*പ്രഭാത വാർത്തകൾ*2023 ഡിസംബർ 21 വ്യാഴം

◾യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, തലസ്ഥാനം യുദ്ധക്കളമായി. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പുരുഷ പോലീസുകാര്‍ വലിച്ചുകീറി. മൂന്നു പൊലീസ് വാഹനങ്ങളുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. കന്റോണ്‍മെന്റ് എസ്ഐ ഉള്‍പ്പടെ എട്ടു പൊലീസുകാര്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 22 പേരെ കസ്റ്റഡിയിലെടുത്തു. മൂന്നു പേരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചു. ഡിസിസി ഓഫിസില്‍ കയറി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാനുള്ള പോലീസിന്റെ നീക്കം പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ തടഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ചു വരെ തലസ്ഥാനം യുദ്ധക്കളമായിരുന്നു.

◾തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നില്‍ പൊലീസിനെ പ്രതിരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. നഗരത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തകര്‍ തടിച്ചു കൂടി. നേരത്തെ സെക്രട്ടേറിയറ്റില്‍ പോലീസ് ലാത്തിവീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞു.

◾സര്‍ക്കാരിനെതിരായ കുറ്റം രാജ്യത്തിനെതിരായ കുറ്റമെന്ന നിലയില്‍ രാജ്യദ്രോഹക്കുറ്റമാണെന്നു വ്യാഖ്യാനിച്ചുകൊണ്ട് ക്രിമിനല്‍ നിയമ ഭേദഗതികളുടെ മൂന്നു ബില്ലുകള്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷാംഗങ്ങളെ സസ്പെന്‍ഡു ചെയ്തു പുറത്താക്കി ചര്‍ച്ചപോലും ഇല്ലാതെയാണ് ബില്ലുകള്‍ പാസാക്കിയത്. പുതിയ നിയമമനുസരിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് വധശിക്ഷ വരെ നല്‍കാം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നീ ബില്ലുകളാണ് പാസായത്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവുനിയമം എന്നീ നിയമങ്ങളാണ് മാറ്റിയത്. മുന്‍സമ്മേളനത്തില്‍ മൂന്നു ബില്ലുകളും പാസാക്കിയെങ്കിലും പിഴവുകള്‍ തിരുത്തിയ ബില്ലുകളാണ് ഇപ്പോള്‍ പാസാക്കിയത്. കാലഹരണപ്പെട്ട രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

◾യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ സംഘര്‍ഷത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷാഫി പറമ്പില്‍ എംഎല്‍എ, എം. വിന്‍സെന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി 30 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കണ്ടാലറിയുന്ന 300 പേര്‍ക്കെതിരേയും കേസുണ്ട്. താന്‍ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോടു പറഞ്ഞേക്കണമെന്നു സതീശന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

◾'രക്ഷാപ്രവര്‍ത്തന' പരമ്പരയുമായി കോണ്‍ഗ്രസുകാര്‍ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് ഇന്ന് കെ എസ് യു പ്രതിഷേധം. നവ കേരള സദസിനും മുഖ്യമന്ത്രിക്കും എതിരേ കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവര്‍ത്തകരും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. ശനിയാഴ്ച കെപിസിസിയും മാര്‍ച്ചു നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

◾നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍. ഇന്നലെ രാത്രി വര്‍ക്കലയില്‍ എത്തിയ നവകേരള സദസ് ഇന്നു രാവിലെ ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രഭാതയോഗത്തോടെ ആരംഭിക്കും. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്. നാളെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പോളിടെക്നിക്കിലെ വേദിയിലാണു നവകേരള സദസ് സമാപിക്കുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

◾തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ പറയുന്നത്. എന്തിനാണ് നാണിക്കേണ്ടത്. തനിക്കു പോകേണ്ട സ്ഥലങ്ങളില്‍ പോയതൊന്നും പൊലീസ് സംരക്ഷണത്തിലല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പോയതാണ്. തനിക്കു ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. മുഖ്യമന്ത്രി പറഞ്ഞു.

