*പ്രഭാത വാർത്തകൾ*2023 ഡിസംബർ 14 വ്യാഴം

◾ശബരിമലയില്‍ തിരുപ്പതി മോഡല്‍ ഡൈനമിക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് അധികൃതര്‍. മരക്കൂട്ടത്തുനിന്ന് ശരംകുത്തിയിലേക്കുള്ള പാതയില്‍ ആറു ക്യു കോംപ്ലക്സുകളിലായി വിശ്രമ സൗകര്യങ്ങള്‍ ഒരുക്കി. കുടിവെള്ളം, ഇന്റര്‍നെറ്റ്, വീല്‍ ചെയര്‍, സ്ട്രക്ച്ചര്‍, ശൗചാലയം തുടങ്ങിയവയല്ലാം ഒരുക്കിയിട്ടുണ്ട്. ഓരോ ക്യൂ കോംപ്ലക്സിലും മൂന്ന് മുറികളിലായാണ് സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സന്നിധാനത്തെ തിരക്കിനനുസൃതമായി ഘട്ടം ഘട്ടമായി ഭക്തജനങ്ങളെ കടത്തിവിടും.

◾ശബരിമല തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കുകയും വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് രജിസ്ട്രേഷനിലും അനുവദിക്കുന്ന തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കുകയും ചെയ്തെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ മന്ത്രി വിലയിരുത്തി. നിലയ്ക്കലില്‍നിന്നു കെഎസ്ആര്‍ടിസി ബസില്‍ അയ്യപ്പന്മാര്‍ക്കൊപ്പമാണ് മന്ത്രി പമ്പയില്‍ എത്തിയത്.

◾സംസ്ഥാനത്തെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളിക്കു ബദല്‍ വെല്ലുവിളിയുമായി ഗവര്‍ണര്‍. 16 ന് കോഴിക്കോടെത്തുന്ന താന്‍ 18 വരെ കാലിക്കട്ട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എസ്എഫ്ഐയുടെ വെല്ലുവിളിയോടെ യൂണിവേഴ്സിറ്റി കാമ്പസിലേക്കു താമസം മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

◾മുഖ്യമന്ത്രി പിണറായി വിജയനു ചുമ. സംസാരിക്കാന്‍ ശബ്ദമില്ലാതെ ചങ്ങനാശേരിയിലെ നവ കേരള സദസ് വേദിയില്‍ പ്രസംഗം നിര്‍ത്തിവച്ചു. വേദിയിലെ ലൈറ്റിങ്ങിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു. തൊട്ടുമുന്നില്‍ ലൈറ്റ് വച്ചിരിക്കുന്നതിനാല്‍ ജനക്കൂട്ടത്തെ കാണാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◾ശബരിമല തീര്‍ത്ഥാടകര്‍ക്കായി ചെന്നൈ - കോട്ടയം റൂട്ടില്‍ സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍. നാളെ മുതല്‍ 25 വരെയാണ് സര്‍വീസ് നടത്തുക. 15, 17, 22, 24 തീയതികളില്‍ ചെന്നൈയില്‍നിന്ന് രാവിലെ നാലരയ്ക്കു പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. പിറ്റേന്നു രാവിലെ 4.40 ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും.

◾ഗവര്‍ണറെ തടഞ്ഞ കേസില്‍ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കോടതിയില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പ്രതികള്‍ക്കെതിരെ ചേര്‍ത്ത 124 ാം വകുപ്പ് നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂട്ടറുടെ വാദം. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും 124 ാം വകുപ്പും നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കരിങ്കൊടി കാണിച്ചു ഗവര്‍ണറുടെ യാത്രയ്ക്കു തടസമുണ്ടാക്കിയത് കൃത്യനിര്‍വ്വഹണം തടസപ്പെടുത്തലല്ലെന്നാണ് വാദം. പ്രതികള്‍ പ്രതിഷേധിച്ചതേയൂള്ളൂവെന്നും പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ഗവര്‍ണറുടെ വാഹനത്തിനു കേടുപാടുകളുണ്ടായതിനു നഷ്ടപരിഹാരം കെട്ടിവക്കാമെന്നു പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പണം കെട്ടിവച്ചാല്‍ എന്തും ചെയ്യാമോ എന്നു ചോദിച്ച കോടതി ജാമ്യാപേക്ഷ മൂന്നു ദിവസം കഴിഞ്ഞു വിധി പറയാന്‍ മാറ്റിവച്ചു.

