◾പാര്‍ലമെന്റില്‍ 78 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡു ചെയ്തു. പാര്‍ലമെന്റ് ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ബഹളംവച്ചതിനാണു സസ്പെന്‍ഷന്‍. 33 ലോക്സഭാംഗങ്ങളേയും 45 രാജ്യസഭാംഗങ്ങളേയുമാണു സസ്പെന്‍ഡു ചെയ്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ എംപിമാരെ സസ്പെന്‍ഡു ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, ജയറാം രമേശ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ മുരളീധരന്‍, ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ അടക്കമുള്ളവരാണു സസ്പെന്‍ഷനിലായത്. 14 എംപിമാരെ കഴിഞ്ഞയാഴ്ച സസ്പെന്‍ഡു ചെയ്തിരുന്നു. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
◾ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐയുടെ പ്രതിഷേധം സംസ്ഥാന വ്യാപകമാക്കി. പ്രതിഷേധം കൂസാതെ കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാര്‍ വേദിയില്‍ പ്രസംഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരീക്ഷാ ഭവനു സമീപം കറുത്ത വസ്ത്രം ധരിച്ചും കറുത്ത ബലൂണ്‍ പറത്തിയും നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ചു. മിഠായി തെരുവില്‍ നടന്നപ്പോള്‍ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിച്ചതു എസ്എഫ്ഐ ക്രിമിനല്‍ സംഘമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മപീഠവും ഭാരതീയ വിചാര കേന്ദ്രവും നടത്തിയ സെമിനാറില്‍ അധ്യക്ഷനാകേണ്ടിയിരുന്ന വൈസ് ചാന്‍സലര്‍ എം.കെ ജയരാജ് വിട്ടുനിന്നു.
◾നവകേരളാ സദസ് നടത്തിപ്പിനു ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവു കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാല്‍ പണം കണ്ടെത്താനുള്ള ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തിട്ടില്ല.
◾മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവരെ മര്‍ദിക്കുന്ന പോലീസ്, ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ ചേര്‍ത്തു പിടിച്ച് 'മോനേ വിഷമിക്കല്ലേ' എന്നു പറഞ്ഞു താലോലിച്ചുകൊണ്ടാണു കൊണ്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു പാല്‍കുപ്പികൂടി കൊടുക്കേണ്ടതാണ്. പോലീസും ഭരണാധികാരികളും കാട്ടിക്കൂട്ടുന്ന ഈ പ്രഹസനം ജനം കാണുന്നുണ്ടെന്നും സതീശന്‍.
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്രാപരിപാടിയില്‍ മാറ്റം വരുത്തി കോഴിക്കോട് വിമാനത്താവളത്തിലേക്കു നേരത്തെ പോയി. രാത്രി ഏഴോടെ വിമാനത്താവളത്തിലേക്കു പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കാലിക്കട്ട് സര്‍വകലാശാലയിലെ സെമിനാറിനുശേഷം അദ്ദേഹം നേരെ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു. ഗവര്‍ണര്‍ പോയശേഷം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.
◾ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും എല്ലാ കാമ്പസുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ.
◾മുല്ലപ്പെരിയാര്‍ ഡാം ഇന്നു രാവിലെ പത്തിന് തുറക്കും. സെക്കന്‍ഡില്‍ 10,000 ഘനയടി വെള്ളം വരെ തുറന്നു വിടും. പെരിയാര്‍ തീരത്തുള്ളവരും ഇടുക്കി ജില്ലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം.
◾സര്‍വകലാശാലകളില്‍ അച്ചടക്കം തിരികെ കൊണ്ടുവരണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തില്ല. എസ്എഫ്ഐ എല്ലാ വിദ്യാര്‍ത്ഥികളേയും പ്രതിനിധീകരിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്തു തിരിച്ചെത്തിയ ഗവര്‍ണര്‍ക്കെതിരേ ജനറല്‍ ആശുപത്രിക്ക് സമീപം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
◾പുനലൂരിലെ നവകേരള സദസ് വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധവുമായി വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നവകേരള സദസ് ഏതെങ്കിലും മുണിക്കെതിരായ പരിപാടിയല്ലെന്നു മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ 'അല്ല, അല്ല' എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ സ്റ്റേജിലേക്കു കയറാന്‍ ശ്രമിച്ചത്. പല രൂപത്തിലും നവകേരള സദസിനെ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെു മുഖ്യമന്ത്രി പറഞ്ഞു.
