*പ്രഭാത വാർത്തകൾ*2023 ഡിസംബർ 13 ബുധൻ

◾ശബരിമല ദര്‍ശനം അതികഠിനം. തിരക്കുമൂലം ശബരിമല ദര്‍ശനം സാധ്യമാകാതെ ഭക്തര്‍ മടങ്ങുന്നു. 20 മണിക്കൂര്‍വരെയാണ് റോഡിലും ക്യൂവിലും കാത്തുകിടക്കേണ്ടി വരുന്നത്. ഇതുമൂലം പന്തളം ക്ഷേത്രത്തില്‍ ശബരിമല തീര്‍ത്ഥാടനം അവസാനിപ്പിച്ച് ഭക്തര്‍ മടങ്ങുകയാണ്. ദര്‍ശനത്തിനു വെര്‍ച്വല്‍ ബുക്കിംഗോ സ്പോട്ട് ബുക്കിംഗോ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഇന്നും പരിഗണിക്കും. മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ച് ഏകോപനം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും പാര്‍ലമെന്റിനു പുറത്തു ധര്‍ണ നടത്തുകയും ചെയ്തു. തിരക്കു സ്വാഭാവികമാണെന്നാണു മുഖ്യമന്ത്രിയുടെ പ്രതികരണം.

◾ഗവര്‍ണര്‍ക്കു നേരെയുള്ള എസ്എഫ്ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇടിച്ചതുമൂലം ഗ്ലാസ് തകരാറിലായെന്നും 76,357 രൂപയുടെ നഷ്ടമുണ്ടെന്നും രാജ്ഭവന്‍. ഈ റിപ്പോര്‍ട്ടു സഹിതമാണു പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ആറു പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു. എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ഒരു പ്രതിക്ക് പരീക്ഷ എഴുതാന്‍ ഇടക്കാല ജാമ്യം അനുവദിച്ചു. സംസ്ഥാനത്തെ പ്രഥമ പൗരനുനേരെ അതിക്രമം നടത്തിയതു ഗുരുതരമാണെന്നു കോടതി നിരീക്ഷിച്ചു.

◾എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു കാറില്‍ ഇടിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ടു തേടി. സുരക്ഷാ വീഴ്ച ഉണ്ടായതു സംബന്ധിച്ചു വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

◾നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ മണ്ഡലത്തിലെ നവ കേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് പരാതി നല്‍കാനുള്ള വേദിയാണെന്നു സ്വാഗത പ്രാസംഗത്തില്‍ തോമസ് ചാഴിക്കാടന്‍ എംപി പറഞ്ഞതു തിരുത്തിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

◾കേരള സര്‍വകലാശാല സെനറ്റിലേക്കു നാലു വിദ്യാര്‍ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി നന്ദകിഷോര്‍, അരവിന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

◾ഡ്യൂട്ടിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊരുമാനദണ്ഡങ്ങള്‍ക്കു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അസ്വഭാവിക മരണം ഉള്‍പ്പെടെ അത്യാഹിതങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

◾സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

◾കോളേജ് അധ്യാപക നിയമനത്തിന് സെറ്റ് പരീക്ഷയും എസ്എല്‍ഇടി പരീക്ഷയും അടിസ്ഥാന യോഗ്യതയായി കണക്കാക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 2018 ല്‍ യുജിസി ചട്ടത്തില്‍ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. ഇതോടെ കോളജ് നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല.

◾യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാമെന്ന് ഡല്‍ഹി ഹൈക്കോടതി. മകളെ സന്ദര്‍ശിക്കാനും മോചിപ്പിക്കാനുള്ള നടപടികള്‍ക്കു ശ്രമിക്കാനും അനുമതി തേടിയതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തതു വകവയ്ക്കാതെയാണ് കോടതി അനുമതി നല്‍കിയത്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.

◾ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലെങ്കില്‍ എന്‍എസ്എസ്- എന്‍സിസി വളണ്ടിയര്‍മാരുടെ സഹായം തേടാവുന്നതാണെന്നു ഹൈക്കോടതി. കേരളത്തിനു പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടുതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്നും എഡിജിപി കോടതിയെ അറിയിച്ചു.

