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പേ ഓര്‍ഡര്‍ കൊടുത്തുതുടങ്ങി. ഏറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നടപടി.
◾ജമ്മു കാഷ്മീരില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്ന മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടു. കസ്റ്റഡി കൊലപാതകമെന്ന് ആരോപിച്ച കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
◾ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്. കപ്പലിലെ ഇന്ത്യക്കാരായ 11 ജീവനക്കാരെയും ഒമാനികള്‍ രക്ഷപ്പെടുത്തി.
◾ഗുജറാത്ത് തീരത്തിനടുത്ത് സൗദി അറേബ്യയില്‍നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന ഇസ്രയേലിന്റെ ചരക്കു കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. കപ്പലില്‍ സ്ഫോടനവും തീപിടിത്തവും ഉണ്ടായി. ആളപായത്തെക്കുറിച്ചു വിവരമില്ല.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ എഫ്.സി. ഗോവക്ക് വിജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മോഹന്‍ബഗാനെ ഗോവ തകര്‍ത്തു വിട്ടത്. ഈ ജയത്തോടെ 9 കളികളില്‍ നിന്ന് 23 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഗോവ. 10 കളികളില്‍ നിന്ന് 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സാണു രണ്ടാമത്. 9 കളികളില്‍ നിന്ന് 19 പോയിന്റുമായി മുംബൈ സിറ്റിയും മോഹന്‍ ബഗാനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ തുടരുന്നു.
◾ലയണല്‍ മെസിക്കൊപ്പം ലൂയി സുവാരസും ഇന്റര്‍മിയാമിയില്‍. ഉറുഗ്വേ സൂപ്പര്‍ താരം ലൂയി സുവാരസുമായി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമി സൈനിങ് പൂര്‍ത്തിയാക്കി. മേജര്‍ ലീഗ് സോക്കറില്‍ 2024 അവസാനംവരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
◾ഉത്സവകാലത്തിന്റെ ആവേശവുമായി ഒക്ടോബറില്‍ പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറിയ ക്രെഡിറ്റ് കാര്‍ഡ് ചെലവാക്കലുകള്‍ നവംബറില്‍ അതേ സ്പീഡില്‍ കുത്തനെയിടിഞ്ഞു. സെപ്റ്റംബറിനെ അപേക്ഷിച്ച് 25 ശതമാനം മുന്നേറി 1.78 ലക്ഷം കോടി രൂപയുടെ ചെലവഴിക്കലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഒക്ടോബറില്‍ നടന്നത്. ഇത് റെക്കോഡാണ്. എന്നാല്‍, നവംബറില്‍ 1.61 ലക്ഷം കോടി രൂപയിലേക്ക് ചെലവഴിക്കലുകള്‍ കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു; മാസാധിഷ്ഠിത ഇടിവ് 10.04 ശതമാനം. ഇന്ത്യയിലാകെ 9.60 കോടി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് കണക്കുകള്‍. നവംബറില്‍ പുതുതായി 12.90 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളെത്തി. 1.95 കോടി ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുള്ള എച്ച്.ഡി.എഫ്.സി ബാങ്ക്, നവംബറില്‍ രേഖപ്പെടുത്തിയ ക്രെഡിറ്റ് കാര്‍ഡ് ചെലവഴിക്കല്‍ത്തുക 42,049 കോടി രൂപയാണ്. ഒക്ടോബറിനേക്കാള്‍ 6.92 ശതമാനം കുറവാണിത്. 1.83 കോടി ഉപയോക്താക്കളുള്ള എസ്.ബി.ഐ കാര്‍ഡിലെ ചെലവഴിക്കല്‍ 11.29 ശതമാനം താഴ്ന്ന് 31,048 കോടി രൂപയായി. 27,773 കോടി രൂപയുടെ ചെലവഴിക്കലാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 1.62 കോടി വരുന്ന ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ രേഖപ്പെടുത്തിയത്; ഇടിവ് 18.69 ശതമാനം. 1.34 കോടി ക്രെഡിറ്റ് കാര്‍ഡ് വരിക്കാരാണ് ആക്‌സിസ് ബാങ്കിനുള്ളത്. 18,583 കോടി രൂപയുടെ ചെലവഴിക്കലുകള്‍ കഴിഞ്ഞമാസം നടന്നു. ഒക്ടോബറിനേക്കാള്‍ 14.48 ശതമാനം കുറവാണിത്. രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഇ-കൊമേഴ്‌സ് വഴി ഉത്പന്ന/സേവനങ്ങള്‍ വാങ്ങാനാണ്. നവംബറില്‍ ഇ-കൊമേഴ്‌സ് ഇടപാടുകളില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വിഹിതം 67.6 ശതമാനത്തില്‍ നിന്ന് 63.3 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം, കടകളിലും മറ്റുമുള്ള പോയിന്റ് ഓഫ് സെയില്‍ ഇടപാടുകളിലെ വിഹിതം 32.4 ശതമാനത്തില്‍ നിന്ന് 36.7 ശതമാനത്തിലേക്ക് ഉയര്‍ന്നു.
