*പ്രഭാത വാർത്തകൾ*2023 ഡിസംബർ 20 ബുധൻ

◾പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തതിനെതിരേ പാര്‍ലമെന്റ് സമ്മേളനം സമാപിക്കുന്ന വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. പാര്‍ലമെന്റിലെ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനു പ്രതിപക്ഷ അംഗങ്ങളെയെല്ലാം സസ്പെന്‍ഡു ചെയ്തതു ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

◾കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. ഇന്ത്യ സഖ്യ യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍, ആദ്യം വിജയം ഉറപ്പാക്കുകയാണു വേണ്ടതെന്നും മറ്റു കാര്യങ്ങള്‍ പിന്നീടു ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഖര്‍ഗെ നിലപാടെടുത്തു.

◾ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ചര്‍ച്ചപോലുമില്ലാതെ പാസാക്കാനാണ് പാര്‍ലമെന്റില്‍നിന്ന് 141 എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തതെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. എംപിമാരെ സസ്പെന്‍ഡു ചെയ്ത് പ്രതിപക്ഷത്തെ ഒഴിവാക്കുന്നതിലൂടെ ജനാധിപത്യത്തെയാണ് മോദി ഇല്ലാതാക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.

◾ക്രിസ്മസിനു റേഷന്‍ മുടങ്ങില്ല. റേഷന്‍ വിതരണത്തിനു സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

◾തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസിനു സുരക്ഷ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി. വാഹന വ്യൂഹം കടന്നു പോകാന്‍ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളില്‍നിന്ന് എസ്എഫ്ഐക്കാര്‍ പൈലറ്റ് വാഹനത്തിനു മുന്നില്‍ ചാടി വീഴുകയായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറിക്കു ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴു പ്രതികള്‍ റിമാന്‍ഡിലാണ്. രാജ്ഭവന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കേയാണ് ഡിജിപി റിപ്പോര്‍ട്ടു നല്‍കിയത്.

◾അഞ്ചുമാസമായി മുടങ്ങിയ വിധവ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

◾കൊവിഡ് വ്യാപനം നേരിടാന്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണം.

◾കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. കേരളത്തിലാണ് കോവിഡ് വ്യാപനമുള്ളത്. രോഗവ്യാപനം നിയന്ത്രണവിധേയമെന്ന് കേരളം അറിയിക്കും.

◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോടു വിശദീകരണം തേടി. ഹര്‍ജി ഹൈക്കോടതി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കും. മൂവാറ്റുപുഴ സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.

◾കേരള സര്‍വകലാശാല ആസ്ഥാനത്തു ഗവര്‍ണര്‍ക്കെതിരേ എസ് എഫ് ഐ ഉയര്‍ത്തിയ ബാനര്‍ ഉടനടി നീക്കണമെന്നു വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹനന്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന ബാനര്‍ അനുവദിക്കാനാവില്ലെന്നാണ് വി സി നല്‍കിയ ഉത്തരവില്‍ പറയുന്നത്.

◾ശബരിമലയില്‍ ഭക്തജനത്തിരക്ക്. സന്നിധാനത്തേക്കുള്ള വരി ഇന്നലെ അപ്പാച്ചിമേട് വരെയെത്തി. ഇന്നലെ വൈകുന്നേരത്തോടെ 70000 ഭക്തര്‍ 18-ാം പടി കയറിയെന്നു പൊലീസ് അറിയിച്ചു. അപ്പാച്ചിമേട് മുതല്‍ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്.  

◾സര്‍വകലാശാല സെനറ്റംഗങ്ങളായി യോഗ്യതയുള്ള സംഘപരിവാറുകാരെ നിയമിക്കുകയാണെങ്കില്‍ എതിര്‍ക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ തന്നെ സംഘപരിനാറുകാരനായി ചാപ്പ കുത്തേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

◾പാര്‍ലമെന്റില്‍ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇത്രയേറെ എം പിമാരെ ഒന്നിച്ച് സസ്പെന്‍ഡ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണ്. ഏകാധിപത്യത്തിന്റെ ഇരകളാക്കപ്പെട്ടതില്‍ അഭിമാനമേയുള്ളൂ. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

◾കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നവ കേരള സദസ് നിര്‍ത്തിവയ്ക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ തീവ്രവ്യാപനശേഷിയുള്ള കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതു ജനങ്ങള്‍ക്കു ഭീഷണിയാണെന്നും ജോര്‍ജ് പറഞ്ഞു.

