കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ മിൽമയിൽ നിന്നും പുറത്താക്കി

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് മാറ്റിയത്.ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഭാസുരാംഗന്‍റെ വസതിയില്‍ ആരംഭിച്ച ഇഡി പരിശോധന ഇപ്പോഴും തുടരുകയാണ്.ബാങ്ക് മുൻ‌ പ്രസിഡൻറായ ഭാസുരാംഗനെ സിപിഐയിൽ നിന്ന് പുറത്താക്കിയിരുന്നു. ​ഗുരുതരമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടിവ് ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.