*പ്രഭാത വാർത്തകൾ*2023 ഡിസംബർ 11 തിങ്കൾ

◾എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം. ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. നവകേരള യാത്രയ്ക്കെതിരേ പ്രതിഷേധിച്ചതിനു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നോയല്‍ ജോസിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. എല്‍ദോസ് കുന്നപ്പിള്ളിയേയും ഡ്രൈവര്‍ അഭിജിത്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

◾മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് ബസിനുനേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. കോതമംഗലത്തേക്കു പോകുന്നതിനിടെ പെരുമ്പാവൂര്‍ ഓടക്കാലിയിലാണു ഷൂ എറിഞ്ഞത്. നാലു കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറിലേക്കു പോയാല്‍ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്ന് തൊട്ടടുത്ത യോഗ സ്ഥലത്ത് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.

◾സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് ഏകകണ്ഠമായാണ് ബിനോയിയെ തെരഞ്ഞെടുത്തതെന്ന് അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന് 28 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കും.

◾തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ശബരിമലയില്‍ രാത്രി അരമണിക്കൂര്‍ കൂടി ദര്‍ശന സമയം വര്‍ധിപ്പിച്ചു. രാത്രി പതിനൊന്നരയ്ക്കാണു നട അടയ്ക്കുക. ഉച്ചക്ക് മൂന്നിന് നട തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. രാത്രികൂടി സമയം വര്‍ധിപ്പിച്ചതോടെ ശബരിമലയിലെ ദര്‍ശന സമയം ഒന്നരമണിക്കൂര്‍ ആണ് വര്‍ധിപ്പിച്ചത്.

◾ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ വൈകിയതിനാല്‍ മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചെന്ന് ബന്ധുക്കള്‍. കണ്ണൂര്‍ അയ്യന്‍കുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ലാബ് ടെസ്റ്റ് ഫലങ്ങള്‍ വളരെ വൈകിയതിനാലാണു ചികില്‍സയും വൈകിയത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി.

◾വയനാട്ടില്‍ കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി. കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര്‍ സ്വദേശി നാസര്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിനടുത്ത് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഇവരെ മേപ്പാടിക്കു സമീപം ഇറക്കിവിട്ടു. കാര്‍ മേപ്പാടിക്കു സമീപം മറ്റൊരിടത്ത് ഉപേക്ഷിച്ചു. ചാമരാജ് നഗറിലെ ജ്വല്ലറി ബിസിനസ് പങ്കാളിയെ സംശയിക്കുന്നതായാണു പരാതിക്കാരുടെ മൊഴി.

◾വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ പിടികൂടാനായില്ലെങ്കില്‍ വെടിവച്ചു കൊല്ലാമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ കൊല്ലണമെന്ന് ഉത്തരവിടാതെ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും നിലപാടെടുത്തു സമരത്തിനിറങ്ങിയതോടെയാണ് വനംവകുപ്പ് ഉത്തരവിറക്കിയത്.

◾എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടാസംഘമാണെന്നും മുഖ്യമന്ത്രി കലാപമുണ്ടാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാവുന്നതേയുള്ളു പിണറായിയുടെ ഭരണം. പൊതുഖജനാവു കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും സതീശന്‍.

◾സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.

◾ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം. പ്രതികള്‍ കത്തിച്ച സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്സും പോളച്ചിറ ഫാം ഹൗസില്‍ നിന്ന് കണ്ടെടുത്തു. വ്യാജ നമ്പര്‍ പ്ലേറ്റ് ഒടിച്ച് നുറുക്കി കാട് മൂടിയ സ്ഥത്ത് ഉപേക്ഷിച്ച നിലയില്‍ കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയില്‍നിന്നും കണ്ടെത്തിയെന്നും പോലീസ് അവകാശപ്പെട്ടു.

◾പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കത്തിക്കുത്ത്. പാലക്കാട് എസ്പി ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കതിരെ കേസ് എടുക്കുമെന്ന് സൗത്ത് പൊലീസ് വ്യക്തമാക്കി.  

◾നിരവധി കേസുകളില്‍ നിര്‍ണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണി ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു. സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തു.

◾ആലുവ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി സന്ദേശം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തി. ചില ട്രെയിനുകള്‍ പിടിച്ചിട്ടു.