◾ശബരിമലയില്‍ കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പന്‍ 'അപ്പാ' എന്നു വിളിച്ച് പോലീസ് വാഹനത്തില്‍ നിന്നുകൊണ്ടു കരയുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസിനോട് കൈകൂപ്പി അലറിക്കരയുന്ന കുഞ്ഞയ്യപ്പന്‍ ഒടുവില്‍ അച്ഛനെ കണ്ടപ്പോള്‍ ആശ്വാസത്തോടെ കൈവീശുന്നതും ദൃശ്യങ്ങളിലുണ്ട്.

◾അയ്യപ്പ ഭക്തര്‍ ദര്‍ശനം നടത്താനാകാതെ പന്തളത്ത് യാത്ര അവസാനിപ്പിച്ചു മടങ്ങിപ്പോകുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മല ചവിട്ടാതെ ഭക്തര്‍ മടങ്ങുന്നത് ചരിത്രത്തിലാദ്യമാണ്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരു ഉത്തരവാദിത്തവുമില്ലേയെന്നും സതീശന്‍ ചോദിച്ചു.

◾ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പ ദര്‍ശനം നടത്താനാകാതെ നിരാശയോടെ മടങ്ങിപ്പോകുന്നതു ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണു കാരണമെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

◾മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനവും വധശ്രമത്തിനു കേസും നേരിടേണ്ടിവരുമ്പോള്‍ ഗവര്‍ണറെ കരിങ്കൊടികാട്ടി ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍. കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം ക്രിമിനലുകള്‍ക്കെതിരെ കോടതി ഇടപെട്ടശേഷമാണു കേസെടുത്തതെന്നും സുധാകരന്‍.

◾എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ ആക്രമിച്ചതു പൊലീസിന്റെ ആസൂത്രണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണറെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് എസ്എഫ്ഐ ക്രിമിനലുകള്‍ക്കു ചോര്‍ത്തിക്കൊടുത്തത്. ഗവര്‍ണറുടെ യാത്രാ വിവരങ്ങളും ചോര്‍ത്തി കൊടുത്തു. പൊലീസിന്റെ സഹായത്തോടെയാണ് ഗവര്‍ണറെ ആക്രമിച്ചത്. പൈലറ്റ് വാഹനങ്ങള്‍ അക്രമികള്‍ക്കായി നിര്‍ത്തികൊടുത്തെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

◾തിരുവനന്തപുരം പേട്ടയില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

◾കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെ പോലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതികളാക്കിയത്. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

◾ക്രിസ്മസിനോടനുബന്ധിച്ച് ബാംഗ്ലൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് 20 മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കും. ജനുവരി മൂന്നു വരെയാണ് അധിക സര്‍വ്വീസുകള്‍ നടത്തുക.

◾കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗത്വം സംവിധായകന്‍ ഡോ. ബിജു രാജിവച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെയാണു രാജി. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ പറയുന്നത്.

◾അനന്തപുരി എഫ് എം അടച്ചുപൂട്ടുന്നില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

◾നവ കേരള സദസ്സിനായി ഏറ്റുമാനൂരില്‍ കടകള്‍ തുറക്കരുതെന്ന നോട്ടീസ് വിവാദമായതോടെ പൊലീസ് പിന്‍വലിച്ചു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് പുതിയ അറിയിപ്പ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരിലാണ് കടകള്‍ തുറക്കരുതെന്ന് പൊലീസ് ആദ്യം ഉത്തരവിട്ടത്.

◾കോട്ടക്കലില്‍ മുസ്ലിം ലീഗിലെ പോര് ഒത്തുതീരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍പേഴ്സണായ മുഹ്സിന പൂവന്‍മഠത്തിലും വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും രാജിവയ്ക്കും. ഇവരുടെ ആവശ്യപ്രകാരം മുസ്ലിം ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മറ്റി പിരിച്ചുവിട്ടു. അബ്ദുറഹ്‌മാന്‍ രണ്ടത്താണി കണ്‍വീനറായി അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വന്നു.

