*പ്രഭാത വാർത്തകൾ**2023 ഡിസംബർ 12 ചൊവ്വ*

◾റേഷന്‍ വിതരണം മുടങ്ങും. റേഷന്‍ ഭക്ഷ്യധാന്യ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാര്‍ ഇന്നു മുതല്‍ സമരത്തിന്. റേഷന്‍ വസ്തുക്കള്‍ എത്തിച്ചതിനു നൂറു കോടിയോളം രൂപ തങ്ങള്‍ക്കു പ്രതിഫലമായി ലഭിക്കാനുണ്ട്. പണം ലഭിച്ചശേഷമേ റേഷന്‍ സാധനങ്ങളുടെ ചരക്കുനീക്കം നടത്തൂവെന്നു കരാറുകാര്‍ പറഞ്ഞു.

◾എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കവേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടുറോഡില്‍ കാറില്‍ നിന്നു പുറത്തിറങ്ങി. തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗുണ്ടകളെ അയച്ചിരിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കരിങ്കൊടി വീശി കാറില്‍ ഇടിച്ചു മുദ്രാവാക്യം മുഴക്കിയ എസ്എഫ്ഐ പ്രവര്‍ത്തകരെ 'ബ്ലഡി ക്രിമിനല്‍സ്' എന്നാണു ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. എയര്‍പോര്‍ട്ടിലേക്കു പോകുന്നതിനിടെ മൂന്നിടത്താണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി കാണിച്ചത്. സര്‍വകലാശാല ഭരണസമിതികള്‍ സംഘപരിവാര്‍വത്കരിച്ചെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി സമരം നടത്തിയത്.

◾നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞതിനു വധശ്രമത്തിനു കേസെടുത്ത പോലീസിനെ പൊരിച്ച് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി. മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെകൂടി പോലീസ് സംരക്ഷിക്കണം. ഓടുന്ന ബസിനുനേരെ ഷൂ എറിഞ്ഞാല്‍ വധശ്രമമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. സംഘാടകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും മര്‍ദിച്ചെന്നു പ്രതികള്‍ പരാതിപ്പെട്ടതോടെ മര്‍ദിച്ച പോലീസുകാരുടെ വിവരം എഴുതിത്തരണമെന്നു കോടതി ആവശ്യപ്പെട്ടു. എങ്ങനെ രണ്ടുതരം നീതി നടപ്പാക്കാന്‍ പോലീസിനു കഴിയുന്നുവെന്നും കോടതി ചോദിച്ചു.  

◾നവകേരള സദസില്‍ ചികില്‍സാ സഹായത്തിന് അപേക്ഷ നല്‍കാനെത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശനാണ് മരിച്ചത്. അടിമാലിയില്‍ നവകേരള സദസിന്റെ പ്രവേശന കവാടത്തില്‍ ഗണേശന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനേ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


◾ശബരിമലയിലെ തിരക്കിനിടയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കണമെന്ന് പോലീസിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം. ക്യൂ കോംപ്ലക്സിലും പില്‍ഗ്രിം ഷെഡിലും ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്നും ക്യൂവില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ സഹായിക്കാന്‍ കൂടുതല്‍ വോളണ്ടിയര്‍മാരെ നിയോഗിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

◾വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ടിവന്ന ശബരിമല തീര്‍ത്ഥാടകര്‍ ഇലവുങ്കലില്‍ പ്രതിഷേധിച്ചു. പ്ലാപള്ളി മുതല്‍ നിലയ്ക്കല്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. നിലക്കലിലും കെ എസ് ആര്‍ ടി സി ബസുകളിലും പ്രതിഷേധം ഉയര്‍ന്നു.  

◾ശബരിമലയിലെ തിരക്ക് വര്‍ധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ 10 ന് അവലോകന യോഗം വിളിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടക്കമുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമീഷണര്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കേയാണ് നടപടി.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടു തേടും. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഡിജിപി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദേശം.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാളയത്ത് ഗവര്‍ണറുടെ കാറിലും കാറിന്റെ ചില്ലിലും അടിച്ച ഏഴു പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കു സമീപം കരിങ്കൊടി കാണിച്ച ഏഴു പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ചു പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

◾തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചെന്ന ഗവര്‍ണറുടെ ആരോപണം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തുടര്‍ച്ചയായി കരിങ്കൊടി കാണിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.

◾ജനജീവിതവുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിടിച്ചുവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂനിയമ ഭേദഗതി ബില്ലിലടക്കം ഗവര്‍ണര്‍ ഇപ്പോഴും പരിശോധനയിലാണ്. അധികകാലം ഒപ്പിടാതെ ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്കു കഴിയില്ല. മുഖ്യമന്ത്രി പറഞ്ഞു.