◾ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച സംഭവവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

◾ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം വഴുതക്കാട് ജംഗ്ഷനിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

◾മാസപ്പടി വിവാദത്തില്‍ ഹൈക്കോടതി നല്‍കിയ നോട്ടീസിന്റെ പേരില്‍ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍. മുഖ്യമന്തിക്കും മകള്‍ക്കും മാത്രമല്ല യുഡിഎഫ് നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബാലന്‍ ചൂണിക്കാണിച്ചു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നതെന്നും ബാലന്‍ പറഞ്ഞു.

◾ഏകീകൃത കുര്‍ബാന വിഷയത്തില്‍ മാര്‍പാപ്പയ്ക്കു തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് റിട്ടയേര്‍ഡ് ജസ്റ്റീസ് കുര്യന്‍ ജോസഫ്. മാര്‍പാപ്പയെ ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കഴിയണം. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. ബത്തേരി തൊടുവട്ടി ബീരാന്‍ (58) ആണ് വെട്ടേറ്റു മരിച്ചത്. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ്.

◾യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. ഒക്ടോബര്‍ 30 ന് പെരുന്തേനരുവിയില്‍ ചാടി 31 കാരി ടെസ്സി ആത്മഹത്യ സംഭവത്തില്‍ ചാത്തന്‍തറ സ്വദേശി കെ.എസ് അരവിന്ദ് (36) ആണ് അറസ്റ്റിലായത്.

◾മംഗളൂരുവില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ സഹപ്രവര്‍ത്തകനായ മലയാളി യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി കെ. ബിനുവാണ് (41) കൊല്ലപ്പെട്ടത്. സുഹൃത്തായ തളിപ്പറമ്പ സ്വദേശി ജോണ്‍സണ്‍ എന്ന ബിനോയി(52)യെയാണ് പണമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◾ഇടുക്കി വണ്ടിപ്പെരിയാറില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിനു പരിക്ക്. സത്രത്തില്‍ താമസിക്കുന്ന കൃഷ്ണന്‍ കുട്ടിക്കാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ വനം വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

◾തമിഴ്നാട് സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. വടകര വണ്ണാന്റവിട അബൂബക്കറാണ് അറസ്റ്റിലായത്.

◾രജ്പുത് കര്‍ണിസേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. രോഹിത് റാത്തോഡും നിതിന്‍ ഫൗജി ഉള്‍പ്പെടെ മൂന്നു പേരെയാണ് ചണ്ഡീഗഡില്‍നിന്ന് പിടികൂടിയത്. ഡല്‍ഹി പോലീസും രാജസ്ഥാന്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.

◾ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി മുതിര്‍ന്ന ആദിവാസി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായിയെ ബിജെപി തെരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനം.

◾രാജസ്ഥാനിലും, മധ്യപ്രദേശിലും മുഖ്യന്ത്രിമാരെ ബിജെപി ഇന്നു പ്രഖ്യാപിച്ചേക്കും. രാജസ്ഥാനില്‍ ഇന്നു നിയമസഭ കക്ഷിയോഗം ചേരും. മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാന്‍ ചരടുവലി നടത്തുന്ന വസുന്ധര രാജെ സിന്ധ്യയുടെ വസതിയില്‍ ഇന്നലെ ഒരു വിഭാഗം എംഎല്‍എമാര്‍ വീണ്ടും യോഗം ചേര്‍ന്നു. രാജസ്ഥാനില്‍ രണ്ടു പേരെ ഉപമുഖ്യമന്ത്രിമാരാക്കാനാണു നീക്കം.

◾കുളിമുറിയില്‍ തെന്നിവീണ് ഇടുപ്പെല്ലു പൊട്ടി ചികില്‍സയിലുള്ള തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ചികില്‍സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്ന് രേവന്ത് റെഡി പറഞ്ഞു.  

◾പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ മുന്‍ ഭാര്യ. മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. മദ്യപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ഭഗവന്ത് മന്നിന്റെ മകള്‍ സീറാത് മന്‍ ഗുരുതര ആരോപണം ഉന്നയിച്ചതിനു പിറകേയാണ് മുന്‍ ഭാര്യ രംഗത്തെത്തിയത്.

◾തമിഴ് കോമഡി നടന്‍ റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു.