◾യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയ എസ്ഐക്കെതിരേ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. എസ് എഫ് ഐ പ്രവര്‍ത്തകരെ 'മോളെ കരയല്ലേ' എന്ന് സമാധാനിപ്പിച്ച പൊലീസാണ് ഇവിടെ പെണ്‍കുട്ടികളുടെ തുണി വലിച്ചുകീറിയത്. സതീശന്‍ പറഞ്ഞു.

◾പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പൊലീസിന് നേരെ കടന്നാക്രമണമാണ് നടത്തിയത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് ആത്മസംയമനം പാലിച്ചെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസ്ഥാനത്തു കലാപമുണ്ടാക്കുകയാണെന്നു മന്ത്രിമാര്‍. യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം കലാപശ്രമമാണെന്ന് മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ ആരോപിച്ചു.

◾യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. നവകേരള സദസ്സ് അനുകരിക്കാനുള്ള ശ്രമത്തിലാണ് മറ്റു സംസ്ഥാനങ്ങളെന്നും ജയരാജന്‍ പറഞ്ഞു.

◾തലസ്ഥാനത്തെ കലാപകലുഷിതമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ക്രിമിനല്‍ മനസുമാണെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. പൊലീസ് സിപിഎം ഭൃത്യന്മാരും ഗുണ്ടകളുമായി മാറി. പൊലീസിന് ന്യായമില്ല, നീതിയില്ല, നീതിബോധമില്ല. സുധാകരന്‍ പറഞ്ഞു.

◾യൂത്ത് കോണ്‍ഗ്രസ് ദേശവിരുദ്ധ സംഘടനയായി മാറിയെന്നു മന്ത്രി മുഹമ്മദ് റിയാസ്. വ്യാജ ഐ ഡി കാര്‍ഡ് നിര്‍മ്മാണം, ഷൂ ഏറ്, ചീമുട്ട ഏറ് എന്നിവയൊക്കെയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന പരിപാടികളെന്നും റിയാസ് വിമര്‍ശിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചു നടത്തി കലാപമുണ്ടാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആ സ്ഥാനത്തിരിക്കാന്‍ നാണമുണ്ടോയെന്നും റിയാസ് ചോദിച്ചു.

◾കേരളത്തില്‍ ദുര്‍ഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗ് മലപ്പുറത്തു നടത്തിയ യൂത്ത് മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ആഭാസ മേഖലയായെന്നും ആരോഗ്യ മേഖല രോഗ ഗ്രസ്തമായെന്നും അദ്ദേഹം ആരോപിച്ചു.

◾ജനതാദള്‍ എസ് പ്രസിഡന്റ് ദേവഗൗഡയെ പുറത്താക്കിയെന്നും താനാണ് പുതിയ അധ്യക്ഷനെന്നും അവകാശപ്പെട്ട് സി കെ നാണു ഇടതുമുന്നണി കണ്‍വീനര്‍ക്കു കത്തു നല്‍കി. ബിജെപി നയിക്കുന്ന എന്‍ഡിഎ വിരുദ്ധ ജെഡിഎസ് തങ്ങളാണെന്നും അല്ലാത്തവര്‍ക്ക് എല്‍ഡിഎഫില്‍ സ്ഥാനമില്ലെന്നും നാണുവിന്റെ കത്തില്‍ പറയുന്നു. ഇതോടെ ദേവഗൗഡ പക്ഷത്തു തുടരുന്ന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും നയിക്കുന്ന വിഭാഗം വെട്ടിലായി.

◾ശബരിമല വിമാനത്താവളത്തിന് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

◾മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 262 അധ്യാപക തസ്തികകളും എട്ട് അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.

◾പ്ലസ് ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയില്‍. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു.

◾അഞ്ചു കൊലക്കേസുകളിലെ പ്രതി റിപ്പര്‍ ജയാനന്ദന്‍ ജയിലില്‍ ഇരുന്നുകൊണ്ടു രചിച്ച പുസ്തകം പ്രകാശനം ചെയ്യാന്‍ ഹൈക്കോടതി രണ്ടു പകല്‍ പരോള്‍ അനുവദിച്ചു. 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് 22, 23 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പരോള്‍. 23 ന് കൊച്ചിയിലാണു പുസ്തക പ്രകാശനം. അഭിഭാഷകയായ മകള്‍ കീര്‍ത്തി ജയാനന്ദന്‍ വഴി ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. 17 വര്‍ഷമായി വിയ്യൂര്‍ ജയിലിലാണു ജയാനന്ദന്‍.

