സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കേരളവർമ്മ കോളജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ വസതിയിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മന്ത്രിയുടെ വഴുതക്കാട്ടെ വസതിക്ക് മുന്നിൽ നിന്ന് ആരംഭിച്ച സംഘർഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയായിരുന്നു. പൊലീസുമായുള്ള സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെ എസ് യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും ആക്ഷേപമുണ്ട്.
ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെ 6 പ്രവർത്തകർ അറസ്റ്റിലായി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആഹ്വാനം ചെയ്തു.
കേരളവര്‍മയിലെ തിരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചുവെന്ന് ആരോപിച്ച കെ എസ് യു തിരഞ്ഞെടുപ്പില്‍ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. കേരളീയത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. പൊലീസും കെഎസ്‍യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.