◾പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് കോടതി ജാമ്യം അനുവദിച്ചു. പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

◾ഫേസ്ബുക്കില്‍ അപകീര്‍ത്തിപരമായ പോസ്റ്റിട്ടയാള്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി ഉത്തരവ്. തൃശൂര്‍ സ്വദേശിയും സൈക്കോളജിസ്റ്റുമായ എം.കെ പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു പോസ്റ്റിട്ട കോട്ടയം സ്വദേശി ഷെറിന്‍ വി ജോര്‍ജിനോടു നഷ്ടപരിഹാരം നല്‍കണമെന്നാണ് തൃശ്ശൂര്‍ അഡീഷണല്‍ സബ് കോടതി ഉത്തരവിട്ടത്.

◾എറണാകുളം വടക്കന്‍ പറവൂരില്‍ കഞ്ചാവു വേട്ടയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വളര്‍ത്തു നായകളെ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം. വടക്കന്‍ പറവൂര്‍ സ്വദേശി നിഥിനാണ് നായ്ക്കളെ തുറന്നുവിട്ട ശേഷം രക്ഷപ്പെട്ടത്. നിഥിന്റെ അച്ഛന്‍ മനോജിനെ അറസ്റ്റു ചെയ്തു.

◾മദ്യത്തിനു അടിമയായ മകന്‍ ചികിത്സ നല്‍കാതെ മൂന്നു മാസം മുറിയില്‍ അടച്ചിട്ട വൃദ്ധയായ മാതാവ് പുഴുവരിച്ചു മരിച്ചു. സംഭവത്തില്‍ ഏക മകനായ ശ്രീകുമാര്‍ (43)നെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം നെല്ലിമൂട് സ്വദേശിയായ ശ്യാമള (76)യാണു മരിച്ചത്.

◾യുവതി വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തിരുവവന്തപുരം നെയ്യാറ്റിന്‍കര ഊരൂട്ടുകാല രോഹിണി നിവാസില്‍ ശ്രീജിത്(28) ആണ് പിടിയിലായത്.

◾രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ്മയെ ബിജെപി തെരഞ്ഞെടുത്തു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയാകാന്‍ ചരടുവലി നടത്തിയെങ്കിലും ബിജെപി നേതൃത്വം വഴങ്ങിയില്ല.

◾തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതു ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. പാസാക്കിയ ബില്ലുകള്‍ പ്രാബല്യത്തിലായെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

◾ഇന്ത്യയില്‍ കോണ്‍ഗ്രസുള്ളപ്പോള്‍ മണി ഹീസ്റ്റ് കഥകള്‍ ആര്‍ക്ക് വേണമെന്നു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ 351 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരിക്കേയാണ് മോദിയുടെ പരിഹാസം. 70 വര്‍ഷമായി കോണ്‍ഗ്രസ് കൊള്ള തുടരുകയാണെന്നും മോദി സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു.

◾അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയായ മോഹിത് പാണ്ഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ പാണ്ഡേയുടേതെന്ന പേരില്‍ വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനു ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഹിതേന്ദ്ര പിതാഡിയയെ ഗുജറാത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്.

◾ലോക്സഭയില്‍നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കി.  

◾ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39 പന്തില്‍ 68 റണ്‍സെടുത്ത റിങ്കു സിങിന്റേയും 36 പന്തില്‍ 56 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും മികവില്‍ 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മഴയെത്തി. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറില്‍ 152 എന്ന നിലയില്‍ പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 7 പന്തും 5 വിക്കറ്റും ബാക്കിനില്‍ക്കേ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി.