◾കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി സഹായമായി അനുവദിച്ചെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ മാസം 120 കോടി രൂപ നല്‍കിയിരുന്നു. ഒമ്പതു മാസത്തിനകം 1264 കോടി രൂപയാണ് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 4,963.22 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കു നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയത് 4,936 കോടി രൂപ നല്‍കിയിരുന്നു.

◾തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പു കേസിലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ ബാബു എംഎല്‍എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സ്റ്റേ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും സ്വരാജിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഇന്നലെ ഹൈക്കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചതായി ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബാബുവിന്റെ ഹര്‍ജി ജനുവരി 10 ന് പരിഗണിക്കും.

◾നവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പണ്ടു ഡിവൈഎഫ്ഐക്കാര്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ എവിടെയായിരുന്നെന്ന് കെ എസ് യു നേതാക്കള്‍. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവന നടത്തരുതെന്നും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എംജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍ എന്നിവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

◾ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പരിപാടി ഭക്ഷ്യസുരക്ഷാ നിയമം അടക്കമുള്ള നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതിച്ചോറ് പരിപാടിയുടെ മറവില്‍ നടക്കുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്. നൂറുകണക്കിനു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്ഐ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

◾സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതരെ പുറത്താക്കാനുള്ള നടപടികളിലേക്കു നീങ്ങുന്നു. ഡിസംബര്‍ 25 മുതല്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശം പാലിക്കണം. സഭാ കൂട്ടായ്മയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍പ്പാപ്പയെ അനുസരിക്കണം. സീറോ മലബാര്‍ സഭയുടെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

◾കൂറ്റനാട് മല റോഡിനു സമീപം മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നു പരാതി. രാവിലെ ആറേ മുക്കാലോടെ വെള്ള കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചുവലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണു പരാതി. തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.

◾ചാലക്കുടിയില്‍ റിട്ടയേഡ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സെയ്ത് (68) തലയ്ക്കു പരിക്കേറ്റു മരിച്ച നിലയില്‍. ആനമല ജംക്ഷനില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെ പൊലീസ് തെരയുന്നു.

◾കവര്‍ച്ചയ്ക്കിടെ പാല കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതിയായ കാസര്‍കോഡ് സ്വദേശി സതീഷ് ബാബു നല്‍കിയ അപ്പീലാണു കോടതി തള്ളിയത്.

◾കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴയില്‍ മുള്ളന്‍പന്നിയുടെ മുള്ളുകളേറ്റു പുള്ളിപ്പുലി ചത്ത നിലയില്‍. മൈനാം വളവ് റോഡില്‍ രണ്ടര വയസുള്ള പുള്ളിപ്പുലിയാണു ചത്തത്. മുള്ളന്‍ പന്നിയെ വേട്ടയാടുന്നതിനിടെ മുള്ളന്‍പന്നി മുള്ളുകള്‍ പായിച്ചതാകാം പുലിയുടെ ജീവനെടുത്തതെന്നു സംശയിക്കുന്നു.

◾മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. പതിനെട്ടര വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞാണ് മുന്‍മന്ത്രിയും ഉജ്ജെയിന്‍ എംഎല്‍എയുമായ മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. മുന്‍ കേന്ദ്രമന്ത്രി നരേന്ദര്‍ സിംഗ് തോമര്‍ സ്പീക്കറാകും. ആര്‍എസ്എസ് പിന്തുണയില്‍ കേന്ദ്ര നേതൃത്വത്തിന്റെ നോമിനിയായാണ് മോഹന്‍ യാദവ് മുഖ്യമന്ത്രിയാകുന്നത്.

◾രാജ്യത്തെ ശിക്ഷാ നിയമങ്ങള്‍ക്കു പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ താത്കാലികമായി പിന്‍വലിച്ചു. മാറ്റങ്ങളോടെ പുതിയ ബില്ലുകള്‍ കൊണ്ടുവരും. തിരുത്തലുകള്‍ വേണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്‍ലമെന്റ് ഉപസമിതി നിര്‍ദേശിച്ചതിനാലാണ് ഭാരതീയ ന്യായ സംഹിതാ ബില്ല്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ പിന്‍വലിച്ചത്.

