◾കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ചതിനാണു സസ്പെന്‍ഷന്‍. ടി.എന്‍ പ്രതാപന്‍, ഡീന്‍ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, വി.കെ. ശ്രീകണ്ഠന്‍, തമിഴ്നാട്ടില്‍ നിന്നുള്ള ജ്യോതിമണി, ഡിഎംകെയിലെ കനിമൊഴി, സിപിഎമ്മിലെ പി.ആര്‍. നടരാജന്‍, സഭയില്‍ ഇല്ലാതിരുന്ന ഡിഎംകെ എംപി പാര്‍ത്ഥിബന്‍ തുടങ്ങിയ 14 പേരെയാണു ലോക്സഭയില്‍നിന്ന് ആദ്യം സസ്പെന്‍ഡു ചെയ്തത്. പാര്‍ഥിബന്‍ സഭയില്‍ ഇല്ലായിരുന്നെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. ഈ സമ്മേളന കാലത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും ഈ സമ്മേളന കാലത്തേക്കു സസ്പെന്‍ഡ് ചെയ്തു.
◾പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഡല്‍ഹി കര്‍ഥ്യവ് പഥ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇരുവരേയും പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ലളിത് അധ്യാപകനാണ്. ഇയാള്‍ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി.
◾കേരളത്തിലെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് പന്ത്രണ്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറിലാണ്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങി. പെന്‍ഷനും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കു കൂലിയും കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കാനാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കേയാണ് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചത്.
◾വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബലാല്‍സംഗവും കൊലപാതകം നടന്നിട്ടും പോലീസും പ്രോസിക്യൂഷനും തെളിവുകള്‍ ഹാജരാക്കിയില്ലെന്നു പോക്സോ കോടതി. പ്രതിയായ അര്‍ജുനനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിലും വീഴ്ച പറ്റിയെന്നും വിധിയില്‍ പറയുന്നു. കോടതിവിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് പൊലീസ് പ്രതികരിച്ചു.
◾ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചതോടെ കോടതി പരിസരത്തുണ്ടായിരുന്ന ജനക്കൂട്ടം പ്രകോപിതരായി പ്രതി അര്‍ജുനനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഓടിക്കൂടി. പോലീസ് അര്‍ജുനനെ ഓടിച്ചു കൊണ്ടുപോയി രക്ഷപ്പെടുത്തുകയായിരുന്നു.
◾വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതി അര്‍ജുനന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും തെളിവു നശിപ്പിക്കാന്‍ സിപിഎം പോലീസുമായി ഗൂഡാലോചന നടത്തിയതിനാലാണു വെറുതെ വിട്ടതെന്നും ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
◾വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ തെളിവില്ലാതെ വെറുതെ വിട്ടതു നാടിന് നാണക്കേടാണെന്നു ഇടുക്കിയിലെ സിപിഐ നേതാവ് കെ കെ ശിവരാമന്‍. കേസ് അന്വേഷണത്തെ ബാഹ്യ ഇടപെടല്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നു സാധാരണ ജനങ്ങള്‍ സംശയിക്കുമെന്നും നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. തെളിവില്ലെന്ന കോടതിയുടെ വിലയിരുത്തലിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് സിപിഐ നേതാവ് ഇ.എസ്. ബിജിമോള്‍ പ്രതികരിച്ചു. നീതി കിട്ടുന്നതുവരെ കുടുംബത്തിനൊപ്പമെന്ന് ബിജിമോള്‍ പറഞ്ഞു.
◾വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാര്‍ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലും പ്രതി പാര്‍ട്ടിക്കാരനായതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. സതീശന്‍ ആരോപിച്ചു.
◾മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും പുതിയ സമന്‍സ് നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒന്നരവര്‍ഷം മുമ്പ് അയച്ച സമന്‍സാണ് തത്കാലം പിന്‍വലിച്ചത്. അന്വേഷണം തുടരാമെന്നു ഹൈക്കോടതി ഉത്തരവുണ്ടെന്നും ഇഡി അറിയിച്ചു. മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും എതിരായ മുഴുവന്‍ സമന്‍സുകളും പിന്‍വലിച്ചതായി ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
◾ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രിക്കും സാംസ്‌കാരിക സെക്രട്ടറിക്കും അക്കാദമി അംഗങ്ങള്‍ കത്തു നല്‍കി. അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടയില്‍ ചേര്‍ന്ന യോഗത്തില്‍ 15 അംഗങ്ങളില്‍ ഒമ്പതു പേര്‍ പങ്കെടുത്തു.