◾തുര്‍ക്കി ഫുട്ബോള്‍ ലീഗിലെ എംകെഇ അങ്കാറഗുചു - കയ്കുര്‍ റിസെസ്‌പൊര്‍ മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ അങ്കാറഗുചുവിനെതിരെ പെനാല്‍റ്റി വിധിച്ച റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്തിടിച്ച് അങ്കാറഗുചു പ്രസിഡന്റ് ഫാറുക് കൊച. ഇടിയേറ്റ് നിലത്ത് വീണ റഫറിയെ അങ്കാറഗുചു ഒഫീഷ്യല്‍സ് നിലത്തിട്ട് ചവിട്ടി കൂട്ടി. സംഭവത്തിനു പിന്നാലെ തുര്‍ക്കി ലീഗിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുകയും റഫറിയെ മര്‍ദിച്ച ഫാറുകിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

◾2023ലെ 'അത്‌ലീറ്റ് ഓഫ് ദി ഇയര്‍' പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെ 100, 200 മീറ്റര്‍ താരം നോഹ ലൈല്‍സ് , സ്വീഡന്റെ പോള്‍വാള്‍ട്ട് താരം മോന്‍ഡോ ഡ്യുപ്ലാന്റിസ് , കെനിയയുടെ മാരത്തോണ്‍ താരം കെല്‍വിന്‍ കിപ്റ്റം എന്നിവര്‍ പുരുഷ വിഭാഗത്തിലും കെനിയന്‍ ദീര്‍ഘദൂര താരം ഫെയ്ത് കിപ്യേഗന്‍, വെനസ്വേലന്‍ ട്രിപ്പിള്‍ ജംപ് താരം യുളിമര്‍ റോഹാസ്, എത്യോപ്യന്‍ മാരത്തണ്‍ താരം ടിഗിസ്റ്റ് അസഫ എന്നിവര്‍ യഥാക്രമം ട്രാക്ക്, ഫീല്‍ഡ്, ഔട്ട് ഓഫ് സ്റ്റേഡിയം വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത വിജയികളുടെ കൂട്ടത്തിലില്ല.

◾റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗവും വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ കമ്പനികളും ലയിച്ചൊന്നാകും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. കരാറിനായി ഒരു നോണ്‍-ബൈന്‍ഡിംഗ് ടേം ഷീറ്റിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കുകയാണെന്ന് വിഷയത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടപാട് നടന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ ബിസിനസ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കീഴിലാകും. ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യ ബിസിനസിനെ ഇടപാടുപ്രകാരം റിലയന്‍സിന്റെ വയാകോം18ല്‍ ലയിപ്പിക്കും. ഇപ്രകാരമുണ്ടാകുന്ന പുതിയ കമ്പനിയില്‍ റിലയന്‍സിന് 51 ശതമാനവും ഡിസ്‌നിക്ക് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഉണ്ടാവുകയെന്ന് അറിയുന്നു. ഡയറക്ടര്‍ ബോര്‍ഡില്‍ ഡിസ്‌നിക്കും റിലയന്‍സിനും തുല്യ പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. 150 കോടി ഡോളര്‍ വരെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന ഒരു ബിസിനസ് പ്ലാനും ഇരുപക്ഷവും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം, റിലയന്‍സിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭമായ വയാകോം18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നേടിയതോടെയാണ് വാള്‍ട്ട് ഡിസ്‌നി ഇന്ത്യയുടെ ബിസിനസില്‍ കളം മാറിച്ചവിട്ടുന്നതിനെ കുറിച്ച് ആലോചിച്ചത്.

◾തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് ഹനുമാന്‍. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാന്‍ പ്രദര്‍ശനത്തിന് എത്തുക. ഹനുമാന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബര്‍ 19നാണ് ഹനുമാന്റെ ട്രെയിലര്‍ പുറത്തുവിടുക എന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് വര്‍മായാണ് ഹനുമാന്‍ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാന്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാന്‍ ഒരുക്കുന്ന പ്രശാന്ത് വര്‍മ. കെ നിരഞ്ജന്‍ റെഢിയാണ് നിര്‍മാണം. തേജയുടെ ഹനുമാന്‍ പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. അമൃത നായരാണ് തേജയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു.

