ഐസിസി റാങ്കിങ്ങില്‍ ഒന്നാമതായി ഇന്ത്യൻ താരങ്ങൾ; ബാറ്റിങ്ങില്‍ ഗില്‍; ബൗളിങ്ങില്‍ സിറാജ്

ദുബായ്: ഐസിസി റാങ്കിങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാമതെത്തി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ താരം ബബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമതെത്തി. 830 പോയിന്റാണ് ഗില്‍ നേടിയത്. ബൗളിങ്ങില്‍ മുഹമ്മദ് സിറാജാണ് ഒന്നാമത്. 

സച്ചിന്‍, ധോനി, വിരാട് കോഹ് ലി എന്നിവരാണ് നേരത്തെ ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരങ്ങള്‍. പട്ടികയില്‍ മൂന്നാമത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്ക് ആണ്. വിരാട് കോഹ് ലിയാണ് നാലാമത്.ബാബര്‍ അസമാണ് രണ്ടാം സ്ഥാനത്ത്. 24കാരനായ ഇന്ത്യന്‍ ഓപ്പണര്‍ ഗില്ലിന്റെ ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ പ്രകടനമാണ് നമ്പര്‍ വണ്ണില്‍ എത്തിച്ചത്. ഈവര്‍ഷം 26 ഏകദിനങ്ങളില്‍ നിന്നായി 1149 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഈ വര്‍ഷം ഏകദിനക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ മൂന്ന് താരങ്ങളില്‍ ഒരാളും ഗില്‍ തന്നെ. 

ശ്രേയസ് അയ്യര്‍ പതിനെട്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തും എത്തി.ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജ് ഏകദിന ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. പതിനാറ് റണ്‍സ് വഴങ്ങി മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ സിറാജ് നേടിയിരുന്നു.