◾ശാസ്താംകോട്ട ഭരണിക്കാവില്‍ നവകേരള ബസിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
◾കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്ന് കോഴിക്കോട് മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്നു തെളിയിച്ചതിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നന്ദിയെന്നു മന്ത്രി മുഹമ്മദ് റിയാസ്. വേറെ ഏതെങ്കിലും സംസ്ഥാനത്ത് ഇങ്ങനെ നടക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
◾സുല്‍ത്താന്‍ ബത്തേരിയില്‍ കര്‍ഷകനായ പ്രജീഷിനെ കടിച്ചു കൊന്ന നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിനടുത്തുവച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തിറങ്ങി. കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കു മാറ്റി.
◾ശബരിമലയിലെ കടകളില്‍ അമിതവില ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കണമെന്നു ഹൈക്കോടതി. ബന്ധപ്പെട്ടവരുടെ ഇമെയില്‍, നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
◾തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനു രാത്രി 11 വരെ മൈക്ക് ഉപയോഗിക്കാന്‍ അനുമതി. രാത്രി 7.30 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നൈറ്റ് ലൈഫ്. രാത്രി 11 നു ശേഷം ഉച്ചഭാഷിണിയില്ലാതെ പരിപാടി അവതരിപ്പിക്കാം.
◾തൃശൂര്‍ പൂരം ചടങ്ങ് മാത്രമാക്കേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അംഗങ്ങളുടെ യോഗത്തില്‍ പ്രമേയം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എക്സിബിഷന്‍ ഗ്രൗണ്ടിന്റെ വാടക 45 ലക്ഷം രൂപയില്‍നിന്ന് രണ്ടേകാല്‍ കോടി രൂപയായി വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്കു കാരണം. എക്സിബിഷനിലെ വരുമാനംകൊണ്ടാണ് പൂരം നടത്തുന്നത്. മുഖ്യമന്ത്രി വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു.
◾തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെറ്റിനാട്ട് വീട്ടില്‍ നെജിനെ (36) യാണ് അറസ്റ്റു ചെയ്തത്. കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ് ഇയാള്‍.
◾പെരുമ്പാവൂരില്‍ കുളത്തിലേക്കു ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആന്ധ്ര സ്വദേശിയായ ഡ്രൈവര്‍ ദിവാങ്കര്‍ ശിവാങ്കി ആണ് മരിച്ചത്.
◾തെക്കന്‍ തമിഴ്നാട്ടില്‍ പ്രളയം. കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകള്‍ക്ക് ഇന്നും അവധി. മഴക്കെടുതിയില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനു സൈന്യമിറങ്ങി.
◾മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 21 നു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെജരിവാള്‍ ഹാജരായില്ല.
◾'ഇന്ത്യ' സഖ്യത്തിന്റെ നാലാമത് വിശാല യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അശോക ഹോട്ടലില്‍ മൂന്ന് മണിക്കാണ് യോഗം.
◾പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സഖ്യം സാധ്യമാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നേ സഖ്യം യാഥാര്‍ത്ഥ്യമാകുമെന്നു മമത പറഞ്ഞു.
◾കര്‍ണാടകയില്‍ എന്‍ഐഎ നടത്തിയ റെയ്ഡിനിടെ ഐഎസുമായി ബന്ധമുള്ള എട്ടു പേര്‍ അറസ്റ്റിലായി. മുംബൈ, പൂനെ, ഡല്‍ഹി തുടങ്ങിയ 19 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
◾രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ മുരുഗനെ ലണ്ടനിലേക്കു വിടാനാകില്ലെന്ന് കേന്ദ്രം. ശ്രീലങ്കന്‍ പൗരനായ മുരുഗനെ ശ്രീലങ്കയിലേക്കു വിടാം. ആവശ്യമായ രേഖകള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തന്നാലേ അതു സാധ്യമാകൂ. ലണ്ടനിലുള്ള മകളുടെ അടുത്തേക്കു പോകണമെന്ന മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
◾മംഗളൂരുവില്‍ വളര്‍ത്തുമകളെ കാണാതായതിന്റെ പേരില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതിന് പെണ്‍കുട്ടിയുടെ കാമുകനടക്കം നാലു പേരെ കാസര്‍കോടുനിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ദത്തുപുത്രിയുടെ കാമുകനും ഷിര്‍വ സ്വദേശിയുമായ ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂര്‍ സ്വദേശി മുഹമ്മദ് അസീസ് എന്നിവരാണ് അറസ്റ്റിലായത്. ലീലാധര്‍ ഷെട്ടിയും (68) ഭാര്യ വസുന്ധരയുമാണു മരിച്ചത്.