◾ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. ശാരദാ മുരളീധരനെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പുനീത് കുമാറിനെ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പ് അഡീഷണല്‍ ചീഫ സെക്രട്ടറിയാക്കി. മുഹമ്മദ് വൈ സഫിറുല്ലയെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയും ഡി.ആര്‍. മേഘശ്രീയെ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറായും അര്‍ജുന്‍ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും ആര്‍ ശ്രീലക്ഷിയെ ജിഎസ്ടി ജോയിന്റ് കമ്മീഷണറായും നിയമിച്ചു.

◾കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് എംപിമാര്‍ ഇരിക്കുന്ന ചേംബറിലേക്കു ചാടി മുദ്രാവക്യം മുഴക്കിയ രണ്ടു പേരടക്കം അഞ്ചു പേര്‍ അറസ്റ്റിലായി. ആറു പേരുള്ള സംഘത്തിലെ ആറാമനെ പോലീസ് തെരയുന്നു. പിടിയിലായവരില്‍ ഒരാള്‍ യുവതിയാണ്. മൈസൂരു സ്വദേശിയായ എന്‍ജിനീയറിംഗ് ബിരുദധാരി ഡി. മനോരഞ്ജനും സാഗര്‍ ശര്‍മയുമാണ് പാര്‍ലമെന്റിനകത്തുനിന്നു പിടിയിലായത്. ബിജെപിയുടെ മൈസൂരു എംപി പ്രതാപ് സിന്‍ഹ നല്‍കിയ പാസ് ഉപയോഗിച്ചാണ് ഇവര്‍ അകത്തു കയറിയത്. പാര്‍ലമെന്റിനു പുറത്തു പ്രതിഷേധിച്ച ഹരിയാന സ്വദേശിനി 42 കാരി നീലം, മഹാരാഷ്ട്ര സ്വദേശി 25 കാരന്‍ അമോല്‍ ഷിന്‍ഡെ എന്നിവരും പിടിയിലായി. താമസിക്കാന്‍ ഇടം നല്‍കിയ അഞ്ചാമനെ രാത്രിയിലാണു പിടികൂടിയത്. 'താനാശാഹീ നഹീ ചലേഗി' (ഏകാധിപത്യം അനുവദിക്കില്ല) എന്നു മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കു ചാടിവീണത്.

◾ശൂന്യവേള ആരംഭിക്കാനിരിക്കെയാണു പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗാലറിയില്‍നിന്ന് രണ്ടു പേര്‍ എംപിമാരുടെ ഇരിപ്പിടങ്ങളിലേക്കു ചാടിയത്. ഇവരില്‍ ഒരാള്‍ ഗാലറിയില്‍ തുങ്ങിക്കിടന്നു മഞ്ഞപുക വമിപ്പിച്ചു. ഷൂസിനടിയില്‍ ഒളിപ്പിച്ചിരുന്ന പുക വമിക്കുന്ന സ്ഫോടകവസ്തു പ്രയോഗിക്കുകയായിരുന്നു. താഴേക്കു ചാടിയ അക്രമി സ്പീക്കറുടെ ചേംബറിലേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് എംപി ഗുര്‍ജിത് സിംഗ് ഔജലിയാണു പിടികൂടിയത്. അയാളുടെ കൈയിലുണ്ടായിരുന്ന മഞ്ഞ പുക വമിക്കുന്ന സാധനം പിടിച്ചുവാങ്ങി പുറത്തേക്കെറിഞ്ഞു. ആംആദ്മി പാര്‍ട്ടി എംപി ഹനുമാന്‍ ബെനിവാളും അക്രമിയെ പിടികൂടാനുണ്ടായിരുന്നു.

◾പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. സിആര്‍പിഎഫ് ഡിജി അനീഷ് ദയാല്‍ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്സഭയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പാര്‍ലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള വിശദീകരണം തേടി. സിസിടിവി കാമറകള്‍ അടക്കം പരിശോധിക്കുന്നുണ്ട്.