◾തൃശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൗണ്ടിന്റെ തറ വാടക വര്‍ധിപ്പിച്ചത് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കേസില്‍ ഹൈക്കോടതിയില്‍ ടി.എന്‍. പ്രതാപന്‍ എംപി കക്ഷി ചേരും. വാടക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം നടത്തും.

◾സപ്ലൈകോയുടെ ക്രിസ്മസ്, പുതുവല്‍സര ചന്തകള്‍ ഇന്നു മുതല്‍ 30 വരെ നടക്കും. സബ്സിഡി സാധനങ്ങള്‍ക്കു പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും അഞ്ചു മുതല്‍ 30 വരെ ശതമാനം വിലക്കുറവില്‍ ലഭ്യമാകുമെന്നാണ് അറിയിപ്പ്.

◾പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10, 25, ഫെബ്രുവരി 14 എന്നീ തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു.

◾തൃശൂര്‍ സിറ്റി പോലീസിനു കീഴിലെ പോലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശകര്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. ആദ്യഘട്ടത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ടോക്കണ്‍ മെഷീന്‍ സ്ഥാപിക്കുന്നത്. സ്റ്റേഷനിലെത്തുന്നവര്‍ മുന്‍വശത്തെ ടോക്കണ്‍ മെഷീനിലെ ചുവപ്പുബട്ടണ്‍ അമര്‍ത്തിയാല്‍ ടോക്കണ്‍ ലഭിക്കും. ഇത് പോലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ യെ കാണിച്ച് പോലീസിന്റെ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കാവുന്നതാണ്.

◾ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് പന്ത്രണ്ടര ലക്ഷം രൂപ ഓണറേറിയം അനുവദിച്ചു. നാലു സ്റ്റാഫംഗങ്ങളുടെ ശമ്പളം ഉള്‍പ്പെടെയാണ് പണം അനുവദിച്ചത്.

◾കൊച്ചിയിലെ വൈഗ കൊലക്കേസിന്റെ വിചാരണ പൂര്‍ത്തിയായി. ഈ മാസം 27 ന് വിധി പറയും. 10 വയസുകാരിയായ മകളെ കൊന്ന കേസില്‍ അച്ഛന്‍ സനു മോഹനാണ് പ്രതി. 2021 മാര്‍ച്ച് 21 നായിരുന്നു കേസിനാസ്പദമായ സംഭവം.

◾തലശേരി ബ്രണ്ണന്‍ കോളജ് 132-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം ഒരുക്കുന്നു. 'അല' എന്നു പേരിട്ട സംഗമം ഫെബ്രുവരി 10, 11 തീയതികളില്‍ കോളജ് കാമ്പസില്‍ നടക്കും. ഇതിനു മുന്നോടിയായി, ജനുവരി എട്ടിന് കോളജ് യൂണിയന്‍ പൂര്‍വ്വ സാരഥി സംഗമം നടക്കും.

◾മൂലമറ്റം ചേറാടിയില്‍ വൃദ്ധ ദമ്പതികള്‍ കുത്തേറ്റ് മരിച്ചു. കീലിയാനിക്കല്‍ കുമാര(70)നും ഭാര്യ തങ്കമ്മയുമാണ് മരിച്ചത്. ഇവരുടെ മകനെ പൊലീസ് തെരയുന്നു.

◾ലോക്സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച രണ്ട് എംപിമാരെ കൂടി സസ്പെന്റ് ചെയ്തു. എഎം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് സസ്പെന്റ് ചെയ്തത്. പോസ്റ്റര്‍ ഉയര്‍ത്തി സ്പീക്കറുടെ ചേംബറില്‍ കയറി ഡെസ്‌കില്‍ ഇരുന്നു പേപ്പറുകള്‍ കീറിയെറിഞ്ഞാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇതോടെ 143 എംപിമാര്‍ സസ്പെന്‍ഷനിലായി.

