◾എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍. കനത്ത സുരക്ഷയുമായി പോലീസ്. ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ യൂണിവേഴ്സിറ്റി കവാടത്തിനു പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം താന്‍ കണ്ടില്ലെന്നാണു ഗവര്‍ണര്‍ പറഞ്ഞത്. സര്‍വകലാശാലകളില്‍ നിയമനം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ളിടത്തുനിന്നു ശുപാര്‍ശകള്‍ വരും. വിവേചനാധികാരം ഉപയോഗിച്ചു താന്‍ നടത്തുന്ന നിയമനങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണെന്നും ഗവര്‍ണര്‍ ചോദിച്ചു.
◾കായംകുളം പുത്തന്‍ റോഡില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പോലീസ് മര്‍ദനം. നവകേരള സദസിന്റെ ടീഷര്‍ട്ടു ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. അതു തടഞ്ഞ പോലീസ് 'നിങ്ങളടിക്കണ്ട, ഞങ്ങള്‍ അടിച്ചോളാ'മെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോടു പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നതായാണു റിപ്പോര്‍ട്ട്.
◾നവ കേരള സദസിനിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെയും എസ്‌കോര്‍ട്ടിലുള്ള പൊലീസുകാരന്‍ സന്ദീപിന്റെയും വീടിനു പൊലീസ് കാവല്‍. പൊലീസുകാരന്‍ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം പ്രവര്‍ത്തകരും സംഘം ചേര്‍ന്നിട്ടുണ്ടായിരുന്നു.
◾സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും 20 നു രാവിലെ 11 ന് മാര്‍ച്ച് നടത്താന്‍ കെ പി സി സി തീരുമാനിച്ചു. നവകേരള സദസിനെതിരെ കരിങ്കൊടി കാട്ടിയ കെ എസ് യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പൊലീസിന്റെയും നടപടിക്കെതിരേയാണു മാര്‍ച്ച്.
◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണക്കേസില്‍ പ്രതികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറിനേയും മുന്‍ മാനേജര്‍ ബിജു കരീമിനേയും എന്‍ഫോഴ്സ്മെന്റ് മാപ്പുസാക്ഷികളാക്കി. സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് ഈ മാസം 21 ലേക്കു മാറ്റി.
◾സാമ്പത്തിക കാര്യങ്ങളില്‍ കേരളത്തോടു വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജലജീവന്‍ മിഷന്‍ വഴി കേരളത്തിലെ രണ്ടേകാല്‍ ലക്ഷം വീടുകളില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കി. പി.എം. ആവാസ് യോജന വഴി 24,000 വീടുകള്‍ നിര്‍മിച്ചു. 20,000 ശുചിമുറി നിര്‍മിച്ചു. 76 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, ഉജ്ജ്വല പദ്ധതിയിലൂടെ 63,500 കണക്ഷന്‍, 16 ലക്ഷം പേര്‍ക്ക് അന്ന യോജന സൗജന്യ റേഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നല്‍കി. എട്ടര ലക്ഷം പേര്‍ക്ക് ജന്‍ ധന്‍ അക്കൗണ്ട് നല്‍കി. കേന്ദ്ര ധനമന്ത്രി പറഞ്ഞു.
◾രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിനു കാരണം.
◾ശബരിമലയിലെത്തുന്ന കുട്ടികള്‍ക്കു പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. പതിനെട്ടാംപടി കടന്നെത്തുന്ന കുട്ടികളേയും രക്ഷിതാക്കളേയും ശ്രീകോവിലിനടുത്തുള്ള പ്രത്യേക ഗേറ്റിലൂടെ കടത്തിവിടുമെന്ന് അദ്ദേഹം പറഞ്ഞു.
◾ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
◾സംസ്ഥാനത്ത് കോളേജ് അധ്യാപക നിയമനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നടത്തുന്ന യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എല്‍ഇടി (സ്ലെറ്റ്) പരീക്ഷയും യോഗ്യതയാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. യുജിസി അംഗീകൃത സെറ്റ് പരീക്ഷകള്‍ കേരളത്തില്‍ നടത്താത്ത സാഹചര്യത്തിലാണു മുന്‍ ഉത്തരവ് പിന്‍വലിച്ചതെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
◾കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖില്‍ തോമസിന് അടക്കം വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ നാലംഗ സംഘം ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം. മേഘേശ്വരന്‍, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്ഡി, ദിവാകര്‍ റെഡ്ഡി എന്നിവരെയാണ് തമിഴ്നാട് പോലീസ് പിടികുടിയത്.
