*പ്രഭാത വാർത്തകൾ*2023 ഡിസംബർ 18 തിങ്കൾ

◾തെരുവു യുദ്ധവുമായി സിപിഎമ്മും ഗവര്‍ണറും. കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ എസ്എഫ്ഐ കെട്ടിയ ബാനറുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനെക്കൊണ്ട് അഴിപ്പിച്ചു. രാത്രി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി വീണ്ടും ബാനര്‍ കെട്ടി. ഗവര്‍ണര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കു പിറകില്‍ മുഖ്യമന്ത്രിയാണെന്നു രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പു പുറത്തിറക്കി. ഗവര്‍ണറുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്കെതിരേ ഇന്നു രണ്ടായിരം കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ നടത്തുമെന്ന് ഡിവൈഎഫ്ഐ.

◾ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രി ബോധപൂര്‍വം ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ക്കുകയാണെന്നും രാജ്ഭവന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിനു സമീപം ബാനര്‍ ഉയര്‍ത്താനാകില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയുടെ തുടക്കമാണിത്. രാജ്ഭവന്‍ അസാധാരണ വാര്‍ത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി.

◾എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ക്കു സമനില തെറ്റിയിരിക്കുകയാണ്. ബ്ലഡി കണ്ണൂര്‍ എന്നു ഗവര്‍ണര്‍ പറഞ്ഞത് കണ്ണൂരിനെ അപമാനിക്കലാണ്. അനേകം ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച കണ്ണൂരിന്റെ വീരകഥകള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണു മുഖ്യമന്ത്രിയുടെ മറുപടി.

◾കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ടു നീക്കം ചെയ്യിച്ചതിനു പിറകേ കാമ്പസില്‍ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തി. രാത്രിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തുകൊണ്ടാണ് ബാനറുകള്‍ നീക്കം ചെയ്യിച്ചത്. പിന്നാലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി. തടഞ്ഞ പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടായി. പുലരും മുമ്പ് കാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ നൂറോളം ബാനറുകള്‍ ഉയര്‍ത്തുമെന്ന് ആര്‍ഷോ.

◾'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യവുമായി ഇന്ന് സംസ്ഥാനത്തെ രണ്ടായിരം കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിഷേധ ബാനര്‍ ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

◾കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഇറങ്ങി നടന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരേ എസ് എഫ് ഐ ബാനര്‍ കെട്ടിയതിനു വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. ബാനറുകള്‍ എന്തുകൊണ്ട് നീക്കിയില്ലെന്നും ചോദ്യമുണ്ട്.

◾സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അംഗീകരിക്കാതെ മുന്നോട്ട് പോകുന്ന ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

◾ചാന്‍സലറെന്ന നിലയില്‍ നിയമപ്രകാരം ഗവര്‍ണര്‍ക്ക് ചില അവകാശങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തര്‍ക്കമുണ്ടെങ്കില്‍ കോടതിയില്‍ പോകണം വിദ്യാര്‍ത്ഥികളെ ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിച്ചത് അദ്ദേഹത്തിന് അങ്ങനെ തോന്നിയത് കൊണ്ടാകുമെന്നും ശശി തരൂര്‍.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അക്രമത്തിനിറങ്ങിയ എസ്എഫ്ഐക്കാരെ പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല, പാര്‍ട്ടി നേതാവു മാത്രമായാണ് പിണറായി സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

◾മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഭീഷണിയുമായി സോഷ്യല്‍മീഡിയയില്‍. 'കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപീകൃഷ്ണനാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. കുമ്മിള്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കുമ്മിള്‍ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിനാണു ഗോപി കൃഷ്ണന്റെ കമന്റ്.

◾കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉയര്‍ത്തിയ ബാനറുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു ബാനര്‍ നീക്കിയാല്‍ നൂറു ബാനറുകള്‍ വേറെ ഉയരും. ഗവര്‍ണര്‍ രാജാവും സര്‍വകലാശാല രാജപദവിക്കു കീഴിലുള്ള സ്ഥലവുമല്ല. ആര്‍ഷോ പറഞ്ഞു.  