◾പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാര്‍ ബോക്‌സ് ഓഫീസില്‍ തീപാറിച്ചു. ആഗോളതലത്തില്‍ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്. ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാന്‍ ചിത്രങ്ങളായ പഠാനെയും ജവാനെയും പിന്‍തള്ളിയാണ് ആദ്യ ദിനം സലാര്‍ മുന്നേറുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രഭാസിനെയും പൃഥ്വിരാജിനെയും നടന്‍ ചിരഞ്ജീവി അഭിനന്ദിച്ചു. ബോക്‌സ് ഓഫീസില്‍ സലാര്‍ തീപാറിക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. നടന്‍ പ്രഭാസിന്റെ തിരുച്ചുവരവ് കൂടിയാണ് സലാര്‍. മലയാളത്തില്‍ നിന്നും പൃഥ്വിരാജ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ 'സലാര്‍ പാര്‍ട്ട് 1- സീസ്ഫയ'റാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, ഇം?ഗ്ലാഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരാഗണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ തിയറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
◾അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത 'അടി' എന്ന ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഈ വര്‍ഷത്തെ വിഷു റിലീസ് ആയി ഏപ്രില്‍ 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രവുമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96 ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
◾രാജ്യത്തെ ഏഴ് സീറ്റര്‍ കാര്‍ സെഗ്മെന്റില്‍ മാരുതി എര്‍ട്ടിഗയാണ് ആധിപത്യം പുലര്‍ത്തുന്നത്. അതിന് മുന്നില്‍ ടൊയോട്ട ഇന്നോവയും മഹീന്ദ്ര സ്‌കോര്‍പിയോയും ബൊലേറോയും വിലകുറഞ്ഞ റെനോ ട്രൈബറും പോലും വില്‍പ്പനയില്‍ പിന്നിലാണ്. പ്രതിമാസം പതിനായിരത്തിലധികം ആളുകള്‍ ഈ എംപിവി വാങ്ങുന്നു. ഇപ്പോള്‍ രാജ്യത്തെ സേവിക്കുന്ന സൈനികര്‍ക്ക് കമ്പനി ഇത് ലഭ്യമാക്കിയിട്ടുണ്ട്. ഇനി മുതല്‍ എര്‍ട്ടിഗ കാന്റീന്‍ സ്റ്റോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വാങ്ങാം. അതായത് സിഎസ്ഡിയില്‍ എര്‍ട്ടിഗയില്‍ ഒരു രൂപ പോലും ജിഎസ്ടി ഉണ്ടാകില്ല. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് ഈ കാര്‍ വാങ്ങാം. കൂടാതെ, ഇത് സിഎന്‍ജി വേരിയന്റിലും ലഭ്യമാണ്. മാരുതി എര്‍ട്ടിഗയുടെ ആകെ ഒമ്പത് വകഭേദങ്ങള്‍ സിഡിഎസില്‍ ലഭ്യമാകും. ഇവിടെ അതിന്റെ പ്രാരംഭ വേരിയന്റ് ഘതക ആണ്. 8,64,000 രൂപയാണ് ഇതിന്റെ വില. ഷോറൂമില്‍ ഇതിന്റെ വില 8,40,066 രൂപയാണ്. അതായത് സിഎസ്ഡിയില്‍ അതിന്റെ വിലയില്‍ 23,934 രൂപയുടെ വ്യത്യാസമുണ്ട്. അതേ സമയം, അതിന്റെ ഏറ്റവും മികച്ച ദതക വേരിയന്റിന്റെ ഷോറൂം വില 11,83,000 രൂപയാണ്, എന്നാല്‍ നിങ്ങള്‍ക്ക് ഇത് 11,59,102 രൂപയ്ക്ക് സിഎസ്ഡിയില്‍ നിന്നും വാങ്ങാന്‍ കഴിയും. അതായത് അതിന്റെ വിലയില്‍ 23,989 രൂപയുടെ വ്യത്യാസം ഉണ്ടാകും.