◾മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
◾പാളയത്ത് ഗവര്‍ണറുടെ കാറിനു മുന്നിലേക്കു ചാടിവീണ് കാറില്‍ അടിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടയ്ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. പൊലിസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലിസ് സുരക്ഷ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്ഭവനില്‍നിന്നു വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ മൂന്നിടത്താണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.
◾കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി രണ്ടര മാസമായിട്ടും വിജിലന്‍സ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കരിമണല്‍ കമ്പനി 90 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. തോട്ടപ്പള്ളിയിലെ അനധികൃത കരിമണല്‍ ഖനനത്തിന് അനുമതി കിട്ടാനാണ് പണം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
◾തൃശൂര്‍ പൂരം പ്രതിസന്ധിയില്‍. പൂരം പ്രദര്‍ശനത്തിനു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തേക്കിന്‍കാട് മൈതാനത്തിന്റെ ഒരു ഭാഗം രണ്ടു മാസത്തേക്കു വിട്ടുകൊടുക്കുന്നതിന് 45 ലക്ഷം രൂപയായിരുന്ന തറവാടക രണ്ടേകാല്‍ കോടി രൂപയായി വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്കു കാരണം. വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് 5.30ന് കൗസ്തുഭം ഓഡിറ്റോറിയത്തില്‍ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്.
◾വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലുള്ള കേസിനെതിരേ നല്‍കിയ ഹര്‍ജിയാണു തള്ളിയത്.
◾കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എന്‍ഫോഴ്സ്മെന്റ്. ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണ്. കരുവന്നൂരിലെ തട്ടിപ്പു പണം സിപിഎം അക്കൗണ്ടില്‍ എത്തിയെന്നും അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും ഇഡി വെളിപ്പെടുത്തി.
◾മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറും കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയുമായ ഡോ. ബിജു ജോര്‍ജ്ജിന്റേതാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് ഇയാള്‍ വിറ്റ കാര്‍ തൃശൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിടിച്ച് കഴുത്തല്ലൂര്‍ സ്വദേശി സനാഹ് ആണു മരിച്ചത്. ഡോക്ടര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
◾കേരളത്തിലെ റബ്ബര്‍ കൃഷിയോട് കേന്ദ്രത്തിനു ശത്രുതാപരമായ സമീപനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റബ്ബറിന്റെ താങ്ങു വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
◾മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി ആറ് ആഴ്ചത്തേക്കു നീട്ടി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണ് നടപടി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിനെതിരേയാണു പോലീസ് കേസെടുത്തത്.
◾കടം കയറി മുടിഞ്ഞ കേരളത്തെ വീണ്ടും കടമെടുക്കാന്‍ അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം വിചിത്രവും ബാലിശവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിലവിലെ കടവും ബാധ്യതകളും കേരളത്തിന് താങ്ങാവുന്നതിലും അധികമാണ്. വീണ്ടും കടം വാങ്ങി ധൂര്‍ത്തടിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല. സുരേന്ദ്രന്‍ പറഞ്ഞു.
◾വയോധികയായ അമ്മായിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മരുമകള്‍ അറസ്റ്റിലായി. 80 വയസുള്ള ഏലിയാമ്മാ വര്‍ഗീസിനാണ് മര്‍ദനമേറ്റത്. മഞ്ജു മോള്‍ തോമസിനെയാണ് അറസ്റ്റു ചെയ്തത്. മഞ്ജുമോള്‍ വയോധികയെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തിയത് സ്വന്തം മകനാണെന്നു പൊലീസ് പറഞ്ഞു.
◾ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്ക്ക് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവിനെതിരേയാണു കത്ത്.
◾നവകേരള സദസിനോടനുബന്ധിച്ച് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകനുനേരെ പൊലീസ് അതിക്രമം. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫര്‍ മനുബാബുവിനെയാണ് കയ്യേറ്റം ചെയ്തത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു പിറകേ സ്‌കൂട്ടറില്‍ പോകുകയായിരുന്നു മനു ബാബുവിനെ ജീപ്പിലെത്തിയ പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തു. സ്‌കൂട്ടര്‍ വഴിയില്‍ തള്ളിമറിച്ചിട്ട് താക്കോല്‍ ഊരികൊണ്ടുപോയി.