◾അരി വില അമിതമായി വര്‍ധിപ്പിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അരി വില വര്‍ധന അവലോകനം ചെയ്യാന്‍ ഭക്ഷ്യസെക്രട്ടറി സഞ്ജീവ് ചോപ്ര അരി വ്യാപാര മേഖലയിലെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു പിറകേയാണ് നിര്‍ദേശം. കിലോയ്ക്ക് 29 രൂപയ്ക്ക് നല്ല അരി വിതരണം ലഭ്യമായിരിക്കേ ചില്ലറ വില്‍പന വിപണിയില്‍ കിലോയ്ക്ക് 43 രൂപ മുതല്‍ 50 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

◾അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കു ക്ഷണം. അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ടെത്തിയാണു ക്ഷണിച്ചത്. മന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അടക്കം മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ രാഷ്ട്രപതിമാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയവരേയും ക്ഷണിച്ചിട്ടുണ്ട്. ജനുവരി 22 നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

◾അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലെ ദേശീയപാതകളെ യുഎസ് റോഡുകളോട് കിടപിടിക്കുന്നവയാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 30 അതിര്‍ത്തി റോഡുകള്‍ പോര്‍വിമാനങ്ങള്‍ ഇറങ്ങാനാകുന്ന കരുത്തോടെയാണു തയാറാക്കിയിരിക്കുന്നത്. 670 ഇടങ്ങളില്‍ ആളില്ലാ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും ഇറങ്ങാന്‍ സൗകര്യമൊരുക്കും. ഒന്‍പതു വര്‍ഷം കൊണ്ട് 50 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികള്‍ക്ക് ഗതാഗതമന്ത്രാലയം അനുമതി നല്‍കി. അദ്ദേഹം പറഞ്ഞു.

◾പൂനെയിലെ യുവ മോര്‍ച്ച നേതാവ് സുനില്‍ ധുമലി(35)നെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

◾കുവൈറ്റ് അമീറായി ശൈഖ് മിഷല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അധികാരമേറ്റു. ബുധനാഴ്ച ദേശീയ അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ശൈഖ് മിഷല്‍ അധികാരമേറ്റത്.

◾2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം. ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമി, മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കര്‍ എന്നിവര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് അര്‍ജുന പുരസ്‌കാരം. ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചവരില്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകന്‍ ഇ. ഭാസ്‌കരനും.

◾ഇന്ത്യാ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. ഓരോ മത്സരങ്ങള്‍ വിജയിച്ച് പരമ്പര നിലവില്‍ സമനിലയിലായതിനാല്‍ ഇന്നത്തെ മത്സരം ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്.

◾സമ്പത്തിന്റെ വര്‍ധനയില്‍ വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും മറികടന്ന് ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമ സാവിത്രി ജിന്‍ഡാല്‍. 2023ല്‍ ആസ്തിയില്‍ 960 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ 500 കോടി ഡോളറിന്റെ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനത്ത് മുകേഷ് അംബാനി തുടരുന്നതായും ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പറയുന്നു. 9230 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി മൂല്യം. 2023ല്‍ ആസ്തിയില്‍ 500 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സാവിത്രി ജിന്‍ഡാലിന്റെ ആസ്തി വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പകുതിയാണ്. 2023ല്‍ സാവിത്രി ജിന്‍ഡാലിന്റെ ആസ്തിയില്‍ 960 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. 73കാരിയായ സാവിത്രി ജിന്‍ഡാല്‍ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 2530 കോടി ഡോളറാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി മൂല്യം. ജെഎസ്ഡബ്ല്യൂ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ജെഎസ്ഡബ്ല്യൂ എനര്‍ജി, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, അടക്കം നിയന്ത്രിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ തലപ്പത്ത് നിര്‍ണായക പദവിയാണ് സാവിത്രി ജിന്‍ഡാല്‍ അലങ്കരിക്കുന്നത്. 2023ല്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇടിവ് നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ലിസ്റ്റഡ് കമ്പനികള്‍ ഓഹരി വിപണിയില്‍ തിരിച്ചുകയറിയെങ്കിലും 2023ല്‍ ഗൗദം അദാനിയുടെ മൊത്തം ആസ്തിയില്‍ 3540 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. 8510 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി മൂല്യം.