◾കൊല്ലത്ത് നവകേരള സദസ് ബസിനെതിരേ കരിങ്കൊടി കാണിച്ചതിന് ആക്രമിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊടികെട്ടിയ വടികൊണ്ട് അടിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടപ്പാക്കടയില്‍ എത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

◾മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസിനിടെ യു ട്യൂബറായ നിസാര്‍ കുഴിമണ്ണയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 11 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് സാദില്‍ അടക്കമുള്ളവരാണു പിടിയിലായത്.

◾കത്തോലിക്കാ സഭ സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് കെസിബിസി. സ്വവര്‍ഗ ലൈംഗിക പങ്കാളികളെ ആശീര്‍വദിക്കാമെന്നു മാര്‍പാപ്പ പറഞ്ഞതു സഭയുടെ തുറന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുമതി നല്‍കിയിട്ടില്ലെന്നു കെസിബിസി വിശദീകരിച്ചു.

◾സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 350 വിദ്യാര്‍ത്ഥികള്‍ക്കു ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നല്‍കുന്നു. 23 നു രാവിലെ പത്തരയ്ക്ക് തൃശൂര്‍ കിഴക്കേകോട്ടയിലെ ഡിബിസിഎല്‍സി ഹാളില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്ക ഉദ്ഘാടനം ചെയ്യും.

◾കടല്‍ കാഴ്ചകള്‍ കാണാന്‍ തിരുവനന്തപുരത്തെ വര്‍ക്കലയില്‍ സജ്ജമാക്കിയ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പുതുവത്സരാഘോഷത്തോടനുഹന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 100 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള ബ്രിഡ്ജാണിത്. അവസാന ഭാഗത്ത് 11 മീറ്റര്‍ നീളത്തിലും ഏഴു മീറ്റര്‍ വീതിയിലുമുള്ള പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്.

◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2.304 കിലോഗ്രാം സ്വര്‍ണവുമായി മലപ്പുറം മീനടത്തൂര്‍ സ്വദേശി ശിഹാബുദ്ധീന്‍ മൂത്തേടത്ത്, കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി ആശ തോമസ്, കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവര്‍ പിടിയിലായി.

◾മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതിനു രണ്ടുപേര്‍ അറസ്റ്റില്‍. ചികിത്സയ്ക്ക് കുട്ടിയുമായി എത്തിയ തൃക്കൊടിത്താനം മാടപ്പള്ളി സ്വദേശി വൈശാഖ്, പാമ്പാടി വെള്ളൂര്‍ സ്വദേശി ജെറിന്‍ രവി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അത്യാഹിത വിഭാഗത്തിലെ ഡോ. പവന്‍ ജോര്‍ജിനെ ആക്രമിച്ചെന്നാണ് കേസ്.

◾വയനാട് തലപ്പുഴയില്‍ 18 വര്‍ഷം മുമ്പു കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്ന സഹോദരിയുടെ പരാതിയില്‍ അന്വേഷണവുമായി പോലീസ്. സഹോദരി ഷൈനയുടെ തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ചു പരാതി നല്‍കിയത് വരയാല്‍ സ്വദേശി ബീനയാണ്. തലപ്പുഴ പൊലീസ്, ഷൈനി നേരത്തെ താമസിച്ചിരുന്ന വീടിനടുത്തുള്ള മണ്ണ് നീക്കി പരിശോധിച്ചു.

◾സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി പുത്തന്‍പുരയ്ക്കല്‍ അന്‍സലിനെയാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.

◾ലോക്സഭാ തെരഞ്ഞെടുപ്പിനു വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് അഞ്ചംഗ സമിതി രൂപീകരിച്ചു. മുകുള്‍ വാസ്നിക്കാണ് കണ്‍വീനര്‍. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ സമതി അംഗങ്ങളാണ്.

◾അടിയന്തിര സാഹചര്യങ്ങളില്‍ ടെലികോം നെറ്റ്വര്‍ക്കുകള്‍ സര്‍ക്കാരിനു താല്ക്കാലികമായി പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന ടെലി കമ്മ്യൂണിക്കേഷന്‍സ് കരട് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് കരട് ബില്‍ അവതരിപ്പിച്ചത്.