◾ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയില്‍ ഇറക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഡ്രൈവര്‍മാരുടെ ജോലി സംരക്ഷിക്കാനാണിത്. ഐഐഎം നാഗ്പൂര്‍ ആതിഥേയത്വം വഹിച്ച സീറോ മൈല്‍ സംവാദിന്റെ ഭാഗമായി ബിസിനസ് ടുഡേയോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
◾ലഖ്നൗവിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ തീപിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ലഖ്നൗ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആശുപത്രിയിലാണ് സംഭവം.
◾അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് കാണാതായി ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തിയ തക്കാളിയുടെ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയെടുത്ത തക്കാളിയുടെ ആദ്യ ഫലമാണ് കാണാതായിരുന്നത്.
◾സ്വവര്‍ഗ ലൈംഗിക പങ്കാളികളെ ആശീര്‍വദിക്കാന്‍ വൈദികര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുമതി നല്‍കി. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നു പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ആശീര്‍വാദം നല്‍കുന്ന ചടങ്ങിന് വിവാഹ ചടങ്ങുകളുമായി സാമ്യം പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പഞ്ചാബ്. ഈ സീസണിലെ ആദ്യ ജയം കരസ്ഥമാക്കിയ പഞ്ചാബ് പത്താം സ്ഥാനത്താണ്. ഇതുവരെ ഒരു കളിയും ജയിക്കാനാവാത്ത ഹൈദരാബാദാണ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത്.
◾ഐപിഎല്‍ 2024 താരലേലം ഇന്ന് ദുബായില്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഐ.പി.എല്‍. 17-ാം സീസണിന്റെ താരലേലം ആരംഭിക്കുക. 333 പേരുടെ ലിസ്റ്റാണ് ലേലത്തിലുള്ളത്. അതില്‍ 214 പേര്‍ ഇന്ത്യക്കാരും 119 പേര്‍ വിദേശികളുമാണ്. ഇതില്‍ നിന്ന് പത്ത് ടീമുകള്‍ക്കായി 77 പേരെയാണ് ആകെ തിരഞ്ഞെടുക്കാനാവുക. അതില്‍ത്തന്നെ 30 പേര്‍ വിദേശികളായിരിക്കണം.
◾ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെയും ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയുടെയും കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ റെക്കോഡ് പണമൊഴുക്ക്. നടപ്പു വര്‍ഷം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വാങ്ങിയത് ഒന്നര ലക്ഷം കോടി രൂപയുടെ ഓഹരികളാണെന്ന് എക്സ്ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ വൃക്തമാക്കുന്നു. ആറു വര്‍ഷത്തിനിടെയിലെ ഏറ്റവും മികച്ച പ്രതിവാര മുന്നേറ്റവുമായാണ് സെന്‍സെക്സും നിഫ്റ്റിയും വെള്ളിയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. പലിശ വര്‍ദ്ധന നടപടികള്‍ക്ക് വിരാമമായെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെയും ബാങ്ക് ഒഫ് ഇംഗ്ളണ്ടിന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിലപാടുകളാണ് കഴിഞ്ഞ വാരം ഇന്ത്യയിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലും വിദേശ നിക്ഷേപകര്‍ സജീവമായി ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇക്കാലയളവില്‍ 18,858.5 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. യു.എസ് കടപ്പത്രങ്ങളുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവ് മൂലം മികച്ച വരുമാന സാദ്ധ്യത തുറന്നിടുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള എമര്‍ജിംഗ് സാമ്പത്തിക മേഖലകളില്‍ വിദേശ നിക്ഷേപകര്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നു. ഐ.ടി, ലോഹങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയിലാണ് നിക്ഷേപ താത്പര്യം മികച്ച തോതില്‍ ദൃശ്യമായത്.