◾പാര്‍ലമെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടും. മാധ്യമ പ്രവര്‍ത്തകര്‍ക്കും പാര്‍ലമെന്റ് ജീവനക്കാര്‍ക്കും വെവ്വേറെ ഗേറ്റ് ഒരുക്കും. സന്ദര്‍ശക ഗാലറിയില്‍ ഗ്ലാസ് മറ സജ്ജമാക്കും. സന്ദര്‍ശക പാസ് അനുവദിക്കുന്നതില്‍ താതക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ടില്‍ ഉള്ളതുപോലുള്ള ബോഡി സ്‌കാനിംഗ് യന്ത്രം സ്ഥാപിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്യും.

◾ശബരിമല തീര്‍ഥാടനത്തെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ കുറ്റപ്പെടുത്തി. സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഎം പ്രയോഗവല്‍ക്കരിക്കുകയാണ്. മണ്ഡലകാലത്ത് ദേവസ്വം മന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെ? 'ആചാരലംഘന'ത്തിന് ആയിരം പൊലീസ് അകമ്പടി നല്‍കിയപ്പോള്‍ യഥാര്‍ഥ ഭക്തര്‍ക്ക് അഞ്ഞൂറ് പൊലീസാക്കി കുറച്ചത് എന്തുകൊണ്ട്? മന്ത്രി മുരളീധരന്‍ ചോദിച്ചു.

◾സംസ്ഥാനത്തെ 33 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ വിജയിച്ച യുഡിഎഫിനൊപ്പമാണ് നവകേരളത്തിന്റെ മനസെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരമാണിത്. ശബരിമല ദര്‍ശനമല്ല, പിണറായി ദര്‍ശനം മതിയെന്ന നിലപാടിനു ജനങ്ങള്‍ നല്കിയ മുന്നറിയിപ്പാണിതെന്നും സുധാകരന്‍ പറഞ്ഞു.

◾കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആം ആദ്മി അക്കൗണ്ടു തുറന്നു. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി സ്ഥാനാര്‍ത്ഥി ബീന കുര്യനെ കെജ്രിവാള്‍ അഭിനന്ദിച്ചു. നാലു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. കോണ്‍ഗ്രസിന്റെ സീറ്റാണ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തത്.

◾സിനിമാ നടന്‍ ദേവനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയില്‍ എത്തിയത്.

◾നവകേരള സദസില്‍ പ്രസംഗിച്ച ശൈലജ ടീച്ചറേയും കെ.എം മാണിയുടെ നാട്ടില്‍ റബര്‍ വിലയെക്കുറിച്ചു പ്രസംഗിച്ച തോമസ് ചാഴികാടന്‍ എംഎല്‍എയേയും ശകാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ എംഎല്‍എമാര്‍ വേദി പ്രയോജനപ്പെടുത്തിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി സ്വന്തം മുന്നണിയിലെ നേതാക്കളെപോലും വെറുതെ വിട്ടില്ല. റബറിനു 250 രൂപ വില നല്‍കുമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുമോയെന്നും സതീശന്‍ ചോദിച്ചു.

◾നവകരള സദസ് ബസിനെതിരെ ഷൂ എറിഞ്ഞ കേസിലെ പ്രതി ബേസില്‍ പാറേക്കുടിയെ തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞു. പൊലീസ് എത്തിയതോടെ സംഘര്‍ഷം ഒഴിവായി. ബേസില്‍ പാറേക്കുടിയെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി.

◾പോരിനിടയിലും ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് ഏഴ് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണു രാജ്ഭവനില്‍ പൗര പ്രമുഖര്‍ക്കു ക്രിസ്മസ് വിരുന്ന് നടന്നത്.

◾കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്രമൈതാനിയില്‍ നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി ദാസ് നോട്ടീസ് അയച്ചു. ക്ഷേത്ര മൈതാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നു നോട്ടീസില്‍ പറയുന്നു.

◾മരണവീട്ടില്‍ അക്രമം നടത്തിയത് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ആലപ്പാട് അഴീക്കല്‍ ധര്‍മ്മപുരി വീട്ടില്‍ ആകാശ് (24), ചേപ്പാട് ആദിത്യന്‍ എന്ന യദുകൃഷ്ണന്‍ (24), കായംകുളം സ്വദേശി സൂര്യജിത്ത് എന്ന കുഞ്ചു (24) എന്നിവരെയാണ് കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

◾പാര്‍ലമെന്റിലേക്കു പ്രവേശിക്കാന്‍ അക്രമികള്‍ക്കു പാസ് നല്‍കിയ ബിജെപി എംപിയെ പുറത്താക്കണമെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ എംപിയുടെ പാസുമായാണ് അക്രമികള്‍ എത്തിയിരുന്നതെങ്കില്‍ എന്തല്ലാം സംഭവിക്കുമായിരുന്നു. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച രാജ്യത്തെ ഞെട്ടിച്ചെങ്കിലും നിസാരവത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം.