◾ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലെ ആദ്യ അമ്പതില്‍ ഇന്ത്യയിലെ ഒരു സ്ഥാപനംപോലും ഇല്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഏറ്റവും പാരമ്പര്യമുള്ള വൈജ്ഞാനിക രാജ്യമായിട്ടും ഉന്നത വിദ്യാഭ്യാസത്തില്‍ മികവു നേടാനാകാത്തതു പരിഹരിക്കണം. ഗോരഖ്പൂര്‍ ഐഐടിയിലെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.

◾തമിഴ്നാട് പ്രളയത്തില്‍ 2000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

◾ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം സമുദ്ര ഗതാഗത സുരക്ഷയില്‍ ആശങ്ക അറിയിക്കുകയും ചെയ്തു.

◾മധ്യപ്രദേശ് നിയമസഭയില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രം നീക്കം ചെയ്തു. പകരം അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. പുതിയ ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച ആദ്യ നിയമസഭാ സമ്മേളനം വിളിച്ചിരിക്കേയാണ് സ്പീക്കറുടെ കസേരക്കു പിന്നില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന നെഹ്റുവിന്റെ ഛായാചിത്രം നീക്കിയത്.

◾രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍ക്കറിനെ ഭാവാഭിനയത്തിലൂടെ അനുകരിച്ചു പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. പ്രതിപക്ഷ എംപി. പാര്‍ലമെന്റിനു പുറത്തെ പ്രതിഷേധത്തിനിടെ അവതരിപ്പിച്ച ഈ മോണോ ആക്ട് രാഹുല്‍ഗാന്ധി അടക്കമുള്ള എംപിമാര്‍ ക്യാമറയില്‍ പകര്‍ത്തി. എന്നാല്‍ പ്രതിപക്ഷത്തിന്റെ കോമഡി അസംബന്ധമാണെന്നു ജഗ്ദീപ് ധന്‍കര്‍ വിമര്‍ശിച്ചു.

◾2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 40.39 കോടി രൂപയുടെ പിഴ ചമുത്തിയെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ്. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം.

◾ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ ഇന്ന് അവതരിപ്പിക്കും. അമേരിക്ക വീറ്റോ ചെയ്യുന്നത് ഒഴിവാക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

◾ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറില്‍ 211 ന് എല്ലാവരും പുറത്തായി. 62 റണ്‍സെടുത്ത സായ് സുദര്‍ശനും 56 റണ്‍സെടുത്ത കെ.എല്‍.രാഹുലിനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ടോണി ഡി സോര്‍സിയുടെ 119 റണ്‍സിന്റെ മികവില്‍ 45 പന്തുകള്‍ ബാക്കി നില്‍ക്കേ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 ന് സമനിലയിലായി. നാളത്തെ മൂന്നാമത്തെ മത്സരം പരമ്പര വിജയികളെ നിശ്ചയിക്കും.

◾20 കോടി 50 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിന്റെ ഐപിഎല്ലിലെ വിലയേറിയ താരമെന്ന റെക്കോര്‍ഡിന് അധികം ആയുസുണ്ടായില്ല. 24 കോടി 75 ലക്ഷം രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മറ്റൊരു ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയതോടെയാണ് പാറ്റ് കമ്മിന്‍സിന്റെ റെക്കോര്‍ഡ് തകര്‍ന്നു പോയത്. ന്യൂസീലന്‍ഡ് ഓള്‍ റൗണ്ടര്‍ ഡാരില്‍ മിച്ചലിനെ 14 കോടിക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്.

◾ഐപിഎല്‍ താരലേലത്തില്‍ ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്തവരുടെ കൂട്ടത്തില്‍നിന്ന് ഉത്തര്‍പ്രദേശ് താരം സമീര്‍ റിസ്വിയെ 8 കോടി 40 ലക്ഷം രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. 7 കോടി 40 ലക്ഷം രൂപയ്ക്ക് ഷാരൂഖ് ഖാനെ ഗുജറാത്തും 7 കോടി 20 ലക്ഷം രൂപയ്ക്ക് കുമാര്‍ കുശാഗ്രയെ ഡല്‍ഹി ക്യാപിറ്റല്‍സും വിളിച്ചെടുത്തു.