◾ഗവര്‍ണറെ വഴി തടയുകയും താമസസ്ഥലത്ത് പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന എസ് എഫ് ഐ തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിക്കും നവ കേരള സദസിലും ഇതുപോലെയുള്ള പ്രതിഷേധം നേരിടേണ്ടി വരുമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.
◾പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ സിപിഎം ഭരിക്കുന്ന കുടുംബശ്രീ ഫണ്ട് തട്ടിപ്പില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം തുടങ്ങി വിവിധ പദ്ധതികളില്‍ 69 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്.
◾സമനില തെറ്റിയ രീതിയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊലീസും സിപിഎം ഗുണ്ടകളും ബിജെപിക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്നും ചെന്നിത്തല പറഞ്ഞു.
◾കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ എത്തുംമുമ്പേ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിനു മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് അവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തുനീക്കി. അതോടെ സമരം കാമ്പസിനു പുറത്തേക്കു മാറ്റി.
◾രക്തസമ്മര്‍ദത്തിലെ വ്യതിയാനംമൂലം വനംമന്ത്രി എ.കെ ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾തൃശൂരിലെ ഗാന്ധിനഗറില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.
◾തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ശീവേലിക്കു കൊണ്ടുവന്ന ആന ഇടഞ്ഞോടി. ഒളരി പൂതൃക്കോവില്‍ പാര്‍ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. രണ്ടു കാറും ടെമ്പോ ട്രാവലറും ആന തകര്‍ത്തു. രണ്ട് ടെമ്പോട്രാവലറുകള്‍ ഭാഗികമായി തകര്‍ത്തിട്ടുണ്ട്.
◾തൃശൂര്‍ ചേലക്കര പോളിടെക്‌നിക്ക് ക്യാമ്പസില്‍ കയറി കൊടിമരം നശിപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആര്‍ വിഷ്ണു അടക്കം നാലു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ കോളേജിലെത്തിയ ഇവര്‍ കെ എസ് യു എബിവിപി, എഐഎസ്എഫ് സംഘടനകളുടെ കൊടിമരങ്ങളാണ് നശിപ്പിച്ചത്.
◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്വയം തൊഴില്‍ വായ്പാ തുക തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളിലൊരാളായ ഗ്രേസിയെ പൊലീസ് അറസ്റ്റ് ചെയ്തു. 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
◾ലക്ഷങ്ങളുടെ വിദേശ കറന്‍സികളുമായി ഐഎന്‍എല്‍ നേതാവ് കാസര്‍കോട്ട് പിടിയിലായി. ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ് ആണ് 20 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായി അറസ്റ്റിലായത്.
◾കഞ്ചിക്കോട് വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി സെന്തില്‍കുമാര്‍ അറസ്റ്റിലായി. കുട്ടിയുമായി പോകുന്നതിനിടെ ചില ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കു സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ പൊളിഞ്ഞത്.
◾ചങ്ങനാശ്ശേരിയില്‍ മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടു പേര്‍ അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശി അഭിലാഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കളായ ജോസഫ് സേവ്യറും ഉണ്ണികൃഷ്ണ വാര്യരുമാണ് അറസ്റ്റിലായത്. മരിച്ചത് സന്നിപാതജ്വരം ബാധിച്ചാണെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നതോടെ കൊലപാതകമാണെന്നു വ്യക്തമാകുകയായിരുന്നു.
◾കൊച്ചിയില്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കിനു സമീപം ഉപേക്ഷിച്ചു. 59 വയസുളള സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി.
◾ആണ്‍ സുഹൃത്തിനോടൊപ്പം പൊഴിയൂര്‍ ബീച്ചില്‍ എത്തിയ 20 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി പരുത്തിയൂര്‍ സ്വദേശി സാജ(29)നെ അറസ്റ്റു ചെയ്തു. ആണ്‍ സുഹൃത്തിനെ ആക്രമിച്ച കീഴ്പ്പെടുത്തിയ ശേഷമാണ് യുവതിയെ മൂന്നു പേര്‍ പീഡിപ്പിച്ചത്.