◾പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായപ്പോള്‍ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എവിടെയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് എംപി അടക്കമുള്ളവരാണ് ഒട്ടും ഭയമില്ലാതെ അക്രമികളെ പിടികൂടിയത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

◾ലോക്സഭയിലെ സന്ദര്‍ശക ഗാലറിയില്‍നിന്നു താഴേക്കു ചാടിയവരില്‍ ഒരാള്‍ തന്റെ മകനാണെന്ന് മനോരഞ്ജന്റെ അച്ഛന്‍ ദേവരാജ്. മകന് ഏതെങ്കിലും പ്രസ്ഥാനങ്ങളുമായി ബന്ധമില്ലെന്നും എന്‍ജിനിയറിംഗ് പഠിച്ചെങ്കിലും ജോലി ശരിയായില്ലെന്നും ദേവരാജ് പറഞ്ഞു. കൃഷി ചെയ്യാന്‍ തന്നെ സഹായിക്കാറുണ്ട്. സമൂഹത്തിനു ദോഷകരമായി അവന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവനെ തൂക്കിലേറ്റണമെന്നും ദേവരാജ് പറഞ്ഞു.

◾ഡല്‍ഹി ഹൈക്കോടതിയില്‍ വനിതാ അഭിഭാഷകരുടെ കൂട്ടത്തല്ല്. ഹൈക്കോടതി കാന്റീനില്‍ ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇരിപ്പിടത്തെച്ചൊല്ലിയാണ് വഴക്കുണ്ടായത്. ഒരു വനിതാ അഭിഭാഷക മറ്റൊരു മുതിര്‍ന്ന വനിതാ അഭിഭാഷകയെ തല്ലുന്നതും വീഡിയോയിലുണ്ട്.

◾മധ്യപ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ പൊതുഇടങ്ങളില്‍ മാംസ വില്‍പന നിരോധിച്ചു. ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും അനിയന്ത്രിതമായ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ചു. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ മന്ത്രിസഭ യോഗത്തിലാണു തീരുമാനം.

◾തമിഴ് സീരിയല്‍ സിനിമ നടനായ രാഹുല്‍ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി തമിഴ്നാട് പൊലീസ്. ഗാര്‍ഹിക പീഡനത്തിനു ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ രാഹുല്‍ രവി ഒളിവിലാണ്.

◾മുംബൈയിലെ സബര്‍ബന്‍ ട്രെയിനിലെ ലേഡീസ് കോച്ചില്‍ യുവതിയോടൊപ്പം നൃത്തം ചെയ്ത പൊലീസുകാരനെതിരേ അച്ചടക്ക നടപടി. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എസ് എഫ് ഗുപ്ത എന്ന പൊലീസുദ്യോഗസ്ഥനെതിരേ നടപടിയെടുത്തത്.

◾സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നു സൈനികര്‍ കുറ്റക്കാരെന്ന് ജപ്പാനിലെ കോടതി. റിന ഗൊനോയി എന്ന 24 കാരിയായ സൈനിക ഉദ്യോഗസ്ഥ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം യുട്യൂബ് വീഡിയോയിലൂടെയാണ് വെളിപെടുത്തിയത്.

◾ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയെ രണ്ട് ഗോളിന് തകര്‍ത്ത് ചെന്നൈയിന്‍ എഫ്‌സി. ചെന്നൈയിന്റെ രണ്ട് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു.

◾ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണിപ്പോള്‍. ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ജയം ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു.