◾ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ രാഷ്ട്രപതിയുടെ നടപടി ശരിവച്ച സുപ്രീംകോടതി വിധി ഞെട്ടിച്ചുകളഞ്ഞെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കാഷ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ ഉത്തരവിടാതെ സെപ്റ്റംബര്‍ 30 വരെ സാവകാശം നല്‍കിയത് എന്തിനാണെന്നു മനസിലാകുന്നില്ല. ഭാവിയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ഭീഷണിയാകുന്ന നയമാണു കേന്ദ്ര സര്‍ക്കാരിന്റേതെന്നു സീതാറാം യെച്ചൂരി പറഞ്ഞു.

◾വടക്കന്‍ ജപ്പാനിലെ ഹാക്കോഡേറ്റ് തീരത്തു ടണ്‍ കണക്കിനു മത്തി ചത്തടിഞ്ഞു. തീരമാകെ വെള്ളി നിറത്തിലായതോടെ നാട്ടുകാര്‍ ആശങ്കയിലായി. മത്തി തീരത്തു ചീഞ്ഞഴുകുന്നതു തടയാന്‍ അധികൃതര്‍ ശുചീകരണം നടത്തി.

◾ജയിലിലായിരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ കാണാനില്ല. അലക്സി നവാല്‍നിയുടെ അഭിഭാഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായിരുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകര്‍ പറഞ്ഞു.

◾ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പിന്നാക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്ന് പറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് വീണ്ടും വിലക്കും പിഴയും. റഫറിമാരെ വിമര്‍ശിച്ചതിന് ഒരു മത്സരത്തില്‍ നിന്ന് വിലക്കും 50,000 രൂപ പിഴയുമാണ് എഐഎഫ്എഫിന്റെ അച്ചടക്ക സമിതി ചുമത്തിയത്. ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനു ശേഷമാണ് വുകോമനോവിച്ച് റഫറിമാര്‍ക്കെതിരേ ഈ പരാമര്‍ശം നടത്തിയത്.

◾ഇന്ത്യാ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. വൈകീട്ട് 8.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

◾കഴിഞ്ഞ ആറ് വ്യാപാര ദിനങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ മുടക്കിയത് 26.505 കോടി രൂപ. മൂന്ന് വലിയ സംസ്ഥാനങ്ങളില്‍ മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തില്‍ എത്തിയതിനാല്‍ രാഷ്ട്രീയ സുസ്ഥിരത ഉറപ്പാണെന്ന വിശ്വാസം ഏറിയതാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരില്‍ ആവേശം സൃഷ്ടിച്ചത്. ഒക്ടോബറിലും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 9.000 കോടി രൂപ നിക്ഷേപിച്ചിരുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ 39,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറിയതിനുശേഷമാണ് വിദേശ സ്ഥാപനങ്ങള്‍ വാങ്ങല്‍ മോഡിലേക്ക് മാറുന്നത്. ചൈനയ്ക്ക് ബദലായി ലോക വ്യവസായ ഭൂപടത്തിലെ വലിയ ശക്തിയായി ഇന്ത്യ അതിവേഗം കുതിച്ചുയരുന്നതിനാല്‍ വരും ദിവസങ്ങളിലും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുത്തനെ കൂടാനാണ് സാദ്ധ്യതയെന്ന് ഓഹരി അനലിസ്റ്റുകള്‍ പറയുന്നു. ആഗോള സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വങ്ങളിലൂടെ നീങ്ങുമ്പോഴും ഇന്ത്യ മികച്ച വളര്‍ച്ച നേടുന്നതാണ് വിദേശ നിക്ഷേപകര്‍ക്ക് ആവേശം സൃഷ്ടിക്കുന്നത്. അമേരിക്കയിലെ കടപ്പത്രങ്ങളുടെ മൂല്യത്തിലുണ്ടാകുന്ന കുറവും ആഗോള മാന്ദ്യ സൂചനകളും മൂലം മികച്ച വളര്‍ച്ചാ സാദ്ധ്യതയുള്ള വിപണിയായാണ് ഇന്ത്യയെ വിലയിരുത്തുന്നത്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാല്‍ വരും ദിവസങ്ങളില്‍ അമേരിക്കയും യൂറോപ്പും മുഖ്യ പലിശ നിരക്കില്‍ കുറവ് വരുത്താനിടയുണ്ടെന്ന് വിലയിരുത്തുന്നു. ഇതോടെ ഡോളര്‍, യു. എസ് കടപ്പത്രങ്ങള്‍ എന്നിവയില്‍ നിന്നും നിക്ഷേപകര്‍ പിന്മാറുകയാണ്.