◾ഏകീകൃത കുര്‍ബാന ചൊല്ലിയില്ലെങ്കില്‍ കൈ വെട്ടുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് ഭീഷണിക്കത്ത്. 15 വൈദികര്‍ക്കു ഭീഷണിക്കത്ത് ലഭിച്ചെന്ന് വിമത വിഭാഗം പറയുന്നു. വിമതരെ സഭയില്‍നിന്നു പുറത്താക്കാനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് കത്ത് വിവാദം.
◾ചൈനയില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി രോഹിണി നായര്‍ (27)ആണ് മരിച്ചത്. ചൈന ജീന്‍സൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് രോഹിണി.
◾പാര്‍ലമെന്റ് അതിക്രമക്കേസിലെ നാലു പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ പ്രധാനമന്ത്രിയെ കാണാനില്ലെന്നും പ്രധാനമന്ത്രി കുറ്റവാളിയാണെന്ന തരത്തിലും പ്രചാരണം നടത്തിയെന്നും ഭീകര സംഘടനകളുമായി അവര്‍ക്കു ബന്ധമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇവര്‍ക്കു പണം ലഭിക്കുന്നത് എവിടെനിന്നാണെന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
◾പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ സഭയ്ക്കു പുറത്താണ് ഇങ്ങനെ പ്രതികരിച്ചത്. പാര്‍ലമെന്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പറഞ്ഞു.
◾മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. ഇതിനായി മൂന്നംഗ അഭിഭാഷക കമ്മീഷണര്‍മാരെ നിയമിച്ചു. ഡിസംബര്‍ 18 ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തോടുചേര്‍ന്നുള്ള ജ്ഞാന്‍വാപിപള്ളിയില്‍ അഭിഭാഷകസംഘം നടത്തിയ സര്‍വേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുക.
◾വിമാന ടിക്കറ്റോ വിമാനമോ റദ്ദാക്കുകയാണെങ്കില്‍ എയര്‍ലൈന്‍ കമ്പനി ബദല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയോ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കുകയോ വേണമെന്നു കേന്ദ്ര സര്‍ക്കാര്‍. യാത്രക്കാരന് അധിക നഷ്ടപരിഹാരവും നല്‍കണം. വ്യോമയാന സഹമന്ത്രി ജനറല്‍ വികെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.
◾വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. പ്രത്യേക അവധി ആവശ്യമുള്ള ഒരു ശാരീരിക പ്രശ്നമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയില്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബിനെതിരെ ഒരു ഗോളിന്റെ ജയം. 51-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമെന്റാകോസ് നേടിയ പെനാല്‍ട്ടി ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെ തോല്‍പിച്ചത്.
◾ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 106 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 56 ബോളില്‍ 100 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റേയും 41 പന്തില്‍ 60 റണ്‍സ് നേടിയ യശസ്വി ജയസ്വാളിന്റേയും മികവില്‍ 7 വിക്കറ്റിന് 201 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 2.5 ഓവറില്‍ 5 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ വിജയം അനായസാമാക്കിയത്. ഈ വിജയത്തോടെ പരമ്പര 1-1 ന് സമനിലയിലായി.
◾ചെമ്പില്‍ ഒരു കൈ നോക്കാന്‍ കച്ച് കോപ്പറുമായി ശതകോടീശ്വരന്‍ ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ഈ കോപ്പര്‍ പ്ലാന്റ് 2024 മാര്‍ച്ചില്‍ ഗുജറാത്തിലെ മുന്ദ്രയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയുടെ ലോഹ ഉല്‍പ്പാദനം 80 ശതമാനം വര്‍ധിപ്പിക്കാനാണ് കച്ച് കോപ്പര്‍ പ്ലാന്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യ 2070ഓടെ നെറ്റ് സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനാല്‍ ചെമ്പിന്റെ ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്. രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ കോപ്പര്‍ കാഥോഡുകളും റോഡുകള്‍ക്കുമെപ്പം ഉപോല്‍പ്പന്നങ്ങളായ സ്വര്‍ണ്ണം, വെള്ളി, നിക്കല്‍, സെലിനിയം തുടങ്ങിയവയും നിര്‍മ്മിക്കും. ഗ്രൂപ്പ് സ്ഥാപനമായ അദാനി സിമന്റ്സിന് കോപ്പര്‍ പ്ലാന്റിന്റെ ഉപോല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ സോളാര്‍ നിര്‍മാണ കേന്ദ്രം വെള്ളി ഉപയോഗിക്കും. വരാനിരിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതിക്കായി കച്ച് കോപ്പറില്‍ നിന്ന് ചെമ്പ്, വെള്ളി തുടങ്ങിയ അവശ്യ വസ്തുക്കളും ലഭ്യമാക്കും. വ്യാവസായിക ലോഹ ഉപയോഗത്തിന്റെ കാര്യത്തില്‍ സ്റ്റീലിനും അലുമിനിയത്തിനും പിന്നില്‍ ചെമ്പാണ് മൂന്നാം സ്ഥാനത്തുള്ളത്.