◾ഈ ക്രിസ്മസിന് തിയേറ്ററില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങളാണ്. മലയാളത്തില്‍ നിന്നും മോഹന്‍ലാലിന്റെ 'നേര്' ആണ് ക്രിസ്മസ് റിലീസ് ആയി ആദ്യം എത്തുന്ന ചിത്രം. ഡിസംബര്‍ 21ന് തന്നെ ഷാരൂഖ് ഖാന്‍ ചിത്രം 'ഡങ്കി'യും തിയേറ്ററുകളിലെത്തും. ഇതിന് പിന്നാലെ ഡിസംബര്‍ 22ന് ആണ് 'സലാര്‍' റിലീസ് ചെയ്യുക. സലാറിനൊപ്പം തന്നെ ഹോളിവുഡ് ചിത്രം 'അക്വാമാനും' തിയേറ്ററിലെത്തും. എന്നാല്‍ കേരളത്തില്‍ റെക്കോര്‍ഡ് ഇടാന്‍ പോകുന്നത് സലാര്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് സലാറിന് ലഭിക്കുന്നത്. കേരളത്തില്‍ സലാര്‍ ഒരു കോടിയില്‍ അധികം ടിക്കറ്റ് ബുക്കിംഗില്‍ നിന്നും നേടിക്കഴിഞ്ഞു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഷാരൂഖിന്റെ ഡങ്കിക്ക് എട്ട് ലക്ഷമാണ് കളക്ഷന്‍ മുന്‍കൂറായി നേടാനായത്. ഇതു കണക്കിലെടുത്താല്‍ ഇന്ത്യയിലെ പല കളക്ഷന്‍ റെക്കോര്‍ഡുകളും സലാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ 'ജവാന്‍', 'പഠാന്‍' എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡിനൊപ്പം ഡങ്കിക്ക് എത്താന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷത്തെ 1000 കോടി ചിത്രങ്ങളാണ് ഷാരൂഖിന്റെ ജവാനും പഠാനും. അതേസമയം, സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നതാണ് മലയാളി പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഘടകം. പ്രശാന്ത് നീല്‍ ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.
◾ബിജു മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'തുണ്ട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന തുണ്ടിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാക്ഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഫെബ്രുവരി 16 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
◾ഇന്ത്യയില്‍ കിയ സോനെറ്റിന്റെ വില്‍പ്പന 3.68 ലക്ഷം യൂണിറ്റ് വില്‍പ്പന കടന്നതായി കമ്പനി. അടുത്തിടെയാണ് പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ കമ്പനി അവതരിപ്പിച്ചത്. സോനെറ്റിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് 2024 ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍ എച്ച്ടിഇ, എച്ച്ടികെ, എച്ച്ടി+, എച്ച്ടിഎക്സ്, എച്ച്ടിഎക്സ്+, ജിടിഎക്സ്+, എക്സ് ലൈന്‍ എന്നീ ഏഴ് വകഭേദങ്ങളിലാണ് ഹ്യുണ്ടായ് വെന്യു എതിരാളി കിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. എസ്യുവിയുടെ വില 7.79 ലക്ഷം രൂപയില്‍ ആരംഭിക്കുകയും ടോപ്പ്-സ്പെക്ക് എക്‌സ്-ലൈന്‍ വേരിയന്റിന് 14.89 ലക്ഷം രൂപ വരെ ഉയരുകയും ചെയ്യുന്നു. ഈ രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. അതിന്റെ എഞ്ചിന്‍ പവര്‍ട്രെയിനിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, കിയ സോനെറ്റിന് 1.2 ലിറ്റര്‍ ചഅ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ ഉപഭോക്താക്കള്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. കിയ അടുത്തിടെ സോനെറ്റ് ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു, ഇതിന്റെ വില 2024 ജനുവരിയില്‍ പ്രഖ്യാപിക്കും.
◾ആണവരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന സംഭവകഥയാണിത്. അമേരിക്കയുടെ ആണവപദ്ധതിയുടെ തലവന്‍ ഓപ്പണ്‍ഹൈമര്‍ എന്ന വിവാദപുരുഷനായിരുന്നു. ജീവിച്ചിരുന്ന ശാസ്ത്രജ്ഞര്‍ തന്നെയാണ് കഥാപാത്രങ്ങള്‍. അവര്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍, പീഡനങ്ങള്‍, നേരിട്ട സാഹസപൂര്‍വമായ ഗവേഷണപര്‍വ്വങ്ങള്‍, അണുപരീക്ഷണശാലകളില്‍ അരങ്ങേറിയ അന്തര്‍നാടകങ്ങള്‍, ചാരക്കഥകള്‍, അവഗണനകള്‍ എല്ലാമുണ്ട് ഈ കഥയില്‍. ശാസ്ത്രത്തിലും അതോടൊപ്പംതന്നെ രാഷ്ട്രീയത്തിലും നടന്ന സംഭവങ്ങള്‍ യഥാതഥമായി പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് ഈ നോവലില്‍. കഥയവസാനിക്കുന്നത് ലോകം ഒരിക്കലും മറക്കാത്ത ദുരിതം ഒരു സമൂഹത്തിന് സമ്മാനിച്ചിട്ടാണ്. എന്നെന്നേക്കുമുള്ള ഭയം മനുഷ്യഹൃദയത്തില്‍ അവശേഷിപ്പിച്ചിട്ടാണ്. 'ഓപ്പണ്‍ഹൈമര്‍'. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്. ഡിസി ബുക്സ്. വില 399 രൂപ.