◾''വാക്കിന്റെ മണലാഴി തീരുന്നിടങ്ങളില്‍ തിരയിട്ടു തഴുകുന്ന കടലാണു മൗനം.'' പ്രതീകങ്ങളെ ഉചിതമായി സന്നിവേശിപ്പിക്കാനും സന്ദര്‍ഭങ്ങളെ സജീവമായി അവതരിപ്പിക്കാനും ഒരാള്‍ക്ക് കഴിയുമെങ്കില്‍ അത് അഭിനന്ദനാര്‍ഹമായ യോഗ്യതയാണ്. അമൃതാനന്ദം നിറയ്ക്കുന്ന വീരപുളകസ്മരണയില്‍ മുഴുകാനും സ്വാതന്ത്ര്യത്തിന്റെ നക്ഷത്രങ്ങളെ മണ്ണിലേക്ക് ക്ഷണിക്കാനും പ്രദീപ് പ്രഭാകരന്റെ കാവ്യസപര്യ ആവേശം കൊള്ളുന്നു. ചായക്കൂട്ടുകളില്‍നിന്ന് വിശ്വപ്രശസ്തമായ ചിത്രചരിത്രങ്ങള്‍ വേറിട്ടെടുക്കാനും കളങ്കരഹിതമായി ഓര്‍മ്മയുടെ ക്യാന്‍വാസില്‍ വരച്ചു ചേര്‍ക്കാനും കവി ശ്രമിക്കുന്നു. വാഴ്വിന്റെ പെരുമയോട് താദാത്മ്യം പ്രാപിക്കാനും അനുഭവങ്ങളുടെ വൈരുദ്ധ്യങ്ങളോട് പൊരുത്തപ്പെടാതെ പൊരുതി നില്‍ക്കാനും കവി ധീരത പ്രകടിപ്പിക്കുന്നു. സംസാര ദുഃഖ കേളികളുടെ പാര്‍പ്പിടവും അനന്തമായ പ്രപഞ്ചവും അളന്നു നോക്കാന്‍ പക്വതയാര്‍ജ്ജിക്കുന്നു. 'മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍'. പ്രദീപ് പ്രഭാകരന്‍. മംഗളോദയം. വില 113 രൂപ.
◾ചില ഭക്ഷണങ്ങളോ വിഭവങ്ങളോ എല്ലാം മൈഗ്രേയ്നിലേക്ക് നയിക്കാം. എല്ലാ സന്ദര്‍ഭങ്ങളിലും ഉണ്ടാകണമെന്നില്ലെങ്കില്‍ കൂടിയും ഇവ ഭീഷണി ഉയര്‍ത്താറുണ്ട്. കാപ്പി, ചീസ്, മദ്യം, ഗോതമ്പ്, പാലുത്പന്നങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇവയിലുള്ള 'ടിരാമിന്‍' എന്ന അമിനോ ആസിഡ് ആണത്രേ മൈഗ്രേയ്ന് കാരണമാകുന്നത്. ഇവ കഴിച്ചതിന് പിന്നാലെ മൈഗ്രേയ്ന്‍ ഉണ്ടാകുന്നുവെങ്കില്‍ പിന്നീട് ഇതില്‍ ശ്രദ്ധ പുലര്‍ത്തുക. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നെങ്കില്‍ മാത്രമേ നമ്മുടെ ആരോഗ്യം ഭദ്രമാകൂ. അല്ലെങ്കില്‍ പലവിധത്തിലുള്ള പ്രയാസങ്ങളും അസുഖങ്ങളുമെല്ലാം നാം നേരിടാം. ഇത്തരത്തില്‍ ദഹനമില്ലായ്മ മൈഗ്രേയ്നിലേക്കും നയിക്കാം. ഇഅതിനാല്‍ മൈഗ്രേയ്ന്‍ പ്രശ്നമുള്ളവര്‍ എപ്പോഴും ദഹനത്തിനും പ്രാധാന്യം നല്‍കണം. ദിവസത്തില്‍ മൂന്നോ നാലോ നേരമാണ് നമ്മള്‍ പ്രധാനഭക്ഷണം കഴിക്കുന്നത്. ഇതിലേതെങ്കിലുമൊരു നേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ അതും മൈഗ്രേയ്നിലേക്ക് നയിക്കാം. അതിനാല്‍ മൈഗ്രേയ്നുള്ളവര്‍ ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കുക. ചില പോഷകങ്ങളുടെ കുറവും മൈഗ്രേയ്നിലേക്ക് നയിക്കാം. മഗ്നീഷ്യം അത്തരത്തിലൊരു ഘടകമാണ്. അതിനാല്‍ മഗ്നീഷ്യം ആവശ്യത്തിന് ഭക്ഷണത്തിലൂടെ ഉറപ്പാക്കിയിരിക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