◾കോഴിക്കോട് ടാങ്കര്‍ ലോറിയിടിച്ച് കാര്‍ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസില്‍ 86,65,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ ചാലില്‍ സുബൈദാസില്‍ അബുവിന്റെ മകന്‍ വ്യവസായിയായ ആഷിക്(49), മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ ആയിഷ (19) എന്നിവര്‍ മരിച്ച കേസിലാണ് വടകര എംഎസിടി ജഡ്ജിയുടെ വിധി.
◾ദുബൈ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
◾പാര്‍ലമെന്റ് അതിക്രമത്തിനു കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പാര്‍ലമെന്റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും തൊഴിലില്ലായ്മ പോലുള്ള പ്രതിസന്ധിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
◾പ്രമുഖ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ബംഗളൂരുവില്‍ ദമ്പതികള്‍ അടക്കം നാലു പേരെ പിടികൂടി. ഖലീം, ഭാര്യ സഭ, ഒബേദ് റാക്കീം, അതീഖ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
◾മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അഴിച്ചുപണി. മുന്‍ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായിരുന്ന കമല്‍ നാഥിനെ മാറ്റി. ജിത്തു പട്വാരിയാണ് പുതിയ പി സി സി അധ്യക്ഷന്‍. പ്രതിപക്ഷ നേതാവായി ഉമംഗ് സിംഘറിനെയും തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിറകയാണ് നടപടി.
◾അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനത്തിനു ക്ഷണം ഏഴായിരം പേര്‍ക്ക്. നാലായിരം സന്യാസിമാര്‍ക്കും മൂവായിരം വിശിഷ്ടാത്ഥികള്‍ക്കുമാണു ക്ഷണം. ജനുവരി 22 ന് ഉച്ചയ്ക്ക് 12:45 ന് രാമക്ഷേത്ര ശ്രീകോവിലില്‍ രാംലല്ല വിഗ്രഹം സ്ഥാപിക്കും. ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അതിഥികള്‍ മൊബൈല്‍ ഫോണുകളും ക്യാമറകളും ഗേറ്റിലെ കൗണ്ടറില്‍ സൂക്ഷിക്കണമെന്നു ക്ഷണക്കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
◾ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹയില്‍ എത്തിയ ഒമാന്‍ സുല്‍ത്താനെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീകരിച്ചു. പ്രതിരോധം, ഊര്‍ജ്ജം, ബഹിരാകാശം തുടങ്ങി ഒമ്പതു മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഒമാനും തമ്മില്‍ ധാരണയായി.
◾കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുവൈത്തിന്റെ പതിനാറാം അമീര്‍ ആയിരുന്നു അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ. 2020 ലാണ് ഇദ്ദേഹം ചുമതല ഏറ്റെടുത്തത്.
◾ഇംഗ്ലണ്ടിനെതിരായ വനിതകളുടെ ടെസ്റ്റില്‍ ഇന്ത്യക്ക് 347 റണ്‍സിന്റെ റെക്കോഡ് ജയം. രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത ദീപ്തി ശര്‍മയുടെ കരുത്തിലാണ് ഇന്ത്യന്‍ ജയം. വനിതകളുടെ ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
◾വിജയ് ഹസാരെ ട്രോഫി ഹരിയാണക്ക്. ഫൈനലില്‍ രാജസ്ഥാനെ 30 റണ്‍സിന് തോല്‍പിച്ചാണ് ഹരിയാണ കന്നിക്കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാണ 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 48 ഓവറില്‍ 257 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സി.യെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ബെംഗളൂരു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സി. - ഈസ്റ്റ് ബംഗാള്‍ എഫ്.സി. മത്സരം ഗോള്‍ രഹിത സമനിലയില്‍.