◾വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ അത്താഴം കഴിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് വയര്‍ ചാടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. കാരണം കാര്‍ബോഹൈഡ്രേറ്റിനാല്‍ സംമ്പുഷ്ടമാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാന്‍ കാരണമാകും. ഇതുമൂലമാണ് വയര്‍ ചാടുന്നത്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ രാത്രി ചോറ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാനും ദഹനം മന്ദഗതിയിലാകാനും ഇടയാക്കും. വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും അത്താഴത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രി ചോറിന് പകരം ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വണ്ണം കുറയ്ക്കാനും വയര്‍ ചാടാതിരിക്കാനും സഹായിക്കും. ഉപ്പുമാവ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലും ഉപ്പുമാവ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന അനുയോജ്യമായൊരു ഭക്ഷണം ആണ്. ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. രാത്രി പഴങ്ങളും പച്ചക്കറികളും അടങ്ങിയ സാലഡ് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ നട്സും രാത്രി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയര്‍ പെട്ടെന്ന് നിറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാനും ഗുണം ചെയ്തേക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അക്ബറിന് ഒരാഗ്രഹം, തന്റെ രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന തൊഴില്‍ ഏതാണ്? ബീര്‍ബല്‍ പറഞ്ഞു: അത് വൈദ്യരന്മാരായിരിക്കും. പക്ഷേ, അക്ബറിന് അതത്ര വിശ്വാസം വന്നില്ല. അപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: ശരി, നാളെ രാവിലെ അങ്ങ് നഗരകവാടത്തില്‍ വരണം. പിറ്റേ ദിവസം രാവിലെ തന്നെ അക്ബര്‍ എത്തി. അപ്പോഴാണ് ബീര്‍ബലിന്റെ കയ്യിലെ മുറിവ് അക്ബര്‍ കണ്ടത്. അക്ബര്‍ ചോദിച്ചു: എന്തുപറ്റി? വിറകുവെട്ടിയപ്പോള്‍ അബദ്ധത്തില്‍ പറ്റിയതാണെന്ന് ബീര്‍ബല്‍ പറഞ്ഞു. മുറിവില്‍ വെള്ളമൊഴിക്കാനും മരുന്ന് വെച്ച് കെട്ടാനും ചക്രവര്‍ത്തി നിര്‍ദ്ദേശിച്ചു. അപ്രകാരം ചെയ്ത ശേഷം ബീര്‍ബല്‍ പറഞ്ഞു: ഇനി ഇതുവഴി വരുന്ന വൈദ്യന്മാരുടെ മുഴുവന്‍ പേരുകളും അങ്ങെഴുതണം. വൈകുന്നേരം വൈദ്യന്മാരുടെ പേരുകള്‍ അക്ബര്‍ നല്‍കിയപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: ഇതില്‍ അങ്ങയുടെ പേരില്ലല്ലോ? താങ്കളാണ് എനിക്കാദ്യം മരുന്ന് നിര്‍ദ്ദേശിച്ചത്...പിന്നീട് വന്ന എല്ലാവരും അവരവരുടേതായ നിര്‍ദ്ദേശങ്ങള്‍ വെച്ചു. ഇപ്പോള്‍ മനസ്സിലായോ നാട്ടില്‍ അധികവും വൈദ്യന്മാരാണെന്ന്.. അക്ബര്‍ ബീര്‍ബലിനെ പുഞ്ചിരിച്ചുകൊണ്ട് ചേര്‍ത്ത് പിടിച്ചു. അനാവശ്യകാര്യങ്ങളിലും അറിവില്ലാത്ത കാര്യങ്ങളിലും ഇടപെടുന്നവരാണ് അധികവും. ഈ ഇടപെടല്‍ അവസാനിപ്പിച്ചാല്‍ ഓരോരുത്തരും തങ്ങളുടേതായ വഴികളിലൂടെ ശരിയിലേക്കെത്തിച്ചേരും. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവയെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന ഒരു സമൂഹവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കില്ല. വിദഗ്ദാഭിപ്രായവും പൊതുജനാഭിപ്രായവും രണ്ടാണ്. അറിവുള്ളവരെ പറയാനനുവദിക്കുക... അറിവില്ലാത്തതിനെക്കുറിച്ച് സംസാരിക്കാതിക്കാന്‍ ശ്രദ്ധിക്കുക.. - ശുഭദിനം.