◾ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു തമിഴ് ചിത്രം 'ഫൈറ്റ് ക്ലബ്ബ്'. താന്‍ ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനി ജി സ്‌ക്വാഡിന്റെ ബാനറില്‍ ലോകേഷ് അവതരിപ്പിച്ച ചിത്രം ഡിസംബര്‍ 15 നാണ് തിയറ്ററുകളില്‍ എത്തിയത്. അബ്ബാസ് എ റഹ്‌മത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉറിയടിയിലൂടെ ശ്രദ്ധേയനായ വിജയ് കുമാര്‍ ആയിരുന്നു നായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അസല്‍ കോലാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ദയാണ്. അസല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. വിജയ് കുമാറിനൊപ്പം കാര്‍ത്തികേയന്‍ സന്താനം, ശങ്കര്‍ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്കുമാര്‍, അബ്ബാസ് എ റഹ്‌മത്ത് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയ്യാറാക്കിയത്. ആദിത്യ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.

◾2023ല്‍ നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമകളുടേയും ഷോകളുടേയും ലിസ്റ്റ് പുറത്തിറക്കി. റാണ നായിഡു ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ഷോ. 46,30000 മണിക്കൂറാണ് ഈ ഷോ കണ്ടത്. ലോകത്ത് 336 ആണ് ഇതിന്റെ റാങ്കിങ്. ചോര്‍ നികല്‍ കെ ബഗ ആണ് രണ്ടാം സ്ഥാനത്ത്. 41,700,00 മണിക്കൂറാണ് ആളുകള്‍ ഈ ഷോ കണ്ടത്. 401 ആണ് ഇതിന്റെ ഓവറോള്‍ റാങ്കിങ്. മിഷന്‍ മഞ്ജു ആണ് മൂന്നാം സ്ഥാനത്തുള്ളത്. 31,2000 മണിക്കൂറാണ് ആളുകള്‍ കണ്ടത്. 599 ആണ് ഓവറോള്‍ റാങ്കിങ്. സിനിമകളില്‍ മിസ് ചാറ്റര്‍ജി നോര്‍വെ ഇന്ത്യയില്‍ നാലാം റാങ്കിങിലാണുള്ളത്. 29,600000 മണിക്കൂറുകളാണ് കണ്ടിരിക്കുന്നത്. ലോകത്ത് റാങ്കിങ്ങില്‍ 651-ാമതും. 'ക്ലാസ്' ഇന്ത്യയില്‍ അഞ്ചാം റാങ്കിങ്ങിലുള്ള ഷോയാണ് . ലോകത്ത് 724 ആണ് റാങ്കിങ്. 17,300,00 മണിക്കൂര്‍ കണ്ട നെറ്റ്ഫ്‌ലിക്‌സിലെ എട്ടാമത്തെ ജനപ്രിയ ഷോയാണ് സ്‌കൂപ്പ്. ആന്‍ ആക്ഷന്‍ ഹീറോ ഇന്ത്യന്‍ റാങ്കിങില്‍ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ പത്താമത്തെ ചിത്രമാണ് ഗുംറ.