◾സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ നവകേരള സദസിനിടെ മുഖ്യമന്ത്രി അപമാനിച്ചത് അദ്ദേഹത്തിന്റെ ഫാസിസ്റ്റ് സമീപനത്തിനു തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇത്രയും അസഹിഷ്ണുതയുള്ള ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് മലയാളികള്‍ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

◾എസ് എഫ് ഐ പ്രവര്‍ത്തകരെ ഗവര്‍ണര്‍ പേരകുട്ടികളെപോലെ കണ്ടാല്‍ മതിയെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍. ജനാധിപത്യ രീതിയില്‍ സമരം നടത്താന്‍ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബാനര്‍ ഉയര്‍ത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു.

◾കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് തുക അനുവദിച്ചത്.

◾സ്‌കൂളുകളിലെ പാചക തൊഴിലാളികള്‍ക്കു കൂടുതല്‍ പ്രതിഫലം നല്‍കുന്നതു കേരളമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രി വി. ശവിന്‍കുട്ടി. കേരളം പ്രതിമാസം നല്‍കുന്നത് 12,000 രൂപയാണെന്നാണു കേന്ദ്രം പുറത്തിറക്കിയ രേഖയില്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ 13,500 രൂപ വരെ നല്‍കുന്നുണ്ട്. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 2,500 രൂപയും ഉത്തര്‍പ്രദേശില്‍ 2,000 രൂപയുമാണ് നല്‍കുന്നതെന്ന് ശിവന്‍കുട്ടി അറിയിച്ചു.

◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഖത്തറില്‍ ജോലി ചെയ്തിരുന്ന മലപ്പുറം അമരമ്പലം സ്വദേശി ഷമീറിനെയാണ് കായംകുളം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

◾ഡ്രൈവര്‍ക്കു തലകറങ്ങിയതുമൂലം നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് അഞ്ചു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന വാഹനങ്ങള്‍ക്കു പിന്നിലാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. 12 പേര്‍ക്ക് പരിക്കേറ്റു.

◾വണ്ടിപ്പെരിയാര്‍ പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വനിതാ പ്രവര്‍ത്തകര്‍ അടക്കം ബാരിക്കേഡിന് മുകളില്‍ കയറി. ആറു പ്രവര്‍ത്തകരെ പൊലീസ് പിടികൂടി വാഹനത്തില്‍ കയറ്റി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കിയതോടെ ഇവരെ ഇറക്കിവിട്ടു. ഒരു മണിക്കൂറോളം കൊട്ടാരക്കര -ദിഡിഗല്‍ ദേശീയപാത ഉപരോധിച്ചു.

◾അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്കുപോസ്റ്റിന് സമീപം ഒന്നര മണിക്കൂര്‍ വഴി തടഞ്ഞ് ഒറ്റയാനായ കട്ടപ്പ. എണ്ണപ്പന റോഡിലേക്ക് തള്ളിയിട്ട് ആന റോഡില്‍ നിന്നു. രാവിലെ ആറു മണിയോടെയാണ് സംഭവം.

◾വല്ലാര്‍പാടം പനമ്പുകാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. ആദികേശവന്‍ എന്ന ആന ആനപ്പുറത്തിരുന്ന പാപ്പാന്‍ അടക്കമുള്ളവരെ താഴെ ഇട്ടു. ആനപ്പുറത്ത് തിടമ്പെടുത്ത് ഇരുന്ന നാലുപേരുമായി ആന ക്ഷേത്ര മുറ്റം വിട്ട് റോഡിലേക്കിറങ്ങി. തലകുടഞ്ഞ് രണ്ടു പേരെ താഴെ വീഴ്ത്തി ചവിട്ടാന്‍ ശ്രമിച്ചു. അത്ഭുതകരമായാണ് ഇവര്‍ ഒഴിഞ്ഞുമാറിയത്. മറ്റു രണ്ടു പേര്‍ മരക്കൊമ്പില്‍ തൂങ്ങിയാണു രക്ഷപ്പെട്ടത്.