◾ഇന്ത്യന്‍ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കാന്‍ എന്‍.ഡി.ടി.വിക്ക് പിന്നാലെ മറ്റൊരു മാധ്യമസ്ഥാപത്തിന്റെ കൂടി ഓഹരികള്‍ സ്വന്താമാക്കി അദാനി ഗ്രൂപ്പ്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ 50.50 ശതമാനം ഓഹരിയാണ് ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് വാങ്ങിയത്. എത്ര തുകയ്ക്കാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഐ.എ.എന്‍.എസിന്റെ മാനേജ്‌മെന്റ് ഓപ്പറേഷന്‍ നിയന്ത്രണങ്ങള്‍ ഇനി അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്വര്‍ക്കിനായിരിക്കും. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐ.എ.എന്‍.എസിന്റെ വരുമാനം 11.86 കോടി രൂപയായിരുന്നു. ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരായിരുന്ന ക്വിന്റില്യണ്‍ ബിസിനസ് മീഡിയയെ സ്വന്തമാക്കിയാണ് മാധ്യമരംഗത്തേക്ക് അദാനി ചുവടുവെക്കുന്നത്. പിന്നീട് എന്‍.ഡി.ടി.വിയിലെ 65 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങി. എന്‍.ഡി.ടിവിയുടെ ഓഹരികള്‍ ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്പോഴാണ് മാധ്യമ സ്ഥാപനത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷമായി സാമൂഹിക മാധ്യമങ്ങളില്‍ എന്‍.ഡി.ടിവിയുടെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 54 ശതമാനത്തോളം കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബി.ജെ.പി-മോദി അനുഭാവമുണ്ടെന്ന് കരുതപ്പെടുന്ന വ്യവസായിയായ ഗൗതം അദാനി എന്‍.ഡി.ടിവിയുടെ ഓഹരികള്‍ ഏറ്റെടുത്തത് നിരവധി വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഏറ്റെടുക്കലില്‍ പ്രതിഷേധിച്ച് എന്‍.ഡി.ടിവിയില്‍ നിന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു.
◾ആസിഫ് അലി, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തലവന്‍'. ഇപ്പോഴിതാ തലവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് പൊലീസ് ഓഫീസര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്ന് പോസ്റ്ററില്‍ നിന്നും സൂചന ലഭിക്കുന്നു. സംവിധായകന്‍ ദിലീഷ് പോത്തനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ബൈസിക്കിള്‍ തീവ്സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൌര്‍ണമിയും എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെയും, ആന്റണി വര്‍ഗീസിനെയും പ്രധാന കഥാപാത്രങ്ങളാക്കി 'ഇന്നലെ വരെ' എന്ന ചിത്രമായിരുന്നു ജിസ് ജോയിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് തലവനിലെ മറ്റ് താരങ്ങള്‍.
◾ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് പി ആര്‍ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം), ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മാംഗോ മുറി'. ചിത്രം ജനുവരി 5ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ ലാലി അനാര്‍ക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തില്‍ എത്തുന്നു. ബ്ലെസ്സി ,രഞ്ജിത് ,ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച വിഷ്ണു രവിശക്തി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. ഇവരെ കൂടാതെ റ്റിറ്റോ വില്‍സണ്‍, കണ്ണന്‍ സാഗര്‍, നിമിഷ അശോകന്‍, അഞ്ജന, ബിനു മണമ്പൂര്‍, ശ്രീകുമാര്‍ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേര്‍ന്നാണ്.
◾ഇന്ത്യയില്‍ ആദ്യമായി ബൈ-ഫ്യുവല്‍ പിക്ക്അപ്പ് വിപണിയില്‍ അവതരിപ്പിച്ച ടാറ്റാ മോട്ടോഴ്സ്. ചരക്ക് വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബൈ-ഫ്യുവല്‍ ശ്രേണിയിലും ശ്രദ്ധ പതിപ്പിക്കുന്നത്. ഇത്തവണ ഇന്‍ട്ര വി70, വി20 ഗോള്‍ഡ് പിക്ക്അപ്പുകളും, എയ്സ് എച്ച്ടി പ്ലസുമാണ് ടാറ്റാ മോട്ടോഴ്സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കൂടാതെ, ഇന്‍ട്ര വി50, എയ്ഡ് ഡീസല്‍ എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇക്കുറിയും കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പുവരുത്തിയാണ് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിച്ചത്. ഇന്‍ട്ര വി70-യാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ ആദ്യത്തെ ബൈ-ഫ്യുവല്‍ പിക്ക്അപ്പായ ഇന്‍ട്ര വി70-ല്‍ ഒരേ സമയം രണ്ട് തരത്തിലുള്ള ഇന്ധനം നിറയ്ക്കാനാകും. രണ്ട് ഇന്ധനങ്ങള്‍ക്കുമായി വ്യത്യസ്ത ഇന്ധന ടാങ്കുകളാണ് നല്‍കിയിരിക്കുന്നത്. ഓള്‍ ടെറൈന്‍ കപ്പാസിറ്റിയും, സിഎന്‍ജിയുടെ കരുത്തും ഇന്‍ട്രാ വി20 ഉറപ്പുവരുത്തുന്നുണ്ട്. 1200 കിലോഗ്രാമിന്റെ പേലോഡ് കപ്പാസിറ്റിയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പരിസ്ഥിതി സൗഹാര്‍ദ്ദമായ ചരക്ക് ഗതാഗതം ഉറപ്പുവരുത്തുന്നതിനോടൊപ്പം, ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഇന്‍ട്ര വി20 വാഗ്ദാനം ചെയ്യുന്നുണ്ട്.