◾ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ പതിനൊന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തും. മഹിമ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തില്‍ ഒരിടവേളയ്ക്ക് ശേഷം ജോമോളും അഭിനയിക്കുന്നുണ്ട്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു.
◾പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നടന്‍ സലിംകുമാറിന്റെ മകന്‍ ചന്ദു ചിത്രത്തിന്റെ മുഖ്യ താര നിരയിലൊരു ഭാഗമാകുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍,ഷോണ്‍ ആന്റണി എന്നിവരാണ്. സംവിധായകന്‍ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' പറയുന്നത്. 2024 ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തും.
◾2024 ജനുവരി ഒന്നുമുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇന്‍പുട്ട് ചെലവ്, പ്രതികൂല വിനിമയ നിരക്ക്, ചരക്ക് വിലയിലെ വര്‍ദ്ധനവ് എന്നിവയാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്ന് കമ്പനി അറിയിച്ചു. വില വര്‍ദ്ധന 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഹ്യൂണ്ടായ് നിലവില്‍ ഐ20, ഗ്രാന്‍ഡ് ഐ10 നിയോസ്, എക്സെന്റ്, എക്സ്റ്റര്‍, വെന്യു എന്നിവ സബ്-4 മീറ്റര്‍ വിഭാഗത്തില്‍ വില്‍ക്കുന്നു. 2024-ന്റെ ആദ്യ പാദത്തില്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പരിഷ്‌ക്കരിച്ച ക്രെറ്റ എസ്യുവിയും കമ്പനി തയ്യാറെടുക്കുകയാണ്. ഇതോടൊപ്പം, ട്യൂസണിന്റെയും അല്‍ക്കാസറിന്റെയും അപ്‌ഡേറ്റ് ചെയ്ത പതിപ്പുകള്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് ഗണ്യമായ പരിഷ്‌ക്കരിച്ച സ്റ്റൈലിംഗും പുതിയ ഇന്റീരിയറും ഒപ്പം എഡിഎഎസ് സാങ്കേതികവിദ്യയും പുതിയ ടര്‍ബോ പെട്രോള്‍ എഞ്ചിനും ലഭിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്യുവിക്ക് ലഭിക്കുക.
◾ദൈവികത ഹൃദയത്തില്‍ തേടുന്ന അന്വേഷിയുടെ ഇരുചിറകുകള്‍ പ്രണയവും സമര്‍പ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂര്‍വ്വ പുസ്തകം. ഇസ്ലാമിന്റെ കര്‍മതലങ്ങളോ വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. മറിച്ച്, ഇസ്ലാം എന്ന പ്രണയസമര്‍പ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി. 'ഇസ്ലാം പ്രണയം സമര്‍പ്പണം'. ശബ്നം നൂര്‍ജഹാന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 380 രൂപ.
◾പതിവായി ഉറക്കമില്ലാതാകുന്നതോ ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതോ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. ഇക്കൂട്ടത്തില്‍ ക്യാന്‍സറിനെയും നമ്മള്‍ ഭയപ്പെടേണ്ടതുണ്ട് എന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ആറ് മണിക്കൂറിലും കുറവാണ് രാത്രിയില്‍ പതിവായി ഉറങ്ങുന്നതെങ്കിലും പകല്‍സമയത്ത് ഇതിന് പകരമായി ഉറങ്ങുന്നില്ല എങ്കിലും ഭാവിയിലെ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. ഇന്ത്യയിലാണെങ്കില്‍ 59 ശതമാനം പേരും