ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ഷ്ദീപ് സിങും നാല് വിക്കറ്റുകൾ നേടി ആവേശ് ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.ബാറ്റിംഗ് പിച്ചെന്ന് കരുതിയ വാണ്ടറേഴ്സില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണമാണ് തുടക്കത്തിലെ കണ്ടത്. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരായി മടക്കിയ അര്‍ഷ്ദീപ് സിങാണ് ആദ്യ പ്രഹരമേൽപ്പിച്ചത്.28 റണ്ണുമായി ടോണി സി സോർസി, 33 റൺസുമായി ആന്ദ്രേ ഫെലുക്വോയോ എന്നിവരാണ് ബാറ്റിംഗ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. ഡേവിഡ് മില്ലറെ(2) വീഴ്തത്തിയ ആവേശ് ഖാന്‍ പിന്നാലെ വിയാന്‍ മുള്‍ഡറെയും(0) കേശവ് മഹാരാജിനെയും(4) വീഴ്ത്തി ദക്ഷിണാഫ്രിക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി സായ് സുദര്‍ശന്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണും പ്ലേയിംഗ് ഇലവനിലെത്തി. ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് ഇന്ത്യ ഏകദിന മത്സരത്തിനിറങ്ങുന്നത്.