◾ഓഹരി വിപണിയിലേക്കുള്ള ചുവടുകള്‍ ശക്തമാക്കാന്‍ ഐപിഒയുമായി എത്തുകയാണ് പ്രമുഖ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്. ഐപിഒ നടത്തുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കിയതോടെ വളരെയധികം പ്രതീക്ഷയിലാണ് നിക്ഷേപകര്‍. 20 വര്‍ഷത്തിനുശേഷമാണ് വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് ഒരു കമ്പനി ഓഹരി വിപണിയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഒലയുടെ ഐപിഒ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. 2003-ലാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (മുന്‍പ് മാരുതി ഉദ്യോഗ്) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇതിനുശേഷം ഐപിഒയില്‍ അങ്കം കുറിക്കാനെത്തുന്ന ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളാണ് ഒല. 8,500 കോടി രൂപയുടെ ഐപിഒ സൈസുമായി ഇന്ത്യയിലെ ഏറ്റവും വലിയ 15 ഐപിഒകളില്‍ ഒലയും ഇടം നേടിയേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്താന്‍. ഇതുമായി ബന്ധപ്പെട്ട് ഈ മാസം തന്നെ ഡ്രാഫ്റ്റ് പ്രോസ്പെക്ട്സ് ഫയല്‍ ചെയ്യാനാണ് ഒലയുടെ തീരുമാനം. പുതിയ ഓഹരികളും ഓഫര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഒലയുടെ ഐപിഒ. മാര്‍ക്യു ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ്, സിംഗപ്പൂര്‍ ടെമാസെക്, ജപ്പാനിലെ സോഫ്റ്റ് ബാങ്ക് എന്നിവരാണ് ഒലയില്‍ കൂടുതല്‍ നിക്ഷേപമുള്ള കമ്പനികള്‍. കഴിഞ്ഞ ഒക്ടോബറില്‍ ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടിംഗിലൂടെ 3,200 കോടി രൂപയാണ് ഒല സമാഹരിച്ചത്. അധികം വൈകാതെ തന്നെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് കടക്കാനും ഒല പദ്ധതിയിടുന്നുണ്ട്.

◾15 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിന്‍-നരേന്‍ കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം 'ക്വീന്‍ എലിസബത്ത്' ഡിസംബര്‍ 29ന് തിയറ്ററുകളിലെത്തും. റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തന്റെ കരിയറില്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ജോണറില്‍ എം. പത്മകുമാര്‍ ഒരുക്കുന്ന 'ക്വീന്‍ എലിസബത്തി'ലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മീരാ ജാസ്മിന്‍. ഒപ്പം നരേന്‍,താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന സൗമ്യനും നിഷ്‌കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായി മീരാ ജാസ്മിനോടൊപ്പം സ്‌ക്രീനിലെത്തുമ്പോള്‍ കയ്യടി നേടുമെന്നുറപ്പാണ്. നരേന്‍ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് 'ക്വീന്‍ എലിസബത്തി'ലെ അലക്സ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ക്വീന്‍ എലിസബത്തി'ന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പന്‍, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിര്‍മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ടി. സത്യന്‍ ആണ് ചിത്രത്തിന്റെ രചന.

◾കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. 'കറി ആന്‍ഡ് സയനൈഡ് ദ് ജോളി ജോസഫ് കേസ'് എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം. ജോളിയുടെ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കളടക്കമുള്ളവര്‍ ട്രെയിലറില്‍ വന്നുപോകുന്നു. അഭിഭാഷകനായ ബി.എ. ആളൂര്‍ വക്കീലിനെയും ഇതില്‍ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെയും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിലൂടെ പറഞ്ഞുപോകുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം. നേരത്തെ വടക്കെ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങള്‍ ഡോക്യുമെന്ററി രൂപത്തില്‍ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു കേസ് ഇവര്‍ ഡോക്യുമെന്ററിയാക്കുന്നത്.

◾പുതുവര്‍ഷത്തില്‍ പുത്തന്‍ ഇലക്ട്രിക് കാര്‍ എന്ന സ്വപ്നം കാണുന്നവര്‍ക്കായി ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കമ്പനികള്‍. ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹ്യുണ്ടായി, മഹീന്ദ്ര അടക്കമുള്ള പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ നല്‍കുന്നത്. കമ്പനികളും അവ നല്‍കുന്ന പ്രധാന ഓഫറുകളും എന്തൊക്കെയെന്ന് അറിയാം. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ എന്ന സവിശേഷതകളോടെ ഹ്യുണ്ടായ് അവതരിപ്പിച്ച മോഡലാണ് കോന ഇ.വി. ഈ മോഡലിന്റെ എക്സ് ഷോറൂം വില 23.84 ലക്ഷം രൂപ വരെയാണെങ്കിലും, ഡിസംബര്‍ ഓഫറിന്റെ ഭാഗമായി 3 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര പുറത്തിറക്കിയ ഇലക്ട്രിക് കോംപാക്ട് എസ്യുവിയാണ് മഹീന്ദ്ര എക്എസ്യുവി 400. എക്സ് ഷോറൂമില്‍ 15.99 ലക്ഷം മുതല്‍ 19.39 ലക്ഷം വരെയാണ് ഈ മോഡലിന്റെ വില. ഈ മാസം എക്എസ്യുവി 400 വാങ്ങുന്നവര്‍ക്ക് 3.2 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. എംജിയുടെ കുഞ്ഞന്‍ വൈദ്യുത കാറാണ് കോമെറ്റ്. പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വിപണിയില്‍ എത്തിച്ച ഈ മോഡലിന്റെ എക്സ് ഷോറൂം വില 7.98 ലക്ഷം രൂപയാണ്. ഡിസംബര്‍ ഓഫറായി 65,000 രൂപ വരെയാണ് ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്.