രാത്രി 12 കഴിയാതെ ഉറങ്ങാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. രാത്രി 10-നും 11-നും ഇടയിലെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതുപോലെ രാത്രിയില്‍ ഉറങ്ങാതെ ഫോണോ ഗാഡ്ഗെറ്റുകളോ ഉപയോഗിക്കുന്നതും മറ്റും വീണ്ടും ആരോഗ്യത്തിന് ദോഷകരമായി വരുമെന്നും ഇവര്‍ ഉപദേശിക്കുന്നു. ഉറക്കം പതിവായി ഏഴ് മണിക്കൂറില്‍ താഴെയാണെങ്കില്‍ അത് അപര്യാപ്തം എന്നുതന്നെ പറയേണ്ടി വരും. മുറിഞ്ഞുമുറിഞ്ഞ് ഉറങ്ങുന്നതും ഓരോ ദിവസവും ഓരോ സമയത്ത് ഉറങ്ങുന്നതും എല്ലാം ക്രമേണ നമ്മളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ദത- എന്നിവയെല്ലാം വരുത്തുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിലേക്ക് നീങ്ങാം. അതിനാല്‍ രാത്രിയില്‍ ദിവസവും ഏഴ് മണിക്കൂര്‍ ഉറക്കമെങ്കിലും ഉറപ്പിക്കേണ്ടതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ അക്ബര്‍ ബീര്‍ബലിനോട് പറഞ്ഞു: ബീര്‍ബല്‍ എനിക്ക് വേണ്ടത്ര പാണ്ഡിത്യമില്ല. എനിക്ക് അറിഞ്ഞുകൂടാത്തതായി ഒരു പാട് കാര്യങ്ങളുണ്ട്. എല്ലാം പഠിക്കണം. നാളെ മുതല്‍ പഠനം തുടങ്ങാനുള്ള ഏര്‍പ്പാടുകള്‍ ആരംഭിക്കൂ.. അടുത്ത പ്രഭാതത്തില്‍ ദര്‍ബാര്‍ ഹാളിലെത്തിയ ചക്രവര്‍ത്തി ആ കാഴ്ചകണ്ട് അമ്പരന്നു. ഹാള്‍ നിറയെ ആളുകള്‍. അതില്‍ വൃദ്ധരുണ്ട്, കുട്ടികളുണ്ട്, കൃഷിക്കാരുണ്ട്, അലക്കുകാരുണ്ട്, കാലിമേക്കുന്നവരുണ്ട്, കച്ചവടക്കാരുണ്ട്, ഗുമസ്തന്മാരുണ്ട്, സന്യാസിമാരുണ്ട്... ചക്രവര്‍ത്തിക്ക് ദേഷ്യം വന്നു: എന്താണിതിന്റെയൊക്കെ അര്‍ത്ഥം? അദ്ദേഹം ചോദിച്ചു. ബീര്‍ബല്‍ പറഞ്ഞു: അങ്ങ് ക്ഷമിച്ചാലും, ഞാന്‍ അങ്ങയുടെ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ട് ബീര്‍ബല്‍ ചോദിച്ചു: മണിക്കൂറുകളോളം മണ്ണില്‍ കളിക്കാന്‍ അങ്ങേക്കറിയാമോ, അതീ കുട്ടികള്‍ പഠിപ്പിച്ചുതരും, തുച്ഛമായ വരുമാനത്തില്‍ വീടു നടത്തിക്കൊണ്ടുപോകാന്‍ അറിയുമോ? തുണികളിലെ കറകളയാന്‍ അറിയുമോ? ഓരോ വിളയും നടേണ്ടതും നനയ്‌ക്കേണ്ടതും അറിയാമോ? നമ്മുടെ ഉത്പന്നങ്ങള്‍ എവിടെയാണ് നല്ല വിലക്ക് കൊടുക്കേണ്ടതെന്നറിയാമോ? ചക്രവര്‍ത്തിക്ക് ദേഷ്യം വന്നു: ഇല്ല... ഇല്ല... ഇല്ല എന്ന് ദേഷ്യത്തില്‍ ആവര്‍ത്തിച്ച് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ബീര്‍ബല്‍ ശാന്തനായി പറഞ്ഞു: ഈ ഹാളിലുളള ഓരോരുത്തര്‍ക്കും അങ്ങനെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനുണ്ട്. ഓരോരുത്തര്‍ക്കും എന്തെങ്കിലും കഴിവുകളുണ്ട്, കുറച്ച് അറിവുണ്ട്, പ്രത്യേക വാസനകളുണ്ട്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അധ്യാപകരാകാനാകും. അതുപോലെ എല്ലാവര്‍ക്കും വിദ്യാര്‍ത്ഥികളാകാനും.. ചക്രവര്‍ത്തി പുഞ്ചിരിച്ചു. എല്ലാം പഠിക്കുക അസാധ്യമാണ്.. നമ്മള്‍ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.. നല്ല അധ്യാപകരാകാനും നല്ല വിദ്യാര്‍ത്ഥിയാകാനുമുള്ള അവസരങ്ങള്‍ എപ്പോഴുമുണ്ട്... അത് പരമാവധി വിനിയോഗിക്കുക എന്നതാണ് പ്രധാനം... - ശുഭിനം.