◾സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് മുന്‍ കാമുകിയെയും പിതാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ 19 കാരനും കൂട്ടുകാരനും അറസ്റ്റില്‍. പ്രോട്ടീന്‍ പൗഡറും ബോഡി ബില്‍ഡിംഗ് ഉപകരണങ്ങളും വാങ്ങാനുള്ള പണത്തിനായാണ് 19 കാരന്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തിയത്. 19 കാരന്‍ അന്‍ഷ് ശര്‍മ്മ, സുഹൃത്ത് ഗോവിന്ദ് ശര്‍മ്മ(22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

◾ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ വിവാഹ ചടങ്ങിനുശേഷം കാര്‍ അപകടത്തില്‍പ്പെട്ട് വധൂവരന്മാര്‍ അടക്കം അഞ്ചുു പേര്‍ മരിച്ചു. കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

◾സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത് ജേതാവായ നര്‍ഗീസ് മുഹമ്മദിയുടെ മക്കള്‍. ഇറാനിലെ ജയിലിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മദി. നിര്‍ബന്ധിത ഹിജാബിനും വധശിക്ഷയ്ക്കുമെതിരെ പ്രതികരിച്ചതിനാണ് 51 വയസ്സുള്ള നര്‍ഗീസ് മുഹമ്മദിയെ ജയിലിലടച്ചത്. ഇതിനകം 31 വര്‍ഷം ജയിലിലടച്ചു. 2021 ലാണ് അവസാനമായി തടവിലാക്കിയത്. ടെഹ്റാനിലെ ജയിലിലാണ് നര്‍ഗീസ് കഴിയുന്നത്.

◾മൃഗശാല ജീവനക്കാരന്റെ മൃതദേഹം കടുവക്കൂട്ടില്‍ കടുവകള്‍ പാതി ഭക്ഷിച്ച നിലയില്‍. പാക്കിസ്ഥാനിലെ ബഹവല്‍പൂരിലെ ഷെര്‍ബാഗ് മൃഗശാലയിലാണു സംഭവം. കടുവയുടെ വായ്ക്കുള്ളില്‍ ഒരാളുടെ ചെരിപ്പ് മൃഗശാല ജീവനക്കാര്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കടുവക്കൂട്ടില്‍ മൃതദേഹം കണ്ടെത്തിയത്. കൂട്ടില്‍ നാലു കടുവകളുണ്ടായിരുന്നു.

◾ജിദ്ദയില്‍ സമാപിച്ച റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച അഭിനേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ഇസ്രായേല്‍ നടീനടന്മാര്‍ക്ക്. 'ദി ടീച്ചര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രായേലി സിനിമ നാടക നടന്‍ സാലിഹ് ബക്രിയും 'ഇന്‍ഷ അല്ലാഹ് എ ബോയ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രായേലി നടിയും സംവിധായികയുമായ മോന ഹവയുമാണ് പുരസ്‌കാരം നേടിയത്

◾വ്യോമയാന മേഖലയേക്കുറിച്ചു വൈറല്‍ വീഡിയോകള്‍ അവതരിപ്പിച്ച വനിതാ യുട്യൂബറും പിതാവും വിമാനാപകടത്തില്‍ മരിച്ചു. വിമാനം തകരാറിലായാല്‍ എങ്ങനെ നേരിടാമെന്ന വീഡിയോ പുറത്തിറക്കിയ 45 കാരി ജെന്നി ബ്ലാലോക്കും 78 കാരനായ പിതാവ് ജെയിംസുമാണ് മരിച്ചത്. അമേരിക്കയിലെ ടെന്നസിയിലെ പുലാസ്‌കിയില്‍ റോഡിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.

◾73-ാമത് ദേശീയ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് റെയില്‍വേസിന്. ഇന്നലെ ലുധിയാനയില്‍ നടന്ന ഫൈനലില്‍ കേരളത്തെ തോല്‍പിച്ചാണ് റെയില്‍വേസ് ചാമ്പ്യന്‍ഷിപ്പ് നേടിയത്.

◾ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം കനത്ത മഴമൂലം ഉപേക്ഷിച്ചു. രാത്രി ഏറെ വൈകിയിട്ടും മഴ തുടര്‍ന്നതോടെയാണ് ടോസിടാന്‍ പോലും അവസരം ലഭിക്കാതെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ വൈകീട്ട് 8.30 ന് സെന്റ് ജോര്‍ജസ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ്.