◾റാന്നി കുറുമ്പന്‍മുഴിയില്‍നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം പ്രായമുള്ള കുട്ടിയാന ചരിഞ്ഞു. തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ച ശേഷമാണ് ചരിഞ്ഞത്.

◾കനത്ത മഴമൂലം തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തെക്കന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

◾തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയില്‍ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ മൂന്ന് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

◾തൊഴിലില്ലായ്മ ഉയര്‍ത്തിക്കാണിച്ച് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 21 നു ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും.

◾ബിഹാറില്‍ പൂജാരിയെ വെടിവച്ചുകൊന്ന് കണ്ണു ചൂഴ്ന്നെടുത്തു. ദനപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരി മനേജ് കുമാര്‍ എന്ന 32 കാരനാണു കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തു സംഘര്‍ഷാവസ്ഥയാണ്.

◾തമിഴ്‌നാട്ടില്‍നിന്നും പുതുച്ചേരിയില്‍നിന്നുമുള്ള 1400 പ്രമുഖര്‍ പങ്കെടുക്കുന്ന കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എഐ സഹായത്തോടെയായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗം തല്‍സമയം എഐ സഹായത്തോടെ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തു.

◾ഒരു ജോഡി സൈബീരിയന്‍ കടുവകളെ ഇന്ത്യയില്‍ എത്തിച്ചു. സൈപ്രസിലെ പാഫോസ് മൃഗശാലയക്ക് ഒരു ജോഡി റെഡ് പാണ്ടകളെ നല്‍കിയാണ് ഇന്ത്യ രണ്ടു സൈബീരിയന്‍ കടുവകളെ സ്വന്തമാക്കിയത്. ഡാര്‍ലജിങ്ങിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ലാറ, അക്കാമസ് എന്നീ പേരുകളുള്ള കടുവകളെ തുറന്നുവിട്ടു.

◾ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതി പഴയ ക്ലബ് പോലെയാണെന്നും പഴയ സ്ഥിരാംഗങ്ങള്‍ എല്ലാം കൈയടക്കി വച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പുതിയ രാജ്യങ്ങള്‍ക്കു സ്ഥിരാംഗത്വം നല്‍കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരേ ഒഡീഷയ്ക്ക് ജയം. മൂന്ന് ഗോളിനാണ് ഒഡീഷ ഹൈദരാബാദിനെ തകര്‍ത്തത്. ഒഡീഷയുടെ മുന്നേറ്റ താരം റോയ് കൃഷ്ണയാണ് രണ്ട് ഗോളുകള്‍ നേടിയത്.

◾ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ എട്ടുവിക്കറ്റിന്റെ വിജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 5 വിക്കറ്റെടുത്ത അര്‍ശ്ദീപ് സിങ്ങിന്റേയും 4 വിക്കറ്റെടുത്ത ആവേശ് ഖാന്റേയും പ്രകടന മികവില്‍ വെറും 116 റണ്‍സിന് മുട്ടുകുത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 55 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും 52 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