◾മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരന്‍ സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവര്‍ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ ഭാവിയിലെ അതിരായി മാറുമെന്ന് തീര്‍ച്ചയുള്ള ഒരു അടയാളപ്പെടുത്തലുകളായിരിക്കുകയാണ് മാരിക്കാലം. 2020-21കളിലെ മാരിക്കാലത്തിനിടയില്‍ വിരിഞ്ഞ അപൂര്‍വ്വസുന്ദര രചനകളാണ് ഇതിലുള്ളത്. അക്കാലം നല്‍കിയ ഒറ്റപ്പെടലും ഏകാന്തതയും അനുഭവങ്ങളും അത്യന്തം വേദനാജനകവും ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധത്തില്‍ നമ്മളില്‍ അടിച്ചേല്പിക്കപ്പെട്ടതുമാണെങ്കിലും പ്രതിഭാസമ്പന്നനായ ഒരെഴുത്തുകാരന്റെ, കൂടുതല്‍ സര്‍ഗ്ഗാത്മകരചനകളുടെ പിറവിയിലേക്കുള്ള ഉരകല്ലായി മാറുകയാണ് ഉണ്ടായത് എന്നതിനുദാഹരണങ്ങളായ കഥകള്‍. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളും കൂടിയാണ് സേതുവിന്റെ ഈ പുതിയ കഥാസമാഹാരം. 'കാന്താബായി കരയുന്നില്ല'. ഗ്രീന്‍ ബുക്സ്. വില 133 രൂപ.