◾വിജയോ പ്രഭാസോ ഷാരൂഖോ അല്ലു അര്‍ജുനോ സല്‍മാനോ ആമിറോ അല്ല ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍. ഏറ്റവും പുതിയ ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച വാര്‍ത്തകള്‍ പ്രകാരം രജനികാന്താണ് ദക്ഷിണേന്ത്യയില്‍ മാത്രമല്ല, ഇന്ത്യയിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍.'ജയിലര്‍' എന്ന ചിത്രത്തിന് 210 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് കണക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'ജയിലര്‍' എന്ന സിനിമയില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രജനികാന്തിന് 210 കോടി രൂപ പ്രതിഫലം ലഭിച്ചു. ചിത്രത്തില്‍ ആദ്യം 100 കോടിയും പിന്നീട് ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം 110 കോടി രൂപയും കൂടി നിര്‍മ്മാതക്കള്‍ നല്‍കിയതോടെ അദ്ദേഹം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി എന്നണ് കണക്ക്. ഒരു ബ്രാന്‍ഡഡ് കാറും ചിത്രത്തിന്റെ വിജയത്തിന് ശേഷം നിര്‍മ്മാതാവ് സമ്മാനിച്ചിരുന്നു രജനിക്ക്. പുതുതായി ചിത്രീകരണം പുരോഗമിക്കുന്ന ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജനി റെക്കോഡ് പ്രതിഫലം വാങ്ങുന്നു എന്നാണ് വിവരം. 600 കോടിയിലധികം നേടി തമിഴ് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് 'ജയിലര്‍'. 500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ഏക തെന്നിന്ത്യന്‍ നടന്‍ രജനികാന്താണ്.

◾പുതുവര്‍ഷവും വര്‍ഷാവസാനവുമെല്ലാം കണക്കാക്കി മാരുതി സുസുക്കി ജിംനിയുടെ വിലയില്‍ വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ മോഡലിന് ഏകദേശം 2 ലക്ഷം രൂപയും ആല്‍ഫയ്ക്ക് 1 ലക്ഷം രൂപയോളവുമാണ് വിലക്കുറവ്. പുതിയ ഇളവ് വന്നതോടെ ഥാറിനെക്കാള്‍ വിലക്കുറവുള്ള ഫോര്‍വീല്‍ ഡ്രൈവ് വാഹനമായി ജിംനി മാറുകയാണ്. സ്റ്റാന്‍ഡേഡ് വകഭേദമായ സീറ്റയ്ക്ക് 2 ലക്ഷം രൂപയാണ് കുറവായി മാരുതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ മാനുവല്‍ - ഓട്ടമാറ്റിക് വകഭേദങ്ങളുള്ള സീറ്റ മോഡലിന് ഡല്‍ഹിയിലെ ഓണ്‍റോഡ് വില 12.68 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. ഥാര്‍ 4ഃ4 പെട്രോള്‍ ഹാര്‍ഡ്ടോപ്പിന്റെ ഡല്‍ഹി ഓണ്‍റോഡ് വില 17.68 ലക്ഷം രൂപയാണെന്നിരിക്കെ 5 ലക്ഷം രൂപ വിലക്കുറവില്‍ ഒരു എക്‌സ്ട്രീം ഓഫ്‌റോഡര്‍ ലഭിക്കുമെന്നത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഥാറിനെക്കാള്‍ 5 ലക്ഷം രൂപയോളം കുറവ് എന്ന പ്രത്യേകത ജിംനിക്ക് അനന്തമായ കസ്റ്റമൈസേഷന്‍ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. സസ്‌പെന്‍ഷന്‍, ടയര്‍ തുടങ്ങി അടിസ്ഥാന കസ്റ്റമൈസേഷന്‍ ഉള്‍പ്പെടെ വലിയ ട്യൂണിങ്ങുകള്‍ പൂര്‍ത്തിയാക്കാനും ഈ ബാക്കി തുക ഉപയോഗിക്കാന്‍ സാധിക്കുമെന്നത് ഓഫ്‌റോഡ് പ്രേമികള്‍ക്ക് അഡീഷനല്‍ ബെനഫിറ്റാണ്.

◾ഹൃദയം നിറയെ സ്‌നേഹം കരുതുന്നവര്‍ക്ക് സ്‌നേഹിക്കുന്നവരില്‍നിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങള്‍ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം.
പിന്നീട്, അതില്‍നിന്നും കരകയറാനുള്ള വിഫലശ്രമങ്ങള്‍ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവല്‍. കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാള്‍ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ. 'നാവ്'. അഖില കെ.എസ്. മാതൃഭൂമി. വില 212 രൂപ.