◾വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യന്‍ കമ്പനികളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പൊതുമേഖല ഓയില്‍ റിഫൈനറി കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനും. കമ്പനിയില്‍ വെനസ്വേലന്‍ എണ്ണ സംസ്‌കരിക്കാനാകുമെന്നും വെനസ്വേലയില്‍ നിന്നുള്ള ഇറക്കുമതി ബി.പി.സി.എല്ലിന്റെ റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് തിരിച്ചടിയാകില്ലെന്നും കമ്പനിയുടെ റിഫൈനറി മേധാവി പറഞ്ഞു. കൊച്ചി, മുംബൈ, ബിന എന്നിവിടങ്ങളിലാണ് ബി.പി.സി.എല്ലിന്റെ മൂന്ന് റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്നത്. ഒക്ടോബറില്‍ വെനസ്വേലന്‍ എണ്ണയ്ക്ക് മേലുള്ള യു.എസ് ഉപരോധം നീക്കിയതിന് ശേഷം ഇന്ത്യയില്‍ നിന്നും ഇതുവരെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്.പി.സി.എല്‍-മിത്തല്‍ എനര്‍ജി എന്നീ കമ്പനികള്‍ വെനസ്വേലന്‍ എണ്ണ വാങ്ങുന്നതിനായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ പ്രതിമാസം പത്ത് ദശലക്ഷം ബാരല്‍ എണ്ണ വാങ്ങിയിരുന്നു. റഷ്യയെപ്പോലെ വിപണിവിലയില്‍ നിശ്ചിത ഡിസ്‌കൗണ്ട് ഇന്ത്യക്ക് വെനസ്വേലയും വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെയാണ് ഇന്ത്യ 85-90 ശതമാനവും ആശ്രയിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി 2011-12ലെ 171.73 മില്യണ്‍ ടണ്ണില്‍ നിന്ന് 2020-21ല്‍ 226.95 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ റഷ്യയും ഇറാഖും സൗദി അറേബ്യയുമാണ് മുന്നില്‍. ഏപ്രില്‍-സെപ്തംബര്‍ മാസങ്ങളില്‍ ഏകദേശം 116.2 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ അളവ്.

◾അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രാസ്ത'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. മരുഭൂമിയിലെ അതിജീവനവും അവിശ്വസനീയതയും പ്രതീക്ഷയും ഒക്കെയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍ , ആരാധ്യ ആന്‍,സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി , ഫഖ്‌റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാന്‍ സംരഭത്തില്‍ ഭാഗമാകുന്നുണ്ട്. ഷാഹുല്‍,ഫായിസ് മടക്കര എന്നിവരാണ് 'രാസ്ത'യുടെ കഥ തിരക്കഥ സംഭാഷണം എഴുതുന്നത്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോര്‍ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരി നാരായണന്‍,വേണു ഗോപാല്‍ ആര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്‍, അല്‍ഫോന്‍സ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകര്‍.

◾നാനി നായകനായി എത്തിയ പുതിയ ചിത്രമാണ് 'ഹായ് നാണ്ണാ'. മൃണാള്‍ താക്കൂറാണ് നായികയായി എത്തിയിരിക്കുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹായ് നാണ്ണാ യുഎസ്സിലും കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. യുഎസ്സില്‍ ഹായ് നാണ്ണാ 13 കോടി രൂപയിലധികം നേടി എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്ണ കാന്ത് എഴുതിയ വരികളുള്ള ഗാനം റിലിസീനു മുന്നേ ഹിറ്റായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്യുന്നു.

◾കടുത്ത മത്സരമുള്ള മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ ശ്രദ്ധേയമായ നേട്ടവുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ. എലിവേറ്റ് എന്ന പുതിയ മോഡലിലൂടെയാണ് കമ്പനിയുടെ മുന്നേറ്റം. അരങ്ങേറ്റം കഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ എലിവേറ്റ് എസ്യുവിയുടെ 20,000 യൂണിറ്റുകള്‍ കമ്പനി വിറ്റു എന്നാണ് കണക്കുകള്‍. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 50 ശതമാനത്തിലധികം സംഭാവന നല്‍കിയത് എലിവേറ്റാണ്. മൂന്നുമാസം മുമ്പ് ലോഞ്ച് ചെയ്തതിനുശേഷം, ഹോണ്ട എലിവേറ്റ് ശക്തമായ വില്‍പ്പന പ്രകടനം സ്ഥിരമായി പ്രകടമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഹോണ്ട എലിവേറ്റിന്റെ യഥാക്രമം 5,685, 4,957, 4,755 യൂണിറ്റുകള്‍ വിജയകരമായി വിറ്റു. എസ്വി, വി, വിഎക്സ്, ഇസെഡ് എക്സ് എന്നീ നാല് വകഭേദങ്ങളില്‍ എലിവേറ്റ് മോഡല്‍ ലൈനപ്പ് ലഭ്യമാണ്. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെയാണ് വില. മാനുവല്‍ വേരിയന്റുകള്‍ 11 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. 14.90 ലക്ഷം രൂപ വരെ ഇവയുടെ വില ഉയരുന്നു.