◾സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാന്‍ വന്‍ ഓഫറുമായി സ്വിഗ്ഗി. പോക്കറ്റ് ഹീറോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കേജ് വഴി ഉപയോക്താക്കള്‍ക്ക് 60 ശതമാനത്തോളം ഡിസ്‌കൗണ്ടില്‍ ഇഷ്ടപ്പെട്ട ഭക്ഷണം സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്യാനാകും. മാത്രമല്ല ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് ഡെലിവറി ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് സ്വിഗ്ഗിയുടെ സേവനം കൂടുതലായി ലഭ്യമാക്കാന്‍ വേണ്ടിയാണ് പോക്കറ്റ് ഹീറോ പുറത്തിറക്കിയിരിക്കുന്നതെന്ന് സ്വിഗ്ഗിയുടെ ബിസിനസ് തലവന്‍ സിദ്ധാര്‍ത്ഥ് ഭക്കൂ പറഞ്ഞു. വില കൂടിയ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ സാധാരണക്കാരായ ഉപയോക്താക്കളെ സ്വിഗ്ഗിയുടെ പോക്കറ്റ് ഹീറോ ഓഫര്‍ സഹായിക്കും. സ്വിഗ്ഗി ആപ്പിന്റെ എറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഉപയോക്താക്കള്‍ക്ക് പോക്കറ്റ് ഹീറോ ഓഫറിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. നിലവില്‍ ഡല്‍ഹി, ജയ്പൂര്‍, ലഖ്നൗ, ചണ്ഡീഗഡ് എന്നീ നഗരങ്ങളിലാണ് ഈ ഓഫര്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ കൊച്ചി, ബംഗളൂര്‍, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കും പോക്കറ്റ് ഹീറോ പാക്കേജ് സ്വിഗ്ഗി ആരംഭിക്കും.  

◾യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മജന്റെ നോവല്‍ 'റാം കെയര്‍ ഓഫ് ആനന്ദി' സിനിമയാകുന്നു. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍ നിര്‍മാതാവ് വിഘ്‌നേഷ് വിജയകുമാറാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് സിനിമയാക്കുന്നത്. നവാഗതയായ അനുഷ പിള്ളയാണ് സംവിധായിക.കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ വെല്‍ത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകനും വെല്‍ത്ത് ഐ സിനിമാസ് ജൂറിചെയര്‍മാന്‍ കൂടിയായ കമലും ചേര്‍ന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളംതമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയില്‍ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സംവിധായകന്‍ കമലിന്റെ അസോഷ്യേറ്റ് ഡയറക്ടറായ അനുഷ, വി.കെ. പ്രകാശിന്റെകൂടെയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിവര്‍ഷം മൂന്ന് സിനിമകള്‍ എന്ന ലക്ഷ്യത്തോടെ ലോഞ്ച് ചെയ്ത വെല്‍ത്ത്-ഐ സിനിമാസ് സിനിമയില്‍ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവയ്ക്കുമെന്ന് നിര്‍മാതാവ് വിഘ്‌നേഷ് വിജയകുമാര്‍ അറിയിച്ചു.

◾ശ്രീമുരളി നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ബഗീര' ടീസര്‍ എത്തി. ഹോംബാലെ ഫിലിംസ് ആണ് നിര്‍മാണം. ഡോ. സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രകാശ് രാജും, എസ്എസ്ഇ ഫെയിം രുക്മിണി വസന്തും ഉള്‍പ്പെടുന്ന ഒരു വമ്പന്‍ താരനിര അണിനിരക്കുന്നു. അജ്‌നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹോംബലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ നിര്‍മിക്കുന്ന ബഗീര രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയത്തില്‍ മറ്റൊരു മായാത്ത വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. ചിത്രം 2024ല്‍ ഹോംബലെ ഫിലിംസ് തിയറ്ററുകളില്‍ എത്തിക്കും.

◾ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടാറ്റ മോട്ടോഴ്സ്. വൈദ്യുത വാഹന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ തീരുമാനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന് വിവിധ സ്ഥാപനങ്ങളുമായി ടാറ്റ മോട്ടോഴ്സ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 10,000-ലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കാന്‍ ചാര്‍ജ്സോണ്‍, ഗ്ലൈഡ, സിയോണ്‍ എന്നീ കമ്പനികളുമായാണ് ടാറ്റ മോട്ടോഴ്സ് കൈകോര്‍ക്കുന്നത്. കൂടുതല്‍ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടുന്നതോടെ, ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ചാര്‍ജറുകള്‍ സ്ഥാപിക്കാനുളള സഹായം ലഭിക്കുന്നതാണ്. രാജ്യത്തെ മുന്‍നിര ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരായ ചാര്‍ജ്സോണ്‍, ഗ്ലൈഡ, സ്റ്റാറ്റിക്, പ്രധാന നഗരങ്ങളിലൂടനീളം ഏകദേശം രണ്ടായിരത്തിലധികം ചാര്‍ജ് പോയിന്റുകളുടെ സംയോജിത ശൃംഖലയാണ് ഉള്ളത്. ഇലക്ട്രിക് വാഹന മേഖല പരിപോഷിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള മോഡലുകള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