◾മലയാളികളുടെ ഇഷ്ടതാരം ഹണി റോസ് വീണ്ടും തെലുങ്കിലേക്ക്. കെഎസ് രബീന്ദ്ര സംവിധാനം ചെയ്യുന്ന 'എന്‍ബികെ 109' എന്ന ചിത്രത്തില്‍ ഹണി സുപ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നന്ദമൂരി ബാലകൃഷ്ണന്‍ അഭിനയിച്ച വീരസിംഹ റെഡ്ഡിയാണ് ഹണി റോസ് അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. എന്നാല്‍ ആ ചിത്രത്തിന് ശേഷം മറ്റു ചിത്രങ്ങളൊന്നും ഹണിക്ക് ലഭിച്ചിരുന്നില്ല. എന്‍ബികെ 109 എന്ന ചിത്രം അടുത്തവര്‍ഷം മെയ് മാസത്തോടെ തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, പ്രകാശ് രാജ്, ഉര്‍വശി റൗട്ടേല എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. 2005ല്‍ പതിനാലാം വയസില്‍ വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് തമിഴ് ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഹണി റോസിന് വലിയ ആരാധകക്കൂട്ടം തന്നെ ഉണ്ട്.

◾മഹേഷ് ബാബു നായകനായി വേഷമിടുന്ന ചിത്രമാണ് 'ഗുണ്ടുര്‍ കാരം'. സംവിധാനം നിര്‍വഹിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. ഗുണ്ടുര്‍ കാരത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടു. 'ഒ മൈ ബേബി'യെന്ന ഗാനത്തിന്റെ പ്രൊമോയാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. എസ് തമന്‍ ഗുണ്ടുര്‍ കാരത്തിന് സംഗീതം നല്‍കിയപ്പോള്‍ ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും വരികള്‍ എഴുതിയിരിക്കുന്നത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രിയുമാണ്. ചിത്രത്തിന്റെ റിലീസ് ജനുവരി 12നാണ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായി. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.

◾ഗോവയിലെ വാഗറ്ററില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോസോള്‍ ഇവന്റില്‍ അപ്പാഷെ ആര്‍ടിആര്‍ 160 4വി യുടെ 2024 പതിപ്പ് അവതരിപ്പിക്കുന്നതായി ടിവിഎസ് മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. നിലവില്‍ ഇത് ഒരു കളര്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. നിരവധി പുതിയ അപ്‌ഡേറ്റുകള്‍ ബൈക്കില്‍ വരുത്തിയിട്ടുണ്ട്. അപ്പാച്ചെയുടെ പുതിയ പതിപ്പില്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം, അര്‍ബന്‍, റെയിന്‍, സ്‌പോര്‍ട്ട് എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ റൈഡ് മോഡുകള്‍, 240 എംഎം പിന്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയും ഉണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഡ്യൂവല്‍ ചാനല്‍ എബിഎസ് സംവിധാനമാണ് ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബൈക്കിന്റെ പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, 160 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ഇതിനുള്ളത്. ബൈക്കിന്റെ എഞ്ചിന്‍ പരമാവധി 16.2 ബിഎച്പി കരുത്തും 14.8 എല്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിനില്‍ മുമ്പത്തെ അതേ അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് സജ്ജീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും. 1.35 ലക്ഷം രൂപയാണ് ഈ നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില.  

◾മാതാപിതാക്കള്‍ നഷ്ടപ്പെട്ട് 12-ാം വയസ്സില്‍ അനാഥനായ ബൊകാസ. തന്റെ വീരനായകനായ നെപ്പോളിയനെപ്പോലെ ഭാവിയില്‍ ഒരു ചക്രവര്‍ത്തിയാകുമെന്ന് സ്വപ്നം കണ്ടിരുന്നവന്‍... എന്നാല്‍ അധികാരത്തിലേറിയപ്പോള്‍ കൊച്ചുകുട്ടികളെയടക്കം അതിക്രൂരമായി കൊലചെയ്യുന്നവനായി ബൊകാസ മാറി. ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാനവസരം കിട്ടിയപ്പോള്‍ ക്രൂരനായി മാറിയ സ്റ്റാലിന്‍, യാതൊരു ദയയും കൂടാതെ ജനങ്ങളെ കൊന്ന ഹിറ്റ്ലര്‍, മുസ്സോളിനി, തന്നെ അധികാരത്തിലെത്തിക്കാന്‍ വലംകൈയായിനിന്നു പ്രവര്‍ത്തിച്ച അമ്മാവനെ വേട്ടപ്പട്ടികള്‍ക്കു മുന്നിലെറിഞ്ഞുകൊടുത്തു രസിച്ച ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, ഇങ്ങനെ എ ഡി 1491 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ലോകമെമ്പാടും വിവിധ തലങ്ങളില്‍നിന്ന് ഭരണാധികാരികളായി ഉയര്‍ന്നുവന്നവരുടെ ജീവിതകഥകളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'ഏകാധിപതികളുടെ ക്രൂരമുഖം'. ഗീതാലയം ഗീതാകൃഷ്ണന്‍. ഡിസി ബുക്സ്. വില 284 രൂപ.