◾മൂന്നു കോടി രൂപ വിലമതിക്കുന്ന പുതിയ മെഴ്‌സിഡസ്-മെയ്ബാക്ക് ജിഎല്‍എസ് 600 വാങ്ങി ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. ഓട്ടോ ഹാംഗര്‍ മെഴ്‌സിഡസ് ബെന്‍സില്‍ നിന്നാണ് താരം ആഡംബര എസ്യുവി വാങ്ങിയത്. ബോളിവുഡ് നടന്‍ വാഹനം ഡെലിവറി എടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മെഴ്‌സിഡസ്-മേബാക്ക് ജിഎല്‍എസ് 600 സ്റ്റാന്‍ഡേര്‍ഡ് മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് അടിസ്ഥാനമാക്കിയുള്ളതാണ്. എസ്യുവിക്ക് ജിഎല്‍എസ് 600-നൊപ്പം മെയ്ബാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്നു. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഓള്‍-ക്രോം മെയ്ബാക്ക് ഗ്രില്‍, 22 ഇഞ്ച് അലോയ് വീലുകള്‍, ബി-പില്ലറിലെ ക്രോം ഇന്‍സെര്‍ട്ടുകള്‍, എസ്യുവിയുടെ ഡി-പില്ലറിലെ മെയ്ബാക്ക് ലോഗോ എന്നിവ അപ്‌ഗ്രേഡുകളില്‍ ഉള്‍പ്പെടുന്നു. ആഡംബര എസ്യുവിക്ക് കരുത്തേകുന്നത് 542 ബിഎച്ച്പിയും 730 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എഞ്ചിനാണ്. 21 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 48-വോള്‍ട്ട് സിസ്റ്റം ഇക്യു ബൂസ്റ്റ് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 4.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മെയ്ബാക്ക് എസ്യുവിക്ക് കഴിയും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത.

◾സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യര്‍ക്കു നല്‍കിയ കുറ്റത്തിന് സീയൂസ് ദേവന്റെ രോഷത്തിനിരയായി ശിക്ഷിക്കപ്പെട്ട പ്രൊമിത്യൂസിന്റെ കഥ. യവനപുരാണനായകനെന്നനിലയില്‍ മാത്രമല്ല, മനുഷ്യവംശത്തിനായുള്ള ശാശ്വതവും നിസ്വാര്‍ത്ഥവുമായ ത്യാഗത്തിന്റെ പ്രകാശകണമായും പ്രൊമിത്യൂസ് ഇതില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ബന്ധനസ്ഥനായ പ്രൊമിത്യൂസിന്റെ കഥ ആറു ഖണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന സ്വഗതാഖ്യാനകാവ്യം. 'പ്രമുക്തന്‍'. റഫീക്ക് അഹമ്മദ്. മാതൃഭൂമി ബുക്സ്. വില 104 രൂപ.