◾സ്മൃതിയും സംഗീതവും മസ്തിഷ്‌കത്തില്‍ വിലയനം പ്രാപിച്ചുണ്ടാകുന്ന സര്‍ഗ്ഗസാദ്ധ്യതകളെ അന്വേഷിക്കുകയാണ് ഈ നോവല്‍. അതിലൂടെ മറവിയിലെ നിഗൂഢതകളെ കണ്ടെത്താനും വിസ്മൃതിയിലെ ശ്രുതിഭേദങ്ങളെ ശ്രവണസാദ്ധ്യമാക്കാനും ശ്രമിക്കുന്നു. ഓര്‍മ്മയും മറവിയും ഒളിച്ചുകളിക്കുന്ന ജീവന്മരണപോരാട്ടങ്ങള്‍ക്കൊടുവില്‍ വിസ്മൃതിയുടെ അധിനിവേശത്തിനു കീഴടങ്ങിപ്പോകുന്ന അനേകം മനുഷ്യരില്‍ മറവി എങ്ങനെ തീക്ഷ്ണവും ഭീകരവുമായ ഒരു വ്യാധിയായി മാറുന്നു എന്ന് നോവല്‍ ചര്‍ച്ചചെയ്യുന്നു. അതേസമയം സംഗീതവും മറവിരോഗവും ഒരുമിച്ച് ശ്രുതിചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന രസതന്ത്രം ആശ്ചര്യകരമായ സര്‍ഗ്ഗാത്മകതയാണ്. ഓര്‍മ്മയും സംഗീതവും പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ഇത്. 'സ്വരം'. ഇ.പി ശ്രീകുമാര്‍. ഡിസി ബുക്സ്. വില 456 രൂപ.