◾കോവിഡ് ഭേദമായി 18 മാസം വരെ ചിലരുടെ ശ്വാസകോശത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പഠനം. സാധാരണയതായി കോവിഡ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ ശ്വാസനാളത്തില്‍ വൈറസ് സാന്നിധ്യം കാണിക്കാറില്ല. ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജീസും ആറ്റോമിക് എനര്‍ജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ശ്വാസകോശ കോശങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കോവിഡിന് ശേഷവും 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ്2 വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. രോഗപ്രതിരോധ ശേഷിയുടെ കുറവിനെ തുടര്‍ന്നാണ് ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. അണുബാധക്ക് ശേഷം ചില വൈറസുകള്‍ വൈറല്‍ റിസര്‍വോയറുകളില്‍ ശരീരത്തില്‍ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും നിലനില്‍ക്കുന്നതായും ഗവേഷകര്‍ പറഞ്ഞു. ചില രോഗപ്രതിരോധ കോശങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതും എപ്പോള്‍ വേണമെങ്കിലും വീണ്ടും സജീവമാകാവുന്നതുമായ എച്ച്‌ഐവിയുടെ അവസ്ഥ ഇതിന് സമാനമാണ്. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം ഗവേഷകര്‍ പറഞ്ഞു.

*ശുഭദിനം*
*കവിത കണ്ണന്‍*
2023 ല്‍ സ്വീഡന്‍ ലോകത്ത് സന്തോഷത്തില്‍ നില്‍ക്കുന്ന ഏഴാമത്തെ രാജ്യമെന്ന പദവിയാണ് ലഭിച്ചത്. ഈ ഏഴാം സ്ഥാനം തങ്ങള്‍ക്ക് പോരാ എന്ന് സ്വീഡനിലെ ലുലോ എന്ന നഗരം തീരുമാനിച്ചു. ഏകദേശം 80000 പേരാണ് അവിടെ താമസിക്കുന്നത്. പൊതുവെ നല്ല ആളുകളാണ് അവിടെയുള്ളതെങ്കിലും അവര്‍ തമ്മില്‍ മിണ്ടാട്ടം കുറയുന്നത് അവിടത്തെ ഗവണ്‍മെന്റ് കണ്ടുപിടിച്ചു. തങ്ങളുടെ ജനങ്ങള്‍ക്ക് മുഖപ്രസാദം തീരെയില്ല. നഗരത്തിന്റെ മുഖം തെളിയാന്‍ എന്തുചെയ്യണമെന്നായി അവരുടെ ആലോചന. അതിനൊരു കമ്മിറ്റിയെയും അവര്‍ ഏര്‍പ്പാടാക്കി. മിണ്ടീം പറഞ്ഞുമിരിക്കലാണ് അതിനുള്ള വഴിയെന്ന എന്ന തിരിച്ചറിവില്‍ അവരെത്തി. ആരെക്കൊണ്ടെങ്കിലും ഹായ് പറയിക്കുക. അതാണ് ലുലോ കണ്ടുപിടിച്ച പരിഹാരം. ഈ സന്ദേശം നഗരമാകെ പരത്താന്‍ ഒരു വീഡിയോ സന്ദേശം തന്നെ അവര്‍ പുറത്തിറക്കി. അതെ ഒരു ഹായ് പറയുന്നതും ചിരിക്കുന്നതും മിണ്ടുന്നതുമെല്ലാം നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായി ശാസ്ത്രം പറയുന്നു. കുശനാന്വേഷണങ്ങളും കൊച്ചുവര്‍ത്തമാനങ്ങളുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അതൊക്കെ നമുക്ക് എവിടേയോ കൈമോശം വന്നിരിക്കുന്നു. എതിരെ വരുന്നവരെ നാം കാണുന്നില്ല. കാണണമെന്നുമില്ല. നമ്മുടെയെല്ലാം ലോകം യന്ത്രം പോലെയായി മാറിയിരിക്കുന്നു.. യന്ത്രത്തിന് സ്‌നേഹമില്ല, സൗഹൃദമില്ല, മന്ദഹാസമില്ല... ലുലോ നഗരത്തെപ്പോലെ നമുക്കും ചിന്തിക്കാം.. കൊച്ചുവര്‍ത്തമാനങ്ങളും കഥകളും പാട്ടും ചിരികളും നിറയുന്ന ദിനങ്ങളെ നമുക്കും വീണ്ടും വരവേല്‍ക്കാം - ശുഭദിനം.