◾വയറും കുടലുമടങ്ങുന്ന ദഹനനാളി വായു മൂലം നിറയുന്ന അവസ്ഥയെയാണ് ബ്ലോട്ടിങ് എന്ന് വിളിക്കുന്നത്. വയറില്‍ അകാരണമായ സമ്മര്‍ദ്ദം, വേദന, അമിതമായ ഗ്യാസ്, ഏമ്പക്കം, വയറ്റില്‍ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. ഇതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അമിതമായ ഭക്ഷണം, അമിതമായി കൊഴുപ്പ് ചേര്‍ന്ന ഭക്ഷണം, വേഗത്തിലുള്ള ഭക്ഷണം കഴിപ്പ് എന്നിവയെല്ലാം ബ്ലോട്ടിങ്ങിന് കാരണമാകാം. ബ്ലോട്ടിങ് ഒഴിവാക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. വെള്ളം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും ഒരു മണിക്കൂര്‍ ശേഷവും ദഹനപ്രക്രിയയില്‍ പ്രമുഖ സ്ഥാനമാണ് വെള്ളത്തിനുള്ളത്. ഇത് ഭക്ഷണത്തെ വിഘടിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ കൃത്യ സമയത്ത് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിനൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേര്‍പ്പിച്ച് കളയും. ഇത് ഭക്ഷണത്തെ വിഘടിപ്പിക്കുന്ന പ്രക്രിയയെ ബാധിക്കും. ഇതിനാല്‍ കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പും കഴിച്ചതിന് ഒരു മണിക്കൂര്‍ കഴിഞ്ഞും മാത്രമേ വെള്ളം കുടിക്കാവൂ. ഭക്ഷണം വലിച്ചു വാരി തിന്നാതെ നന്നായി ചവച്ചരച്ചു കഴിക്കാനും ശ്രദ്ധിക്കണം. പതിയെ ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് വയര്‍ നിറഞ്ഞ പ്രതീതിയും ഉണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത ഒഴിവാക്കാന്‍ സഹായിക്കും. നന്നായി ചവച്ച് തിന്നാല്‍ ഉമിനീരിലൂടെ അമിലേസ് എന്ന രസം ഭക്ഷണവുമായി കലര്‍ന്ന് വയറിലെത്തും മുന്‍പ് തന്നെ ദഹനപ്രക്രിയ ആരംഭിക്കും. പച്ചക്കറികള്‍ പച്ചയ്ക്ക് തിന്നാല്‍ ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. ഇതിലെ ഫൈബറും ദഹിക്കാന്‍ ദീര്‍ഘമായ സമയമെടുക്കും. ഇതിനാല്‍ പച്ചക്കറികള്‍ പാകം ചെയ്തു കഴിക്കുന്നത് ബ്ലോട്ടിങ് ഒഴിവാക്കാന്‍ സഹായകമാണ്. ആവി കയറ്റി വേവിച്ച് പച്ചക്കറികള്‍ കഴിക്കാവുന്നതാണ്. വയര്‍ നിറയെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനാണ് പലരും ശ്രമിക്കുക. വയര്‍ നിറഞ്ഞാല്‍ പെട്ടെന്ന് ഉറക്കം വരും താനും. പക്ഷേ, അങ്ങനെ ചെയ്യുന്നത് ദഹനപ്രക്രിയ മന്ദഗതിയിലാക്കും. ഇതിന് പകരം ഒരു അര മണിക്കൂര്‍ നടക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ഭക്ഷണം നന്നായി ദഹിക്കാന്‍ സഹായിക്കുകയും ചെയ്യും. ബ്ലോട്ടിങ്ങും മറ്റ് ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും ഈ നടപ്പ് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ടൂറിസ്റ്റ് കേന്ദ്രത്തിനരികിലെ കാടിനടുത്ത് കളിച്ചുനടക്കുന്നതിനിടെ ആ കുരങ്ങിന് മേല്‍ ഭാഗം പൊട്ടിച്ച ഒരു കരിക്ക് കിട്ടി. കുരങ്ങ് കരിക്കിന് മുകളിലുള്ള ദ്വാരത്തിലൂടെ ഉള്ളിലേക്ക് കയ്യിട്ടു. കരിക്കിനുളളിലുള്ള ഒരു കഷ്ണം തേങ്ങമുറിയില്‍ പിടുത്തം കിട്ടുകയും ചെയ്തു. പക്ഷേ, കൈ ചുരുട്ടി പിടിച്ചപ്പോള്‍ എത്ര ശ്രമിച്ചിട്ടും കരിക്കിനുളളില്‍ നിന്നും കൈ പുറത്തേക്ക് എടുക്കാന്‍ സാധിക്കാതായി. അവസാനം ആ ദിവസം മുഴുവന്‍ കുരങ്ങ് കരിക്കും കൊണ്ട് നടന്നു. അവസാനം തളര്‍ന്നു ഒരു മരത്തിനു കീഴെ വിശ്രമിക്കാന്‍ കിടന്നു. ഉറക്കത്തിലേക്ക് വീണപ്പോള്‍ കയ്യിലെ തേങ്ങാക്കൊത്തിന്റെ പിടിവിട്ടു. കൈ പുറത്തേക്ക് എടുക്കുകയും ചെയ്തു. ആവശ്യമില്ലാത്ത ബന്ധങ്ങളില്‍ ചെന്നുചാടി, അത് വിട്ടുകളയാന്‍ ശ്രമിക്കാതെ ആ അസ്വസ്ഥതകളും ചുമന്ന് പലരും ജീവിക്കാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ ആവശ്യമില്ലാത്ത പിടിവാശികളും, ആവശ്യമില്ലാത്ത സംശയങ്ങളും എല്ലാം ചുരുട്ടിപിടിച്ച കൈ പോലെയാണ്. കൈ ഒന്ന് അയച്ചുകൊടുത്തുനോക്കൂ.. സ്വച്ഛന്ദമായ ഒരു മാനസികാവസ്ഥ കൈവരുന്നത് കാണാം.. മനസ്സിനെ കലുഷിതമാക്കാതെ, ബന്ധങ്ങളില്‍ ബന്ധനങ്ങള്‍ ഉണ്ടാക്കാതെ സ്വസ്ഥമായി ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.