◾രാവിലെയും രാത്രിയിലും ഭക്ഷണം നേരത്തെ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. സ്‌പെയ്‌നിലെ ബാര്‍സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെയും ഫ്രാന്‍സിലെ സെന്റര്‍ ഓഫ് റിസര്‍ച്ച് ഇന്‍ എപ്പിഡെമോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണഫലം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. ശരാശരി 42 വയസ്സ് പ്രായമുള്ള 1,03,389 പേരില്‍ ഏഴ് വര്‍ഷത്തോളമാണ് പഠനം നടത്തിയത്. പഠനസമയത്ത് ഇതില്‍ 2036 പേര്‍ക്ക് ഹൃദ്രോഗം ബാധിക്കപ്പെട്ടു. പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത് വര്‍ദ്ധിച്ച ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ശരാശരി 42 വയസ്സ് പ്രായമുള്ള 1,03,389 പേരില്‍ ഏഴ് വര്‍ഷത്തോളമാണ് പഠനം നടത്തിയത്. പഠനസമയത്ത് ഇതില്‍ 2036 പേര്‍ക്ക് ഹൃദ്രോഗം ബാധിക്കപ്പെട്ടു. പ്രഭാതഭക്ഷണത്തിന്റെയും അത്താഴത്തിന്റെയും സമയം വൈകിക്കുന്നത് വര്‍ദ്ധിച്ച ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. കലോറി കത്തിക്കാനും വിശപ്പ് നിയന്ത്രിക്കാനുമുള്ള ശരീരത്തിന്റെ ശേഷി ശരീരത്തിലെ സ്വാഭാവിക ക്ലോക്കായ സിര്‍കാഡിയന്‍ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്ന നേരങ്ങള്‍ ഈ റിഥവുമായി യോജിക്കാത്ത പക്ഷം കൊഴുപ്പിനെ ശേഖരിക്കുന്ന ഹോര്‍മോണുകളുടെ തോത് ഉയരുകയും ഇത് വഴി ഭാരവര്‍ധനയുണ്ടാകുകയും ചെയ്യും. അതേ സമയം ഭക്ഷണത്തിന്റെ സമയക്രമത്തിനൊപ്പവും നിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പഠനറിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
വയനാട്ടിലെ ചെന്നലോട് ഇഞ്ചിഫാമിലായിരുന്നു മുസ്തഫയുടെ പിതാവ് ജോലി ചെയ്തിരുന്നത്. ദിവസം 10 രൂപയായിരുന്നു അദ്ദേഹത്തിന്റെ കൂലി. അതുകൊണ്ട് തന്നെ അവനും സഹോദരങ്ങളും സമയം കിട്ടുമ്പോഴെല്ലാം ചെറിയ ചെറിയ ജോലികള്‍ ചെയ്തുവന്നു. ഇഞ്ചിഫാമിലെ ജോലിയില്‍ നിന്നും കൂട്ടിവെച്ച സമ്പാദ്യം കൊണ്ട് 150 രൂപക്ക് അവര്‍ ഒരു ആടിനെ വാങ്ങി. ആ കുടുംബത്തിന്റെ ആദ്യത്തെ സ്വത്തായിരുന്നു അത്. പിന്നീട് ഇത് നാല് ആടുകളായി മാറി. പിന്നെ ഈ ആടിനെ വിറ്റ് അവര്‍ ഒരു പശുവിനെ സ്വന്തമാക്കി. പശു ആ കുടുംബത്തിന് ഒരു സ്ഥിരവരുമാനം നേടിക്കൊടുത്തു. ആറാം ക്ലാസ്സില്‍ തോറ്റതോടെയാണ് മുസ്തഫ പിതാവിനൊപ്പം കൂലിപ്പണിക്ക് പോയിതുടങ്ങിയത്. പിന്നീട് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പഠനം തുടര്‍ന്ന മുസ്തഫ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സില്‍ കേരളത്തില്‍ 63 ാം സ്ഥാനം നേടി. കോഴിക്കോട് ഐ ഐ ടിയില്‍ നിന്നും ബിരുദം നേടി ദുബായിലും യൂറോപ്പിലും തുടര്‍ന്ന് ജോലി നേടി. വീണ്ടും നാട്ടിലേക്ക് തിരികെ വന്ന് എംബിഎ പൂര്‍ത്തിയാക്കി ജോലി ചെയ്യുന്നതിനിടയിലാണ് വീണ്ടും ബിസിനസ്സ് എന്ന ആശയം കടന്നുവന്നത്. അങ്ങനെ 2005 ല്‍ 50,000 രൂപ നിക്ഷേപത്തില്‍ 5 സഹോദരങ്ങള്‍ കൂടി ചേര്‍ന്ന്ഇഡ്‌ലി, ദോശമാവ് യൂണിറ്റ് ആരംഭിച്ചു. 2010 ല്‍ മലബാര്‍ പൊറോട്ടകൂടി ഇവരുടെ ബിസിനസ്സിലേക്ക് കടന്നുവന്നു. പിന്നീട് ഐഡി ഫ്രഷ്ഫുഡ് വട ബാറ്റര്‍ പുറത്തിറക്കി. നേരിടേണ്ടിവന്ന പ്രതിസന്ധികളെയെല്ലാം അവര്‍ ക്ഷമയോടെ തരണം ചെയ്തു. ഇന്ന് ഏകദേശം 2000 കോടി ആസ്തിയില്‍ ഇന്ത്യയിലും വിദേശത്തുമായി 45 ലധികം നഗരങ്ങില്‍ മുസ്തഫയും തന്റെ ഐഡി ഫ്രഷ് ഫുഡും വളര്‍ന്നുകൊണ്ടേയിരിക്കുന്നു... ചിലരുടെ ജീവിതവിജയങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്. പക്ഷേ, ആ വിജയപഥത്തില്‍ എത്തുന്നതിന് മുമ്പ് അവര്‍ കടന്നുവന്ന ദുര്‍ഘടമായ ജീവിതപാതകളുണ്ട്. ആ ദുര്‍ഘടപാതകളെ നാം എങ്ങിനെ അഭിമുഖീകരിക്കുന്നു, തരണം ചെയ്യുന്നു എന്നത് തന്നെയാണ് പ്രധാനം.. നമുക്കുമുന്നിലും കടന്നുവരുന്ന ദുര്‍ഘടങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുളള ക്ഷമയും കഠിനാധ്വാനവും കൂട്ടായി നമ്മോടൊപ്പം ഉണ്ടാകട്ടെ - ശുഭദിനം.