◾നവ-മാധ്യമ ടെക്നോളജിയോടൊപ്പം കുതിക്കുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്കായി ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച ഡോ. കെ. ശ്രീകുമാര്‍ എഴുതിയ പതിനഞ്ച് കഥകളുടെ സമാഹാരം. പുതിയ ജീവിതപരിസരത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ അനുഭവിക്കുന്ന ബാലസാഹിത്യകൃതി. 'ചക്കരമാമ്പഴം'. ഐ ബുക്സ്. വില 130 രൂപ.
◾രുചിയില്‍ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍ നെല്ലിക്ക നല്ലതാണ്. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. കൂടാതെ, ചെറുപ്പം നിലനിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ആസ്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത് ലംഗ്‌സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലിയാണ് തേന്‍ നെല്ലിക്ക. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേന്‍ നെല്ലിക്ക സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ ഗുരുവിനെ കണ്ട് സങ്കടം പറയാനാണ് അയാള്‍ അവിടെയെത്തിയത്. അയാള്‍ പറഞ്ഞു: ഞാന്‍ ഒരു കാര്യവും മുഴുമിപ്പിക്കുന്നില്ല. പാതിവഴിയിലേക്കെത്തുമ്പോള്‍ അടുത്തതിലേക്ക് കടക്കും. ഗുരുവിനോട് യുവാവ് തന്റെ സങ്കടം പറഞ്ഞു. ഗുരു അയാളെയും കൂട്ടി കൃഷിക്കാരന്റെ അടുത്തെത്തി. കനാലില്‍ നിന്നും ചാല് കീറി സ്വന്തം കൃഷിയിടം അയാള്‍ നനക്കുകയാണ്. ഗുരു പറഞ്ഞു: ഈ വെള്ളത്തിന് കൃത്യമായ വഴി കിട്ടിയതുകൊണ്ടാണ് അത് പറമ്പിനെ ഫലസമൃദ്ധമാക്കുന്നത്. വഴി കിട്ടിയില്ലെങ്കില്‍ പരന്നൊഴുകി മറ്റെവിടെയെങ്കിലുമെത്തും. കൃഷിയിടം നശിക്കും. നീ ആദ്യം നിന്റെ ചിന്തകള്‍ ശരിയായ ദിശയിലാക്കണം. ഇപ്പോള്‍ അവ ചിതറിക്കിടക്കുകയാണ്. ചിന്തകളെയെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ടാല്‍ എല്ലാ പ്രവൃത്തികളും യഥാസമയം പൂര്‍ത്തിയാകും. ഗുരു പറഞ്ഞവസാനിപ്പിച്ചു. തങ്ങളുടെ ചിന്തകളുടെ പരിധിക്കും പ്രകൃതത്തിനുമപ്പുറം ഒരാളും വളരില്ല. ഏറ്റവും നന്നായി ചിന്തകളെ ക്രമീകരിച്ചിട്ടുള്ളവരാണ് വിജയതീരങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ചിന്തകള്‍ക്ക് ഒരിക്കലും അവസാനമുണ്ടാകില്ല. അവയെ നിന്ത്രിക്കുന്നതിലൂടെയും അവനവനുവേണ്ട ദിശയിലൂടെ നയിക്കുന്നതിലൂടെയും മാത്രമേ കര്‍മ്മഫലങ്ങള്‍ രൂപപ്പെടൂ. ശരിയായി ചിന്തിക്കാനും അനാവശ്യമായി ചിന്തിക്കാതിരിക്കാനും ശീലിച്ചാല്‍ എല്ലാം ശരിയാകും. നമ്മുടെ ചിന്തകള്‍ ചന്തമുള്ളതാകട്ടെ - ശുഭദിനം.