◾കരളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും പുകവലി ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനം. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പുകവലിക്കുന്നതിന് അനുസരിച്ച് തലച്ചോര്‍ ചുരുങ്ങുമെന്ന് കണ്ടെത്തി. പ്രായമാകുമ്പോള്‍ തലച്ചോര്‍ സ്വാഭാവികമായും ചുരുങ്ങും എന്നാല്‍ പുകവലിക്കുന്നതിലൂടെ ചെറുപ്പത്തില്‍ തന്നെ മസ്തിഷ്‌കം ചുരുങ്ങാന്‍ കാരണമാകും. ഇതിലൂടെ മറവി രോഗം തുടങ്ങിയ വാര്‍ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. പുകവലി കരളിനെയും ഹൃദയത്തെയുമാണ് അധികമായി ബാധിക്കുക എന്നായിരുന്നു ചിന്താഗതി. അടുത്തിടെയാണ് പുകവലി തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ പഠനം നടക്കുന്നത്. ബയോളജിക്കല്‍ സൈക്കാട്രി; ഗ്ലോബല്‍ ഓപ്പണ്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പുകവലിയെ തുടര്‍ന്ന് മസ്തിഷ്‌കം ചുരുങ്ങുന്നത് വീണ്ടെടുക്കാന്‍ കഴിയുന്ന ഒന്നല്ലയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. എത്രയും പെട്ടന്ന് പുകവലി ഉപേക്ഷിക്കുന്നതിലൂടെ കൂടുതല്‍ മോശാവസ്ഥ ഒഴിവാക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ജീനുകളും തലച്ചോറും പുകവലിയും തമ്മിലുള്ള ബന്ധം പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുകെയിലെ ബയോബാങ്കില്‍ നിന്നുള്ള 32,094 ആളുകളുടെ തലച്ചോറിന്റെ അളവ്, പുകവലി ശീലമുള്ളവര്‍, ജനിതക പുകവലി സാധ്യത എന്നിവയെക്കുറിച്ചുള്ള ഡാറ്റ ടീം മൊത്തത്തില്‍ വികലനം ചെയ്തു. ഇതിലൂടെ ഓരോ ജോഡി ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒരു വ്യക്തി പ്രതിദിനം പുകവലിക്കുന്നതിന് അനുസരിച്ച് അയാളുടെ തലച്ചോര്‍ ചുരുങ്ങുന്നതായും പഠനത്തിലൂടെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടികാണിച്ചു. കൂടാതെ പുകവലി ഉപേക്ഷിക്കുന്നതു കൊണ്ട് തലച്ചോറിന്റെ വലിപ്പം വീണ്ടെടുക്കാന്‍ ആകില്ലെന്നും ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
പുതിയ പുതിയ ഗ്രാമങ്ങള്‍ കണ്ട് അവിടെ താമസിച്ച് അനുഭവങ്ങള്‍ സ്വായത്തമാക്കി ജീവിക്കുന്ന വ്യക്തിയായിരുന്നു അയാള്‍. ഒരിക്കല്‍ അയാള്‍ പുതിയൊരു ഗ്രാമത്തിലെത്തി. ഗ്രാമകവാടത്തിലുളള സെമിത്തേരിയിലാണ് അയാള്‍ ആദ്യം ചെന്നത്. ആ സെമിത്തേരിയില്‍ അവിടെ സംസ്‌ക്കരിച്ചവരുടെ പേരും വയസ്സും രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ നോക്കിയപ്പോള്‍ എല്ലാവരുടേയും വയസ്സ് ഇരുപതില്‍ താഴെ. ഇവിടെയുളളവരെല്ലാം ചെറുപ്പത്തിലേ മരിച്ചുപോകുന്നവരാണ് എന്ന നിഗമനത്തില്‍ അയാള്‍ തിരിച്ചുപോകാനൊരുങ്ങി. വഴിയില്‍ കണ്ടയാളോട് അകാലമൃത്യുവിന്റെ കാരണം അന്വേഷിച്ചു. അയാള്‍ പറഞ്ഞു: ഇവിടെയാരും അങ്ങനെ മരിക്കുന്നില്ല. ഞങ്ങളില്‍ പലര്‍ക്കും അറുപതിനുമുകളില്‍ പ്രായമായി. ഇവിടെ എല്ലാവര്‍ക്കും ഡയറി എഴുതുന്ന ശീലമുണ്ട്. ഒരാള്‍ മരിച്ചാല്‍ അയാളുടെ ഡയറി പരിശോധിക്കും. അയാള്‍ അവനവനുവേണ്ടിയോ മറ്റുളളവര്‍ക്ക് വേണ്ടിയോ എന്തെങ്കിലും ചെയ്ത ദിവസങ്ങള്‍മാത്രമേ ആയുസ്സിന്റെ കൂടെ കൂട്ടുകയുളളൂ.. ജനിച്ചതിന്റെ പേരില്‍ ജീവിക്കുന്നവരുണ്ട്. മരിക്കാന്‍ ധൈര്യമില്ലാത്തതിന്റെ പേരില്‍ ജീവിക്കുന്നവരുണ്ട്. എന്നാല്‍ അതോടൊപ്പം അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം ജീവിക്കുന്നവരുമുണ്ട്. അധികകാലം ജീവിക്കുന്നതിനേക്കാള്‍ പ്രധാനമാണ് അന്യന് ഉപകരിക്കുന്ന ജീവിതം. എത്ര പേരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി എന്നതാണ് ജീവിതത്തെ വിലയിരുത്താനുളള മാര്‍ഗ്ഗം. ജീവിച്ചിരുന്നു എന്നതിന്റെ അടയാളം എവിടെയെങ്കിലും അവശേഷിപ്പിക്കണം. ഒരു വിരലടയാളം പോലും പതിയാത്ത ജീവിതം എന്ത് ജീവിതമാണ്. ഇതുവരെ എന്തൊക്കെ ചെയ്തു, ഇനി എന്തൊക്കെ ചെയ്യാനുണ്ട് എന്നതിനുള്ള ഉത്തരം കണ്ടെത്തിയാല്‍ നമ്മുടെ ഒരു നിമിഷവും വെറുതെ പാഴാകില്ല.. നമുക്കും നമ്മുടെ കയ്യൊപ്പ് ചാര്‍ത്താം - ശുഭദിനം