◾അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവയാണ് പലപ്പോഴും ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്നത്. അതില്‍ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാന്‍സര്‍ സാധ്യതയെ കൂട്ടുമെന്ന് പഠനങ്ങളും പറയുന്നു. സംസ്‌കരിച്ച മാംസം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോസേജുകള്‍ പോലെ ചുവന്നതും സംസ്‌കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. റെഡ് മീറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതയെ കൂട്ടും. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്. പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. ഇവ അമിത വണ്ണത്തിനും കാരണമാകും. മദ്യം ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിതമായി മദ്യപിക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനവും കുറയ്ക്കുക. അമിത മധുരവും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സറിന് കാരണമായേക്കാം. പതിവായി ജങ്ക് ഫുഡ് കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും വയറിലെ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കൂട്ടും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ കാട്ടിലെ കുറുക്കന് ഭയങ്കര സംശയം. എന്തുകൊണ്ടാണ് ഈ മനുഷ്യന് മാത്രം ഇത്രയും പ്രത്യേകത. അവന്‍ എല്ലാ മൃഗങ്ങളേയും അടിമകളാക്കി ജീവിക്കുന്നു. കുറുക്കന്‍ തന്റെ ഈ സംശയം കാട്ടിലെ എല്ലാ മൃഗങ്ങളോടും പറഞ്ഞു. അവരും കുറുക്കന്റെ സംശയത്തോട് ന്യായീകരിച്ചു. അവസാനം കാട്ടിലെ സന്യാസിയെ കണ്ട് സംശയനിവാരണം വരുത്താന്‍ അവര്‍ തീരുമാനിച്ചു. അവര്‍ സന്യാസിയോട് ചോദിച്ചു: എന്തുകൊണ്ടാണ് മനുഷ്യന് ഞങ്ങളെയെല്ലാം മെരുക്കാനുള്ള ശക്തികൊടുത്തത്. സന്യാസി പറഞ്ഞു: മനുഷ്യന് തന്റെ ദുഷ്ടസ്വഭാവം മാറ്റിയെടുക്കാന്‍ കഴിയും. നിങ്ങള്‍ക്ക് അതിന് കഴിവില്ല. അതുകൊണ്ടാണ് മറ്റെല്ലാ ജീവികളേയും നിയന്ത്രിക്കാന്‍ അവന് കഴിഞ്ഞത്. അപ്പോള്‍ കുറുക്കന്‍ ചോദിച്ചു: ദുഷ്ടസ്വഭാവം മനുഷ്യന്‍ മാററുന്നില്ലെങ്കിലോ..? അപ്പോഴവന്‍ മൃഗതുല്യനാകും. എന്ന് സന്യാസി പറഞ്ഞു. മറ്റാരു വശം കൂടിയണ്ട് . സന്യാസി തുടര്‍ന്നു. സത്യത്തില്‍ ദുഷ്ടരായ മനുഷ്യരെ മൃഗങ്ങളോട് താരതമ്യപ്പെടുത്തുന്നതാണ് അവരോട് കാണിക്കുന്ന അവഹേളനം. ആഹാരത്തിന് വേണ്ടിയല്ലാതെ വിനോദത്തിന് വേണ്ടി വേട്ടക്കാരനാകുന്ന ഒരു മൃഗവും ഉണ്ടാകില്ല. ആവാസവ്യവസ്ഥയെ തന്നിഷ്ടപ്രകാരം നശിപ്പിക്കുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതില്‍ മൃഗങ്ങളെ നോക്കി പഠിക്കുകയാണ് വേണ്ടത്. അവര്‍ മറ്റൊരു മൃഗമാകാന്‍ ഒരിക്കലും ശ്രമിക്കാറില്ല. സന്യാസി ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചു.: ആകാരഭംഗികൊണ്ട് നമുക്ക് ആരെയും അളക്കാനാകില്ല. എന്തെല്ലാം അധികമായി ലഭിച്ചു എന്നതിലല്ല, ലഭിച്ചവകൊണ്ട് അധികമായി എന്ത് ചെയ്തു എന്നതിലാണ് കാര്യം - ശുഭദിനം.