കാടിനരികിലാണ് ആ മരംവെട്ടുകാരനും കുടുംബവും താമസിച്ചിരുന്നത്. രാവിലെ കാട്ടില്‍ പോയി മരം വെട്ടി അടുത്തുളള ഗ്രാമത്തില്‍ കൊണ്ടുപോയി വിറ്റാണ് അവര്‍ ജീവിച്ചിരുന്നത്. ചില ദിവസം അയാളുടെ മകളും അച്ഛനെ സഹായിക്കാനായി കാട്ടിലേക്ക് പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം കാട്ടില്‍ അയാള്‍ മരം വെട്ടുക്കൊണ്ടിരിക്കുകയായിരുന്നു. മകള്‍ അച്ഛന്‍ വെട്ടിയിട്ട മരങ്ങള്‍ വൃത്തിയായി ഒതുക്കിവെക്കുന്ന തിരക്കിലും. അപ്പോഴാണ് ഒരു സിംഹം അതുവഴി വന്നത്. സിംഹത്തിന് അയാളുടെ മകളെ വളരെ ഇഷ്ടപ്പെട്ടു. സിംഹം അയാളോട് മകളെ തനിക്ക് തരാന്‍ ആവശ്യപ്പെട്ടു. അയാള്‍ക്ക് അപകടം മനസ്സിലായി. തരില്ലെന്ന് പറഞ്ഞാല്‍ സിംഹം തങ്ങളെ കൊല്ലുമെന്ന് അറിയാമായിരുന്ന അയാള്‍ സിംഹത്തിനോട് ഇങ്ങനെ പറഞ്ഞു: മകളെ ഞാന്‍ നിനക്ക് തരാം. പക്ഷേ നിന്റെ കൂര്‍ത്ത നഖങ്ങള്‍ അവള്‍ക്ക് പേടിയാണ്. സിഹം തിരിച്ചുപോയി പിറ്റേദിവസം തന്റെ നഖങ്ങളെല്ലാം കളഞ്ഞ് വന്നു. അപ്പോള്‍ അയാള്‍ അടുത്ത ആവശ്യം ഉന്നയിച്ചു: നിന്റെ പല്ലുകള്‍ അവള്‍ക്ക് പേടിയാണ്. അതിനുകൂടി ഒരു പരിഹാരം ഉണ്ടാക്കൂ.. പിറ്റേ ദിവസം പല്ലുകളും കളഞ്ഞ് സിംഹം തിരിച്ചെത്തി. അയാള്‍ പറഞ്ഞു: പല്ലും നഖവുമില്ലാത്ത നിന്നെ ആരെങ്കിലും സിംഹം എന്ന് വിളിക്കുമോ? ഒരു വടിയെടുത്ത് അയാള്‍ സിംഹത്തിനെ തല്ലിയോടിപ്പിച്ചു. ഇതൊരു വാമൊഴിക്കഥയാണെങ്കിലും ചിന്തനീയമായ സാരാംശം ഇതിലൊളിഞ്ഞുകിടപ്പുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഒരു വ്യക്തിത്വമുണ്ട്. മറ്റുളളവരുടെ ബഹുമാനത്തിന്റെ അളവുകോലാണ് ഒരാളുടെ വ്യക്തിത്വം. എത്ര പ്രലോഭനപരമായ സാഹചര്യങ്ങളുണ്ടെങ്കിലും സ്വന്തം വ്യക്തിത്വം നഷ്ടപ്പെടാതെ ജീവിക്കാനാകുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളി ഏററെടുത്ത് വിജയിപ്പിക്കാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.