◾ധനികനും സുല്‍ത്താനും, കിന്നരനും തത്തകളും, കുതിരവാലും ഒട്ടകവാലും, മരംകൊത്തി പറഞ്ഞ കഥകള്‍, മായക്കുതിര, ഒ കാമിയുടെ കഥ എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചു വാങ്ങാം . ഹാര്‍ഡ് ബൗണ്ട് ,ആകര്‍ഷകമായ ബഹുവര്‍ണ്ണച്ചിത്രങ്ങള്‍ സഹിതം. 'ലോകനാടോടികഥകള്‍'. ഡിസി ബുക്സ്. വില 1,999 രൂപ.

◾ശരീരത്തില്‍ പ്രധാനമായും ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ചര്‍മ്മത്തിന്റെ പുറംപാളിയായ എപ്പിഡെര്‍മിസിന്റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്നതാണ് സോറിയാസിസ് എന്നും പറയാം. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും ശകലങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇവ കൂടുതലായും കാണപ്പെടുന്നത് തലയിലും കൈകളിലും കാലുകളിലും മുട്ടുകളിലും പുറത്തുമാണ്. തലയില്‍ താരന്‍ പോലെ ശകലങ്ങളായി പാടുകളായോ സോറിയാസിസ് തുടങ്ങാം. നഖങ്ങളില്‍ നിറവ്യത്യാസം, ചെറിയ കുത്തുകള്‍, കേട് എന്നിവയും ചിലരില്‍ കാണാം. തൊലി വല്ലാതെ വരണ്ടുപോവുകയും ഇതിനിടയില്‍ വിള്ളല്‍ വന്ന് രക്തം വരികയും ചെയ്യുന്നത്, തൊലിപ്പുറത്ത് പൊള്ളുന്നത് പോലുള്ള അനുഭവം, ചൊറിച്ചില്‍, വേദന എന്നിവ അനുഭവപ്പെടുന്നതൊക്കെ ഇതിന്റെ ലക്ഷണമാകാം. സന്ധികളില്‍ വീക്കമോ വേദനയോ അനുഭവപ്പെടുന്നതും നഖങ്ങളില്‍ വിള്ളലോ പൊട്ടലോ തുടര്‍ച്ചയായി ഉണ്ടാകുന്നതും ചിലരില്‍ രോഗ ലക്ഷണമാകാം. രോഗലക്ഷണങ്ങള്‍ ഇടയ്ക്ക് തീവ്രമാകുന്നതും ചിലപ്പോള്‍ നന്നായി കുറഞ്ഞ് അപ്രത്യക്ഷമാകുന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്. സോറിയാസിസ് രോഗത്തിന്റെ ക്യത്യമായ കാരണങ്ങള്‍ ഇന്നും വ്യക്തമല്ലെങ്കിലും പ്രതിരോധ സംവിധാനത്തിന്റെ തകരാറും ജനിതക ഘടകങ്ങളുമെന്നാണ് പൊതുവേ കരുതുന്നത്. സോറിയാസിസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. സോറിയാസിസ് വീണ്ടും ആവര്‍ത്തിക്കുന്ന രോഗമായതിനാല്‍ തുടര്‍ചികിത്സയും പരിചരണവും അനിവാര്യമാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