◾ഇന്ത്യന്‍ വംശജന്‍ രാജീവ് ജെയ്‌ന്റെ നേതൃത്വത്തിലുള്ള യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ജി.എം.ആര്‍ എയര്‍പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ 4.68 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 28.2 കോടി ഓഹരികള്‍ 1671.55 കോടി രൂപയ്ക്കാണ് ബള്‍ക്ക് ഡീല്‍ വഴി ജി.ക്യു.ജി സ്വന്തമാക്കിയത്. ശരാശരി ഒരു ഓഹരിക്ക് 59.09 രൂപ എന്ന നിരക്കിലാണ് വാങ്ങല്‍. അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപത്തിലൂടെ ശ്രദ്ധനേടിയിട്ടുള്ള കമ്പനിയാണ് ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ്. നോമുറ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മദര്‍ ഫണ്ട് ഒരു ശതമാനം ഓഹരിയും സ്റ്റിച്ചിംഗ് ഡെപ്പോസിറ്റല്‍ എ.പി.ജി എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി പൂള്‍ 0.56 ശതമാനം എന്നിങ്ങനെയും ജെ.എം.ആറില്‍ ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 190 കോടി രൂപയുടെ നഷ്ടമാണ് ജെ.എം.ആര്‍ എയര്‍പോര്‍ട്‌സ് രേഖപ്പെടുത്തിയത്. തൊട്ടു മുന്‍ വര്‍ഷം സമാനപാദത്തിലിത് 197 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 25 ശതമാനം വര്‍ധിച്ച് 1,607 കോടി രൂപയായി. ഈ വര്‍ഷം മാര്‍ച്ചിലാണ് ജി.ക്യു.ജി ആദ്യമായി അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അദാനി പോര്‍ട്ടില്‍ 8 ശതമാനം ഓഹരി വാങ്ങാനായി 9,000 കോടി രൂപ നിക്ഷേപിച്ചതാണ് അവസാനത്തേത്. അദാനി ഗ്രൂപ്പിലെ പത്ത് ലിസ്റ്റഡ് കമ്പനികളില്‍ ആറിലും കൂടിയുള്ള ജി.ക്യു.ജിയുടെ മൊത്ത നിക്ഷേപം 20,360 കോടി രൂപയാണ്. ഇതുകൂടാതെ ജെ.എസ്.ഡബ്ല്യു എനര്‍ജിയില്‍ 762 കോടി രൂപയുടെ നിക്ഷേപവും പതഞ്ജലി ഫുഡ്‌സില്‍ 2,150 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഐ.ടി.സി. എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലും ജി.ക്യു.ജിക്ക് നിക്ഷേപമുണ്ട്.

◾ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന പൊലീസ് ഓഫിസര്‍മാരായി ഇരുവരും എത്തുന്ന ചിത്രത്തിന് 'തലവന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്റ്റോസിയേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നു. പൊലീസ് പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് തലവന്‍. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തില്‍ ഉത്തരവാദിത്വമുള്ള പദവിയില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍. അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

◾കല്ല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി മനു. സി. കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ'. മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ മത്സരങ്ങളെ കഥാപാശ്ചാത്തലമാക്കി ഫുട്ബോള്‍ കമന്‍ന്റേറ്ററാവാന്‍ ആഗ്രഹിക്കുന്ന ഫാത്തിമ നൂര്‍ജഹാന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ശേഷം മൈക്കില്‍ ഫാത്തിമയിലൂടെ പറഞ്ഞത്. കല്ല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്. നവംബര്‍ 17 ന് റിലീസ് ചെയ്ത ചിത്രം ആദ്യവാരം തിയേറ്ററുകളില്‍ നിന്നും 46 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍ നേടിയത്. അതുകൊണ്ട് തന്നെ പിന്നീടുള്ള ആഴ്ചകളില്‍ വേണ്ടവിധം കളക്ഷന്‍ നേടാന്‍ ചിത്രത്തിനായില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഡിസംബര്‍ 15 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രത്തിന്റെ സ്ട്രീമിംഗ് ലഭ്യമാവും. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, തെന്നല്‍, വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.