കുന്നിന്‍ മുകളിലുള്ള തന്റെ വീട് വളരെ ചെറുതാണെന്ന പരാതിയായിരുന്നു അവള്‍ക്കെപ്പോഴും. അതവള്‍ തന്റെ കര്‍ഷകരായ മാതാപിതാക്കളോട് പലപ്പോഴും പറയാറുമുണ്ട്. തന്റെ വീട്ടില്‍ നിന്നും നോക്കുമ്പോള്‍ അകലെ കുന്നിന്‍ചെരുവില്‍ ഒരു വീട് കാണാം. സ്വര്‍ണ്ണനിറമുളള മനോഹരമായ ആ വീട് വലിയ സമ്പന്നരുടേതായിരിക്കും എന്നും അവിടെയുള്ളവര്‍ വളരെ സന്തോഷത്തിലും സമാധാനത്തിലുമായിരിക്കും കഴിയുന്നതെന്നും അവള്‍ ഊഹിച്ചു. അങ്ങനെ ഒരു ദിവസം ആ വീട് നേരില്‍ കാണാന്‍ അവള്‍ അവിടെയെത്തി. സ്വര്‍ണ്ണവീടിന് പകരം പഴകിദ്രവിച്ച ഒരു വീടാണ് അവള്‍ അവിടെ കണ്ടത്. എല്ലായിടവും കാടുപിടിച്ചുകിടക്കുന്നു. നിരാശയോടെ കുന്നിറങ്ങുമ്പോള്‍ അങ്ങകലെ അവള്‍ തന്റെ വീട് കണ്ടു. അസ്തമയ സൂര്യന്റെ ശോഭയില്‍ തന്റെ വീട് സ്വര്‍ണ്ണവര്‍ണ്ണമായി നില്‍ക്കുന്നു! മറ്റൊരാളുടെ അനുഗ്രഹങ്ങളും സ്വന്തം ദുരിതങ്ങളും കണ്ടെത്തി പരിതപിക്കുന്നവരാണ് മനുഷ്യരില്‍ ഏറെയും. ജന്മദേശത്തിന്റെ ഉപയുക്തതയേക്കാള്‍ അന്യദേശത്തിന്റെ അഴകാണ് അക്കൂട്ടര്‍ക്ക് ഇഷ്ടം. ഒരാളുടെ അനുഗ്രഹങ്ങളും ആത്മബോധവും അയാള്‍ വളരുന്ന പരിസരത്തിന്റെ സംഭാവനയാണ്. നമ്മുടെ ഓരോ യാത്രയും ആരംഭിക്കുന്നത് അവിടെ നിന്നാണ്. മടങ്ങിയെത്തേണ്ടതും അവിടേക്ക് തന്നെ. വളര്‍ന്നയിടങ്ങളുടെ വലുപ്പം മനസ്സിലാക്കാന്‍ ഇപ്പോള്‍ ആയിരിക്കുന്ന ഇടങ്ങളുടെ സാഹചര്യം ഏതെന്നും ചിന്തിച്ചാല്‍ മതിയാകും. ഒന്ന് പിറകോട്ട് സഞ്ചരിച്ചാല്‍ നാം എത്ര കരുത്തുറ്റ സാഹചര്യത്തിലാണ് വളര്‍ന്നതെന്ന് മനസ്സിലാകും. സുഖവാസ കേന്ദ്രങ്ങള്‍ പോലെയല്ലല്ലോ സ്ഥിരം ആവാസകേന്ദ്രങ്ങള്‍... ആരുമറിയാതെ തളരാനും, തകരാനും ഉയിര്‍ത്തെഴുന്നേല്‍ക്കാനും നമ്മുടെ സ്വന്തം വീടല്ലാതെ മറ്റേതുസ്ഥലമാണ് അതിനു പകരമാവുക ദൂരെ നിന്ന് വീക്ഷിച്ചാല്‍ കടന്നുപോകുന്ന വഴികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള വിശാല ദൃശ്യം ലഭിക്കും... സഞ്ചരിച്ച ഒറ്റയടിപ്പാതകളെയോര്‍ത്ത് അഭിമാനവും, എളുപ്പവഴികളെയോര്‍ത്ത് ആഹ്ലാദവും തോന്നും.. നമ്മുടെ യാത്ര മുന്നോട് തന്നെയാണ്.. പക്ഷേ, മനസ്സില്‍ ഇടക്കൊക്കെ കാണണം, നാം കടന്നുവന്ന വഴികള്‍... - ശുഭദിനം.