◾കിയയുടെ ചെറു എസ്യുവി സോണറ്റിന്റെ പുതിയ മോഡല്‍ ഡിസംബര്‍ 14 ന് പ്രദര്‍ശിപ്പിക്കും. കാലികമായ മാറ്റങ്ങളുമായി പുതിയ ഫീച്ചറുകളുമായി എത്തുന്ന സോണറ്റിന് ഇക്കുറി ഡീസല്‍ മാനുവലുമുണ്ടാകും. എംടി, ഐഎംടി, എടി ഗിയര്‍ബോക്സുകളിലാകും സോണറ്റ് എത്തുക. കിയ, സോണറ്റിനെ 2020ല്‍ വിപണിയിലെത്തിക്കുമ്പോള്‍ ഡീസല്‍ മാനുവല്‍ ഗിയര്‍ബോക്സുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മാനുവല്‍ നിര്‍ത്തി ക്ലച്ചില്ലാത്ത ഐഎംടി എന്ന സെമി ഓട്ടമാറ്റിക് ഗിയര്‍ബോക്സ് മാത്രമായി. 1.2 പെട്രോള്‍, 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് പുതിയ മോഡലിനും. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രം ലഭിക്കുമ്പോള്‍ ഒരു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആറ് സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സുകളിലും 1.5 ലീറ്റര്‍ ഡീസല്‍ മോഡല്‍ ആറു സ്പീഡ് മാനുവല്‍, ഐഎംടി, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുകളിലും ലഭിക്കും. പുതിയ ബംബറും ഹൈഡ്‌ലാംപ് യൂണിറ്റുമായിട്ടാണ് സോണറ്റ് എത്തുന്നത്. മാറ്റങ്ങള്‍ വരുത്തിയ എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്, ഫോഗ് ലാംപ്, പുതിയ ടെയില്‍ ലാംപ്, 360 ഡിഗ്രി ക്യാമറ, എഡിഎസ് സ്യൂട്ട്, 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും സോണറ്റിലുണ്ട്.

◾മനുഷ്യമനസ്സിന്റെ ദുര്‍ഗ്രഹമായ ചില പ്രവര്‍ത്തനങ്ങള്‍ ബോധത്തെയും ചിന്തയേയും ഇല്ലാതാക്കി മൃഗീയമായ വാസനകളിലേക്ക് മനുഷ്യനെ നയി ക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. മനുഷ്യരിലുള്ള മാതൃവാത്സല്യം, കരുണ, ദയ, സ്നേഹം, വിധേയത്വം ഇവയൊക്കെ മൃഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അത്ര ചെറിയ അകലം മാത്രമേ മനുഷ്യനും മൃഗവും തമ്മില്‍ ഉള്ളൂ. മനുഷ്യന്റെ ഈ രൂപമാറ്റം വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുക. നമുക്ക് ചുറ്റും കാണുന്ന യുവതി യുവാക്കള്‍, ദമ്പതിമാര്‍, കുട്ടികള്‍ ഇവരൊക്കെ ഏതു നിമിഷവും നമ്മുടെ സാമൂഹ്യഘടനയുടെ മൂല്യബോധത്തിന്റെ അതിരുകള്‍ ഭേദിച്ചു പോകാം. കലഹം, വിരഹം, വേര്‍പെടല്‍ ഇവയൊക്കെ സംഭവിക്കു ന്നത് ഇതുമൂലമാണ്. നമുക്കു ചുറ്റും നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഇത്തര മൊരു വാര്‍ത്തയുടെ തന്നെ ആഖ്യാനസത്യമാണ് ഈ നോവല്‍, വര്‍ത്തമാനകാലത്തിന്റെ ദുരന്തങ്ങളിലേക്കും സുഖദുഃഖങ്ങളിലേക്കും നഷ്ടപ്പെടലുകളിലേക്കും ഏകാന്തതയിലേക്കും നിങ്ങളെ കൊണ്ടുപോകുന്ന വിഷയം തന്നെയാണ് ഇതിന്റെ ഇതിവൃത്തം. 'ആത്മാവിന്റെ ആറാം പ്രമാണം'. പോള്‍ സെബാസ്റ്റ്യന്‍. കറന്റ് ബുക്സ് തൃശൂര്‍. വില 128 രൂപ.

◾സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ടെന്‍ഷന്‍ തലവേദനയും മൈഗ്രേയ്ന്‍ തലവേദനയുമാണ് പൊതുവായി പലര്‍ക്കും അനുഭവപ്പെടാറുള്ള തലവേദനകള്‍. ഈ രണ്ട് തരം തലവേദനകള്‍ക്കും കഴുത്തിലെ പേശികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ജര്‍മനിയില്‍ നടന്ന പുതിയ പഠനം. തലവേദനയ്ക്കുള്ള പുതിയ ചികിത്സാ പദ്ധതികളിലേക്കു നയിക്കുന്ന ഈ ഗവേഷണ റിപ്പോര്‍ട്ട് റേഡിയോളജി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. കഴുത്തിന് തൊട്ടുപിന്നില്‍ പുറംഭാഗത്തായി ഉള്ള ട്രപേസിയസ് പേശികളും തലവേദനയും തമ്മിലുള്ള ബന്ധമാണ് എംആര്‍ഐ സ്‌കാന്‍ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയത്. 20നും 31നും ഇടയില്‍ പ്രായമുള്ള 50 സ്ത്രീകളെയാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേര്‍ക്ക് ടെന്‍ഷന്‍ തലവേദനയും 12 പേര്‍ക്ക് ടെന്‍ഷന്‍ തലവേദനയ്‌ക്കൊപ്പം മൈഗ്രേയ്‌നും ഉണ്ടായിരുന്നു. ഇവരെല്ലാവരും 3ഡി ടര്‍ബോ സ്പിന്‍ എംആര്‍ഐക്ക് വിധേയരായി. എംആര്‍ഐ സ്‌കാനിലെ കാന്തിക വലയത്തില്‍ എത്തുമ്പോള്‍ കഴുത്തിലെ പേശികള്‍ നല്‍കുന്ന ടി2 മൂല്യവും ഗവേഷകര്‍ നിരീക്ഷിച്ചു. ടെന്‍ഷന്‍ തലവേദനയും മൈഗ്രേയ്‌നുമുള്ള സംഘത്തിലുള്ളവര്‍ ഉയര്‍ന്ന ടി2 മൂല്യം പ്രദര്‍ശിപ്പിച്ചു. തലവേദനയുള്ള ദിവസങ്ങളും കഴുത്ത് വേദനയുടെ സാന്നിധ്യവും ടി2 മൂല്യങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. രോഗികളുടെ കഴുത്തിലെ പേശികളുടെ ടി2 മൂല്യങ്ങള്‍ എടുക്കുന്നത് തലവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമുള്ള മെച്ചപ്പെട്ട ചികിത്സ പദ്ധതികളിലേക്ക് നയിക്കാമെന്ന് റിപ്പോര്‍ട്ട് കൂട്ടി.

*ശുഭദിനം*
*കവിത കണ്ണന്‍*
കൊല്ലം ടി കെ എം എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ആര്‍ക് മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഉണ്ടായ ബൈക്കപകടം ആന്‍സന്റെ ജീവിതം തന്നെ മാററിമറിച്ചു. ജീവന്‍ മാത്രം തിരിച്ചുകിട്ടി. പിന്നീട് മരുന്നും ചികിത്സയുമായി മാസങ്ങള്‍.. അങ്ങനെ വീല്‍ചെയര്‍ ആന്‍സന്റെ ജീവിതത്തിന്റെ ഭാഗമായി. വീട്ടിലെ മുറിയായിരുന്നു പിന്നീടങ്ങോട്ട് ആന്‍സന്റെ ലോകം. പുറംലോകവുമായുള്ള ബന്ധം ഇല്ലാതായി. പതിയെ ആശങ്കകളെ അതിജീവിച്ചു. വീണ്ടും വീല്‍ചെയറില്‍ കോളേജിലേക്ക്. ബി.ആര്‍ക് പാസ്സായി. ആയിടെയാണ് സി ഇ ടിയിലെ ഭിന്നശേഷി സൗഹൃദ റാമ്പിനെകുറിച്ച് അറിയുന്നത്. അങ്ങനെ 2019 ല്‍ എം. പ്ലാന്‍ കോഴ്‌സിന് ചേര്‍ന്നു. എം.പ്ലാന്‍ കഴിഞ്ഞ് സി.ഇ.ടിയിലെ ബാരിയര്‍ ഫ്രീ കണ്‍സള്‍ട്ടസി സെല്ലില്‍ റിസര്‍ച്ച് അസോസിയേറ്റായി. ഇപ്പോള്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസറായി പുതിയ നിയമനം. ആന്‍സന്‍ എസ് വാട്‌സന്റെ അതീജീവനകഥ തുടരുകയാണ്... നമ്മുടെ പരിമിതികളെക്കുറിച്ചുളള ബോധമാണ് നമുക്കസാധ്യമെന്ന ചിന്തയുണ്ടാക്കുന്നത്. ആ ബോധത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ നമുക്കീ ലോകത്ത് എന്തും സാധ്യമാണ്. അസാധ്യമാണ് എന്ന ചിന്തകള്‍ക്ക് എതിരെയുളള പ്രവൃത്തികള്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ലോകത്തിന്റെ ചരിത്രം നമ്മെക്കുറിച്ച് എഴുതുകയും നമുക്ക് ചരിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കുകയും ചെയ്യും. - ശുഭദിനം.